കോഴിക്കോട്: ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ വീണ്ടും എം.ടി. വാസുദേവൻ നായരുടെ വീട്ടിലെത്തി. എം.ടിയുടെ തിരക്കഥയിൽ തന്നെ സിനിമ ഒരുങ്ങുമെന്നും ഇക്കാര്യത്തിൽ നിയമയുദ്ധത്തിന് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയാണ് ശ്രീകുമാർ മേനോൻ എം.ടിയുടെ വീട്ടിലെത്തിയത്. തിരക്കഥ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ കോടതിയിൽ നൽകിയ കേസ് 25ന് പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. സിനിമ വൈകാനുള്ള കാര്യങ്ങൾ വിശദീകരിച്ചതായും എം.ടിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതായും ശ്രീകുമാർ മേനോൻ പറഞ്ഞു. എന്നാൽ, കേസ് കോടതിയിലായതിനാൽ പ്രതികരിക്കുന്നില്ലെന്ന് എം.ടിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അടുത്ത ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. 2020ൽ ആദ്യ ഭാഗം ഇറങ്ങും. രണ്ടാം ഭാഗം 2021ലും. 1000 കോടി രൂപ മുടക്കി സിനിമ നിർമിക്കാൻ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി തയാറാണ്. എം.ടിയുമായി ഇനിയും ചർച്ചകൾ നടക്കുമെന്നും സംവിധായകൻ വ്യക്തമാക്കി.
കരാർ ഒപ്പിട്ട് നാല് വർഷമായിട്ടും ചിത്രീകരണം ആരംഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എം.ടി കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് താൽക്കാലികമായി തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.