’ദൃശ്യ’ചാരുതയിലുയര്‍ന്ന് എസ്തര്‍

ദൃശ്യം എന്ന ബ്ളോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയമായ ബാലതാരമാണ് എസ്തര്‍ അനില്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്‍െറ ഇളയ മകളായ അനുവായി പൊലീസ് മര്‍ദനമേല്‍ക്കുന്ന രംഗം ആരുടെയും ഉള്ളുലക്കും. ദൃശ്യം സൂപ്പര്‍ ഹിറ്റായപ്പോള്‍ എസ്തറും ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ മലയാളസിനിമയിലത്തെുന്നത്. അതിനുശേഷം 21ലധികം സിനിമകളില്‍ അഭിനയിച്ചു. 19ാമത്തെ സിനിമയായിരുന്നു ദൃശ്യം. ഏറ്റവുമൊടുവില്‍ 'ജമിനി' എന്ന മലയാള ചിത്രം പൂര്‍ത്തിയാക്കി 'മിന്‍മിനി' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ എസ്തറിന്‍െറ കൊച്ചു വിശേഷങ്ങള്‍ മാധ്യമം ഓണ്‍ലൈനുമായി പങ്കു വെക്കുന്നു.
 
കുഞ്ഞുനാളിലെ ആഗ്രഹം
ഓര്‍മ വെച്ച നാള്‍ മുതല്‍ സിനിമ തന്നെയായിരുന്നു എന്‍െറ ആഗ്രഹം. അതുകൊണ്ടായിരിക്കും മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആദ്യസിനിമയായ നല്ലവനില്‍ അഭിനയിച്ചു. അമ്മ ഒരു ചാനലില്‍ കുക്കറി ഷോ ചെയ്തിരുന്നു. അതിന്‍െറ കാമറാമാന്‍ ബിജു പഴവിളയാണ് നല്ലവന്‍ എന്ന സിനിമയുടെ സംവിധായകനോട് പറഞ്ഞ് എന്നെ നിര്‍ദേശിച്ചത്. ആ സിനിമയില്‍ മണിയന്‍പിള്ള രാജു ചേട്ടന്‍െറ മകളുടെ വേഷമായിരുന്നു. അദ്ദേഹം 'ഒരു നാള്‍ വരും' എന്ന സിനിമയിലേക്ക് മോഹന്‍ലാല്‍ അങ്കിളിന്‍െറ മകളുടെ വേഷത്തിലേക്ക്  എന്നെ നിര്‍ദേശിച്ചു.

പിന്നീട് സകുടുംബം ശ്യാമള, കോക്ടെയില്‍, ദി മെട്രോ, വയലിന്‍, ഡോക്ടര്‍ ലൗ,  ഞാനും എന്‍െറ ഫാമിലിയും, മുല്ലശ്ശേരി മാധവന്‍കുട്ടി മേനോന്‍, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്റ്റ് ക്ളബ്, കുഞ്ഞനന്തന്‍െറ കട, മായാപുരി തുടങ്ങിയ ചിത്രങ്ങളിലും വേഷം ചെയ്തു. ദൃശ്യം എന്‍െറ 19ാമത്തെ സിനിമയായിരുന്നു. സംവിധായകന്‍ ജിത്തു അങ്കിളും ഭാര്യ ലിണ്‍ഡയും എന്‍െറ മറ്റു സിനിമകള്‍ കണ്ടിരുന്നു. അതില്‍ ഡോക്ടര്‍ ലൗവിലെ വേഷം കണ്ടാണ് ദൃശ്യത്തിലേക്ക് ക്ഷണിക്കുന്നതെന്നാണ് ഡയറക്ടര്‍ പറഞ്ഞത്. തമിഴിലും തെലുങ്കിലും എടുത്തപ്പോള്‍ ഞാന്‍ തന്നെയായിരുന്നു അതേ വേഷം ചെയ്തത്. എന്നാല്‍ ഹിന്ദിയില്‍ ക്ഷണിച്ചില്ല.  

പഠനം
കല്‍പറ്റയിലെ ഡി പോള്‍ പബ്ളിക് സ്കൂളില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. തിരക്കിനിടയിലും പഠനത്തില്‍ ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ 90 ശതമാനം വരെ മാര്‍ക്ക് വാങ്ങാറുണ്ട്. സ്കൂളില്‍ ടീച്ചേഴ്സ് സ്ട്രിക്റ്റാണ്. ഏറ്റവും  ഇഷ്ടമുള്ള വിഷയം ഇംഗ്ളീഷാണ്. ഷൂട്ടിങിന് പോകുന്നതിനാല്‍ ക്ളാസില്‍ പോകാന്‍ കഴിയാത്തതുകൊണ്ടായിരിക്കും മാത്സ് പ്രയാസമാണ്. നോട്ടുകളൊക്കെ മിലാന എന്ന കൂട്ടുകാരി വാട്സപില്‍ അയച്ചു തരും.
 
നൃത്തം
നേരത്തെ ക്ളാസിക്കല്‍ ഡാന്‍സ് പഠിക്കാന്‍ പോയിരുന്നു. പിന്നീട് സിനിമാ തിരക്കു വന്നപ്പോള്‍ അതു നിര്‍ത്തി. ഇപ്പോള്‍ സിനിമാറ്റിക് ഡാന്‍സ് പഠിക്കുന്നുണ്ട്. നേരത്തെ ഗ്ളാസ് പെയിന്‍റിങ് ഒക്കെ ചെയ്തിരുന്നു. ഇപ്പോള്‍ അതിനും സമയം കിട്ടാറില്ല. ഇംഗ്ളീഷ് പുസ്തകങ്ങള്‍ വായിക്കാറുണ്ട്.

അഭിനയ കുടുംബം
ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന കുടുംബമാണ്. അച്ഛന്‍ അനില്‍ എബ്രഹാം, അമ്മ മഞ്ജു പിന്നെ ഇവാന്‍, എറിക് എന്നീ രണ്ട് സഹോദരന്‍മാര്‍. എറിക്കും പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിലീസാകാനിരിക്കുന്ന 'അല്ളേലുയ' എന്ന സിനിമയില്‍ അവന് മുഴുനീള വേഷമാണ്. ടി.വി. ചന്ദ്രന്‍െറ ഭൂമിയുടെ അവകാശികളില്‍ അമ്മയും അഭിനയിച്ചിട്ടുണ്ട്.

ഭക്ഷണം
ചപ്പാത്തി, കപ്പ, കാന്താരി മുളക്,ചേന എന്നിവയൊക്കെയാണ് എനിക്കിഷ്ടം. കാരണം എന്‍െറ അച്ഛന്‍െറ അച്ഛന്‍ ഒരു കുടിയേറ്റ കര്‍ഷകനായിരുന്നു. അച്ഛനും കൃഷിയില്‍ താല്‍പര്യമാണ്. കല്‍പറ്റക്കടുത്ത കാവുമന്ദത്തുള്ള ഞങ്ങളുടെ വീടിനു ചുറ്റും അച്ഛന്‍െറ ജൈവകൃഷിയാണ്.

അവാര്‍ഡുകള്‍
അവാര്‍ഡിനേക്കാള്‍ ഇഷ്ടം ജനങ്ങളുടെ അംഗീകാരമാണ്. ഹിറ്റാവുകയെന്നതാണ് പ്രധാനം. എന്നിരുന്നാലും അവാര്‍ഡും സന്തോഷം നല്‍കുന്നതു തന്നെ. 2013, 2014 നാന ഫിലിം അവാര്‍ഡും മികച്ച ബാലതാരത്തിനുള്ള ജയ്ഹിന്ദ് ടി.വി അവാര്‍ഡും ‘സന്തോഷം’ തെലുങ്ക് ഫിലിം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.