ദക്ഷിണേന്ത്യന്‍ സിനിമ മേഖല പ്രതിസന്ധിയില്‍

ചെന്നൈ: നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സിനിമ മേഖല സ്തംഭനാവസ്ഥയില്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലെ സിനിമ നിര്‍മാണം പ്രതിസന്ധിയിലായെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച ഷൂട്ടിങ് ഉള്‍പ്പെടെ താളംതെറ്റിയതോടെ കോടികളുടെ നഷ്ടം സംഭവിച്ചിരിക്കുകയാണ്. സിനിമ നിര്‍മാണ- വിതരണ- പ്രദര്‍ശന കമ്പനികളിലും അനുബന്ധ മേഖലയിലും സംഭവിച്ച നഷ്ടം വിവരണാതീതമാണ്. സിനിമ, ടെലിവിഷന്‍ മേഖലകളില്‍ ദിവസ ജോലിക്കാരായ നിരവധി പേര്‍ ഇതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ്.

ലൈറ്റ്, മേക്കപ്പ്, കോസ്റ്റ്യൂം സഹായികള്‍, കാര്‍പ്പന്‍റര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഷൂട്ടിങ് മേഖലകളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ബാങ്ക് വായ്പ പ്രതീക്ഷിച്ച് ഷൂട്ടിങ് തുടങ്ങിയ 30 സിനിമകള്‍ പാതി വഴിയില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ബാങ്കുകളിലെ അനിയന്ത്രിതമായ തിരക്കും പണം കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. സിനിമ നിര്‍മാണത്തിന് പണം പലിശക്ക് നല്‍കിയിരുന്നവരും കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ദക്ഷിണേന്ത്യയിലെ സിനിമ തലസ്ഥാനമായ ചെന്നൈയില്‍ നിരവധി സ്റ്റുഡിയോകള്‍ ആളൊഴിഞ്ഞ നിലയിലായിട്ടുണ്ട്. ഈ മാസവും അടുത്ത മാസവുമായി റിലീസിങ് തീയതി നിശ്ചയിച്ചിരുന്ന പത്തോളം തമിഴ് സിനിമകള്‍ പുറത്തിറങ്ങാന്‍ വൈകും.

കത്തി സണ്ടൈ, സൈത്താന്‍, കടവുള്‍ ഇറുക്കാന്‍ കുമാരു സിനിമകളുടെ റിലീസിങ് തീയതി അനിശ്ചിതമായി നീട്ടി. തമിഴ്നാട്ടിലെ തിയറ്ററുകള്‍ ആളൊഴിഞ്ഞ നിലയിലാണ്.  ചെന്നൈയില്‍ ഉള്‍പ്പെടെ നിരവധി തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു. നഗരങ്ങളിലെ 70 ശതമാനം ഓണ്‍ലൈന്‍ ടിക്കറ്റ് വിട്ടിരുന്ന സ്ഥാനത്ത് 10 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ ആളുകളെവെച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്നത് വന്‍ നഷ്ടമാണെന്ന് മള്‍ട്ടിപ്ളക്സ് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.

ചില്ലറ ക്ഷാമംമൂലം കാണികള്‍ സ്നാക്സ് ഇനങ്ങളും വാങ്ങാത്തത് നഷ്ടം ഇരട്ടിപ്പിക്കുന്നുണ്ട്. 300 രൂപ ടിക്കറ്റിന് പുറമെ 200 രൂപയുടെ സ്നാക്സ് ഇനങ്ങളും കൂടി ഒരാള്‍ വാങ്ങുമ്പോഴാണ് പ്രദര്‍ശനം ലാഭത്തിലേക്ക് നീങ്ങുകയുള്ളൂവെന്ന് മായാജാല്‍ എന്‍റര്‍ടെയ്മെന്‍റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബി. ഉദീപ് പറയുന്നു. വന്‍ തുകകള്‍ക്ക് സിനിമകള്‍ എടുത്ത തങ്ങള്‍ ഞായറാഴ്ചകളില്‍ രണ്ട് പ്രദര്‍ശനമാക്കി വെട്ടിച്ചുരുക്കിയതായി കാശി തിയറ്ററുകളുടെ മാനേജര്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.

 

Tags:    
News Summary - south indian film industry in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.