ദുബൈ: ‘ഇത് എന്‍റെ ദുബൈ, എന്‍റെ അതിഥിയായി ഇവിടേക്ക് വരൂ’ -ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്‍ ലോക നഗരത്തിലേക്ക് സഞ്ചാരികളെ ക്ഷണിക്കുകയാണ്. തെരുവിലൂടെ നടന്നും കൂടെ ഓടിയും കടല്‍ത്തീരത്ത് വോളിബാള്‍ കളിച്ചും ആകാശത്ത് നിന്ന് ചാടിയും റസ്റ്റോറന്‍റില്‍ ഭക്ഷണം വിളമ്പിയുമെല്ലാം ഷാറൂഖ് സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് വിസ്മയിപ്പിക്കുന്ന വീഡിയോ ദുബൈ ടൂറിസത്തിന്‍െറ പുതിയ പരസ്യചിത്രമാണ്.
‘എന്‍െറ അതിഥിയാകൂ’ എന്ന ഹാഷ്ടാഗില്‍ മൂന്നു മിനിട്ടും 10 സെക്കന്‍റും ദൈര്‍ഘ്യമുള്ള മനോഹരമായി ചിത്രീകരിച്ച വീഡിയോ വൈറലായിക്കഴിഞ്ഞു. മണലും സൂര്യനും സാഹസികതയും സമന്വയിക്കുന്ന ലോകനഗരത്തിലേക്ക് സഞ്ചാരികളെ സാക്ഷാല്‍ കിങ് ഖാന്‍ ക്ഷണിക്കുന്നത് ദുബൈ തന്‍െറ രണ്ടാം വീടെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്.
ദുബൈയുടെ പഴയതും പുതിയതുമായ വിവിധ ഭാവങ്ങള്‍ അറേബ്യന്‍ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്ന പരസ്യചിത്രത്തില്‍ നഗരത്തിന്‍െറ സംസ്കാരവും ഭക്ഷണവൈവിധ്യവും ഷോപ്പിങ് അനുഭവവുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ദുബൈയുടെ ആത്മാവില്‍ നിറയുന്ന ആതിഥ്യത്തിന്‍െറ ഊഷ്മളതയും ഷാറൂഖിലൂടെ അനുഭവവേദ്യമാകുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങിയ വീഡിയോ കണ്ടവരുടെ എണ്ണം ഇതിനകം തന്നെ 1.65 ലക്ഷം പിന്നിട്ടു. ദുബൈയെയും ഷാറൂഖിനെയൂം തങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നുവെന്ന് പറയുന്ന കമന്‍റുകളും ധാരാളം.
ദുബൈയും ഇന്ത്യയും തമ്മിലുള്ള സുന്ദരമായ ബന്ധത്തെ ഷാറൂഖ് ഖാന്‍ ശരിക്കും പ്രതിനിധീകരിക്കുന്നുണ്ടെന്ന് ദുബൈ ടൂറിസം ആന്‍ഡ് കമേഴ്സ്യല്‍ മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ സി.ഇ.ഒ ഇസ്സാം കാസിം പറഞ്ഞു. പ്രചോദനം പകരുന്ന ഈ നഗരത്തെ തീര്‍ത്തും പുതിയ രീതിയില്‍ കാണുന്നതിനും കണ്ടെത്തുന്നതിനും ദുബൈ ടൂറിസവുമൊത്തുള്ള ചിത്രം സഹായിച്ചതായി ഷാറൂഖ് ഖാന്‍ പ്രതികരിച്ചു. താന്‍ ദുബൈയൂടെ കടുത്ത ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ പരസ്യചിത്ര സംവിധായകനും മലയാളിയുമായ പ്രകാശ് വര്‍മയുടെ നേതൃത്വത്തിലുള്ള നിര്‍വാഹ ഫിലിംസാണ് ചിത്രം ഒരുക്കിയത്. 2020ഓടെ വര്‍ഷം രണ്ടു കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന ദുബൈക്ക് പുതിയ പരസ്യചിത്രം വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.