???? ????? ?????????????????

പൊന്നമ്പിളി ശോഭ വീണ്ടും, ഒാണമായ്...

‘പൂവിളി പൂവിളി പൊന്നോണമായി...’ ചെറുചലനം കൊണ്ടുപോലും മലയാളികളെ കുടുകുടാ ചിരിപ്പിച്ച മനുഷ്യന്‍െറ വിരലുകള്‍ പാട്ടിനൊപ്പം താളം പിടിക്കുന്നുണ്ട്. അതുകാണുമ്പോളൊക്കെ ഓണനിലാവിന്‍െറ ശോഭ തെളിയുന്ന മനസുകളേറെയുണ്ടിവിടെ. പാട്ടുപോലെ തന്നെ ‘കൃഷ്ണവിലാസം’ വീട്ടില്‍ ഇത് പൊന്നോണക്കാലം. നാല് വര്‍ഷം മുമ്പൊരു അപകടം കവര്‍ന്നെടുത്ത സന്തോഷത്തെയും ജീവിതത്തെ തന്നെയും തിരികെ പിടിക്കുകയാണ് ഇവിടെയുള്ളവര്‍. ഓണം വീണ്ടും വിരുന്നത്തെുന്നു ജഗതി ശ്രീകുമാറിന്‍െറ, മലയാള സിനിമയുടെ അമ്പിളി ചേട്ടന്‍െറ വീട്ടിലേക്ക്.

‘പഴയതുപോലെ ഓണമാഘോഷിക്കാന്‍ തയാറെടുക്കുകയാണ് ഞങ്ങള്‍. പപ്പ സിനിമയില്‍ സജീവമായിരുന്നപ്പോള്‍ ഉത്സവമായിരുന്നു ഓണനാളുകള്‍. അപകടത്തിന് ശേഷം ആഘോഷമില്ലാതായി. ഇപ്പോള്‍ പപ്പയുടെ ആരോഗ്യസ്ഥിതിയില്‍ വളരെ പുരോഗതിയുണ്ട്. ഓര്‍മ ഏറെക്കുറെ തിരികെ കിട്ടി. കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ചെറിയ ചെറിയ വാക്കുകള്‍ സംസാരിക്കുന്നു, പാട്ടുകേട്ട് ഒപ്പം പാടാന്‍ ശ്രമിക്കുന്നു. പപ്പയുടെ ചെറുവിരലനക്കത്തില്‍ പോലും സന്തോഷിക്കുന്ന ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ കാരണങ്ങളേറെ. ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം പഴയതുപോലെ എന്ന് പപ്പക്ക് തോന്നണം. പപ്പ അതാഗ്രഹിക്കുന്നുമുണ്ട്’. -മകന്‍ രാജ്കുമാറിന്‍െറ വാക്കുകള്‍. എല്ലാം കേട്ട് അരികില്‍ പുഞ്ചിരിതൂകി ജഗതി.

ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പാഞ്ഞിരുന്ന ജഗതിയുടെ ഉത്രാടപ്പാച്ചില്‍ എന്നും വീട്ടിലേക്കായിരുന്നു. എന്ത് തിരക്കിലും എവിടെയായിരുന്നാലും ഓണത്തലേന്ന് വീട്ടിലത്തെും. ജഗതി എത്തിക്കഴിഞ്ഞാല്‍ ഭാര്യ ശോഭ അടുക്കളയില്‍ നിന്ന് ‘ഒൗട്ട്’. സദ്യയൊരുക്കുന്ന റോളില്‍ പിന്നെ തകര്‍ത്തഭിനയിക്കുന്നത് ജഗതിയാണ്. ഇലയിട്ട് പപ്പ വിളമ്പിത്തരുന്ന നാടന്‍ സദ്യക്ക് അമ്മയുണ്ടാക്കുന്നതിനേക്കാള്‍ സ്വാദെന്ന് മക്കള്‍.

ജഗതിയും കുടുംബവും
 


കുടുംബത്തിനായി മാത്രമുള്ളതാണ് ഓണനാളുകള്‍. ‘പപ്പു, മാള, ജഗതി’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ പപ്പുവും മാളയും ഓണമുണ്ണാന്‍ തറവാട്ടിലത്തെിയ ഓര്‍മയുണ്ട് രാജ്കുമാറിന്. ജഗതി മുഴുവന്‍ സമയവും കൂടെയുണ്ടെന്ന സന്തോഷവും പഴയതുപോലെ അല്ലല്ളോയെന്ന സങ്കടവും ചേര്‍ന്ന സമ്മിശ്ര വികാരമാണ് അവര്‍ക്കിപ്പോഴും. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും മനംനിറഞ്ഞ പ്രാര്‍ഥനയും ചികിത്സയും ഫലം കണ്ടതോടെ ജഗതി ജീവിതത്തെ മെല്ളെ മെല്ളെ തന്നിലേക്ക് തിരികെ വിളിച്ചുതുടങ്ങി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇടക്കിടെ ഇന്‍ഡോര്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോകും. രണ്ടുമണിക്കൂര്‍ വരെ അവിടെ ചെലവഴിക്കും. അടുത്തിടെ ഒരു ചാനലിന്‍െറ കോമഡി റിയാലിറ്റി ഷോയുടെ അഞ്ഞൂറാം എപ്പിസോഡ് ആഘോഷം ജഗതിയെ മുഖ്യാതിഥിയാക്കി പേയാടുള്ള വീട്ടില്‍ ആണ് ചിത്രീകരിച്ചത്. ചിത്രീകരണ സന്നാഹങ്ങള്‍ എത്തിയപ്പോള്‍ മുതല്‍ സന്തോഷവാനായ ജഗതി വളരെ സജീവമായി ആഘോഷത്തില്‍ പങ്കെടുത്തു. സാധ്യമാകുമ്പോളൊക്കെ കലാകാരന്മാരെ വിളിപ്പിച്ച് വീട്ടില്‍ മിമിക്രിയോ ഗാനമേളയോ മറ്റ് കലാരൂപങ്ങളോ ജഗതിക്കുവേണ്ടി അവതരിപ്പിക്കാറുമുണ്ട്. എപ്പോഴും പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജഗതിക്ക് സംഗീത ചികിത്സയും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഉണ്ണുമ്പോഴും കുളിക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ജഗതി.

‘കലാഭവന്‍ മണിയുടെ മരണമാണ് അടുത്തിടെ പപ്പയെ ഏറെ ഉലച്ചത്. ടി.വിയില്‍ ആ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ടി.വി. നിര്‍ത്താന്‍ ആവശ്യപ്പെട്ടു’ - രാജ്കുമാര്‍ പറയുന്നു. നില മെച്ചപ്പെടുന്നതിന്‍െറ ലക്ഷണമായാണ് ഇതിനെ ഡോക്ടര്‍മാര്‍ കണ്ടത്. വെല്ലൂരിലേക്കും തിരിച്ചും ജഗതിയെ കൊണ്ടുപോയിരുന്നത് മണിയുടെ കാരവനിലായിരുന്നു. എന്തുസഹായവും വാഗ്ദാനം ചെയ്ത് സിനിമാക്കാരും സുഹൃത്തുക്കളും ഒപ്പംനിന്നു. അതിനെക്കാള്‍ വിലമതിക്കുന്നതായിരുന്നു ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും. വെല്ലൂരിലെ ഐ.സി.യുവിന് വെളിയില്‍ ജഗതിക്ക് ബോധം വരുന്നത് വരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പുനോറ്റ ആരാധകര്‍, രക്തം ദാനം ചെയ്തവര്‍ നിരവധി.

എല്ലാവരെയും ചിരിപ്പിക്കുന്ന ജഗതിയെ ചിരിപ്പിക്കുന്നതാരെന്ന ചോദ്യത്തിന് ഉത്തരമിപ്പോള്‍ ഇവരാണ് -രാജ്കുമാറിന്‍െറയും പിങ്കിയുടെയും മകന്‍ ജഗന്‍രാജ്, പാര്‍വതിയുടെയും ഷോണ്‍ ജോര്‍ജിന്‍െറയും മക്കളായ ജോര്‍ജ്, ആരാധന എന്നിവര്‍. ഇവരുടെ സാമീപ്യമാണ് ജഗതിയെ ഇപ്പോള്‍ ഏറ്റവും സജീവമാക്കുന്നത്. സംഗീത ചികിത്സക്ക് സമയമായി. റഫിയുടെ പാട്ട് മുഴങ്ങുന്നു-‘സോ സാല് പെഹലേ മുഛെ തുംസെ പ്യാര്‍ ഥാ...’ ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയം ഉള്ളിലൊളിപ്പിച്ച് ജഗതിയും ഒപ്പം മൂളുന്നുണ്ട് -‘നൂറ്റാണ്ട് മുമ്പേ എനിക്ക് നിന്നെ ഇഷ്ടമാണ്. ഇന്നുമതെ, നാളെയും...’

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.