15 തിയേറ്ററുകളിൽ കൂടി 'ഭൈരവ'; എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക്

കൊച്ചി: സിനിമ റിലീസ് പ്രതിസന്ധി തുടരുന്നതിനിടെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ഫെഡറേഷന്‍െറ വിലക്ക് മറികടന്ന് നിരവധി തിയറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായതോടെയാണ് ഭിന്നത രൂക്ഷമായത്.  താവഫെഡറേഷന്‍ ട്രഷറര്‍ സാജു ജോണി വെള്ളിയാഴ്ച രാജിവെച്ചു. തന്‍െറ തിയറ്ററില്‍ പുതിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്നതിനാലാണ് രാജിയെന്ന് സാജു ജോണി പറഞ്ഞു. എറണാകുളം കവിത തിയറ്റര്‍ ഉടമയാണ് സാജു.

അതേസമയം, നടന്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നുണ്ട്. 51 തിയറ്ററുകള്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വിട്ടതായി നിര്‍മാതാക്കളും വിതരണക്കാരും അവകാശപ്പെടുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സംഘടന രൂപവത്കരിക്കുക. ഇവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 11ന് എറണാകുളം ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലിലാണ് യോഗം. ദിലീപും യോഗത്തില്‍ പങ്കെടുത്തേക്കും. സിനിമ റിലീസിങ് സംബന്ധിച്ചും തീരുമാനമുണ്ടാകും.

എന്നാല്‍, സ്വാര്‍ഥതാല്‍പര്യക്കാരാണ് ഫെഡറേഷന്‍ വിടുന്നതെന്നും സംഘടന തകരില്ളെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സാജു ജോണി രാജിവെച്ചത് സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ 17ന് ഫെഡറേഷന്‍െറ അടിയന്തര യോഗം കൊച്ചിയില്‍ ചേരും. ഈ മാസം 25ന് മന്ത്രി എ.കെ. ബാലന്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ തങ്ങളുടെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തിയറ്റര്‍ വിഹിതം പങ്കുവെക്കുന്നതിനെച്ചൊല്ലി സിനിമ നിര്‍മാതാക്കളും വിതരണക്കാരും സംസ്ഥാനത്തെ എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനുമായുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് ഡിസംബര്‍ 16മുതലാണ് സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരെ നടന്‍ പൃഥ്വിരാജും രംഗത്തുവന്നു. കേരളത്തിലെ എ ക്ളാസ് തിയറ്ററുകള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും 75 കോടിയിലേറെയുള്ള മുതല്‍ മുടക്കിന് തടയിട്ട് എന്തിനാണ് ഇങ്ങനെയൊരു സമരമെന്നും പൃഥ്വിരാജ് ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു.

Tags:    
News Summary - new exhibit federation dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.