???????????

മഞ്ജുവാര്യര്‍ക്ക് ഇത് പകര്‍ന്നാട്ടത്തിന്‍െറ കാലമാണ്. ഒന്നര പതിറ്റാണ്ടിനുശേഷം  കാമറക്ക് മുന്നിലേക്ക് തിരിച്ചത്തെിയ മഞ്ജുവാര്യര്‍ ഇന്ന് മലയാളികള്‍ക്ക് സിനിമാനടി മാത്രമല്ല, മലയാളി അഭിമുഖീകരിക്കുന്ന വിവിധ ജീവല്‍ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന പൊന്‍നാവ് കൂടിയാണ്. അര്‍ബുദ ബോധവത്കരണത്തിന്‍െറ മുന്‍നിരയില്‍ അവരുണ്ട്. ജൈവകൃഷിക്കായി വാദിക്കുന്ന അതേ വീറോടെ, സ്ത്രീ സുരക്ഷക്കുവേണ്ടിയും രംഗത്തുണ്ട്. അര്‍ഹര്‍ക്ക് വീടുവെച്ചുകൊടുക്കല്‍, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നൃത്തം പഠിപ്പിക്കല്‍ അങ്ങനെ ആരുമറിയാത്ത സേവനപ്രവര്‍ത്തനങ്ങള്‍ വേറെയും. അഭിനയം, മോഡലിങ് തുടങ്ങി ജോലി സംബന്ധമായ തിരക്കുകള്‍ക്കിടയിലാണ് സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും. 

ഏറ്റവുമൊടുവിലായി, മലയാളി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആമി’ എന്ന കഥാപാത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തുന്നതിനുള്ള തീവ്രയത്നത്തിലുമാണവര്‍. തന്‍െറ അഭിനയ ജീവിതത്തിലെ ഏറ്റവുംവലിയ വെല്ലുവിളിയായ ‘ആമി’യെക്കുറിച്ച് മഞ്ജു സംസാരിച്ചത് അമലക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന ‘കെയര്‍ ഓഫ് സൈറാ ബാനു’ എന്ന പുതിയ സിനിമയുടെ റിലീസിങ് തിരക്കുകള്‍ക്കിടയിലിരുന്നാണ്... 

  • സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുകയാണോ കെയര്‍ ഓഫ് സൈറാബാനു?

കറുപ്പിലും വെളുപ്പിലും മാത്രം ചിത്രീകരണം നടന്ന കാലത്തും മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ടായിരുന്നു. അതിനുശേഷവും സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വന്നു. ഇടക്കാലത്തിറങ്ങിയ സിനിമകളിലെ സമീപനം കാരണമാണ് നായിക കഥാപാത്രം നായകന്‍െറ നിഴലായി ഒതുങ്ങിപ്പോയി എന്ന ആരോപണം ഉയര്‍ന്നത്. അമല അഭിനയിച്ച ‘എന്‍െറ സൂര്യപുത്രിക്ക്’ തുടങ്ങിയ സിനിമകളും സ്ത്രീ കേന്ദ്രീകൃതമായിരുന്നു. മലയാള സിനിമയിലേക്കുള്ള എന്‍െറ തിരിച്ചുവരവിന് ശേഷവും അത്തരം കുറച്ച് നല്ല കഥാപാത്രങ്ങളെ കിട്ടി. 

  • ‘ഹൗ ഓള്‍ഡ് ആര്‍ യു’, ‘എന്നും എപ്പോഴും’ തുടങ്ങിയ സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചശേഷം ‘കെയര്‍ ഓഫ് സൈറാബാനു’വില്‍ എത്തിനില്‍ക്കുമ്പോള്‍?

ടീനേജുകാരന്‍െറ അമ്മയായ ഒരു പോസ്റ്റ് വുമണ്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒന്നര വര്‍ഷം മുമ്പ് ഈ സിനിമയുടെ കഥകേട്ടപ്പോള്‍ത്തന്നെ ആഗ്രഹിച്ചതാണ് ‘സൈറാബാനു’വിനെ തനിക്ക് കിട്ടണമെന്നത്. അത്രയും ശക്തമായ കഥാപാത്രമാണിത്. അത് എത്രമാത്രം വിജയകരമായി അവതരിപ്പിച്ചുവെന്ന് വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. പക്ഷേ, പ്രതീക്ഷകള്‍ ഏറെയുണ്ട്. 

  • സൈറാബാനുവില്‍നിന്ന് ‘ആമി’യിലേക്കുള്ള ദൂരം...?

നേരത്തെ പറഞ്ഞതു പോലെ, ഒന്നരവര്‍ഷം മുമ്പ് പ്ലാന്‍ ചെയ്ത സിനിമയാണ് ‘സൈറാബാനു’. അന്ന്, മാധവിക്കുട്ടിയമ്മയുടെ ജീവിതം കാമറക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. ‘സൈറാബാനു’വിന്‍െറ ഷൂട്ടിങ് തീരാറായപ്പോഴാണ് കമല്‍ സാര്‍ ‘ആമി’യുടെ പ്രോജക്ടുമായി എത്തുന്നത്. എന്തായാലും സൈറാബാനുവില്‍നിന്ന് ആമിയിലേക്കുള്ള ദൂരം ഏറെയാണ്. 

  • ‘ആമി’ക്ക് മുന്നിലുള്ള വെല്ലുവിളികള്‍‍?

മാധവിക്കുട്ടിയുടെ ജീവിതം കണ്ടുംകേട്ടും അറിഞ്ഞ തലമുറയാണ് ഇവിടെയുള്ളത്. അവരുടെ നടപ്പിലും ഇരിപ്പിലും സംസാരത്തിലുമെല്ലാമുള്ള മാനറിസങ്ങള്‍ മലയാളിക്ക് മനഃപാഠമാണ്. അത് കാമറക്കു മുന്നില്‍ അവതരിപ്പിച്ച് ഫലിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ‘ആമി’യെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം സംവിധായകന്‍ തന്നിലര്‍പ്പിച്ചതു തന്നെ വലിയ അംഗീകാരമാണ്. ആ അംഗീകാരത്തിന്‍െറ ആത്മവിശ്വാസവുമായാണ് ‘ആമി’യാകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. എന്തായാലും മലയാളിക്കു മുന്നില്‍ ആമിയെ അവതരിപ്പിക്കാന്‍ ചില്ലറ ഒരുക്കങ്ങളൊന്നും പോര എന്ന ബോധ്യവുമുണ്ട്. 

  • ‘ആമി’യിലേക്കുള്ള വേഷപ്പകര്‍ച്ചക്കുള്ള മുന്നൊരുക്കങ്ങള്‍?

ഒരുപാട് ഒരുങ്ങാനുണ്ട്. മാധവിക്കുട്ടി രചിച്ച പുസ്തകങ്ങള്‍, അവരെപ്പറ്റി മറ്റുള്ളവര്‍ എഴുതിയത് തുടങ്ങിയവയെല്ലാം തേടിപ്പിടിച്ച് വായിച്ചുകൊണ്ടിരിക്കുകയാണ്. യൂട്യൂബിലും മറ്റും പരതി മാധവിക്കുട്ടിയുടെ സംസാരത്തിന്‍െറയും നടപ്പിന്‍െറയുമൊക്കെ ദൃശ്യങ്ങള്‍ സംഘടിപ്പിച്ച് അവരുടെ മാനറിസങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം, മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങളെയും പരിചയക്കാരെയുമൊക്കെ കണ്ട് അവരില്‍നിന്ന് കിട്ടാവുന്ന മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുമുണ്ട്. എന്തായാലും സംവിധായകന്‍ കമല്‍ സാറും മലയാളി പ്രേക്ഷകരും എന്നിലര്‍പ്പിച്ച വിശ്വാസത്തോട് നൂറ്റമ്പത് ശതമാനം നീതിപുലര്‍ത്താന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്.

  • മാധവിക്കുട്ടിയുമായുള്ള നേര്‍ക്കാഴ്ച?

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. എന്നെ നേരില്‍കാണണമെന്ന് മാധവിക്കുട്ടി ഒരു സുഹൃത്തിനോട് ആഗ്രഹം പ്രകടിപ്പിച്ചു. ആ സുഹൃത്ത് അക്കാര്യം എന്നെ അറിയിച്ചു. അങ്ങനെ ഒരു പകല്‍ മുഴുവന്‍ ഞാന്‍ മാധവിക്കുട്ടിക്കൊപ്പം ചെലവഴിച്ചിട്ടുണ്ട്; വര്‍ത്തമാനം പറഞ്ഞും ഒപ്പമിരുന്നുമെല്ലാം.
സ്ത്രീത്വത്തെ അവമതിക്കുന്ന കഥാപാത്രങ്ങളെ ഇനി വെള്ളിത്തിരയില്‍ അവതരിപ്പിക്കില്ലെന്ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ‘മാധ്യമം ലിറ്റററി ഫെസ്റ്റില്‍’ പ്രഖ്യാപിച്ചിരുന്നു. കേരളം അത് ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആ നിലപാടിനോടുള്ള സിനിമാ ലോകത്തിന്‍െറ പ്രതികരണം.?
അത് പൊതുസമൂഹത്തില്‍ ചര്‍ച്ചയായി എന്നത് സന്തോഷകരമാണ്. തീര്‍ച്ചയായും സ്ത്രീകളെ അവമതിക്കുന്ന കഥാപാത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമല്ല. ആ നിലപാടിനെ പോസിറ്റിവായിത്തന്നെ എല്ലാവരും ഉള്‍ക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതും.

‘ആമി’യുടെ രാഷ്ട്രീയം
ഒരുകാലത്ത് കഥാകൃത്തിനും സംവിധായകനും നടീനടന്മാര്‍ക്കും ഏറ്റവുമധികം സ്വാതന്ത്ര്യം നല്‍കിയിരുന്ന രംഗമായിരുന്നു മലയാള സിനിമ. അങ്ങനെയാണ് എം.ടിയുടെ കഥാപാത്രമായ വെളിച്ചപ്പാടായി പി.ജെ. ആന്‍റണിക്ക് വിഗ്രഹത്തിലേക്ക് തുപ്പാനും തന്‍െറ സങ്കടം കേള്‍ക്കാത്ത തേവരുടെ മുന്നില്‍ ഇടക്കയഴിച്ചുവെച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന് തിരികെ നടക്കാനും ആള്‍ദൈവങ്ങളെ കളിയാക്കാനുള്ള ഊര്‍ജം ജഗതിക്കുമൊക്കെ കിട്ടിയത്. 

ഇന്ന് കഥയാകെ മാറി. ആര്, എന്ത് അഭിനയിക്കണമെന്നും കഥാപാത്രത്തിന് എന്ത് വേഷം ധരിപ്പിക്കണമെന്നുമൊക്കെ തീരുമാനിക്കാന്‍ സിനിമാ ലോകത്തിന് പുറത്ത് ശാക്തിക ചേരികളുണ്ട്. അവര്‍ നിശ്ചയിക്കും ആര്, എന്ത് അവതരിപ്പിക്കണമെന്ന്. അവരുടെ അളവിനനുസരിച്ച് വേഷം ധരിക്കാന്‍ തുണി മുറിച്ചില്ലെങ്കില്‍ പിന്നാലെ നടന്ന് കല്ലെറിയാന്‍ ‘നവമാധ്യമ പോരാളികളുമുണ്ട്’. അങ്ങനെയാണ്, വിദ്യാബാലന്‍ പിന്മാറിയപ്പോള്‍ പകരം ആമിയാകാനെത്തിയ മഞ്ജുവാര്യര്‍ക്കെതിരെ ചിലര്‍ ഉറഞ്ഞാടിയത്. ഇടക്ക് സംഘ്പരിവാറിന് കമാലുദ്ദീനായി മാറിയ കമലിന്‍െറ സിനിമയില്‍ ആമിയായി മഞ്ജുവാര്യര്‍ അഭിനയിക്കുമ്പോള്‍ എവിടെയൊക്കെയോ അസ്വസ്ഥതയും പകയും ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കമന്‍റുകള്‍. 

ഒരു സിനിമയും കഥാപാത്രവും എന്നതിനപ്പുറം, ആമി ഒരു രാഷ്ട്രീയ പ്രശ്നമായി മാറി. ആമിയെ കാമറക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് എന്നത് അഭിനയം എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. ഇതുസംബന്ധിച്ച കമന്‍റുകള്‍ സഹിക്കവയ്യാതായപ്പോള്‍ ‘ആമി’ തന്‍െറ രാഷ്ട്രീയത്തിന്‍െറ പ്രഖ്യാപനമല്ലെന്ന വിശദീകരണവുമായി ഫേസ്ബുക്കിലൂടെ തന്‍െറ നയം വ്യക്തമാക്കി മഞ്ജുവിന് രംഗത്തുവരേണ്ടിയും വന്നു. എല്ലാവരുടെയും പിന്തുണ തേടിയായിരുന്നു ആ പോസ്റ്റ്. ആ പിന്തുണയില്‍നിന്നുള്ള കരുത്ത് കാത്ത് മഞ്ജു ഒരുങ്ങുകയാണ്; ആമിയായുള്ള വേഷപ്പകര്‍ച്ചക്ക്.

Tags:    
News Summary - challenges of manju warrier to the character of new kamal film aami, the autobiography of writer kamala surayya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.