തീവ്രമായി ആഗ്രഹിച്ചതിനെ യാഥാർഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും എന്ന വാക്യത്തെ ഒാർമിപ്പിക്കും സുനിൽ ഇബ്രാഹീം എന്ന ചെറുപ്പക്കാരെൻറ സിനിമജീവിതം. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴിനടുത്ത് പെരുമാതുറ മാടൻവിള ഗ്രാമത്തിൽനിന്നും മലയാള സിനിമയിലേക്ക് നടന്നെത്തിയ സുനിലിെൻറ സ്വപ്നങ്ങളിൽ ബോക്സ് ഓഫിസ് ഹിറ്റുകളോ അവാർഡ് നിശകേളാ ഇല്ല, നല്ല സിനിമകൾ മാത്രം. സ്ഥിരം ശൈലികളിൽനിന്ന് മാറിയുള്ള പരീക്ഷണങ്ങൾകൂടിയാണ് സുനിലിെൻറ സിനിമകൾ. ‘ചാപ്റ്റേഴ്സ്’, ‘അരികിൽ ഒരാൾ’ എന്നീ ചിത്രങ്ങളും പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ‘Y’ സിനിമയും അതാണ് പറയുന്നത്. സാധാരണക്കാർക്ക് സിനിമയിലേക്ക് വാതിൽ തുറക്കാൻ സഹായകമായ ‘സ്റ്റോറി വൈബ്‘ എന്ന സംരംഭമടക്കം സിനിമ ജീവിതത്തെ കുറിച്ചും സങ്കൽപങ്ങളെ കുറിച്ചും ഗൾഫ് പ്രവാസി കൂടി ആയിരുന്ന അദ്ദേഹം മനസ്സുതുറക്കുന്നു.
കുഞ്ഞുന്നാൾ മുതൽ സിനിമ ഒരു മോഹമായിരുന്നോ?
ബാപ്പയെ അടുത്ത കൂട്ടുകാരൊക്കെ വിളിക്കുന്നത് ‘എലപ്പേ’ എന്നാണ്. ബാപ്പ ചെറുപ്പത്തിൽ നാടകങ്ങളിൽ ഒക്കെ അഭിനയിക്കുമായിരുന്നു. ഒരു നാടകത്തിൽ ബാപ്പ അഭിനയിച്ച് ഹിറ്റായ കഥാപാത്രത്തിെൻറ പേരാണ് ‘എലപ്പ’. മൂത്താപ്പായുടെ മക്കളൊക്കെ നാടകത്തിൽ അഭിനയിക്കുമായിരുന്നു. ഞാനും അനുജൻ സുഹൈലും ചെറുപ്പത്തിൽ കഥകൾ എഴുതുമായിരുന്നു. മറ്റാരെയും കാണിക്കാൻ ധൈര്യമില്ലാതെ ഞങ്ങൾ എഴുതി ഞങ്ങൾതന്നെ വായിച്ചു കീറിക്കളഞ്ഞ ഒരുപാട് കഥകൾ. പിന്നെ പഠിക്കുമ്പോൾ മിമിക്സ് പരേഡ്, നാടകം ഇതിലൊക്കെ സജീവമായിരുന്നു.
ഗൾഫ് ജീവിതവും ജോലിയും സിനിമാരംഗത്തേക്ക് വരാൻ സഹായകരമായിരുന്നോ?
2005 മുതൽ നാലുവർഷം ആയിരുന്നു ദുബൈയിൽ പ്രവാസം. ആ സമയത്താണ് കൈരളി ടി.വി ‘നിനവ്’ എന്നൊരു പ്രോഗ്രാം ചെയ്യുന്നത്. ദുബൈയിലുള്ള 30ഒാളം സംഗീത തൽപരരെയും ഗായകരെയും ഉൾപ്പെടുത്തി ‘70കളിലെയും ‘80കളിലെയും റൊമാൻറിക് മെലഡികളാണ് അതിൽ അവതരിപ്പിച്ചത്. അന്ന് എമിറേറ്റ്സിൽ ജോലി ചെയ്തിരുന്ന നിഷ ആയിരുന്നു പ്രോഗ്രാമിെൻറ ആങ്കർ. ‘നിനവ്’ 65ഒാളം എപ്പിസോഡ് ചെയ്തു. നിഷയോടും ഭർത്താവ് ജോസഫിനോടും ഉള്ള സൗഹൃദംവഴിയാണ് അവരുടെ അഡ്വർടൈസിങ് സ്ഥാപനത്തിെൻറ ചുമതലക്കാരൻ ആകുന്നത്. നല്ല രീതിയിൽ നടന്ന ആ സ്ഥാപനത്തിലൂടെ ഒട്ടേറെ പരസ്യങ്ങളും ടെലിഫിലിമുകളും ഒക്കെ ചെയ്യാൻ പറ്റി. അവിടെയുണ്ടായിരുന്ന രണ്ടുവർഷമാണ് എന്നിലെ സിനിമാമോഹിക്ക് വെള്ളവും വളവും ആകുന്നത്. സിനിമ ചെയ്യാനുള്ള മോഹംകൊണ്ടാണ് ഞാൻ 2009ൽ പ്രവാസം ഉപേക്ഷിച്ചു നാട്ടിലേക്ക് പോരുന്നത്.
മലയാളത്തിൽ ‘അരികിൽ ഒരാൾ’ പോലെയുള്ള തീമുകൾ അപൂർവമാണ് എന്ന് തോന്നുന്നു?
‘അരികിൽ ഒരാൾ’ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയം ആയിരുന്നു. സിനിമയെ ഗൗരവമായി കാണുന്നവർ ഒട്ടേറെ നല്ല അഭിപ്രായം പറഞ്ഞു. തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരു പ്രൊഡ്യൂസർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കുറച്ചു മാറ്റങ്ങളോടെ തമിഴിൽ ഈ സിനിമ തുടങ്ങിവെച്ചതുമാണ്. നിർമാതാവിനുണ്ടായ ചില പ്രയാസങ്ങൾ കാരണം ഇപ്പോഴും പാതിവഴിയിലാണ് ആ ചിത്രം.
റിലീസ് ചെയ്യാൻ പോകുന്ന ‘Y’ യെ കുറിച്ച്?
സേഫ് സോണിൽ സ്വസ്ഥമായി സ്ഥിരം ശൈലിയിലുള്ള സിനിമകൾ ചെയ്യാൻ ഞാൻ താൽപര്യപ്പെടുന്നില്ല. സംവിധാനം ചെയ്ത രണ്ടു സിനിമകളും വൻ വിജയങ്ങളല്ലെങ്കിലും നിർമാതാക്കൾക്ക് നേട്ടമുണ്ടാക്കിയ സിനിമകളാണ്. ആ ഒരു ആത്മവിശ്വാസമാണ് ‘Y’ സിനിമയിലേക്ക് എത്തിച്ചത്. ഇന്നുവരെ സിനിമ കാമറയുടെ മുന്നിൽപോലും നിന്നവരല്ല ഈ സിനിമയിലെ അഭിനേതാക്കളിൽ ഏറെയും. ഓഡിഷനു വന്ന 1000ത്തോളം വിഡിയോകൾ പരിശോധിച്ച് അതിൽനിന്ന് 100 പേരെ തെരഞ്ഞെടുത്ത് അതിൽനിന്ന് കണ്ടെത്തിയ 40ഒാളം പേർ ആണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിെൻറ കഥയും ട്രീറ്റ്മെൻറും വ്യത്യസ്ത രീതിയിലാണ്. ഒരുപാട് പ്രതീക്ഷകളുള്ള സിനിമയാണ് ‘Y’. സംവിധായകൻ എന്നനിലയിൽ വെല്ലുവിളി കൂടിയാണ് ഇൗ സിനിമ.
വിജയിച്ചവർ മാത്രം കൊണ്ടാടപ്പെടുന്ന ഒരു മേഖലയല്ലേ സിനിമ. അപ്പോൾ ഇങ്ങനെയുള്ള ശ്രമങ്ങൾക്ക് കുറെ പരിമിതികൾ ഇല്ലേ?
തീർച്ചയായും ഒരു സിനിമ വിജയിക്കുമ്പോൾ അതിെൻറ സംവിധായകനും നടന്മാരും സാങ്കേതികപ്രവർത്തകരും അടക്കം അംഗീകരിക്കപ്പെടുകയും അവർക്കത് നേട്ടമാവുകയും ചെയ്യുന്നുണ്ട്. പക്ഷേ, സിനിമ പരാജയപ്പെടുമ്പോൾ ഏറ്റവുംവലിയ നഷ്ടം നിർമാതാവിനാണ്. സിനിമ ഒരു ജീവിതോപാധി കൂടിയാവുമ്പോൾ കൈവിട്ട ഒരു കളി കളിക്കാൻ ആരും തയാറാവുകയില്ല. പക്ഷേ, അങ്ങനെയാവുമ്പോൾ ഒരേ കുറ്റിക്ക് ചുറ്റും തിരിയുന്ന അവസ്ഥ വരും. എന്നെ സംബന്ധിച്ചിടത്തോളം സിനിമ ജീവിതമാർഗം അല്ല. പക്ഷേ, ഏറ്റവും ചെലവ് ചുരുക്കി എങ്ങനെ സിനിമകൾ ചെയ്യാനാവും എന്ന അനുഭവപരിചയം ഉണ്ട്. സമാന ചിന്താഗതിയും താൽപര്യവും ഉള്ള ടീം എന്നോടൊപ്പമുണ്ട്. അതുകൊണ്ടു തന്നെ നിർമാതാവിന് മെച്ചമുള്ള നല്ല സിനിമകൾ ചെയ്യാനാവും എന്ന ആത്മവിശ്വാസമുണ്ട്.
‘സ്റ്റോറി വൈബ്സ്’ വ്യത്യസ്ത സംരംഭം ആണല്ലോ?
മലയാള സിനിമയിലെ ഏറ്റവും വലിയ പ്രശ്നം നല്ല കഥകൾ ഇല്ലാത്തതാണ് എന്നു പറയാറുണ്ട്. സത്യത്തിൽ സിനിമക്ക് പറ്റിയ മികച്ച കഥകൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരുപാട് ആളുകൾ സിനിമക്ക് പുറത്തുണ്ട്. അവർക്കത് സംവിധായകരിലേക്കോ നിർമാതാക്കളിലേക്കോ എത്തിക്കാൻ അവസരം ലഭിക്കുന്നില്ല. അതുപോലെ പുതിയ ആളുകളുടെ കഥകൾ കേൾക്കാൻ സംവിധായകർക്കും ഏറെ സൗകര്യക്കുറവുകൾ ഉണ്ട്. ഇവിടെയാണ് ‘സ്റ്റോറി വൈബ്സ്’ പ്രസക്തമാകുന്നത്.
സിനിമക്ക് പറ്റിയ ഒരു കഥ കൈയിലുള്ള ഏതൊരാൾക്കും ആ കഥ ഞങ്ങളോട് പറയാം. കഥ സിനിമാ സാധ്യത ഉള്ളതാണെങ്കിൽ ഞങ്ങളത് നല്ല കഥകൾ തേടി നടക്കുന്ന സംവിധായകരുടെ ശ്രദ്ധയിൽ പെടുത്തും. കഥയോ ആശയമോ മാത്രം ഉള്ള ഒരാൾക്ക് അതിനെ വിപുലപ്പെടുത്താനുള്ള കഴിവില്ലെങ്കിൽ അതിനുവേണ്ട സൗകര്യവും ചെയ്തുകൊടുക്കും. ഇതിലൂടെ പേരും മാന്യമായ പ്രതിഫലവും ലഭിക്കുമെന്ന് മാത്രമല്ല, കഥകൾ മോഷ്ടിക്കപ്പെട്ടു എന്ന പരാതി ഉണ്ടാവുകയും ഇല്ല. ‘സ്റ്റോറി വൈബ്സി’ലൂടെ മലയാള സിനിമയിലേക്ക് കുറെ നല്ല എഴുത്തുകാരെ കൊണ്ടുവരാൻ കഴിയുമെന്നും അതിലൂടെ പുതുമയുള്ള പ്രമേയങ്ങൾ നമ്മുടെ സിനിമയിൽ ഉണ്ടാവുമെന്നുമാണ് പ്രതീക്ഷ.
എന്താണ് ‘സ്റ്റോറി വൈബ്സ്’ അനുഭവം?
നല്ല കഴിവുള്ള ഒരുപാട് പേർ സിനിമക്ക് പുറത്തുണ്ട് എന്നതാണ് ഞങ്ങൾക്ക് ലഭിക്കുന്ന കഥകൾ തെളിയിക്കുന്നത്. തീർച്ചയായും ഇങ്ങനെയുള്ള ചെറുപ്പക്കാർ മലയാള സിനിമയുടെ ഭാഗമാകുന്നത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.