വെറും പത്തുനാൽപത്തഞ്ച് ദിവസംകൊണ്ട് അവിസ്മരണീയമായ ഒരുപാട് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച വിശിഷ്ട വ്യക്തിത്വം, അതാണ് ഋഷികപൂറിനെക്കുറിച്ച് ആദ്യം പറയാനുള്ളത്. ആ വ്യക്തിത്വത്തിലേക്ക് ആകൃഷ്ടനായ ഒരാളാണ് ഞാൻ. ‘ദ ബോഡി’ ചെയ്യുന്നത് സംസാരിക്കാനായി പോകുമ്പോൾ പലരും പറഞ്ഞു, െലജൻഡറി ആക്ടറാണ്, ഇന്ത്യൻ സിനിമയുടെ രാജകീയ കുടുംബമായ കപൂർ തറവാട്ടിൽനിന്നാണ്, പെട്ടെന്ന് ദേഷ്യപ്പെടും, രാത്രി തുടർച്ചയായ ഷൂട്ടിന് തയാറാവില്ല. അങ്ങനെ പലതും. സത്യത്തിൽ നല്ല പേടിയുണ്ടായിരുന്നു.
എന്നാൽ, ആദ്യം കണ്ടപ്പോൾ ചോദിച്ചത് ‘ഓ, താങ്കളാണോ ‘ദൃശ്യം’ സംവിധായകൻ?’ ഒരു 50 വയസ്സിന് മുകളിലുള്ള ആളെയാണ് പ്രതീക്ഷിച്ചതെന്നുപറഞ്ഞപ്പോൾ നിറഞ്ഞ ചിരിയായിരുന്നു. അതുമുതലിങ്ങോട്ട് മുഴുവൻ തമാശയും നർമവും കലർന്ന സംഭാഷണമായിരുന്നു. ‘ദൃശ്യം’ കണ്ടതും തന്നെ തേടിയെത്തിയ കഥാപാത്രങ്ങളുമുൾെപ്പടെ കുറേ വിശേഷങ്ങൾ. ആദ്യ കൂടിക്കാഴ്ചയിൽതന്നെ മനസ്സിലായി, തികച്ചും വിനയാന്വിതനായ നല്ല മനുഷ്യൻ.
പ്രായമായശേഷം സാർ രാത്രി ഒമ്പത് കഴിഞ്ഞ് ചിത്രീകരണത്തിന് നിൽക്കാറില്ല. പക്ഷേ, ഈ സിനിമ രാത്രി മാത്രമാണ് ചിത്രീകരണം. ഒന്നുരണ്ടു ദിവസം അദ്ദേഹം ഒരു 12 വരെ നിന്നാൽ രണ്ടുദിവസം ലാഭിക്കാമെന്ന ചർച്ച വന്നു. അദ്ദേഹത്തോട് പറയാൻ നിർമാതാവിനുപോലും പേടി. ഞാൻ ഋഷി സാറിനോട് ചെന്നു വിവരം പറഞ്ഞു. അദ്ദേഹം ചോദിച്ചു എത്രസമയം വരെ പോകും. 12 വരെയാണ് ഉദ്ദേശിക്കുന്നത്, പരമാവധി പോയാൽ ഒന്നുവരെ. ‘‘വിഷമിക്കേണ്ട, നമുക്ക് തീർക്കാം. പക്ഷേ, ഞാനിത് ചെയ്യുന്നത് താങ്കൾക്കുവേണ്ടി മാത്രമാണ്’’ എന്നായിരുന്നു പ്രതികരണം. അങ്ങനെ രണ്ടുദിവസം പൂർണ സഹകരണത്തോടെ നിന്നു, ഹാപ്പിയായി ആ ഭാഗം തീർത്തു. പിന്നീട്, ഷൂട്ടിനു മൊറീഷ്യസിേലക്ക് മാറിയപ്പോൾ അദ്ദേഹം മറ്റൊരു ഹോട്ടലിലായിരുന്നു. രാത്രിയാവുമ്പോൾ എെൻറ റൂമിലേക്ക് വരും. വർത്തമാനം പറഞ്ഞിരിക്കും. സംവിധായകനെ ബഹുമാനിക്കുന്ന നടനാണേദ്ദഹം. ഞങ്ങളങ്ങനെ ഏറെ സംസാരിച്ചിരുന്നിട്ടുണ്ട്. വല്ലാത്തൊരു അടുപ്പം അദ്ദേഹവുമായി സൂക്ഷിച്ചിരുന്നു.
ജീവിതത്തിൽ ഒരേയൊരു തവണ മാത്രമേ നടനോട് ചേർന്നുനിൽക്കാൻ താൽപര്യപ്പെട്ടുള്ളൂ. അത് ‘ദ ബോഡി’ ചെയ്തപ്പോൾ ഋഷി കപൂറുമായിട്ടായിരുന്നു. ഒരിക്കൽ ‘‘ജിത്തു, ഞാൻ കേരളത്തിലേക്കു വരാം. ജിത്തുവിെൻറ വീട്ടിലേക്ക് വരണം. അവിടെ കരിമീൻ പൊള്ളിച്ചതു കിട്ടുമോ’’ എന്ന് ചോദിച്ചു. ‘‘സാർ എപ്പോൾ വേണമെങ്കിലും വന്നോളൂ’’ എന്ന് മറുപടി നൽകി. ഞാനത്ര വിശ്വസിച്ചില്ലായിരുന്നു അദ്ദേഹം പറഞ്ഞത്. നാട്ടിലെത്തി, മൂന്നുനാലുദിവസം കഴിഞ്ഞപ്പോൾ നിർമാതാവ് വിളിക്കുന്നു: ‘‘ജിത്തു, എപ്പോഴാണ് ഫ്രീയാവുന്നത്, ഋഷി സാറിന് വീട്ടിലേക്ക് വരാനാണ്’’. ‘‘ഞാനെപ്പോൾ വേണേലും ഫ്രീയാണ്’’ എന്നുപറഞ്ഞു. അദ്ദേഹത്തിെൻറ വരവിനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയും ചെയ്തു. ആ വരവ് നടന്നില്ല. പിന്നെ, ന്യൂയോർക്കിൽനിന്ന് മെസേജ് ലഭിച്ചപ്പോഴാണ് ചികിത്സക്ക് പോയതാണെന്ന് മനസ്സിലായത്.
ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി, ബാക്കി ഷൂട്ടും ഡബ്ബിങും പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങും മുമ്പ് അദ്ദേഹമെന്നെ വീട്ടിലേക്ക് വിളിച്ചിട്ട് പറഞ്ഞു; ‘‘ഞാൻ ‘ധർത്തിപുത്ര’യിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, എനിക്ക് മോഹൻലാലിെൻറ കൂടെയും അഭിനയിക്കാൻ ആഗ്രഹമുണ്ട്’’. ‘‘ഞാനൊന്നു നോക്കട്ടെ, രണ്ടുപേെരയും ഉൾക്കൊള്ളിക്കാവുന്ന സബ്ജക്ട് ശ്രമിക്കട്ടെ’’ എന്നുപറഞ്ഞാണ് പിരിഞ്ഞത്.
രാവിലെ സതീഷ്കുറുപ്പ് വിളിച്ച് ഋഷി സാർ പോയി എന്നു പറഞ്ഞപ്പോഴാണ് മരണമറിഞ്ഞത്. കുറച്ചുസമയം വെറുതെയിരുന്നു. കുറഞ്ഞ ദിവസത്തിനകം ഞാനുമായി ഏറെ അടുപ്പമുണ്ടാക്കിയ ആളാണ്. അേപ്പാൾ മുംബൈയിൽ പത്തു നാൽപത് വർഷത്തോളം കൂടെ ജോലിചെയ്തവരുടെ വിഷമം ആലോചിച്ചു. എെൻറ വീട്ടിലേക്കുള്ള വരവിനായി കുടുംബമൊന്നാകെ കാത്തിരിക്കുകയായിരുന്നു. അതു നടന്നില്ല. ഒപ്പം, മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും. അദ്ദേഹത്തിെൻറ ഓർമകൾക്കും പ്രിയപ്പെട്ട അനുഭവങ്ങൾക്കും മുന്നിൽ പ്രണാമം.
തയാറാക്കിയത്: നഹീമ പൂന്തോട്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.