കൊച്ചി: അഴിമതിയുടെ സിമൻറും മണലും ചേര്‍ത്ത് നിര്‍മിച്ച പാലാരിവട്ടം പാലം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ ഉയര്‍ന്നുവന്നത് 35 വര്‍ഷം പഴക്കമുള്ള മറ്റൊരു പാലംകൂടിയാണ്. ചിരിയിലൂടെ ചിന്തിപ്പിച്ച ‘പഞ്ചവടിപ്പാലം’ സിനിമ പാലാരിവട്ടം പാലത്തിെൻറ വാര്‍ത്തകള്‍ക്കൊപ്പം ഒരിക്കല്‍കൂടി ഹിറ്റായി യൂട്യൂബിലും ചാനലുകളിലും ഓടി. നേരേത്ത കണ്ട സിനിമയായിട്ടും സിനിമപ്രേമികള്‍ ഈ ചിത്രം വീണ്ടും വീണ്ടും കാണുമ്പോള്‍ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രങ്ങളിലൊന്നായ പഞ്ചവടിപ്പാലത്തിെൻറ സംവിധായകന് കെ.ജി. ജോര്‍ജ് എന്ന വിഖ്യാത ചലച്ചിത്രകാരനും വിസ്മയത്തിലാണ്. തെൻറ ഹിറ്റ് സിനിമ അപ്രതീക്ഷിതമായി യാഥാര്‍ഥ്യമായല്ലോ എന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകിട്ടിയതിെനക്കാള് കൈയടി ആ ചിത്രത്തിന് കിട്ടിയല്ലോ എന്നുമുള്ള കൗതുകത്തില്‍. കാക്കനാട് പടമുകളിനടുെത്ത സിഗ്നേച്ചര്‍ ഏജ്ഡ് ഹോമിലിരുന്ന് തന്നെ കാണാനെത്തുന്നവരോടും വിളിക്കുന്നവരോടുമെല്ലാം ‘പഞ്ചവടിപ്പാല’ത്തിെൻറയും മറ്റു പ്രിയപ്പെട്ട സിനിമകളുടെയും വിശേഷങ്ങളാണ് അദ്ദേഹത്തിന് പങ്കുവെക്കാനുള്ളത്.
കെ.ജി. ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചത്. ഇതിെൻറ പേരില്‍ അദ്ദേഹത്തെ വിളിച്ചവരും നിരവധി. മൂന്നുവര്‍ഷം മുമ്പ് പക്ഷാഘാതം വന്നതിനെത്തുടര്‍ന്നുണ്ടായ ശാരീരിക അവശതകള്‍ മൂലം മുഴുസമയ വൈദ്യപരിചരണം കിട്ടാനാണ് ജോര്‍ജിനെ ഏജ്ഡ് ഹോമിലാക്കിയത്. ഇവിടെയാണെങ്കിലും ഒറ്റപ്പെടലിെൻറ നൊമ്പരമൊന്നുമില്ലാതെ താന്‍ ഹാപ്പിയാണെന്ന് അദ്ദേഹംതന്നെ പറയുന്നു. ഇനിയും സിനിമ ചെയ്യണം എന്നുതന്നെയാണ് മോഹം. എത്ര സിനിമ ചെയ്താലും മതിയാവില്ലെന്നും ‘പഞ്ചവടിപ്പാലം’ പണിത ജോര്‍ജ് പറയുന്നു. താന്‍ സംവിധാനം ചെയ്ത ഇരുപതോളം സിനിമകളില്‍ എന്നുമിഷ്ടപ്പെട്ടത് 1982ല്‍ ഇറങ്ങിയ യവനികയാണ്. അതുപോലൊരു സിനിമ ഇനിയും ചെയ്യണമെന്ന് പറയുമ്പോള്‍ 75 വയസ്സുള്ള ആ മുഖത്തെ അവശതകളെല്ലാം മാറിനിന്നു.
പ്രായമുള്ളവരെ താമസിപ്പിക്കുന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ക്കും സിസ്റ്റര്മാര്ക്കുമൊപ്പം അദ്ദേഹം ജീവിതസായന്തനം ആസ്വദിക്കുകയാണ്. ഭാര്യ സല്‍മ ജോര്‍ജും മക്കളും മരുമക്കളും ചെറുമകനുമെല്ലാം ഇടക്ക് വരുകയും വിളിക്കുകയും ചെയ്യും. ഇടക്ക് പുറത്ത് പോകും. വിജയദശമി ദിനമായ ചൊവ്വാഴ്ചയും നഗരത്തില്‍ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടി മല്ലിക സുകുമാരനും അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. രണ്ടുമാസം മുമ്പ് സ്ഥാപനത്തിലെത്തിയ കെ.ജി. ജോര്‍ജിന് സിസ്റ്റര്‍മാരുടെ പരിചരണത്താല്‍ ആരോഗ്യം കുെറക്കൂടി വീണ്ടെടുക്കാനായി. നടക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടും സംസാരിക്കാനുള്ള ചില്ലറ പ്രയാസങ്ങളുമേ ഇപ്പോഴുള്ളൂ. എങ്കിലും വായനയും ടി.വി പരിപാടികളും സ്ഥാപനത്തിലെ വിനോദപരിപാടികളുമായി സമയം േപാകുന്നതറിയില്ല.
ഒക്ടോബര്‍ ഒന്നിന് വയോജനദിനത്തില്‍ സെൻറ് തെരേസാസ് കോളജിലെ വിദ്യാര്‍ഥികളുമായി ഇവിടത്തെ അന്തേവാസികള്‍ക്കൊപ്പം സംവാദത്തിലും പങ്കെടുത്തിരുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന് പുതിയ കാലത്തെ സിനിമകളേക്കാളിഷ്ടം പഴയ ചിത്രങ്ങള്‍തന്നെ. അന്നത്തെ സിനിമകള്‍ക്ക് കുെറക്കൂടി ആഴവും വ്യാപ്തിയും ഉണ്ടായിരുെന്നന്നാണ് ജോര്‍ജിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.