കൊച്ചി: ഫേസ്ബുക്ക് ഉൾെപ്പടെ സൈബർ ഇടങ്ങളിൽ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ സിനിമയിലെ പെൺകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) വിവിധ കൂട്ടായ്മകളുമായി കൈകോർത്ത് കാമ്പയിൻ തുടങ്ങി. ‘സേ നോ ടു സൈബർ വയലൻസ്’ എന്ന പേരിൽ ബുധനാഴ്ച ആരംഭിച്ച കാമ്പയിൻ ഈ മാസം 21 വരെ നീളും.
ബോളിവുഡ് താരം ഫർഹാൻ അക്തറിെൻറ നേതൃത്വത്തിലുള്ള ‘മെൻ എഗൈൻസ്റ്റ് റേപ് ആൻഡ് ഡിസ്ക്രിമിനേഷൻ’ (മർദ്), ഇന്ത്യയിലെ ആദ്യ വനിത ചാനലായ ഷീ ദ പീപ്പിൾ, മലയാളത്തിലെ പ്രമുഖ ട്രോൾ ഗ്രൂപ് ഇൻറർനാഷനൽ ചളു യൂനിയൻ (ഐ.സി.യു), ഫെമിനിസം ഇൻ ഇന്ത്യ എന്നിവയുമായി ചേർന്നാണ് കാമ്പയിൻ. സൈബർ ഇടങ്ങളിലെ അതിക്രമങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ചുനിന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യാൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന സ്ത്രീകൾ, പ്രത്യേകിച്ച് അഭിനേത്രികളും ആക്ടിവിസ്റ്റുകളും ക്രൂരമായ സൈബർ ആക്രമണത്തിനിരയാവുന്നത് വർധിക്കുന്ന പശ്ചാത്തലത്തിലാണ് പരിപാടി.
ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നടിമാരായ പാർവതി, റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയവർ ഇത്തരത്തിൽ പലതവണ സൈബർ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. ഹ്രസ്വചിത്രങ്ങൾ, പോസ്റ്ററുകൾ, ചെറുകുറിപ്പുകൾ, അറിയിപ്പുകൾ തുടങ്ങിയവ പങ്കുവെച്ചാണ് കാമ്പയിൻ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.