കട്ടപ്പന: കള്ളനോട്ട് നിർമിച്ച കേസിൽ മലയാള സീരിയൽ നടിയും മാതാവും സഹോദരിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കൊല്ലത്തെ ഇവരുടെ വീട്ടിൽനിന്ന് അച്ചടി പൂർത്തിയാകാത്ത 57 ലക്ഷം രൂപയുടെ കള്ളനോട്ടും പേപ്പറുകളും നിർമാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. കട്ടപ്പനക്ക് സമീപം അണക്കരയിൽനിന്ന് 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഞായറാഴ്ച മൂന്നുപേർ പിടിയിലായ സംഭവത്തിെൻറ തുടരന്വേഷണത്തിലാണ് കൂട്ടുപ്രതികളും കള്ളനോട്ട് അച്ചടിക്കാനും വിതരണം ചെയ്യാനും സഹായിച്ചവരുമായ ഇവർ പിടിയിലായത്.
സീരിയൽ നടിയുടെ മാതാവ് ലക്ഷ്യമിട്ടത് ഏഴുകോടി രൂപയുടെ കള്ളനോട്ട് നിർമാണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ്സ് വീട്ടിൽ രമാദേവി (56), മകളും മലയാള സീരിയൽ നടിയുമായ സൂര്യ (36) ഇവരുടെ സഹോദരി ശ്രുതി (29) എന്നിവരെയാണ് കൊല്ലത്തുനിന്ന് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പിടിയിലായ പുറ്റടി അച്ചൻകാനം കടിയൻകുന്നേൽ രവീന്ദ്രൻ (58), മുരിക്കാശ്ശേരി വെള്ളൂക്കുന്നേൽ ലിയോ (44), മുൻ ബി.എസ്.എഫ് ജവാൻ കരുനാഗപ്പള്ളി, അത്തിനാട്ട് അമ്പാടിയിൽ കൃഷ്ണകുമാർ (46) എന്നിവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സീരിയൽ നടിയിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം എത്തിയത്. ഇവരുടെ മുളങ്കാടകത്തെ ആഡംബര വീട്ടിൽനിന്നാണ് 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് അച്ചടി സാമഗ്രികളും പിടിച്ചെടുത്തത്.
ഒരുകോടിയിലധികം രൂപ വിലമതിക്കുന്ന ഇവരുടെ ഇരുനില ആഡംബര വീട്ടിലെ മുകൾനിലയിലായിരുന്നു നോട്ടടി കേന്ദ്രം. അച്ചടിയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ട നോട്ടുകളാണ് പിടിച്ചെടുത്തത്. 500െൻറയും 200െൻറയും നോട്ടുകളാണ് ഇവയിലേറെയും. തിങ്കളാഴ്ച പുലർച്ച മൂന്നോടെ ആരംഭിച്ച റെയ്ഡ് രാവിലെ 10ഒാടെയാണ് അവസാനിച്ചത്. ആറുമാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നോട്ടടിക്കാൻ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. കേസിൽ കൂടുതൽ പേർ വരുംദിവസങ്ങളിൽ അറസ്റ്റിലാകുമെന്ന് ജില്ല െപാലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽപേർ പൊലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
കള്ളനോട്ട് സീരിയൽ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും െപാലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ സീരിയൽ നടിമാർക്ക് ഇതിൽ പങ്കുണ്ടോയെന്നും െപാലീസ് സംശയിക്കുന്നു. നോട്ട് അച്ചടിക്കാനുള്ള പേപ്പറുകളും അനുബന്ധ സാധനങ്ങളും ബംഗളൂരു, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് വാങ്ങിയതെന്ന് പ്രതികൾ െപാലീസിനോട് പറഞ്ഞു. നോട്ട് നിർമാണ സാമഗ്രികൾ വാങ്ങാൻ രമാദേവി പ്രതികൾക്ക് നാലര ലക്ഷത്തോളം രൂപ നൽകിയിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹൻ, സി.ഐമാരായ ഷിബുകുമാർ, ജയപ്രകാശ്, എസ്.ഐ റെജി കുര്യൻ, എ.എസ്.ഐ ഷാജി എബ്രഹാം, സി.പി.ഒമാരായ കെ.ബി. ഷിനാസ്, രാഖി കെ. രഘു, സുമം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.