ദുബൈ: നടി ശ്രീദേവിയുടെ ഫോറൻസിക് റിപ്പോട്ടും മരണകാരണങ്ങളും പരിശോധിക്കുന്നതിന് പുതിയ മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ദുബൈ പൊലീസ്. ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ബാത്ത് ടബ്ബിലേക്ക് വീണപ്പോൾ ഉണ്ടായ പരിക്കാണോ ഇതെന്ന് പരിശോധിക്കുകയാണ്. റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളും മരണകാരണവും പരിശോധിക്കുന്നതിനാണ് മെഡിക്കൽ പാനലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തലയിലുണ്ടായ മുറിവ് വീഴ്ചയിലുണ്ടായതാണെന്നു തെളിഞ്ഞാൽ കൂടുതൽ അന്വേഷണങ്ങളിലേക്കു കടക്കാതെ മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് സൂചന.
മൃതദേഹം വിട്ടുകിട്ടുന്നതിന് പുതിയ ക്ലിയൻസ് കൂടി ശരിയാക്കാനുണ്ടെന്ന് ദുബൈ പൊലീസ് ഇന്ത്യൻ നയതന്ത്ര അധികൃതരെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ അധികൃതരിൽ നിന്ന് മറ്റൊരു ക്ലിയൻസ് സർട്ടിഫിക്കറ്റ് കൂടി ശരിയാക്കേണ്ടതുണ്ടെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ നവദീപ് സൂരി അറിയിച്ചു. മൃതദേഹം പെട്ടന്ന് വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ്. സാധാരണ കേസുകളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ 2-3 ദിവസം എടുക്കേണ്ടി വരുമെന്നും സൂരി ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
അതേസമയം, ഭർത്താവ് ബോണി കപൂറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. മൃതദേഹം വിട്ടു നൽകുന്നതുവരെ ബോണി കപൂർ രാജ്യം വിടരുതെന്നും ദുബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.
ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ഡെത്ത് സർട്ടിഫിക്കൽ നൽകിയിരുന്നു. തുടർന്ന് ദുബൈ പൊലീസ് ഭർത്താവ് ബോണി കപൂറിെൻറ മൊഴിയെടുക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകൾ ദുബൈ പൊലീസ് കൈമാറുകയുള്ളൂ.
പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കുമെന്നാണ് റിപ്പോർട്ട്. നടപടികളെല്ലാം പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം മുംബൈയിൽ എത്തിക്കുമെന്നാണ് സൂചന. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിേൻറയും നേതൃത്വത്തിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
റാസൽഖൈമയിൽ ബന്ധുവിെൻറ വിവാഹാഘോഷങ്ങളിൽ പെങ്കടുക്കാനെത്തിയ ശ്രീദേവിയെ ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ ചലനമറ്റനിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.