ശ്രീദേവിക്ക് നാലു വയസ്സ് ഉള്ളപ്പോഴേ എനിക്കാ കുട്ടിയെ അറിയാം. വർഷങ്ങൾ നീണ്ട വലിയ ബന്ധം ഞങ്ങൾ തമ്മിലുണ്ട്. എനിക്കു ശ്രീദേവി ഇപ്പോഴും കുട്ടിതന്നെയാണ്. അവൾ എത്ര വളർന്നാലും എനിക്ക് ആ കുഞ്ഞുമുഖം ഒരിക്കലും മറക്കാനാവില്ല. ശ്രീദേവിയുടെ വളർച്ചയിൽ ഞാൻ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്, അതിലേറെ അഭിമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ താരറാണിയായി ശ്രീദേവി വളരുന്നതുകണ്ട് ഞാനൊരുപാടൊരുപാട് സന്തോഷിച്ചിട്ടുണ്ട്. ഇന്നിതാ ആ കുട്ടിയുടെ മരണത്തിൽ അതിലേറെ ദുഃഖിക്കുന്നു. സത്യം പറഞ്ഞാൽ ശ്രീദേവിയുടെ മരണവാർത്ത ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. വല്ലാതെ മാനസികമായി തളർന്നുപോയി. ഇത്രയേറെ മാനസികമായി വിഷമിച്ച അവസരം ഉണ്ടായിട്ടില്ല. വാർത്തകൾ കാണുന്നത് ഇഷ്ടമാണ്. എന്നാൽ, ഒന്നുരണ്ടു ദിവസമായി ഞാൻ ടി.വിയിൽ വാർത്ത കാണാൻപോലും ആഗ്രഹിക്കുന്നില്ല. എല്ലാ ചാനലുകളിലും ശ്രീദേവിയുടെ മരണമാണ്. എനിക്കതൊന്നും കാണാൻ പറ്റുന്നില്ല. ഒരുപക്ഷേ ആരും വിശ്വസിച്ചു എന്നു വരില്ല. അത്രയേറെ മാനസികമായി തളർന്നിരിക്കുകയാണ്. എന്തുകൊണ്ടാണെന്ന് എനിക്കുതന്നെ അറിയില്ല. ശ്രീദേവിയുമായൊത്ത് ഒരുപാടു സിനിമകളിെലാന്നും അഭിനയിച്ചിട്ടില്ല. വർഷങ്ങളായി അറിയാമെങ്കിലും കുറച്ചു നാളുകളായി ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു.
എന്‍റെ അമ്മയും ശ്രീദേവിയുടെ അമ്മയും അടുത്ത സുഹൃത്തുക്കളായിരുന്നു. എല്ലാ കാര്യവും പരസ്പരം പറയുകയും വളരെയേറെ അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ശ്രീദേവി ആത്മമിത്രത്തെപ്പോലെയായിരുന്നു. നാലു വയസ്സുള്ളപ്പോഴാണ് അവർ സിനിമയിലേക്കു വരുന്നത്. അന്നുമുതലേ എനിക്കാ കുട്ടിയെ നന്നായി അറിയാം. ചെറിയ കുട്ടിയാണെങ്കിലും വളരെയേറെ കഴിവുള്ള അഭിനേത്രിയായിരുന്നു ശ്രീദേവി. എല്ലാ കാര്യങ്ങളും ചോദിച്ചറിയും, വളരെയേറെ നിഷ്കളങ്കമായ ഭാവം, കുട്ടിത്തം വിട്ടുമാറാത്ത ജിജ്ഞാസയോടെയായിരുന്നു പെരുമാറ്റം തന്നെ. സത്യവാൻ സാവിത്രി എന്ന സിനിമയുടെ പ്രിവ്യൂ ഞാനും ശ്രീദേവിയും ഒരുമിച്ചിരുന്നാണ് കണ്ടത്. അന്ന് അവൾ ചെറിയ കുട്ടിയാണ്. എന്‍റെ കൈയിൽ പിടിച്ചിരുന്നു കൊണ്ടാണ് അവൾ ആ സിനിമ കണ്ടത്. ശ്രീദേവിക്ക് അന്ന് മലയാളം ഒട്ടും അറിയില്ലായിരുന്നു.
എല്ലാ വാക്കും എന്നോട് ചോദിച്ചറിയും. സത്യം പറഞ്ഞാൽ അതിന്‍റെ മുഴുവൻ സംഭാഷണവും ഞാനാണ് അവൾക്ക് പറഞ്ഞുകൊടുത്തിരുന്നത്. തിയറ്ററിലെ ആ ഓർമ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. ഇന്നലെ കഴിഞ്ഞതുപോലെ ഞാനോർക്കുന്നു. അന്നെെൻറ വിരലിൽ പിടിച്ചുകൊണ്ടിരുന്ന ആ കുട്ടിയെ എനിക്കൊരിക്കലും മറക്കാനാവില്ല. ഒരിക്കൽ ദാവണിയുടുപ്പിച്ച് ശ്രീദേവിയെയും കൊണ്ട് അവരുടെ അമ്മ ഒരു ഫങ്ഷനു വന്നു. എനിക്കുകൂടി അവാർഡുള്ള ഒരു ചടങ്ങായിരുന്നു അത്. വണിയുടുത്തുവന്ന ശ്രീദേവിയെക്കണ്ട് ഞങ്ങളെല്ലാം ഞെട്ടി. ഞാൻ ചോദിച്ചു, എന്തിനാണ് ഈ കുഞ്ഞുകുട്ടിയെ ദാവണിയുടുപ്പിച്ചു കൊണ്ടുവന്നത്. അവളുടെ അമ്മ പറഞ്ഞു, ഇവൾ കൊച്ചുകുട്ടിയൊന്നുമല്ല, വലിയ കുട്ടിയാണ്. അവൾക്ക് ദാവണിയൊക്കെ ഉടുക്കാൻ പ്രായമായി. അന്ന് ഞങ്ങളുടെയെല്ലാം മുന്നിൽ നാണംകൊണ്ട് ചിരിച്ചുനിന്ന ശ്രീദേവി എെൻറ ഒാർമയിൽ മായാതെ ഉണ്ട്. പലപ്പോഴും മദ്രാസ് എയർപോർട്ടിൽ നിൽക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്, ദൈവമേ, ഇപ്പോൾ ശ്രീദേവിയെങ്ങാനും വന്നാലോ? അവൾ എന്നെ ഓർമിക്കുമോ? പക്ഷേ, ഒരിക്കലും അങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടായില്ല.
അഭിനയത്തിലെ അതുല്യപ്രതിഭ
ശ്രീദേവി സിനിമയിലേക്കു വരുമ്പോൾ ഞാനും സജീവമായിരുന്നു. ഒരുമിച്ച് ഒന്നുരണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് കുട്ടിയായിട്ടായിരുന്നു ശ്രീദേവി. പിന്നീട് ഞാൻ സിനിമയിൽനിന്ന് പിന്മാറിയപ്പോൾ ശ്രീദേവിക്ക് തിരക്കുകളായി. തമിഴിലും തെലുങ്കിലുമെല്ലാം വളരെ തിരക്കുള്ള നടിയായി മാറി. ഹിന്ദിയിലും വളരെയേറെ ശ്രദ്ധിക്കപ്പെട്ട താരമായി വളർന്നു. അനുഗൃഹീത നടിയായിരുന്നു അവർ. എല്ലാ സിനിമകളും മികച്ചതായിരുന്നു. എല്ലാ ഭാഷകളിലും നല്ല ചിത്രങ്ങൾ കിട്ടി. ചെയ്ത വേഷങ്ങളെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലും സൂപ്പർ ഹിറ്റുകളായിരുന്നു ശ്രീദേവിയുടെ സിനിമകൾ. എല്ലാ പ്രമുഖ നായകന്മാർക്കൊപ്പവും അഭിനയിച്ചു.
കമൽഹാസൻ, രജനികാന്ത്, അമിതാഭ് ബച്ചൻ, അനിൽ കപൂർ അങ്ങനെ എത്രയോ നായകന്മാർ. മലയാളത്തിലും ഒത്തിരി മികച്ച സിനിമകളാണ് ശ്രീദേവി ചെയ്തത്. ഐ.വി. ശശിയുടെ കുറെ സിനിമകളിൽ ശ്രീദേവിയായിരുന്നു നായിക. ആ സിനിമകളെല്ലാം ശ്രീദേവി സിനിമകളായാണ് അറിയപ്പെട്ടത്. ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങാനും അവർക്ക് കഴിഞ്ഞു. മലയാളത്തിൽ എത്രയോ നല്ല പാട്ടുകളാണ് ശ്രീദേവി ചിത്രങ്ങളിലൂടെ നമുക്ക് കിട്ടിയത്. ദേവരാഗം എന്ന സിനിമയിലെ ‘ശിശിരകാല മേഘ മിഥുന...’, ‘നീലാംബുജങ്ങൾ വിടർന്നു’..., ‘കണ്ണേ കലൈമാനേ...’ എന്ന തമിഴ് ഗാനം, അങ്ങനെ നമുക്കു മറക്കാൻ കഴിയാത്ത എത്ര സുന്ദരഗാനങ്ങൾ അവരുടെ സിനിമയിലൂടെ നമുക്കു കിട്ടി. രാജ്യം പത്മ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ശ്രീദേവിക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി.
നല്ല സിനിമകളുടെ സുവർണകാലം
നല്ല സിനിമകളുടെ സുവർണകാലം ശ്രീദേവി നൽകിയെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എത്ര പറഞ്ഞാലും മതിവരാത്ത ഒരു ജീവിതമായിരുന്നു അത്. മരണത്തിനു തൊട്ടുമുമ്പുവരെ അവർ സിനിമയിൽ നിറഞ്ഞുനിന്നു. കുടുംബകാര്യങ്ങൾ നോക്കാനായിരുന്നു കുറച്ചു കാലത്തേക്ക് സിനിമയിൽനിന്ന് അകന്നുനിന്നത്. മക്കളെയും സിനിമയിലേക്കു കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള അവസരം ഉണ്ടാകുകയും ചെയ്തു. പക്ഷേ, അതു കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. നടിയും എന്‍റെ സുഹൃത്തുമായ ഖുശ്ബു പറഞ്ഞതുപോലെ, ശ്രീദേവിയുടെ ജീവിതം എപ്പോഴും സെൻസേഷനായിരുന്നു. മരണവും അതുപോലെതന്നെ.
ആ ക്ഷണം സ്വീകരിച്ചു, പക്ഷേ
ഞങ്ങൾ ശ്രീദേവിയെ കാണാനിരുന്നതാണ്. അതിനായി ശ്രീദേവി തന്നെയാണ് മുൻകൈയെടുത്തത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അവർ തെൻറ പഴയ സുഹൃത്തുക്കളെയെല്ലാം വിളിച്ചുകൂട്ടി ഒരു ലഞ്ച് അറേഞ്ച് ചെയ്യണമെന്ന് പറയുകയുണ്ടായി. പണ്ടുമുതലുള്ള എല്ലാ ആർട്ടിസ്റ്റുകളെയും ഒരുമിച്ചു കാണണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. മലയാളത്തിലെ സുഹൃത്തുക്കളെയും അവർ ക്ഷണിച്ചിരുന്നു. ആ കൂട്ടത്തിൽ എന്നെയും ക്ഷണിച്ചു. ഞാൻ വളരെയേറെ സന്തോഷത്തിലായിരുന്നു. ഇത്രയും കാലമായിട്ടും എന്നെ മറന്നില്ലല്ലോയെന്ന് ഓർത്തു. ഒരുമിച്ചുകാണുമ്പോൾ വിശേഷങ്ങളെല്ലാം പങ്കുവെക്കണം, പഴയ ഓർമകളെല്ലാം പുതുക്കണം.
അങ്ങനെയെല്ലാം മനസ്സിൽ കരുതിെവച്ചു. എന്തെല്ലാം തിരക്കുകളുണ്ടെങ്കിലും ഞാൻ തീർച്ചയായും അവിടെയെത്തണമെന്ന് ശ്രീദേവി പറഞ്ഞതായാണ് ഞങ്ങൾ രണ്ടുപേരുടെയും പരിചയക്കാരനായ സുഹൃത്ത് പറഞ്ഞത്. വളരെ ആഗ്രഹത്തോടെയാണ് ആ ദിവസത്തെ കാത്തിരുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മറ്റൊരാവശ്യവുമായി ചെന്നൈയിൽ എത്തിയപ്പോൾ ഒരിക്കലും കേൾക്കാനാവാത്ത വാർത്തയായി ശ്രീദേവിയുടെ മരണം എന്‍റെ കാതുകളിൽ എത്തി. ശ്രീദേവി ഇപ്പോൾ നമ്മോടൊപ്പമില്ല. ഇനിയൊരിക്കലും അവരെ കാണാൻ എനിക്കു കഴിയില്ല. എങ്കിലും ആ കുട്ടിത്തം നിറഞ്ഞ, നിഷ്കളങ്കമായ ചിരിയുമായി എന്‍റെ വിരൽത്തുമ്പുകളിൽ തൂങ്ങിനിൽക്കുന്ന ആ കുഞ്ഞു ശ്രീദേവിയെ ഞാൻ കാണുന്നു. പ്രിയപ്പെട്ട കുഞ്ഞേ, നീയെന്‍റെ മകൾ തന്നെയാണ്...
തയാറാക്കിയത്: പി.ആർ. സുമേരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.