??????? ????? ??????????? ??????? ??????????????????, ???????? ??????? ?????????????????????? ??.????.???? ????????????????? ????????

ചരിത്രം പ്രഹസനമായി ആവർത്തിക്കപ്പെടും എന്നാണ് പണ്ട് മുതലേ ഉള്ളൊരു ചൊല്ല്.. സമകാലീന യാഥാർത്ഥ്യങ്ങളിൽ പ്രഹസനമെന്ന വാക്ക് വെറും പ്രഹസനമായ് ഒതുങ്ങിനിൽക്കുന്ന ഒന്നേ അല്ല. ‘മത്തവിലാസപ്രഹസനം’ പോലുള്ള പ്രാചീനകാല സംസ്കൃത നാടകങ്ങളെ വെറുതെയൊന്ന് സ്മരിച്ച് തള്ളിക്കളയാവുന്നതുമല്ല.. പ്രത്യേകിച്ചും ആർ.എസ്.എസ് അതിന്റെ ചരിത്രത്തെ അടയാളപ്പെടുത്താൻ സിനിമ നിർമിക്കാൻ പോവുന്നു എന്ന വാർത്ത കാണുമ്പോഴെങ്കിലും..

കുറച്ചുദിവസമായി ഓൺലൈൻ മാധ്യമങ്ങളിലെല്ലാം ആ വിവരം കാണുന്നുണ്ട്. നാഗ്പൂരിലെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും സിനിമയ്ക്ക്​ പച്ചക്കൊടി കിട്ടിക്കഴിഞ്ഞു എന്നുവരെ ന്യൂസുകളിൽ കാണുന്നുണ്ട്. 180 കോടി രൂപ ബഡ്ജറ്റ് ഇട്ടിട്ടുണ്ട്. അത് ഇനിയിപ്പൊ 1800 കോടി തന്നെ ആയാലും ആർ.എസ്.എസിനെയോ ബി.ജെ.പിയെയോ സംബന്ധിച്ച് ഒരു വിഷയമേ ആയിരിക്കില്ല. പ്രിയദർശനെ ആ സിനിമ സംവിധാനം ചെയ്യാനായി സമീപിച്ചുകഴിഞ്ഞു എന്ന് റിപ്പോർട്ടുണ്ട്.. ‘കാലാപാനി’യിൽ സവർക്കറെ ഒരു ധീരദേശാഭിമാനിയായി ചിത്രീകരിക്കുകയും സാധ്യമാവുന്നിടത്തെല്ലാം സംഘിച്ചായ്​വും സവർണാഭിമുഖ്യവും പ്രദർശിപ്പിക്കുകയും ചെയ്യുന്ന പ്രിയദർശൻ തീർച്ചയായും ഒരു നല്ല ഓപ്ഷൻ തന്നെയായിരിക്കും.. (അദ്ദേഹം അത് സ്നേഹപൂർവം നിരസിച്ചു എന്നും കേൾക്കുന്നു) ബോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നുവെന്ന് പറയപ്പെടുന്ന അക്ഷയ്കുമാറിനെ മുഖ്യറോളിലേക്ക് പരിഗണിക്കുന്നു. താരങ്ങൾ ഇനിയും ഒരുപാട് വന്നേക്കും. അതൊന്നുമല്ല പക്ഷേ, ആ വാർത്തയുടെയും സിനിമയുടെയും മർമം. പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ വിജയേന്ദ്രപ്രസാദ് ആണ് എന്നതാണ്.

180 കോടി മുടക്കുന്ന ആർ.എസ്​.എസ്​ ചരിത്ര സിനിമയ്​ക്ക്​ നാഗപുരിലെ ആസ്​ഥാനത്തുനിന്ന്​ അനുമതി കിട്ടിക്കഴിഞ്ഞു
 

രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ചരിത്രം സിനിമയാക്കുമ്പോൾ ഒരു ചരിത്രകാരനെയാവും തിരക്കഥാരചന ഏൽപ്പിക്കുകയെന്ന് നമ്മളാരും പ്രതീക്ഷിച്ചുപോവും.. സ്വാഭാവികമാണല്ലോ അത്.. പക്ഷേ, സിനിമയ്ക്ക് പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങൾ പ്ലാൻ ചെയ്യുന്നത് വെറുമൊരു സിനിമയല്ല, ചരിത്രമല്ല, പ്രഹസനവുമല്ല, അതുക്കെല്ലാം മേലെ ആരെയും വീഴ്ത്തിക്കളയുന്ന കെട്ടുകകഥകളുടെയും നുണക്കഥകളുടെയും മായികലോകം തന്നെയാണ് എന്നത് വ്യക്തമാക്കാൻ വിജയേന്ദ്രപ്രസാദ് എന്ന ആ ഒരൊറ്റപ്പേര് മാത്രം മതി..

വി​ജയേന്ദ്ര പ്രസാദി​​​​െൻറ സ്​ക്രിപ്റ്റിൽ ആർ.എസ്.എസ് കളിക്കുവാനൊരുങ്ങുന്നത് ‘കമ്മാരസംഭവം’ തന്നെയാണെന്ന് വ്യക്തം
 

ചരിത്രത്തിലെവിടെയും ഇല്ലാത്ത ‘മഹിഷ്മതി’ എന്ന സാമ്രാജ്യത്തെയും ‘ബാഹുബലി’യെയും അതിന്റെ എല്ലാവിധ വർണപ്പൊലിമയോടെയും അവിശ്വസനീയമായ വിശ്വസനീയതയോടെയും സൃഷ്ടിച്ചിട്ട് ആ മായാലോകത്തേക്ക് ഒരു ജനതയെയൊട്ടാകെ വലിച്ചിട്ട രചനാതന്ത്രജ്ഞനാണ് വിജയേന്ദ്രപ്രസാദ്. ‘ബാഹുബലി’യും അതുമായി ബന്ധപ്പെട്ട എന്തും ആബാലവൃദ്ധം  പൊതുജനത്തിന്റെ വികാരം എന്നുപറയാവുന്ന രീതിയിൽ ഈ അഞ്ചുവർഷത്തിനുള്ളിൽ മാറിയിട്ടുണ്ടെങ്കിൽ അത് രാജമൗലി എന്ന സംവിധായകന്റെ മാത്രം കഴിവല്ല,  മറിച്ച്​ സിനിമയുടെ നട്ടെല്ലായി നിന്ന സ്ക്രിപ്റ്റിന്റെ കരുത്ത് കൂടി ആയിരുന്നു.. രാജമൗലിയുടെ പിതാവുകൂടിയായ വി​ജയേന്ദ്ര പ്രസാദി​​​​െൻറ സ്​ക്രിപ്റ്റിൽ ആർ.എസ്.എസ് കളിക്കുവാനൊരുങ്ങുന്നത് ‘കമ്മാരസംഭവം’ തന്നെയാണെന്ന് വ്യക്തം. ഒരുപക്ഷേ, ഹെയർഫിക്സിങ്​ പരസ്യത്തിലെ ‘ഉപയോഗിക്കുന്നത് മുമ്പ്​ /പിമ്പ്​ കഷണ്ടിചിത്രങ്ങൾ’ പോലെ ഒരു വെട്ടിത്തിളങ്ങുന്ന മെയ്ക്കോവർ..

ചരിത്രത്തിലില്ലാത്ത ‘മഹിഷ്മതി’ സാമ്രാജ്യത്തെയും ‘ബാഹുബലി’യെയും എല്ലാ അവിശ്വസനീയമായ വിശ്വസനീയതയോടെയും സൃഷ്ടിച്ച്​ മായാലോകത്തേക്ക് ഒരു ജനതയെയൊട്ടാകെ വലിച്ചിട്ട രചനാതന്ത്രജ്ഞനാണ് വിജയേന്ദ്രപ്രസാദ്
 

ഈയിടെ പ്രദർശനത്തിനെത്തിയ ‘കമ്മാരസംഭവം’ എന്ന മലയാളസിനിമ ഈ ഒരു ദുരന്തവും സാധ്യതയും മുൻകൂട്ടി പ്രവചിക്കുന്നതും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ ഒരു ഇതിവൃത്തമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. മുമ്പ്​ മറ്റൊരു പടത്തിലും കാണാത്തൊരു ജനുസ്സിൽ പെട്ട പൊളിറ്റിക്കൽ സ്പൂഫ് ആയിരുന്നിട്ടും അത് അർഹിക്കുന്നത്ര ശ്രദ്ധിക്കപ്പെടാത്തതിന് കാരണം അതിന്റെ രചയിതാവായ മുരളിഗോപിക്ക് മേലുള്ള സംഘി/ഇടതുവിരുദ്ധ ഇമേജ് ആണോ അതോ ദിലീപിൽ നിന്നും ഇത്തരമൊരു സിനിമ ആരും പ്രതീക്ഷിക്കാത്തത് കൊണ്ടാണോ എന്നറിയില്ല. പീരിയോഡിക്കൽ സറ്റയർ എന്നൊരു വ്യത്യസ്തത അംഗീകരിക്കാനും മാത്രം മലയാളിപ്രേക്ഷകർ വളർന്നിട്ടില്ലാത്തതുകൊണ്ടുമാവാം.. എന്തായാലും സങ്കടകരം തന്നെ. തീർത്തും പോസിറ്റീവ് ആയൊരു കണ്ടന്റ് ആയിരുന്നു ആ സിനിമയുടേത്​. ആ  സിനിമ ലക്ഷ്യം വെക്കുന്ന കമ്മാരൻ, സത്യത്തിൽ ആർ.എസ്.എസ് തന്നെ ആയിരുന്നു താനും..

‘കമ്മാര സംഭവം’ എന്ന സിനിമയിലെ കമ്മാരൻ നമ്പ്യാർ സത്യത്തിൽ ആർ.എസ്.എസ് തന്നെയാണ്​....
 

1940കളിൽ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ യുവാവായിരുന്ന കമ്മാരൻ വൈദ്യർ തല്ലിപ്പൊളിയും ചതിയനും വഞ്ചകനും ഒറ്റുകാരനും എല്ലാ അർത്ഥത്തിലും ഊളയുമായിരുന്ന ഒരു സൃഗാലബുദ്ധിയായിരുന്നു. വൈദ്യർ എന്ന നിലയിൽ ജന്മിയോടും കുടിയാന്മാരോടും ദേശീയപ്രസ്ഥാനത്തിൽ പെട്ട സമരസേനാനികളോടും തീവ്രസ്വഭാവമുള്ള ഐ.എൻ.എ പക്ഷപാതികളോടും ബ്രിട്ടീഷുകാരോടും പോലീസുകാരോടും എല്ലാം അയാൾക്ക് അടുപ്പമുണ്ടായിരുന്നു. എല്ലായിടത്തും ഏതുസമയത്തും സ്വീകാര്യതയുമുണ്ടായിരുന്നു. അത്​ മുതലെടുത്ത്​ സ്വാർത്ഥലാഭങ്ങൾ മാത്രം ലക്ഷ്യം വച്ച് കമ്മാരൻ എല്ലാവരെയും ഉപയോഗപ്പെടുത്തുന്നതും ഒറ്റിക്കൊടുക്കുന്നതും നാടിനെ മൊത്തം നശിപ്പിച്ച് കുട്ടിച്ചോറാക്കുന്നതുമായ അയാളുടെ ഒറിജിനൽ ചരിത്രം ആണ് സിനിമയുടെ ഒന്നാം പകുതി നമുക്ക് കാണിച്ചുതരുന്നത്.. ഒന്നിനോടും ആരോടും സ്വന്തം മനസാക്ഷിയോടുപോലും കൂറില്ലാത്ത കമ്മാരൻ നമ്മൾക്ക് സ്ക്രീനിൽ കേറി ചവിട്ടാൻ തോന്നുന്നത്രയ്ക്കും ഇറിറ്റേറ്റിംഗ് ആണ്. എന്നാൽ രണ്ടാം പകുതിയിൽ ചരിത്രം മാറ്റിമറിക്കപ്പെടുന്നു.

1940കളിൽ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ യുവാവായിരുന്ന കമ്മാരൻ വൈദ്യർ തല്ലിപ്പൊളിയും ചതിയനും വഞ്ചകനും ഒറ്റുകാരനും എല്ലാ അർത്ഥത്തിലും ഊളയുമായിരുന്ന ഒരു സൃഗാലബുദ്ധിയായിരുന്നു
 

തൊണ്ണൂറു വയസ്സ്​ കഴിഞ്ഞിട്ടും മരിക്കാതെ സമകാലീന കേരളത്തിൽ ഒരു ഈർക്കിൽ പാർട്ടിയിൽ നേതാവായി ഏറക്കുറെ ശയ്യാവലംബിയായി കിടക്കുന്ന കഥാനായകനെ ജയന്റ് ഫിഗറായി ചിത്രീകരിച്ചുകൊണ്ട് ആ പാർട്ടിയിലെ ചില നേതാക്കൾ ഒരു സിനിമ ഒരുക്കുകയാണ്.. അവർക്ക് കൃത്യമായ അജൻഡയുണ്ട്.. സിനിമ എന്ന മാധ്യമത്തിന് സാധാരണജനങ്ങൾക്കിടയിൽ ഉള്ള സ്വാധീനം നന്നായി മനസ്സിലാക്കിക്കൊണ്ട് കമ്മാരൻ നമ്പ്യാരെ, അണ്ണാ ഹസാരെ മോഡലിൽ ഒരു മുല്ലപ്പൂവിപ്ലവനായകനായി ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. വിജയേന്ദ്രപ്രസാദിനെപ്പോലെ അതിനായി അവർ ചുമതലപ്പെടുത്തുന്നത് പുലികേശി എന്ന പോപ്പുലർ തമിഴ് സംവിധായകനെ ആണ്. കമ്മാരനെ സ്വാതന്ത്ര്യസമരസേനാനിയും സൂപ്പർഹീറോയുമാക്കിക്കൊണ്ട് പുലികേശി സംവിധാനം ചെയ്യുന്ന ‘സംഭവം’ എന്ന സിനിമ രണ്ടാം പകുതിയിൽ ആക്ഷേപഹാസ്യത്തിന്റെ മൂർച്ച കൊണ്ട് നമ്മൾ ഒരേസമയം അന്തം വിട്ട് വാ പിളർന്നുപോകുകയും പിളർന്ന വായ പൂട്ടാനാവാതെ പൊട്ടിച്ചിരിച്ച് പോവുകയും ചെയ്യും.. ആർ.എസ്.എസിന്റെ ചരിത്രത്തെക്കുറിച്ച് വിജയേന്ദ്രപ്രസാദ് സൃഷ്ടിക്കുന്ന കെട്ടുകഥ ‘കമ്മാരസംഭവ’ത്തെയും മറികടക്കുമെന്നതിൽ എനിക്ക് സംശയമൊന്നുമില്ല.

ഒരു നാടിന്റെ മുഴുവൻ നടുനായകത്വം വഹിക്കുന്ന കമ്മാരൻ, ജനങ്ങളുടെ കണ്ണിലുണ്ണിയായ കമ്മാരൻ, സ്വാതന്ത്ര്യസമരത്തിൽ സമാനതകളില്ലാത്ത പോരാളിയായ കമ്മാരൻ, സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനും ഐ.എൻ.എയുടെ ബുദ്ധികേന്ദ്രവുമാായ കമ്മാരൻ, ഗാന്ധിജിയെ ട്രെയിനിൽ വച്ചുള്ള വധശ്രമത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തുന്ന കമ്മാരൻ, നെഹ്രു തന്റെ വാക്കുകളിൽ വാചാലതയോടെ വാൽസല്യത്തോടെ പരാമർശിക്കുന്ന കമ്മാരൻ..... കണ്ടുകൊണ്ടിരുന്നപ്പോൾ ചിരിച്ച് ചിരിച്ച് വയറുകൂച്ചിയത് മോഡിജിയുടെ ഫോട്ടോഷോപ്പ് വികസനവിപ്ലവങ്ങളെയും പ്രതിഛായാ നിർമിതി ഏജൻസികളെയും കുമ്മനടി ട്രോളുകളെയും റെഫർ ചെയ്തുകൊണ്ടായിരുന്നുവെങ്കിൽ കണ്ണടച്ച് തുറക്കും മുമ്പ്​ കളി കാര്യമായി മാറാൻ പോണത് കാണുന്നു.. അത് മുന്നോട്ട് വെക്കാൻ പോകുന്ന അപകടങ്ങളും മുൻ കൂട്ടിക്കാണുന്നു....

ഗാന്ധി വധക്കേസി​​​​െൻറ വിചാരണവേളയിൽ ഗോഡ്​സേ കോടതി മുറിയിൽ
 

സിനിമയിൽ കണക്കുകൂട്ടിയ പോലെത്തന്നെ കമ്മാരൻ ഒരു സംഭവമായി മാറുകയും ചുറ്റുമുള്ള ലോകം മുഴുവൻ ജീവിച്ചിരിക്കുന്ന കമ്മാരന്റെ പ്രഭാവലയത്തിൽ വീണുപോവുകയ​ും ചെയ്യുന്നുമുണ്ട്.. വിജയേന്ദ്രപ്രസാദ് എഴുതുന്ന ചരിത്രത്തിൽ ഗാന്ധിജിയും നെഹ്രുവും ഒക്കെ ഉണ്ടോയെന്ന് കണ്ടു തന്നെ അറിയണം. സവർക്കറോ നാഥുറാം വിനായക് ഗോഡ്സെയോ മറ്റോ അത്യന്തം വിശ്വസനീയമായ രീതിയിൽ രാഷ്ട്രപിതാവിന്റെ പോസ്റ്റിൽ സ്ഥാപിക്കപ്പെട്ടാലും അദ്ഭുതപ്പെടാനാവില്ല..

സവർക്കറെ ധീരദേശാഭിമാനിയായി ചിത്രീകരിക്കുകയും സാധ്യമാവുന്നിടത്തെല്ലാം സംഘിച്ചായ്​വും സവർണാഭിമുഖ്യവും പ്രദർശിപ്പിക്കുകയും ചെയ്യുന്ന പ്രിയദർശൻ സംവിധായക സ്​ഥാനത്​ തീർച്ചയായും ഒരു നല്ല ഓപ്ഷൻ തന്നെയായിരുന്നു
 

പ്രഹസനമെന്നാൽ മാറിയ കാലത്ത് കേവലം പ്രഹസനം മാത്രമല്ല..  സിനിമയെന്നാൽ വെറും വിനോദോപാധിയുമല്ല.. അതിന്റെ പിന്നിൽ  ആർ.എസ്.എസിന്റെ മൂലധനമൊന്നുമില്ലാതെ തന്നെ ഒളിച്ചുകടത്തപ്പെടുന്ന അജൻഡകൾ നൂറായിരമാണ്. വടക്കൻ പാട്ടിലെ ചേകവന്മാരെ സവർണരാക്കുന്നതും ഇരുണ്ടുകുറുകിയ പഴശ്ശിരാജയെ വെളുത്തുവിരിഞ്ഞ ആജാനുബാഹുവാക്കുന്നതും മുക്കത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന കാഞ്ചനമാലയെ കരയോഗക്കാരിയാക്കിമാറ്റുന്നതും മറ്റുമൊക്കെ പ്രത്യക്ഷത്തിൽ നിരുപദ്രവകാരികളായ വിപ്ലവപ്രവർത്തനങ്ങൾ ആയിരുന്നു. പക്ഷേ,  പിടിച്ചതിലും എത്രയോ ഭീമാകാരമായതാണ് മടയിലിരിക്കുന്നത്.. ഇത്തരം ദിനോസറുകളെക്കുറിച്ച് ജാഗരൂകത  നൽകാൻ കമ്മാരസംഭവത്തെയും ജാലിയൻ കണാരന്റെ കോമഡി സ്കിറ്റിനെക്കുറിച്ചുമൊക്കെയുള്ള  മുന്നറിവുകൾ ജനങ്ങൾക്ക് കൊടുക്കുന്നത് പോലും ഉത്തരവാദിത്വപൂർണമായ രാഷ്ട്രീയപ്രവർത്തനമാവുമെന്ന് തോന്നുന്നു.. അല്ലാതെന്ത് പരിഹാരം..?

Tags:    
News Summary - when RSS rewrite history with cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.