ആലുവ: സബ് ജയിലിൽ നടൻ ദിലീപിെൻറ സന്ദർശകർക്ക് നിയന്ത്രണം. സന്ദർശകരുടെ എണ്ണം വർധിച്ചതോടെയാണ് ജയിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. വീട്ടുകാർ, അടുത്ത ബന്ധുക്കൾ, പ്രധാന വ്യക്തികൾ, അടുത്ത സഹപ്രവർത്തകർ തുടങ്ങിയവർക്ക് മാത്രം അനുമതി നൽകാനാണ് തീരുമാനം. ഹൈകോടതി ജാമ്യഹരജി രണ്ടാമതും തള്ളിയതോടെയാണ് കൂടുതൽപേർ ദിലീപിനെ കാണാൻ എത്തിത്തുടങ്ങിയത്.
തുടക്കത്തിൽ ദിലീപിൽനിന്ന് അകലം പാലിച്ചവരടക്കം ഇതോടെ വന്നുതുടങ്ങി. വെള്ളിയാഴ്ചയും കുറച്ചുപേർ എത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് നിരവധി സന്ദർശകരാണ് എത്തിയത്. ഇത് വ്യാപക പരാതിക്ക് ഇടവരുത്തി. ജയിലിൽ ദിലീപിന് ഒത്താശ ചെയ്യുകയാണെന്ന രീതിയിൽ വ്യാജവിലാസത്തിൽ മുഖ്യമന്ത്രിക്ക് പരാതികളും ലഭിച്ചിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്ന് മനസ്സിലായതോടെ ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരനും അഭിഭാഷകനും മാത്രമാണ് സാധാരണ ജയിലിൽ എത്താറുള്ളത്. കഴിഞ്ഞ ദിവസം അമ്മ, ഭാര്യ കാവ്യ മാധവന്, മകള്‍ മീനാക്ഷി എന്നിവരും ദിലീപിനെ സന്ദർശിച്ചിരുന്നു. എന്നാൽ, തിരുവോണ ദിനത്തിലും പിന്നീടും ദിലീപിനെ സന്ദർശിക്കാൻ സിനിമമേഖലയിൽ നിന്ന് നിരവധി പേരാണ് ആലുവ സബ്ജയിലിൽ എത്തിയത്.
നടന്മാരായ വിജയരാഘവൻ, കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ജയറാം, നാദിര്‍ഷ, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സുധീർ, നാരായണൻ കുട്ടി, നന്ദു, നിർമാതാക്കളായ എം. രഞ്ജിത്ത്, എവർഷൈൻ മണി, ആൻറണി പെരുമ്പാവൂര്‍, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എന്നിവരും ദിലീപിനെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.