???? ?????? ?????

സിംഗപ്പൂരിൽ നിന്നൊരു മലയാളി സംവിധായിക

തൃശൂരിൽ ജനിച്ച് സിംഗപ്പൂരിൽ ഉന്നതപഠനം നേടി അവിടത്തന്നെ വിവാഹിതയായി ജീവിതം നയിക്കുന്ന ശിൽപ കൃഷ്ണൻ ശുക്ലക്ക് സംവിധാനം വെറുമൊരു നേരംപോക്കല്ല. സിംഗപ്പൂരിലെ പ്രശസ്ത കമ്പനിയിൽ ഗ്ലോബൽ മാർക്കറ്റിങ് ഡയറക്ടറായി   ജോലിചെയ്യുന്ന ശിൽപ ഇതിനകം നിരവധി ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു. ‘കോഴിക്കോട്ട് പുലരും ഇനിയും നാളെകൾ’ എന്ന തന്‍റെ സിനിമയുടെ പ്രദർശനത്തിനെത്തിയ സംവിധായികയുമായി സംസാരിച്ചപ്പോൾ...     

പത്താം ക്ലാസു കഴിഞ്ഞ് ഉന്നതപഠനത്തിനായി സിംഗപ്പൂരിലേക്ക്. പഠനത്തോടൊപ്പം നാടകാഭിനയത്തോടും ഇഷ്ടം തോന്നിയപ്പോൾ ഒരു  രസത്തിന് കൂട്ടുകാരോടൊപ്പം ചേർന്ന് ചില്ലറ നാടക പ്രവർത്തനങ്ങൾ തുടങ്ങി. അരങ്ങിനു മുന്നിലായിരുന്നു തുടക്കമെങ്കിലും  പിന്നിൽനിന്ന് നയിക്കുകയാണ് തനിക്കുപറ്റിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അവിടെയാണ് ശിൽപ കൃഷ്ണൻ ശുക്ലയെന്ന  സംവിധായികയുടെ ജനനം. സിംഗപ്പൂരിലെ അബോട്ട് ഹെൽത്ത്കെയർ കമ്പനിയിൽ ഗ്ലോബൽ മാർക്കറ്റിങ് ഡയറക്ടറായി   ജോലി ചെയ്യുന്ന ശിൽപ ഇടവേളയായി കിട്ടുന്ന സമയം മുഴുവൻ സിനിമക്കായി മാറ്റിവെച്ചിരിക്കുകയാണ്. കഥയെഴുത്തും തിരക്കഥ   തയാറാക്കലും സംവിധാനവും നിർമാണവുമെല്ലാം ഈ തൃശൂർകാരിയുടെ കൈകളിൽ ഭദ്രം.

നന്മനിറഞ്ഞ ചിത്രങ്ങൾ

തിയറ്ററിൽ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ശിൽപ സിനിമയെടുക്കുന്നത്. തന്‍റേതായ സന്തോഷത്തിനു വേണ്ടിയും ഒഴിവു  സമയം സർഗാത്മകമായി വിനിയോഗിക്കാനുമാണ്. 2008ൽ ഒരു ഓൺലൈൻ ചലച്ചിത്രമേളയിലേക്കായി തയാറാക്കിയ ഒരു മിനിറ്റ്  ദൈർഘ്യമുള്ള രണ്ട് ഹ്രസ്വചിത്രങ്ങൾ മികച്ച 25 എണ്ണത്തിലിടം പിടിച്ചപ്പോഴാണ് തന്നിലൊരു സിനിമാക്കാരിയുണ്ടെന്ന കാര്യം  ശിൽപയുടെ ഉള്ളിലെത്തുന്നത്. അതിനുശേഷം മോസം (2011) എന്ന ഇംഗ്ലീഷ് ചിത്രം ചെയ്തു.

‘പുലരും ഇനിയും നാളെകൾ’ സിനിമയുടെ പോസ്റ്റർ
 

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും യു.എസിലെയും വിവിധ മേളകളിൽ പ്രദർശിപ്പിച്ച ചിത്രം 2011ലെ നെവാദ ഫിലിം ഫെസ്റ്റിലെ (യു.എസ്) സിൽവർ സ്ക്രീൻ അവാർഡും നേടി. സിനിമയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ച ഒരു സംഘം ആളുകളുടെ സ്വപ്നസാഫല്യം കൂടിയായിരുന്നു ഈ കുറഞ്ഞ   ബജറ്റ് ചിത്രം. ഋതുക്കൾപോലെ മാറിമാറി വരുന്നതാണ് ജീവിതമെന്നും എന്നാൽ, ഏത് ഋതുവിനെയും നിങ്ങളുടെ ജീവിതവുമായി  എളുപ്പത്തിൽ ബന്ധിപ്പിച്ചു നിർത്താനാവുമെന്നുമാണ് ചിത്രം പറഞ്ഞു വെക്കുന്നത്. 2012ൽ ഇറങ്ങിയ ‘ഇങ്ങനെയും ഒരു കഥ’ എന്ന ചിത്രം  യൂട്യൂബിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. വ്യത്യസ്ത രീതിയിൽ ജീവിക്കുന്ന മൂന്ന് ദമ്പതിമാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.


2014ൽ പുറത്തിറക്കിയ അരവിന്ദും ആറുമുഖവും എന്ന ഹ്രസ്വചിത്രം തമിഴനും മലയാളിയുമായ രണ്ടുപേർക്കിടയിലെ   ബന്ധമാണ് വർണിക്കുന്നത്. നർമത്തിന് പ്രാധാന്യം നൽകി തയാറാക്കിയ അത്താഴം (2015) എന്ന ചിത്രവും യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ടു.  കഴിഞ്ഞ വർഷമിറങ്ങിയ പുലരും ഇനിയും നാളെകൾ എന്ന ചിത്രം അന്താരാഷ്ട്രതലത്തിൽ 27 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ബിഹാറിലെ ദർഭംഗ ഇൻറർനാഷനൽ ഫിലിംഫെസ്റ്റിവലിൽ ഈ വർഷത്തെ മികച്ച സിനിമക്കും സംവിധാനത്തിനുമുള്ള അവാർഡ്,   നെവാദ ഫിലിംഫെസ്റ്റിവലിൽ മികച്ച വിദേശചിത്രത്തിനുള്ള അവാർഡ് (2016), ഇൻറർനാഷനൽ യൂറോ ഫിലിംഫെസ്റ്റിവലിന്‍റെറ സമ്മർ   എഡിഷനിൽ മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനുമുള്ള അവാർഡ് (2016), കാനഡയിലെ സിനിമ വേൾഡ്ഫെസ്റ്റ് അവാർഡിന്‍റെ  ഓട്ടം എഡിഷനിൽ മികച്ച സംഗീതത്തിനുള്ള അവാർഡ് (2016) തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രത്തെ തേടിയെത്തിയത്.  

വിവാഹിതരാവാൻ തീരുമാനിച്ച് അവസാനനിമിഷം തീരുമാനം മാറ്റേണ്ടി വന്ന രണ്ട് പ്രണയിതാക്കൾ പരസ്പരം പിരിഞ്ഞ്   വർഷങ്ങൾക്കു ശേഷം അവിചാരിതമായി കണ്ടുമുട്ടുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഗൗരവമേറിയ സംഭവങ്ങളൊന്നും  പ്രതിപാദിക്കാതെ വളരെ ലളിതമായ പ്രമേയം ചർച്ച ചെയ്യുന്ന ചിത്രങ്ങളാണ് ശിൽപയുടെ ഓരോ സിനിമയും. ഇക്കാര്യത്തിൽ സംവിധായികക്കു പറയാനൊരു കാരണമുണ്ട്. തന്‍റെ ചിത്രങ്ങൾ കണ്ടു തീരുമ്പോൾ എല്ലാവരിലും ഒരു സന്തോഷം വിടരണമെന്ന ആഗ്രഹമാണ് ഇതിനുപിന്നിൽ. സംവിധാനം ചെയ്യാൻ മാത്രമല്ല, തനിക്ക് കാണാനും ഇത്തരം ചിത്രങ്ങളാണ് ഇഷ്ടമെന്ന് അവർ പറയുന്നു.

മഹേഷിന്‍റെ പ്രതികാരം എത്ര മനോഹരമായ സിനിമയാണ്. അതിലെ വിഷയം ഏറെ ലളിതമാണ്. മാത്രമല്ല, ഇപ്പോൾ   ടി.വി തുറന്നാലും പത്രം വായിച്ചാലുമെല്ലാം നെഗറ്റിവ് ആയ കാര്യങ്ങളാണ് നമ്മുടെ മുന്നിലെത്തുന്നത്. സിനിമയിലും അതെ, ഇക്കാര്യം എന്‍റെ  ചിത്രങ്ങളിലെങ്കിലും ഒഴിവാക്കണമെന്ന് എനിക്കു തോന്നാറുണ്ട്. അതുകൊണ്ടാണ് ഇത്തരം ഫീൽ ഗുഡ് ചിത്രങ്ങൾ ചെയ്യുന്നത്’ ശിൽപ കൂട്ടിച്ചേർത്തു.

സെൻസറിങ് ഇന്ത്യയിലും സിംഗപ്പൂരിലും  

സിംഗപ്പൂരിലെയും ഇന്ത്യയിലെയും സെൻസർ സർട്ടിഫിക്കേഷൻ വ്യത്യസ്തമാണ്. യു (എല്ലാവർക്കും കാണാവുന്ന നിയന്ത്രണമില്ലാത്തത്), യു/എ (12 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ കാണാവുന്നത്), എ (മുതിർന്നവർക്കുമാത്രം കാണാവുന്നത്), എസ് (പ്രത്യേക വിഭാഗത്തിനുമാത്രം കാണാവുന്നത്) എന്നിങ്ങനെയാണ് ഇന്ത്യയിലെ സെൻസർ   സർട്ടിഫിക്കറ്റുകൾ. എന്നാൽ, സിംഗപ്പൂരിൽ കുറെക്കൂടി വർഗീകരണങ്ങൾ ഈ മേഖലയിലുണ്ട്. ജി (എല്ലാ പ്രായക്കാർക്കും   കാണാവുന്നത്), പി.ജി (രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ കാണാവുന്നത്), പി.ജി13(13 വയസ്സിനുതാഴെയുള്ളവർക്ക് രക്ഷിതാക്കളുടെ   മേൽനോട്ടത്തിലും മറ്റുള്ളവർക്ക് നിയന്ത്രണങ്ങളില്ലാതെയും കാണാവുന്നത്), എൻസി 16(16 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമുള്ളത്),  എം18 (18നുമുകളിലുള്ളവർക്ക് മാത്രം), ആർ21 (21 നുമുകളിലുള്ളവർക്കുമാത്രം) എന്നിങ്ങനെയാണ് വിവിധ വർഗീകരണങ്ങൾ.   


സിംഗപ്പൂരിലേതുപോലെ കുറെക്കൂടി വർഗീകരണങ്ങൾ വേണമെന്നാണ് ശിൽപയുടെ പക്ഷം. സെൻസറിങ്ങിലുണ്ടാവുന്ന   ആശയക്കുഴപ്പങ്ങളൊഴിവാക്കാൻ ഇത് സഹായിക്കും. ഇവിടെ പുലിമുരുകന് ലഭിച്ചത് യു സർട്ടിഫിക്കറ്റ് ആണെങ്കിൽ അവിടെ   ഒരുപക്ഷേ, ലഭിക്കുക പി.ജി ആയിരിക്കും. എസ്രക്കും യു കിട്ടാനിടയില്ല. കാരണം ഇതിനകത്ത് പലയിടങ്ങളിലും കുട്ടികളിൽ   ഭീതിയുളവാക്കുന്ന രംഗങ്ങളുണ്ട്. അവിടെ കുട്ടിപ്രേക്ഷകർക്ക് വലിയ പരിഗണനയുണ്ട്.  ഇന്ത്യയിലേതുപോലെ മതപരമായ സംജ്ഞകളും സെൻസറിങ്ങും തമ്മിൽ വലിയ കലഹമില്ലെന്നും ശിൽപ പറയുന്നു. ഒരു ചെറിയ   ഭൂവിഭാഗത്തിൽ കുറെപ്പേർ മതസൗഹാർദത്തോടെ ജീവിക്കുന്ന ഇടമാണ് സിംഗപ്പൂർ. അവിടെ മതപരമായ   അസഹിഷ്ണുതയുളവാക്കുന്ന ചിത്രങ്ങൾ നിർമിക്കാൻ ആരും തയാറാവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പേരുപറഞ്ഞ്   കലാകാരന്മാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറില്ലെന്നും ശിൽപ പറയുന്നു.

അവസരം ഉപയോഗിക്കാൻ സ്ത്രീകൾ തയാറാവണം

സ്ത്രീകൾ അയ്യോ പാവം എന്നുപറഞ്ഞിരിക്കുന്നതാണ് അവർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കാൻ കാരണമെന്ന് ശിൽപ അഭിപ്രായപ്പെടുന്നു. പലപ്പോഴും നമ്മളിൽ പലരും അൺറെപ്രസന്‍റഡ് ആണ്. അർഹിക്കുന്ന ബഹുമാനമോ ആദരമോ ലഭിക്കുന്നില്ല. സ്ത്രീയെ രണ്ടാംതരക്കാരിയായി കാണുന്നവരോടും നിന്ദിക്കുന്നവരോടും ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടതുണ്ട്. ബഹുമാനം കിട്ടുന്നില്ലെങ്കിൽ കിട്ടുന്നതുവരെ അതാവശ്യപ്പെടണം. ഒരു കാര്യത്തിലും പിന്തിരിഞ്ഞ് നിൽക്കേണ്ട കാര്യമില്ല. അവസരങ്ങൾ സൃഷ്ടിക്കാനും അവ വിവേകപൂർവം ഉപയോഗിക്കാനും സ്ത്രീകൾ തയാറാവണമെന്നും അവർ പറയുന്നു.

ശിൽപ കൃഷ്ണ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം മോസം
 


ഇക്കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്നും സിനിമ രംഗത്താണെങ്കിലും ജോലി സ്ഥലത്താണെങ്കിലും സ്ത്രീയെന്ന പേരിലുള്ള പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടില്ലെന്നാണ് ശിൽപയുടെ സാക്ഷ്യം. സ്ഥിരം ടീമാണ് എല്ലാ സിനിമയിലും ജോലി ചെയ്യുന്നത്. എല്ലാവരും അടുത്ത   സുഹൃത്തുക്കളാണ്.  സിംഗപ്പൂരിൽ ജോലി ചെയ്യുന്ന കാൺപൂർ സ്വദേശിയായ ശിവാനു ശുക്ലയാണ് ശിൽപയുടെ ഭർത്താവ്. മൂന്നു വയസുകാരി ഏക ശുക്ലയാണ് മകൾ. തൃശൂർ പഴയനടക്കാവ് ‘ശിൽപ’ത്തിൽ മുൻ ബാങ്ക് ഉദ്യോഗസ്ഥനായ വെങ്കിടകൃഷ്ണന്‍റെയും വീട്ടമ്മയായ സുധയുടെയും മകളാണ് ശിൽപ. ക്ലാസിക്കൽ ഡാൻസ്, യോഗ പരിശീലനം എന്നീ മേഖലകളിലും ഇവർ കഴിവു തെളിയിച്ചിട്ടുണ്ട്.

Tags:    
News Summary - singapore film director Shilpa Krishnan Shukla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.