ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിൻെറ ഓഡിയോ ലോഞ്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. പൊതുവെ ആരാധക ലക്ഷങ്ങളുടെ സാന്നിധ്യത്തിൽ ആർപ്പുവിളികളോടെ നടന്നിരുന്ന ഓഡിയോ ലോഞ്ച് കോവിഡ് ബാധയെ തുടർന്ന് ഇത്തവണ വളരെ ചുരുക്കം ആളുകളെ മാത്രം പങ്കെടുപ്പിച്ച് ചെന്നെയിലെ സ്റ്റാർ ഹോട്ടലിലാണ് സംഘടിപ്പിച്ചത്. അതേസമയം ഓഡിയോ ലോഞ്ച് വേദിയില്‍ കേന്ദ്ര സര്‍ക്കാറിൻെറ പൗരത്വ ഭേദഗതി നിയമത്തെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താരത്തിൻെറ വസതിയിൽ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡിെനയും കുറിച്ച് വിജയ് പരോക്ഷമായി വിമർശനം ഉന്നയിച്ചു.
‘ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളോട് അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടത്’ - വിജയ് പറഞ്ഞു. ‘എനിക്ക് എൻെറ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയും അന്ന് നേരിടേണ്ടി വന്നിട്ടില്ല. ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. മോശം സമയത്ത് ശക്തമായ പിന്തുണ നൽകിയ നിങ്ങൾ ‘വേറെ ലെവലാണെന്ന്’ ആരാധകരോട് വിജയ് പറഞ്ഞു.
എതിർപ്പുകളെ വിജയം കൊണ്ട് കീഴ്പ്പെടുത്തണമെന്നും സത്യം പറഞ്ഞാൽ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിച്ചു. ആദായ നികുതി വകുപ്പിൻെറ കസ്റ്റഡിയിൽ 30 മണിക്കൂർ കഴിഞ്ഞതിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് മാസ്റ്റർ ഓഡിയോ ലോഞ്ച്.
ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന വിജയ് സേതുപതിയും വേദിയിലുണ്ടായിരുന്നു. ‘തൻെറ ചിത്രത്തിൽ വില്ലൻ വേഷത്തിലഭിനയിക്കുന്നതെന്തിനാണെന്ന് സേതുപതിയോട് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് വിജയ് ചടങ്ങിൽ പറഞ്ഞു. ‘ചെറിയ വേഷങ്ങളിൽ തുടങ്ങി തമിഴ് സിനിമയിൽ വലിയ താരമായി മാറിയ ഒരാളുണ്ടെങ്കിൽ അത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിൻെറ സിനിമകൾക്ക് വലിയ മാർക്കറ്റുണ്ട്. എന്തിനാണ് തൻെറ ചിത്രത്തിലെ വേഷം സ്വീകരിച്ചതെന്ന് രണ്ടും കൽപിച്ച് ഞാൻ ഒരിക്കൽ ചോദിച്ചു. വലിയ മറുപടി പ്രതീക്ഷിച്ച എനിക്ക് ‘എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണെന്ന’ ചെറിയ ഉത്തരമാണ് ലഭിച്ചത്. അദ്ദേഹത്തിൻെറ ഹൃദയത്തിൽ എനിക്ക് ഒരു സ്ഥാനമുണ്ടെന്ന് അപ്പോഴാണ് മനസിലായതെന്നും വിജയ് പറഞ്ഞു.
വൈകാതെ സ്റ്റേജിലെത്തിയ വിജയ് സേതുപതി നടൻ വിജയ്യെ പ്രശംസിക്കാനും മറന്നില്ല. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. എൻെറ മുന്നിലിരിക്കുന്നത് കൊണ്ട് പറയുന്നതല്ല. എല്ലാവർക്കും അതേ അഭിപ്രായമാണെന്നും സേതുപതി പറഞ്ഞു. ഞാൻ എൻെറ ജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാവരും എൻെറ മാസ്റ്ററാണ്. എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട്. ഞാൻ എല്ലാവരുടെയും ആരാധകനാണ്. എനിക്ക് മനുഷ്യരെ ഇഷ്ടമാണെന്നും സേതുപതി കൂട്ടിച്ചേർത്തു.
ഇവിടെ ഒരു വൈറസ് കൂടിയുണ്ട്. ദൈവത്തിൻെറ പേരിൽ നമ്മൾ ഏറ്റുമുട്ടുകയാണ്. ഇവിടെ ഒരാൾക്കും ഒരു മതത്തെ രക്ഷിക്കാനാവില്ല. അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നില്ല. അയാളെ വിശ്വസിക്കരുത്. എല്ലാവരോടും മനുഷ്യത്വത്തിൽ വിശ്വാസമർപ്പിക്കാൻ പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, അതിൻെറ രേഖകള്‍ കൃത്യമാണെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് വകുപ്പിൻെറ പ്രാഥമിക നിഗമനം. നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നടന് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടന്‍ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.