മുംബൈ: ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി' എന്ന സിനിമയെ പിന്തുണച്ച് ബോളിവുഡ് താരങ്ങളും സംവിധായകരും നിർമാതാക്കളും രംഗത്തെത്തി. സിനിമയിലെ നായിക ദീപിക പാദുകോണും നായകൻ രൺവീർ സിങ്ങും ബൻസാലിെയ പിന്തുണച്ച് ട്വീറ്റ് ചെയ്തു.
സിനിമയിൽ ചരിത്രത്തെ വളച്ചൊടിച്ചിട്ടില്ല. ശക്തയും നെഞ്ചുറപ്പുമുള്ള ഒരു യുവതിയുടെ കഥയാണ് ലോകത്തിന് സിനിമ പങ്കുവെക്കുന്നതെന്ന് ദീപിക ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ ജനങ്ങളുടെയും രജ്പുത് വിഭാഗങ്ങളുടെയും വികാരങ്ങളും പ്രതികരണ ശക്തിയും 'പത്മാവതി' എന്ന സിനിമ മുന്നോട്ടുവെക്കുന്നതെന്ന് രൺവീർ ട്വീറ്റ് ചെയ്തു. ബൻസാലി ഇന്ത്യയിലെ മികച്ച സംവിധായകനാണെന്നും അദ്ദേഹം ആരുടെയും വികാരങ്ങൾ വൃണപ്പെടുത്തില്ലെന്നും രൺവീർ വ്യക്തമാക്കി.
സിനിമാ ചിത്രീകരണത്തിനിടെ നടന്ന അക്രമത്തെ ബോളിവുഡ് നിർമാതാവ് കരൺ ജോഹർ, സംവിധായകൻ അനുരാഗ് കാശ്യപ്, താരങ്ങളായ പ്രിയങ്ക ചോപ്ര, അലിയ ഭട്ട്, ഹൃതിക് റോഷൻ, സോനം കപൂർ, അനുഷ്ക ശർമ, ഋഷി കപൂർ, ഫർഹാൻ അക്തർ, ഒമംങ് കുമാർ, സുധീർ മിശ്ര എന്നിവർ അപലപിച്ചു.
ദൗർഭാഗ്യകരമായ സംഭവത്തിൽ സിനിമാ ലോകം സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പം നിൽകണമെന്ന് കരൺ ജോഹർ ആവശ്യപ്പെട്ടു. വിഷയത്തിൽ 'പത്മാവതി' എന്ന സിനിമയെയും സംവിധായകൻ ബൻസാലിയെയും പിന്തുണക്കുന്നതായും കരൺ വ്യക്തമാക്കി.
ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കർണി സേന പ്രവർത്തകർ 'പത്മാവതി'യുടെ ഷൂട്ടിങ് സെറ്റ് നശിപ്പിക്കുകയും സംവിധായകൻ ബൻസാലിയെ ആക്രമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.