ഉത്സവപ്പറമ്പിലെ ഉലഞ്ഞ ചിരി 

ഉത്സവമെന്നു കേട്ടാല്‍ അമ്പലപ്പറമ്പിലെ സ്റ്റേജിനു മുന്നില്‍ അന്തംവിട്ട് നേരം വെളുപ്പിച്ച കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ചേലക്കാടെന്ന ദേശത്ത് ഒരു കഥാപ്രസംഗത്തിന് പോയത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു.  കാഥികരും സംഘവും സ്ഥലത്തത്തെിയിട്ടുണ്ടെന്ന് മിനിട്ടിന് മിനിട്ടിന് അറിയിപ്പ് വന്നിട്ടും ഉത്സവപ്പറമ്പിന്‍െറ അങ്ങത്തേലയ്ക്കല്‍ തിളങ്ങിവിളങ്ങുന്ന ചുവന്ന തിരശ്ശീല മാത്രം ഉയര്‍ന്നില്ല. പരിപാടി അനന്തമായി നീളുന്നതിന്‍െറ അസ്വസ്ഥത ആളുകളില്‍ പടരാന്‍ തുടങ്ങിയപ്പോഴായിരുന്നു മദ്യപിച്ചുലക്കുകെട്ട ഒരാള്‍ അമ്പലപ്പറമ്പ് ആകെ അലമ്പാക്കിയത്. പരിപാടി തുടങ്ങാത്തതിന് അയാള്‍ സംഘാടകരെ ചീത്ത പറയാന്‍ തുടങ്ങി. അടിപൊട്ടുമെന്ന നിമിഷത്തില്‍ അയാള്‍ ഓടി ചുവന്ന തിരശ്ശീല വകഞ്ഞ് സ്റ്റേജില്‍ കയറി. പെട്ടെന്ന് കര്‍ട്ടന്‍ ഉയര്‍ന്നു. ഓടിച്ചെന്ന അയാള്‍ മൈക്കില്‍ കയറി പിടുത്തമിട്ടു. പിന്നീട് മൈക്കിലൂടെ കേട്ടത്
കല്ലുവലിച്ച് കീച്ചരുതേ നാട്ടാരേ,
എല്ലുവലിച്ചൂരരുതേ നാട്ടാരേ അയ്യോ, 
കല്ലുവലിച്ച് കീച്ചരുതേ നാട്ടാരേ...’
എന്ന പാട്ട്. പിന്നണിക്കാരും പക്കമേളക്കാരും തകര്‍ത്താടി. ‘മരുതമലൈ മാമുനിയേ മുരുകയ്യാ....’ എന്ന പാട്ടിന്‍െറ പാരഡിയായി ‘കപ്പക്കിടവഴി കവുങ്ങിനിടവഴി ഓടുമേ... ഞാന്‍ ചാടുമേ...’ എന്നയാള്‍ പാടുമ്പോള്‍ ആ അമ്പലപ്പറമ്പിലെ ആള്‍പ്പെരുക്കം വിളിച്ചുപറഞ്ഞ ആ പേരാണ് ഇന്നത്തെ വാര്‍ത്തക്കൊപ്പം മനസ്സില്‍ തെളിഞ്ഞുവന്നത്. വി.ഡി. രാജപ്പന്‍.
അങ്ങനെ ആദ്യമായി ‘ഹാസ്യ കഥാപ്രസംഗം’ എന്ന ഇനം ഞങ്ങളുടെ നാട്ടില്‍ അരങ്ങേറി. ‘പ്രിയേ നിന്‍െറ കുര...’ എന്നായിരുന്നു ആ കഥാപ്രസംഗത്തിന്‍െറ പേര്. സാംബശിവന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ മെഗാ താരമായി കഥാപ്രസംഗ തട്ട് കൈയടക്കി വെച്ച കാലത്തായിരുന്നു കോട്ടയത്തുകാരനായ വി.ഡി. രാജപ്പന്‍ കഥാപ്രസംഗ വേദി ചിരിയുടെ കൈയ്യാങ്കളിക്കുള്ള ഇടമാക്കി മാറ്റിയത്.
ഉത്സവപ്പറമ്പില്‍ അപരിചിതനായി കടന്നുവന്ന് ഞെട്ടിക്കുന്ന ആ വി.ഡി. രാജപ്പന്‍ നമ്പര്‍ പിന്നീട് കലാഭവന്‍ മണി വേദിയില്‍ പയറ്റിനോക്കിയിട്ടുണ്ട്. മണി പോയി. ഇപ്പോള്‍ വി.ഡി. രാജപ്പനും. 

Full View

പിന്നെയും പലതവണ വി.ഡി രാജപ്പന്‍െറ കഥാപ്രസംഗം നടക്കുന്ന ഉത്സവപ്പറമ്പുകളിലേക്ക് കിലോ മീറ്റര്‍ നോക്കാതെ സൈക്കിള്‍ ചവിട്ടിപ്പോയിട്ടുണ്ട്. ‘കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ...’ എന്ന ‘പണിതീരാത്ത വീടി’ലെ പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വി.ഡി. രാജപ്പനെയാണ് ഓര്‍മവരിക. 
രണ്ടു കാറുകളുടെ പ്രണയം പറഞ്ഞ കഥാപ്രസംഗത്തില്‍ ‘പെട്രോളു വണ്ടിയില്‍ ഡീസലൊഴിപ്പിച്ച കുടിയനാം ഡ്രൈവറേ ...’ എന്ന് രാജപ്പന്‍ എം.എസ്. വിശ്വനാഥനെ അനുകരിച്ച് പാടിയ പാട്ട്. 

കോഴികളും കാറും തവളയും എരുമയുമൊക്കെയായിരുന്നു രാജപ്പന്‍ കഥാപാത്രങ്ങള്‍. പ്രിയേ നിന്‍െറ കുര, അവളുടെ പാര്‍ട്സുകള്‍, കുമാരി എരുമ, മാക് മാക്, എന്നെന്നും കുരങ്ങേട്ടന്‍െറ, ചികയുന്ന സുന്ദരി തുടങ്ങിയ ബോര്‍ഡും വെച്ച് രാജപ്പന്‍ ആന്‍റ് പാര്‍ട്ടി കേരളമാകെ ഓടിപ്പാഞ്ഞു. ദിവസം രണ്ടും മൂന്നും പരിപാടിവരെ രാജപ്പന്‍െറ ഡയറിയില്‍ കുറിക്കപ്പെട്ടു. ‘ദാ, അവിടെ നോക്കൂ .. ഒരു സുന്ദരിയായ പെണ്‍കുട്ടി ഒക്കത്ത് ഒരു കുടവുമായി മന്ദം മന്ദം.. പതുക്കെ പതുക്കെ.. നടന്നുവരുന്നു. അവളാണ് നമ്മുടെ നായിക...’ എന്ന് തുടങ്ങുന്ന കഥാപ്രസംഗ പതിവുകളെ ഒരര്‍ത്ഥത്തില്‍ വി.ഡി. രാജപ്പന്‍ അടിച്ചുപൊളിക്കുകയായിരുന്നു. 

Full View

‘കോട്ടയം ടൗണില്‍നിന്നും നാലുമൈല്‍ നടന്നാല്‍ നാട്ടകം കുന്നിന്‍പുറം കാണാം...’ എന്ന് കഥാപ്രസംഗ കുലപതികളെ നോക്കി രാജപ്പന്‍ ചിരിച്ചപ്പോള്‍ ജനം തലയറഞ്ഞു ചിരിച്ചു. അപനിര്‍മാണമെന്നോ സ്പൂഫ് എന്നോ ഉള്ള പ്രയോഗങ്ങള്‍ അന്ന് പരിചിതമല്ലാത്തതിനാല്‍ വി.ഡി. രാജപ്പനെ ഒരു ലോ ലെവൽ കലാകാരനായി ആസ്ഥാന കലാമണികള്‍ ചിരിച്ചുതള്ളുകയായിരുന്നു. മിമിക്രി പോലും അപൂര്‍വമായിരുന്ന ഉത്സവപ്പറമ്പിലായിരുന്നു രാജപ്പന്‍ ചിരിയുടെ ഗുണ്ടുകള്‍ പൊട്ടിച്ചിട്ടത്. തെക്കന്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍നിന്ന് രാജപ്പന്‍ കാസറ്റുകളില്‍ കറങ്ങിത്തിരിഞ്ഞ് കേരളത്തിലെ വീടുകളില്‍ ചിരിച്ചുനിറഞ്ഞു. ഓണക്കാലത്ത് പതിവു തെറ്റാതെ രാജപ്പന്‍ കോമഡികള്‍ കസറ്റുകളായി ഇറങ്ങി. 

നങ്ങ്യാര്‍കുളങ്ങര അര്‍ച്ചന എന്ന സി ക്ളാസ് ഓലക്കൊട്ടകയില്‍  ‘കുയിലിനെത്തേടി’ ഏഴാം വാരം ഓടിനിറഞ്ഞപ്പോള്‍ താരങ്ങള്‍ക്കൊപ്പം രാജപ്പന്‍ വന്നു, സിനിമാ താരമായി.  അക്കാലത്ത് ഒരു നാട്ടിന്‍പുറത്ത് സി ക്ളാസ് ഓലക്കൊട്ടകയില്‍ ഒരു സിനിമ 50 ദിവസം തികച്ചത് ചരിത്രത്തില്‍ ആദ്യമായിരുന്നു. പിന്നീട് അതേ തിയറ്ററില്‍ ആവനാഴിയും 50 ദിവസമോടി. 

കുയിലിനെത്തേടിയില്‍ രോഹിണിയെ നൃത്തം പഠിപ്പിക്കാന്‍ വരുന്ന അധ്യാപകന്‍ ഉണര്‍ത്തിയ ചിരി രാജപ്പനെ പതിവ് മൂശകളില്‍ ഒതുക്കി. ഇടക്കാലത്ത് സൈനുദ്ദീന്‍ വന്നപ്പോള്‍ രാജപ്പന്‍ മെല്ലെ അരികിലേക്ക് മാറി. മുത്താരം കുന്ന് പി.ഒ യില്‍ ജഗതിക്ക് കട്ടകട്ട നിന്നു രാജപ്പന്‍. വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടാതെ പോയ ഹാസ്യ നടനായിരുന്നു രാജപ്പന്‍ എന്നതിന് മലയാളത്തിലെ ലക്ഷണമൊത്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ ‘പഞ്ചവടിപ്പാല’ത്തിലെ വ്യാജ സന്യാസി മാത്രം മതി. വാര്‍ത്തകളില്‍ വ്യാജ സന്യാസിമാര്‍ നിറയുമ്പോഴൊക്കെ വി.ഡി. രാജപ്പന്‍െറ ചിരി സ്ക്രീനിലും ഓര്‍മയിലും മുഴങ്ങും. അവസാന കാലത്ത് രാജപ്പന്‍ എന്ന സിനിമക്കാരനെ, കാഥികനെ കേരളം മറന്നുപോയിരുന്നു. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയ ഒരിക്കല്‍ കൊല്ലാക്കൊല ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ആരുടെയും അനുശോചനത്തിന് കാത്തുനില്‍ക്കാതെ ചിരിമാഞ്ഞ കാലത്തിലേക്ക് രാജപ്പന്‍, മറഞ്ഞുപോയി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.