ന്യൂഡൽഹി: ‘ആൻ ഇൻസിഗ്നിഫിക്കൻറ് മാൻ’ (നിസ്സാരനായ മനുഷ്യൻ) എന്ന സിനിമയുടെ റിലീസ് രാജ്യവ്യാപകമായി തടയണണമന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെക്കുറിച്ചുള്ളതാണ് ചിത്രമെന്ന് ഹരജിയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങുന്നത്. അഭിപ്രായപ്രകടനത്തിനും ആശയാവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം പവിത്രമാണെന്നും സാധാരണഗതിയിൽ അതിൽ ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. 2013ൽ അരവിന്ദ് കെജ്രിവാളിനുനേരെ മഷിയെറിഞ്ഞ നചികേത വലേക്കറാണ് സിനിമക്കെതിരെ ഹരജി നൽകിയത്. മഷിയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസ് വിചാരണഘട്ടത്തിലാണെന്നും എന്നാൽ, സിനിമയിൽ തന്നെ കുറ്റക്കാരനായാണ് ചിത്രീകരിക്കുന്നതെന്നും വലേക്കർ ബോധിപ്പിച്ചു.
അതിനാൽ, സിനിമയുടെ നിർമാതാക്കൾ നിഷേധപ്രസ്താവന നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഇൗ ആവശ്യം നിരാകരിച്ച കോടതി, സിനിമയുടെ റിലീസ് തടയാനാകില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.