ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് രാഷ്ട്രപതിക്കു പകരം വകുപ്പുമന്ത്രി നൽകിയതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച അവാർഡ് ജേതാക്കൾക്ക് പുരസ്കാരം തപാൽ മാർഗം. അവാർഡുദാന ചടങ്ങിന് എത്താതിരുന്ന എല്ലാവർക്കും തപാൽ വഴി മെഡലും പ്രശംസാപത്രവും വീട്ടിലെത്തിക്കാനാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ തീരുമാനം. 120 അവാർഡ് ജേതാക്കളിൽ പകുതിയോളം പേരാണ് വ്യാഴാഴ്ച നടന്ന ചടങ്ങ് ബഹിഷ്കരിച്ചത്.
ഗായകൻ യേശുദാസ്, സംവിധായകൻ ജയരാജ് തുടങ്ങിയവർ രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിച്ചപ്പോൾ, കേരളത്തിൽനിന്നുള്ള മറ്റെല്ലാ പുരസ്കാര ജേതാക്കളും വിട്ടുനിൽക്കുകയാണ് ചെയ്തത്. വിവിധ ഭാഷകളിൽനിന്നുള്ള സിനിമ പ്രവർത്തകരും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
അതേസമയം, 65 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി 11 പേർക്കു മാത്രം അവാർഡ് നൽകിയ വിഷയത്തിൽ രാഷ്ട്രപതി ഭവനും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഒരുപോലെ കൈകഴുകുകയാണ്. രാഷ്ട്രപതി പെങ്കടുക്കുന്ന പരിപാടികൾ ഒരു മണിക്കൂറിൽ കൂടുതൽ നീട്ടരുതെന്ന പുതിയ പ്രോേട്ടാക്കോൾ പാലിക്കാൻ ബാധ്യസ്ഥമാണെന്ന വിശദീകരണമാണ് മന്ത്രി സ്മൃതി ഇറാനിയുടെ മന്ത്രാലയം നൽകിയത്. ഇതിനു പിന്നാലെ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആശയക്കുഴപ്പം സൃഷ്ടിച്ചതിലുള്ള അതൃപ്തി രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ചടങ്ങ് ബഹിഷ്കരിക്കുമെന്ന സൂചനയുമായി അവാർഡ് ജേതാക്കൾ തുറന്ന കത്ത് നൽകിയപ്പോൾ, 11ാം മണിക്കൂറിൽ പ്രോേട്ടാക്കോൾ മാറ്റാൻ പറ്റില്ലെന്ന ഉറച്ച നിലപാടുമായി മുന്നോട്ടു േപാവുകയായിരുന്നു രാഷ്ട്രപതിഭവൻ. രാഷ്ട്രപതി ആദരിക്കാൻ വിളിച്ചു വരുത്തിയവർ അവമതിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ആരും മെനക്കെട്ടില്ല. അതിനു ശേഷമാണ് കൈകഴുകൽ.
ഒൗദ്യോഗിക ചടങ്ങുകളിൽ രാഷ്ട്രപതിയുടെ റോൾ ചുരുക്കുകയും മന്ത്രിമാരുടെ റോൾ കൂട്ടുകയും ചെയ്യുന്ന തിരക്കഥയാണ് നടപ്പായതെന്ന് ഇതിനിടയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചലച്ചിത്ര അവാർഡ് രാഷ്ട്രപതി തന്നെ എല്ലാവർക്കും നൽകേണ്ടതിെൻറ പ്രാധാന്യം രാഷ്ട്രപതിഭവനെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നെങ്കിൽ അവാർഡ് ജേതാക്കളുടെ തിരസ്കരണം ഉണ്ടാവുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.