ന്യൂഡൽഹി:പത്മാവതി സിനിമയുടെ വിവാദത്തിനിടെ ബ്രിട്ടീഷ് ഭരണ കാലത്തെ രാജാക്കൻമാർക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂർ നടത്തിയ പരാമർശത്തിൽ തർക്കം മുറുകുന്നു. പരാമർശത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസിലെ തന്നെ നേതാക്കളും രംഗത്തെത്തി.
ഇന്ത്യയിലെ ധീരരായ മഹാരാജാക്കൻമാർ ബ്രിട്ടീഷുകാരുടെ കാൽ കീഴിലായിരുന്നോ എന്ന് സ്മൃതി ഇറാനി ചോദിച്ചു. ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിങ്, അമരീന്ദർ സിങ് എന്നിവർക്ക് ശശി തരൂരിന്‍റെ പരാമർശത്തിൽ എന്താണ് പറയാനുള്ളതെന്ന് സ്മൃതി ചോദിച്ചു.
ഇന്ത്യയിലെ ധീരരെന്ന് പറയപ്പെടുന്ന പല രാജാക്കൻമാരും ബ്രട്ടീഷുകാരുടെ കാൽ കീഴിലായിരുന്നുവെന്നും അവരെ കുറിച്ച് പറഞ്ഞാണ് ഒരു സിനിമയുടെ പേരിൽ ഇത്ര വലിയ ബഹളമുണ്ടാക്കുന്നതെന്നുമാണ് തരൂർ പറഞ്ഞത്. ഈ രാജക്കൻമാരുടെ സൽപേര് കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് ഇവർ ചലച്ചിത്രകാരനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരാമർശത്തെ എതിർത്ത് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. തരൂർ ചരിത്രം പഠിക്കണം. എന്‍റെ പാരമ്പര്യത്തിൽ എനിക്ക് അഭിമാനമാണുള്ളതെന്നും ഗ്വാളിയോർ രാജകുടുംബത്തിൽ പെട്ട സിന്ധ്യ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിങ്, അമരീന്ദർ സിങ് എന്നിവർ രാജകുടുംബത്തിൽ പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.