തെറ്റ് എന്തെന്ന് പറഞ്ഞാൽ മാപ്പ് പറ‍യാം; പക്ഷെ നീതി വേണം -പാർവതി

കൊച്ചി: ആരെയെങ്കിലും അപമാനിക്കാനല്ല, സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിനും നീതിക്കും വേണ്ടിയാണ്​ ഡബ്ല്യു.സി.സി ശബ്​ദിച്ചതെന്ന്​ നടി പാർവതി. തങ്ങൾ ഉന്നയിച്ച വിഷയങ്ങളെ മറ്റൊരു അജണ്ടയായി മാറ്റാനാണ് ‘അമ്മ’ ശ്രമിക്കുന്നത്. ഡബ്ല്യു.സി.സിക്ക് മറുപടിയായി തിങ്കളാഴ്ച രാവിലെ ‘അമ്മ’യുടെ വക്താവ് എന്ന നിലയിൽ നടൻ ജഗദീഷ് പത്രക്കുറിപ്പ്​ ഇറക്കിയിരുന്നു. ഉച്ചയോടെ സിദ്ദീഖും കെ.പി.എ.സി ലളിതയും വാർത്തസമ്മേളനം നടത്തുകയും ചെയ്തു. ഇതിൽ ഏതാണ് ‘അമ്മ’യുടെ ഔദ്യോഗിക നിലപാടെന്നും പാർവതി ചോദിച്ചു.

മഹേഷ് എന്ന നടൻ സംഘടനക്കുവേണ്ടി വാദിക്കുന്നത് തങ്ങൾ നിർദേശിക്കാതെയാണെന്നും ഇവർ പറയുന്നു. ആര് പറയുന്നതാണ് തങ്ങൾ വിശ്വസിക്കേണ്ടത്​? ഇത്തരം സംഭവങ്ങൾ സിനിമ മേഖലയിൽ ഇല്ലെന്നാണ് സിദ്ധീഖും കെ.പി.എ.സി ലളിതയും ആവർത്തിക്കുന്നത്. നമ്മുടെ സുഹൃത്തിന് ഇത്രയും വലിയൊരു അനുഭവം നേരിട്ടശേഷവും അങ്ങനെയൊന്ന് ഇല്ലെന്നാണ് പറയുന്നത്. മറ്റു തൊഴിലിടങ്ങളിൽ നടക്കുന്നതൊക്കെയേ ഇവിടെയും സംഭവിക്കുന്നുള്ളൂ എന്ന് പറഞ്ഞ് ലളിത ചേച്ചിയും ഇതിനെ നിസ്സാരവത്കരിക്കുന്നു.

ഇത് ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകും. ഇവരെ മാതൃകയായി കാണുന്ന ഒരുപാടുപേരുണ്ട്. ഇങ്ങനെ കള്ളംപറയണമെങ്കിൽ ഇവർ കഠിന ഹൃദയയായിരിക്കണം. ഇവരിൽ ആരുടെ പ്രസ്താവനക്കാണ് ഞങ്ങൾ പ്രതികരിക്കേണ്ടത് എന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നെന്നും പാർവതി പറഞ്ഞു.

അമ്മയിലെ അംഗം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സംഘടനയിലെ അംഗമെന്ന നിലയിലുള്ള അവകാശം വെച്ചാണ് ചില കാര്യങ്ങൾ ചോദിച്ചത്. കുറ്റാരോപിതൻ സംഘടനയിലുണ്ടോ ഇല്ലയോ എന്ന ചോദ്യമാണ് പ്രധാനം. എന്നാൽ, ഉത്തരം പറയാതെ ശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം.

മോഹൻലാലിനെയോ മമ്മൂട്ടിയെയോ പറിച്ചെറിയാനോ മാറ്റിനിർത്താനോ ആരും ശ്രമിച്ചിട്ടില്ല. സുരക്ഷിത ജോലിക്ക് എങ്ങനെ നിയമം നടപ്പാക്കാമെന്നാണ് ചർച്ച ചെയ്തത്. അമ്മ ചാരിറ്റബ്ൾ സംഘടന മാത്രമല്ലെന്നും അതിലെ അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും സംഘടനക്കുണ്ടെന്നും പാർവതി ചൂണ്ടിക്കാട്ടി.

അമ്മയിൽ അംഗങ്ങളായ താനടക്കമുള്ള നടിമാർ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കിയാലേ മാപ്പ് പറയാനാകൂ. അമ്മയിൽ തിരിച്ചെടുക്കേണ്ടതിനായി മാപ്പ് പറയേണ്ടത് എന്തിനാണെന്ന് അമ്മ വ്യക്തമാക്കണം. സ്ത്രീപീഡനം എല്ലാ മേഖലയിലുമുണ്ടെന്ന കെ.പി.സി.സി ലളിതയുടെ പ്രസ്താവന മുറിവേൽപ്പിക്കുന്നതാണ്. മുതിർന്ന ഒരാളിൽ നിന്ന് ഇത്തരം പ്രസ്താവന പാടില്ലായിരുന്നു.

ഡബ്ല്യു.സി.സിക്കെതിരായ സൈബർ ആക്രമണങ്ങളെ സിദ്ദീഖ് പിന്തുണച്ചത് തെറ്റായ നടപടിയാണ്. ഐ.സി.സി രൂപീകരിക്കാനുള്ള സംവിധായകൻ ആഷിഖ് അബുവിന്‍റെ തീരുമാനം പുരോഗമനപരമാണ്. അമ്മയിൽ നിന്ന് ഇത്തരം പുരോഗമനപരമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി വ്യക്കമാക്കി.

Tags:    
News Summary - WCC Amma Parvathy -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.