ഓരോ രോമകൂപത്തിലലും അരിച്ചരിച്ചു കയറുന്ന ഭയത്തിന്റെ ഒരു പാതിരാവ്. ഒപ്പം നിറഞ്ഞ കൈയ്യടി. കഴിഞ്ഞ തവണ ഇൻഡോനേഷ്യയിൽ നിന്നുവന്ന ‘ചെകുത്താന്റെ അടിമകൾ’ (Satan's Slave) ആയിരുന്നു ചലച്ചിത്രോത്സവത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയതെങ്കിൽ ഇക്കുറി ഇന്ത്യൻ മണ്ണിൽ നിന്നു തന്നെ ആ ത്രില്ലർ നിശാഗന്ധിയിലെ പാതിരാ തിരശീലയിൽ പതിഞ്ഞു. രാഹി അനിൽ ബാർവെയും അദേഷ് പ്രസാദും ചേർന്ന് സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ‘തുംബാദ്’ എന്ന ഹിന്ദി ചിത്രം ഒരേ സമയം ഭയവും ആകാംക്ഷയും മഴയുടെ കൊടും സൗന്ദര്യവും പ്രേക്ഷകരിലേക്ക് പകർന്നു.
ഹൊറർ ചിത്രങ്ങൾ നിരന്തരം പടച്ചുവിടുന്ന ഹോളിവുഡ് സാേങ്കതികവിദ്യയുടെ അതിപ്രസരത്തിലൂടെ മനുഷ്യരെ അമ്പരപ്പിക്കുകയാണ് പതിവ്. അടുത്തിടെ ഇറങ്ങിയ ബ്രഹ്മാണ്ഡ ഇന്ത്യൻ ചിത്രം രജനീകാന്തിെൻറ 2.O പോലും ടെക്നോളജിയുടെ മനംമടുപ്പിക്കുന്ന ആധിക്യത്താൽ പ്രേക്ഷകരെ ബോറടിപ്പിച്ചത് ചില്ലറയല്ല. പക്ഷേ, തുംബാദ് മറ്റൊരു കാഴ്ചപ്പാടിന്റെ തലത്തിലാണ് സിനിമ അവതരിപ്പിക്കുന്നത്. ‘മനുഷ്യന്റെ ആവശ്യത്തിനു മാത്രമേ ഇൗ പ്രകൃതിയിലുള്ളു, എന്നാൽ അവന്റെ ആർത്തിക്കുള്ളതില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വാചകങ്ങളോടെ തുടങ്ങുന്ന സിനിമ ആർത്തിയിൽ സ്വയം എരിഞ്ഞടങ്ങുന്ന മനുഷ്യരുടെ കഥയാണ് പറയുന്നത്. തുംബാദ്’.
1918 മുതൽ ഇന്ത്യ സ്വതന്ത്രയായ 1947 വരെയുള്ള കാലയളവിനെ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് സിനിമ കഥ പറയുന്നത്. വിനായക് റാവു എന്ന കേന്ദ്ര കഥാപാത്രം തന്റെ മകനായയ 14കാരൻ പാണ്ഡുരംഗിനോട് കഥ പറയുന്ന രീതിയിലാണ് സിനിമ ആഖ്യാനം. തുംബാദ് ഒരു ഗ്രാമമാണ്. മഴയുടെ കൊടും ക്രൂരമായ മുഖം മാത്രം നിരന്തരം കാണുന്ന ഒരു ഗ്രാമം. ഏകാന്തമായ കോട്ടയ്ക്ക് സമാനമായ ഒരു വീട്ടിൽ താമസിക്കുന്ന അമ്മയും രണ്ടു മക്കളും അവരുടെ വിചിത്രവും വിരൂപയുമായ മുത്തശ്ശിയും അടങ്ങുന്ന കുടുംബം.
‘ഹസ്താർ’ എന്ന നാട്ടു ദൈവവും ഹസ്താറിന്റെ ഗർഭപാത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നിധിയും തേടിയുള്ള യാത്രയിൽ വിലപ്പെട്ട പലതും നഷ്ടമായ കുടുംബമാണ് വിനായക് റാവുവിന്റെത്. ഒരിക്കൽ ഉപേക്ഷിച്ചുപോയ തുംബാദ് ഗ്രാമത്തിലേക്ക് അമ്മയുടെ വാക്കുകൾ തള്ളി 15 വർഷത്തിനു ശേഷം വരുന്ന വിനായക് റാവു കണ്ടെത്തുന്ന നിധിയുടെ രഹസ്യങ്ങളാണ് ഇൗ ചിത്രത്തിന്റെ കേന്ദ്രം. ഇതിവൃത്തത്തോട് ചേർന്നു നിൽക്കുന്ന പശ്ചാത്തല സംഗീതം ചിത്രത്തിലേക്ക് പ്രേക്ഷകനെ വലിച്ചിടുന്നു.
നിർമാതാവായ സോഹം ഷാ തന്നെയാണ് നായക വേഷമായ വിനായ് റാവുവിനെ അവതരിപ്പിക്കുന്നത്. കുറഞ്ഞ കഥാപാത്രങ്ങളും വളരെ കുറഞ്ഞ ഡയലോഗുകളുമാണ് ഇൗ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 2012ൽ ഷൂട്ടിങ് ആരംഭിച്ച ഇൗ ചിത്രം 2018ലാണ് പൂർത്തിയായത്. അതിനുമുണ്ട് ഒരു കാരണം. അത് കഥ നടക്കുന്ന സാങ്കൽപ്പിക ഗ്രാമമായ തുംബാദിനെ വിടാതെ പിന്തുടരുന്ന മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കിഴക്കൻ മഹാരാഷ്ട്രയിലെ മുത്ത നദിയോട് ചേർന്ന പ്രദേശത്താണ് സിനിമയുടെ സെറ്റ് ഒരുക്കിയത്. പക്ഷേ, ഇൗ പ്രദേശത്ത് സിനിമയിൽ ഉദ്ദേശിച്ചതു പോലെ തകർത്തുവാരി പെയ്ത ഒരു മൺസൂൺ കാലത്തിനായി കാത്തിരിക്കേണ്ടിവന്നത് ആറു വർഷമാണ്. 1947ലെ പൂനെ നഗരത്തിന്റെ സെറ്റും ചിത്രത്തിനായി ഒരുക്കി.
നൂറു കോടികൾ കടന്ന സിനിമ വിസ്മയങ്ങൾക്കിടയിൽ ഇൗ ചിത്രത്തിന് വേണ്ടിവന്നത് 15 കോടിയാണ്. ഹിന്ദിയിലും മറാഠിയിലും ഇൗ ചിത്രം ഇതിനകം ഹിറ്റായി കഴിഞ്ഞു. ലോക സിനിമയിലെ മികച്ച ചിത്രങ്ങൾക്കിടയിൽ ജനപ്രിയ ചിത്രങ്ങളുടെ, പ്രത്യേകിച്ച് ഹൊറർ ചിത്രങ്ങളുടെ പ്രദർശനം കഴിഞ്ഞ വർഷം മുതലാണ് ഐ.എഫ്.എഫ്.കെയിൽ തുടങ്ങിയത്. രാത്രി 12 മണിക്കാണ് നിശാഗന്ധിയിെല ഒാപ്പൺ സ്ക്രീനിൽ ഇൗ ചിത്രവും പ്രദർശിപ്പിച്ചത്. പുലർച്ചെ രണ്ടു മണിക്ക് തിങ്ങിനിറഞ്ഞ പ്രേക്ഷകർ ശ്വാസമയച്ച് പുറത്തേക്കൊഴുകുന്ന കാഴ്ചയും മേളയുടെ അപൂർവതകളിൽ ഒന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.