അബൂദാബി: ടൂറിസം ത്രില്ലർ ഹ്രസ്വ ചിത്രം ‘ഇവാൻ ആൻഡ് ജൂലിയ’യുടെ ആദ്യസംപ്രേഷണം കൈരളി ടി.വി.യിൽ. കേരളത്തിലെ പ്രേക്ഷകർക്കു വേണ്ടി കൈരളി ടി.വി.യുടെ മുഖ്യചാനലിൽ ജൂലൈ 16 ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 8:30 ന് ആദ്യപ്രദർശനം നടക്കും. ഗൾഫ് പ്രേക്ഷകരെ ലക്ഷ്യമാക്കി ജൂലൈ 17 തിങ്കളാഴ്ച യു.എ.ഇ.സമയം രാത്രി 9:30 ന് കൈരളി അറേബ്യയിലും സംപ്രേഷണം ഉണ്ടാകും.
വർക്കല പാപനാശം, കാപ്പിൽ കടലോര വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ, മയക്കുമരുന്നിനെതിരെ കേരള പൊലീസ് പുലർത്തുന്ന ജാഗ്രത കൂടി വിഷയം അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ പ്രമേയം. അര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം യു.എ.ഇ.എക്സ്ചേഞ്ചിന്‍റെയും എൻ.എം.സി.ഹെൽത്ത് കെയറിന്റെയും സഹകരണത്തോടെ, യൂണിലുമിനയുടെ ബാനറിൽ നാസിം മുഹമ്മദ് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്നു. ഇവാന്റെ വേഷം അവതരിപ്പിക്കുന്നത് മൊയ്തീൻ കോയയും ജൂലിയായി വരുന്നത് രേഷ്മ സോണിയുമാണ്.
സ്പാനിഷ് സംഗീതവും ഇന്ത്യയിലെ തന്നെ മികച്ച കടൽത്തീരങ്ങളിൽ ഒന്നായ വർക്കലയുടെ മനോഹാരിതയും സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ സംഭ്രമജനകമായ വലിയ കഥ അരമണിക്കൂറിൽ അടക്കിയൊതുക്കി സിനിമാസ്വാദകരിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. സനു സത്യനാണ് നിർമാണ മേൽനോട്ടം. അനീഷ് ഭാസിയും ഡൽഫിൻ ജോർജും ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ ജിതേഷ് ദാമോദർ, അപർണ നായർ, ഷെബിൻ ഷറഫ് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രവീൺ ജി കുറുപ്പ് ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്‍റെ സംഗീതം വൈത്തീശ്വരൻ ശങ്കരനാണ്. മലയാളത്തിലെ മറ്റു ചാനലുകളിൽ ചിത്രം ഉടനെ സംപ്രേഷണം ചെയ്യുമെന്നും തുടർന്ന് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമെന്നും ശില്പികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.