കറുത്തവര്‍ പാര്‍ക്കുന്ന ലോകങ്ങള്‍

‘‘കറുപ്പു കറുപ്പു കറുപ്പു നിറത്തെ
വെറുത്തു വെറുത്തു വെറുത്തു ഉലകം അതുക്ക്
കാക്കൈ കാക്കൈ മുട്ട വണ്ണം മാട്രി കൊണ്ടത്താ...’’

  എം. മണികണ്ഠന്‍ എഴുതി ദൃശ്യങ്ങള്‍ പകര്‍ത്തി സംവിധാനം ചെയ്ത ‘കാക്ക മുട്ടൈ’ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്. ഗാനം സൂചിപ്പിക്കുന്നതുപോലെ കറുപ്പുനിറത്തെ വെറുക്കുന്ന ലോകത്തിലെ മനുഷ്യാവസ്ഥകളെയാണ് മണികണ്ഠന്‍െറ ആദ്യസിനിമ പ്രതിഫലിപ്പിക്കുന്നത്. 2014ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയാംഗീകാരം നേടിയ ‘കാക്ക മുട്ടൈ’ നിര്‍മിച്ചിരിക്കുന്നത് നടന്‍ ധനുഷും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘ആടുകള’ത്തിന്‍െറ സംവിധായകന്‍ വെട്രിമാരനും ചേര്‍ന്നാണ്. ചിത്രത്തിലഭിനയിച്ച രമേഷ്, വിഘ്നേഷ് എന്നീ കുട്ടികള്‍ക്ക് മികച്ച ബാലനടന്മാര്‍ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.


തീരദേശത്തെ ചേരികളില്‍ വസിക്കുന്ന രണ്ടു കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, താരങ്ങളില്ലാത്ത ഈ സിനിമ വന്‍പ്രദര്‍ശനവിജയം നേടിയിരിക്കുന്നു. സാധാരണ കുട്ടികളുടെ സിനിമ നേടാത്ത വിജയം. അവാര്‍ഡുപടങ്ങള്‍ നേടാത്ത വിജയം. എന്നാല്‍ കുട്ടികളുടെ സിനിമ എന്ന ഗണത്തില്‍ പെടുന്ന സിനിമകളുടെ വാര്‍പ്പുമാതൃകകളെ കുടഞ്ഞെറിഞ്ഞുകൊണ്ടാണ് മണികണ്ഠന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. അവാര്‍ഡ്/പനോരമ പടങ്ങളുടെ അനാവശ്യമായ മന്ദവേഗം, നിശ്ശബ്ദത തുടങ്ങിയ പതിവു ചിട്ടവട്ടങ്ങളെയും ചിത്രം നിരാകരിക്കുന്നു. ചടുലമായ പശ്ചാത്തലസംഗീതം ഉപയോഗിച്ചും ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയും ചിത്രമൊരുക്കിയ മണികണ്ഠന്‍ ശുദ്ധകലാസിനിമകളുടെ നിര്‍മിതിയിലെ നിര്‍ബന്ധബുദ്ധിയും തനിക്കില്ളെന്ന് പ്രഖ്യാപിക്കുകയാണ്. ജനങ്ങള്‍ കാണുന്ന നല്ല സിനിമയാണ് അദ്ദേഹത്തിന്‍െറ ലക്ഷ്യമെന്ന് വ്യക്തം.

ചെന്നൈയിലെ സെയ്താപ്പേട്ട് മേഖലയിലെ ഒരു ചേരിയിലെ രണ്ടു കുട്ടികളുടെ കഥയാണിത്. ഈ കുട്ടികള്‍ക്ക് പേരില്ല. അവര്‍ അറിയപ്പെടുന്നത് ചിന്ന കാക്കമുട്ടൈ, പെരിയ കാക്കമുട്ടൈ എന്നീ പേരുകളിലാണ്. അവരുടെ അച്ഛന്‍ ജയിലിലാണ്. അയാള്‍ ചെയ്ത കുറ്റം എന്തെന്ന് ചിത്രത്തിലെവിടെയും വിശദീകരിക്കുന്നില്ല. അമ്മ ഫാക്ടറിയില്‍ ജോലിചെയ്യുന്നു. അച്ഛനെ പുറത്തിറക്കാനുള്ള ജാമ്യമെടുക്കുന്നതിനായി അമ്മക്കൊപ്പം കുട്ടികളും അവരാലാവുമ്പോലെ പ്രയത്നിക്കുന്നുണ്ട്. റെയില്‍വേ പാളത്തില്‍ വീണുകിടക്കുന്ന കല്‍ക്കരി വിറ്റാണ് അവര്‍ കാശുണ്ടാക്കുന്നത്. ദിവസവും കോഴിമുട്ട വാങ്ങി കഴിക്കാനുള്ള കഴിവില്ലാത്ത ആ കുട്ടികള്‍ തങ്ങളുടെ കളിസ്ഥലത്തു വളര്‍ന്നുനില്‍ക്കുന്ന വന്മരത്തില്‍ കയറി കാക്കമുട്ടകള്‍ എടുത്തു തിന്നാറുണ്ട്. ആ മരം മുറിച്ചുമാറ്റി അവിടെ പിസ്സ പാര്‍ലര്‍ ഉയരുന്നു. അതിന്‍െറ ഉദ്ഘാടന സമയത്തും ടെലിവിഷനിലും കണ്ട ആ വിഭവത്തോട് അവര്‍ക്ക് താല്‍പര്യം തോന്നുകയാണ്. 300 രൂപ വിലയുള്ള പിസ്സ കഴിക്കാനുള്ള അവരുടെ ആഗ്രഹം എങ്ങനെ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും അതിനുശേഷം അവര്‍ എന്തു തിരിച്ചറിവിലത്തെുന്നു എന്നുമാണ് ചിത്രം പറയുന്നത്.
പിസ്സ വാങ്ങിത്തിന്നാന്‍ കൊതിക്കുന്ന രണ്ടു ചേരിനിവാസികള്‍ അതിലൂടെ ജീവിതത്തിന്‍െറ പരുഷയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുകയാണ്. ആഗോളീകരണകാലത്ത് വര്‍ധിച്ചുവരുന്ന അസമത്വമാണ് ചിത്രത്തിന്‍െറ കേന്ദ്രപ്രമേയം. നഗരത്തിനകത്തു തന്നെയുള്ള രണ്ടുലോകങ്ങളെ ഈ ചിത്രം കാട്ടിത്തരുന്നു. ഉള്ളവന്‍െറയും ഇല്ലാത്തവന്‍െറയും ലോകം. ഇന്ത്യന്‍ ജനതക്കിടയില്‍ നിലവിലിരിക്കുന്ന വലിയ വര്‍ഗവ്യത്യാസത്തെക്കുറിച്ചുള്ള ഒരന്യാപദേശ കഥയാണ് ഈ ചിത്രം എന്നു പറയാം. പരിചിതമല്ലാത്ത ഭക്ഷ്യവിഭവങ്ങളോടുള്ള വിശപ്പ് സൃഷ്ടിക്കുന്ന ആഗോളീകരണകാലത്തെ അന്താരാഷ്ട്ര രുചിശൃംഖലയെയും ഈ ചിത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഒപ്പം വര്‍ധിച്ചുവരുന്ന ഉപഭോഗതൃഷ്ണകളും സാമ്പത്തിക ഉദാരീകരണം തുറന്നുവിട്ട അനിയന്ത്രിതമായ ലാഭതൃഷ്ണകളും മാധ്യമങ്ങളുടെ ഉപരിപ്ളവമായ ജീവിതവീക്ഷണവും ദരിദ്രരെ വോട്ടുബാങ്കായി മാത്രം കാണുന്ന പാര്‍ലമെന്‍ററി രാഷ്ട്രീയവും ഇവിടെ വിമര്‍ശവിധേയമാവുന്നു. വ്യവസ്ഥിതി കറുത്തവരോടും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും കാട്ടുന്ന അസഹിഷ്ണുതയും അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പാടുപെടുന്നവര്‍ക്കുമേല്‍ സ്വാര്‍ഥസമൂഹം നടത്തുന്ന അതിക്രമങ്ങളും പ്രമേയപരിസരത്തില്‍ വരുന്നു.

കൊടിയ ദാരിദ്ര്യത്തെക്കുറിച്ചുള്ള സിനിമകള്‍ പലതും അമിതവൈകാരികതയില്‍ പൊതിഞ്ഞാണ് വരുക. പക്ഷേ ‘കാക്ക മുട്ടൈ’ അങ്ങനെയല്ല. നാടകീയതയോ പ്രേക്ഷകരുടെ സഹതാപം പിടിച്ചടക്കാനുള്ള മെലോഡ്രാമയോ ഇല്ല. ഇതിലെ കുട്ടികള്‍ നിങ്ങളെ വല്ലാതെ ചിരിപ്പിക്കും, പക്ഷേ ആ ചിരിയുടെ ഒടുവില്‍ നിങ്ങള്‍ ചിന്തിച്ചുതുടങ്ങും. ചിത്രത്തിലുടനീളം പൊട്ടിച്ചിരികള്‍ക്കുതകുന്ന നിരവധി രംഗങ്ങളുണ്ട്. പക്ഷേ അവക്കടിയില്‍ ദുരിതങ്ങളുടെയും സഹനങ്ങളുടെയും നേരുകളുണ്ട്. സന്ദേശങ്ങളോ ഉദ്ബോധനങ്ങളോ ആഹ്വാനങ്ങളോ ഇതിലെവിടെയുമില്ല. മറിച്ച് ഈ ദുരവസ്ഥകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ഇത് നിങ്ങളെ പ്രേരിപ്പിക്കും. ഈ ചിത്രം കണ്ടിറങ്ങിക്കഴിഞ്ഞാല്‍ പിസ്സ തിന്നുമ്പോള്‍ നിങ്ങള്‍ക്ക് കുറ്റബോധം തോന്നും. തിയറ്റര്‍ വിട്ട്, ഒരുപാടു ഭവനരഹിതരെ പാര്‍പ്പിക്കാവുന്ന വിശാലമായ വീട്ടിലേക്കു കയറുമ്പോൂം കുറ്റബോധം തോന്നും. സിറ്റി സെന്‍ററുപോലുള്ള വന്‍കിട ഷോപ്പിങ് മാളുകളില്‍ നിന്നു വാങ്ങിയ വസ്ത്രം ധരിക്കുമ്പോഴും കുറ്റബോധം നിങ്ങളെ വിടാതെ പിന്തുടരും.
കാക്ക മുട്ട എന്നത് കറുത്ത നര്‍മത്തിന്‍െറ നാനാര്‍ഥങ്ങള്‍ പേറുന്ന ദൃശ്യബിംബമാവുകയാണ് ഇതില്‍. വെളുത്തവരും സമ്പന്നരും പ്രബലരുമായവരെ പിസ്സ സ്പോട്ട് ആണ് പ്രതിനിധാനം ചെയ്യുന്നത്. നിറത്തിന്‍െറ രാഷ്ട്രീയം ശക്തമായി പറയുന്നുണ്ട് സംവിധായകന്‍. കാക്ക കറുത്തതാണ് എന്ന ഒറ്റക്കാരണം കൊണ്ട് കാക്കമുട്ട എന്തുകൊണ്ട് മറ്റുപക്ഷികളുടെ മുട്ടകളേക്കാള്‍ തരംതാണതായി കരുതപ്പെടുന്നു എന്ന് കുട്ടികളുടെ പാട്ടി ചോദിക്കുന്നു. ഏതു പക്ഷിയുടെയും മുട്ടയില്‍ പ്രോട്ടീന്‍ ഒരേ അളവിലാണ് എന്നാണ് അതിലെ സൂചന. അവരുടെ കളിസ്ഥലത്താണ് പിസ്സ പാര്‍ലര്‍ വരുന്നത്. അവിടെയുണ്ടായിരുന്ന മരം വീഴ്ത്തപ്പെടുന്നു. (തങ്ങള്‍ കാക്കമുട്ടകള്‍ ശേഖരിച്ചിരുന്ന മരം മുറിക്കുമ്പോള്‍ ചിന്ന കാക്കമുട്ട ചോദിക്കുന്നുണ്ട്, ‘മരമില്ലാതാവുമ്പോള്‍ അതില്‍ കൂടുവെച്ച കാക്കകളൊക്കെ എവിടെ പാര്‍ക്കും’ എന്ന്.? എപ്പോഴും രണ്ടു മുട്ടകളേ കാക്കക്കൂട്ടില്‍നിന്ന് അവര്‍ എടുക്കുന്നുള്ളൂ. ഒന്നിനെ ബാക്കിവെച്ച് വിരിയാന്‍ അനുവദിക്കുന്നു) പിസ്സ പാര്‍ലര്‍ ഉയരുമ്പോള്‍ അവരുടെ അതിജീവന/ഉപജീവന ഉപാധികളാണ് തകരുന്നത്. കറുപ്പിനു മീതെയാണ് ആഗോളീകരണത്തിന്‍െറ ആ സൗധം ഉയരുന്നത്. കറുത്ത പക്ഷികളുടെയും കറുത്ത കുട്ടികളുടെയും ഉപ/അതിജീവനങ്ങള്‍ക്കു മീതെ അതു പടുത്തുയര്‍ത്തപ്പെടുന്നു. അവിടേക്ക് അവര്‍ക്ക് പ്രവേശനമില്ല. സിറ്റിസെന്‍ററില്‍നിന്നു വാങ്ങിയ ബ്രാന്‍ഡഡ് ജീന്‍സും ഷര്‍ട്ടുംപോലും അവരുടെ ജീവിതപശ്ചാത്തലം മറച്ചുവെക്കാന്‍ ഉതകുന്നവയായിരുന്നില്ല. ചെന്നൈ സിറ്റി സെന്‍ററിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ‘നമ്മളെ എന്തായാലും അകത്തേക്കു കടത്തില്ല’ എന്ന് ചിന്ന കാക്ക മുട്ടൈ പറയുന്നുണ്ട്്. പിസ്സ പാര്‍ലറില്‍ നേരിട്ട അനുഭവമാണ് അവനെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്.

മുട്ട ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടുന്ന പ്രതീകം കൂടിയാണ്. ഈ രണ്ടുകുട്ടികളെയും സ്കൂളിലയക്കാന്‍ അമ്മയുടെ കൈയില്‍ പണമില്ല. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായിരിക്കുമ്പോഴും അവരുടെ യാത്രാച്ചെലവോ ഭക്ഷണച്ചെലവോ അവര്‍ക്കു വഹിക്കാനാവുന്നില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അങ്ങനെയും ഒരു ജനസമൂഹമുണ്ട് നമുക്കിടയില്‍ എന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു. കുടുംബത്തിന്‍െറ നിത്യവൃത്തിക്ക് ബാലവേല ചെയ്യേണ്ടിവരുന്നതും ഇത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാനുള്ള കാരണമാണ്.(ബാലവേല ചെയ്യാന്‍ കാക്കമുട്ടൈകള്‍ നിര്‍ബന്ധിതരാണ്. കല്‍ക്കരി പെറുക്കിവിറ്റാണ് അച്ഛന് ജാമ്യം എടുക്കാനുള്ള പണം സ്വരൂപിക്കുന്നത്). തമിഴ്നാട് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണപദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ വിദ്യാഭ്യാസത്തിന്‍െറ ഭാഗമായ സാമൂഹികക്ഷേമപദ്ധതികളില്‍നിന്നുപോലും ഈ കുട്ടികള്‍ അകറ്റിനിര്‍ത്തപ്പെടുന്നു. ദലിത്, ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ പോഷകാഹാരക്കുറവിനുള്ള പരിഹാരമെന്ന നിലയിലാണ് ഉച്ചഭക്ഷണപദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കപ്പെട്ടത്. ഇങ്ങനെ പോഷകാഹാരക്കുറവു നേരിടുന്ന കീഴാളബാല്യങ്ങള്‍ക്ക് മുട്ട അപ്രാപ്യമാക്കാനുള്ള സവര്‍ണപദ്ധതി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ശുദ്ധസസ്യാഹാരികളായ സവര്‍ണഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുമെന്നു പറഞ്ഞ് ഉച്ചഭക്ഷണത്തില്‍നിന്ന് മുട്ട ഒഴിവാക്കാനാണ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2006ലെ സര്‍വേ പ്രകാരം കേവലം 35 ശതമാനം മാത്രം വരുന്ന സവര്‍ണന്യുനപക്ഷത്തിനുവേണ്ടിയായിരുന്നു ഈ സര്‍ക്കാര്‍ നടപടി. ഉന്നതജാതി ഹിന്ദുവിന്‍െറ സസ്യാഹാരശീലം ദലിത്,ഗോത്രവര്‍ഗ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ അതുകൊണ്ടുതന്നെ കാക്കമുട്ട എന്നത് വലിയ രാഷ്ട്രീയവായനക്ക് സാധ്യതയുള്ള അര്‍ഥസമ്പന്നമായ ദൃശ്യബിംബമാണ്.

അടിസ്ഥാനസൗകര്യം പോലുമില്ലാത്ത ചേരിയിലെ ആ വീട്ടിലേക്ക് അമ്മ ടി.വി വാങ്ങുന്നത് റേഷന്‍ഷാപ്പില്‍നിന്നാണ്. അതോടെ ഉപഭോഗാസക്തി അവരിലേക്ക് ഇരച്ചുകയറുന്നു. പിസ്സ എന്ന ആ വൈദേശിക രുചിയോടുള്ള അഭിനിവേശം. ഭര്‍ത്താവിന്‍െറ അമ്മ ചോദിക്കുമ്പോള്‍ റേഷന്‍കടയില്‍ അരി സ്റ്റോക്കില്ളെന്ന് അവള്‍ പറയുന്നു. റേഷന്‍ഷാപ്പില്‍ അരിയില്ല. പക്ഷേ ടെലിവിഷന്‍ ഉണ്ട്! തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിനു മുമ്പ് ടി.വി കൊടുക്കുന്ന രാഷ്ട്രീയത്തെ അപഹസിക്കുന്നുണ്ട് ഈ രംഗം. പൊതുവിതരണ സമ്പ്രദായത്തിന്‍െറ അവശ്യവസ്തുക്കള്‍ ലഭ്യമാക്കാതിരിക്കുകയും ടി.വി കൊടുത്ത് കൂടെ നിര്‍ത്താവുന്ന വോട്ടുബാങ്കു മാത്രമായി ദരിദ്രരെ കാണുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്‍െറ പൊള്ളത്തരം ഇവിടെ പരിഹസിക്കപ്പെടുന്നു. ഉപഭോഗത്തിന്‍െറ അന്തമില്ലാത്ത ധാരാളിത്തത്തെ ആഘോഷിക്കുന്ന പരസ്യങ്ങള്‍ നിറഞ്ഞ  ടി.വിയിലൂടെ ദരിദ്രര്‍ തങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത സാമ്പത്തികക്ഷേമത്തെക്കുറിച്ച് സ്വപ്നംകണ്ട് മോഹമുക്തിയടഞ്ഞാല്‍ മതി എന്ന ഉപരിവര്‍ഗരാഷ്ട്രീയ വീക്ഷണത്തെയാണ് ഇവിടെ വിമര്‍ശവിധേയമാക്കുന്നത്.

മാധ്യമപ്രവര്‍ത്തനംപോലും ശക്തമായ ആക്ഷേപഹാസ്യത്തിനു വിധേയമാകുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നതായി ചേരിക്കു മുന്നില്‍നിന്ന് ഒരു റിപ്പോര്‍ട്ടര്‍ ആക്രോശിക്കുമ്പോള്‍ ആ സംഭവത്തിനു നിദാനമായ കാക്കമുട്ടൈകള്‍ അവര്‍ക്കു മുന്നിലൂടെ പോവുന്നു. ചിന്ന കാക്കമുട്ടൈയോട് മാറിനില്‍ക്കാന്‍ പറയുന്നുണ്ട് കാമറാമാന്‍. തങ്ങള്‍ ചെയ്യുന്ന റിപ്പോര്‍ട്ട് ആരെക്കുറിച്ചാണ് എന്നന്വേഷിക്കുന്നതിന്  ആ ചേരിയിലേക്കോ ഈ കുട്ടികളിലേക്കോ കടന്നുചെല്ലാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിക്കുന്നില്ല. സന്തോഷ് ഏച്ചിക്കാനത്തിന്‍െറ ‘കൊമാല’ എന്ന കഥയിലും ‘പീപ്പ്ലി ലൈവ്’ എന്ന ഹിന്ദിചിത്രത്തിലും നാം കണ്ട, സാമൂഹികകാപട്യത്തിന്‍െറ ഉദാഹരണമായ  ചാനല്‍ചര്‍ച്ചകളും ഇതിലുണ്ട്.
ലോകേഷ് എന്ന സമ്പന്നബാലനുമായി അവര്‍ക്ക് അകലത്തുനിന്നുള്ള സൗഹൃദമുണ്ട്. കുട്ടികളുടേതായ നിഷ്കളങ്കതയില്‍ മൊട്ടിട്ട സൗഹൃദം. പക്ഷേ അവരെപ്പോഴും പരസ്പരം കാണുന്നത് ഒരു വേലിക്ക് അപ്പുറവും ഇപ്പുറവുമായാണ്. വര്‍ഗവിഭജനത്തിന്‍െറ മൂര്‍ത്തരൂപമായി ഇവിടെ ആ വേലി മാറുന്നു. ലോകേഷ് അവര്‍ക്ക് താനും വീട്ടുകാരും കഴിച്ച പിസ്സയുടെ ഉച്ചിഷ്ടം കൊടുക്കുന്നുണ്ട്. അഭിമാനത്തോടെ അത് അവര്‍ നിരസിക്കുകയാണ്. ഒടുവില്‍ പാട്ടി പിസ്സയെന്ന പേരില്‍ ഉണ്ടാക്കിക്കൊടുത്ത ദോശയുടെ രുചി അവര്‍ തിരിച്ചറിയുന്നുണ്ട്.

ദാരിദ്ര്യജനങ്ങളുടെ ജീവിതാവസ്ഥകളെ ചൂഷണംചെയ്യുന്ന സിനിമകള്‍  പോവര്‍ട്ടി പോണ്‍ എന്നുവിളിക്കപ്പെടുന്നു. ഡാനി ബോയലിന്‍െറ ‘സ്ലം ഡോഗ് മില്യനയര്‍’ പോലുള്ള സിനിമകള്‍ ആ ഗണത്തില്‍ പെടുത്തപ്പെട്ടവയാണ്. എന്നാല്‍ ഒരു പോവര്‍ട്ടി പോണ്‍ചിത്രമാവാതിരിക്കാനുള്ള സംവിധായകന്‍െറ സവിശേഷശ്രദ്ധ പതിഞ്ഞിട്ടുണ്ട് ‘കാക്ക മുട്ടൈ’യുടെ ഓരോ ഫ്രെയിമിലും. വിചിത്രമെന്നു പറയട്ടെ, 2009ല്‍ ‘സ്ലം ഡോഗ് മില്യനയര്‍’ റിലീസ് ചെയ്ത ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ തന്നെയാണ് ‘കാക്കമുട്ടൈ’യും റിലീസ് ചെയ്തിരിക്കുന്നത്. കാല്‍നൂറ്റാണ്ടു മുമ്പ് തെരുവുബാല്യങ്ങളുടെ ദുരിതകഥപറഞ്ഞ മീരാ നായരുടെ ‘സലാംബോംബെ’ വിമര്‍ശിക്കപ്പെട്ടത് ഇന്ത്യയുടെ ദാരിദ്ര്യം വിദേശത്തെ സാംസ്കാരിക വിപണിയില്‍ കച്ചവടത്തിനുവെച്ചു എന്നതിന്‍െറ പേരിലായിരുന്നു. യഥാര്‍ഥ തെരുവുകുട്ടികളെ പരിശീലിപ്പിച്ചാണ് മീരാ നായര്‍ ‘സലാം ബോംബെ’ ചിത്രീകരിച്ചത്. അതുപോലെ യഥാര്‍ഥ ചേരിനിവാസികളെയാണ് ‘കാക്കമുട്ടൈ’യിലും അഭിനയിപ്പിച്ചിരിക്കുന്നത്. 12 വയസ്സുള്ള രമേഷ്, 14കാരനായ വിഘ്നേഷ് എന്നീ കുട്ടികളാണ് ചിന്ന കാക്ക മുട്ടൈയെയും പെരിയ കാക്ക മുട്ടൈയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരു നിമിഷംപോലും ഈ കുട്ടികള്‍ അഭിനയിക്കുകയാണ് എന്നു നമുക്കു തോന്നില്ല. കുട്ടികളുടെ അമ്മയായി വേഷമിട്ട ഐശ്വര്യ രാജേഷും അഭിനന്ദനമര്‍ഹിക്കുന്നു.

അങ്ങേയറ്റം യഥാര്‍തഥമായി സിനിമ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് മണികണ്ഠന്‍ യഥാര്‍ഥ ചേരിപ്രദേശത്തെ കുട്ടികളെ തന്നെ തെരഞ്ഞെടുത്തത്. ചേരിനിവാസികളുടെ ശരിയായ സംസാരശൈലിയും ശരീരഭാഷയും ലഭിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ മണികണ്ഠന്‍ പറഞ്ഞിരുന്നു. തീരദേശത്തെ ചേരികളില്‍ വസിക്കുന്ന കുട്ടികളാണ് രമേഷും വിഘ്നേഷും.  ‘‘എന്‍െറ മകന്‍ റോഡ് മുറിച്ചുകടക്കാന്‍ എത്രയധികം സമയം എടുക്കുമെന്ന് എനിക്കറിയാം. പക്ഷേ ഈ കുട്ടികള്‍ ഞൊടിയിടയില്‍ റോഡു മുറിച്ചുകടക്കും. പാറക്കെട്ടിനു മുകളില്‍നിന്ന് കടലിലേക്ക് മുങ്ങാംകുഴിയിടും.’’ തെരുവുകളില്‍ അലഞ്ഞുതിരിയാനുള്ള ഊര്‍ജം താന്‍ അവരില്‍ കണ്ടത്തെി എന്ന് അദ്ദേഹം പറയുന്നു. ഈ കുട്ടികള്‍ക്ക് പലവിധ വാഗ്ദാനങ്ങളുമായി വരുന്നവരോട് മണികണ്ഠന്‍ പറയുന്നത് ഇവര്‍ക്കുമാത്രം പോര ഈ പരിഗണന, ചേരിയിലെ കുട്ടികള്‍ക്കു മുഴുവന്‍ വേണം എന്നാണ്. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ ചിത്രത്തിലെ ആറു കുട്ടികളുടെയും വിദ്യാഭ്യാസച്ചെലവ്  താന്‍ വഹിക്കുമെന്ന് നിര്‍മാതാവ് ധനുഷ് പ്രഖ്യാപിച്ചിട്ടുണ്ട്.


താരങ്ങള്‍ക്കുവേണ്ടി കഥ മെനയുന്നതാണ് കേരളത്തിലെ പതിവ്. ഓരോ താരത്തിന്‍െറയും ഡേറ്റ് സംഘടിപ്പിക്കാനുള്ള ഓട്ടമാണ് കേരളത്തില്‍ ചലച്ചിത്രപ്രവര്‍ത്തനം എന്നറിയപ്പെടുന്നത്. എന്നാല്‍ നല്ല സിനിമക്ക് താരങ്ങള്‍ വേണ്ട എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് തമിഴകം. ഇത് അവിടത്തെ വ്യത്യസ്തമായ ചലച്ചിത്രസംസ്കാരത്തിനു കൂടി ഉത്തമനിദര്‍ശനമാവുന്നു. തമിഴിലെ പ്രമുഖതാരമായ ധനുഷ് നിര്‍മിക്കുകയും സുഹൃത്തായ നടന്‍ ചിമ്പുവിനെ ചിത്രത്തിന്‍െറ ഭാഗമാക്കുകയും ചെയ്തിരിക്കുന്നു. വെട്രിമാരനാണ് സഹനിര്‍മാതാവ്. ഹ്രസ്വചിത്രങ്ങളെടുത്ത് തന്നില്‍ പ്രതീക്ഷ വളര്‍ത്തിയ മണികണ്ഠനെ സംവിധായകനാക്കുകയായിരുന്നു വെട്രിമാരന്‍.  ബ്രഹ്മാണ്ഡ സിനിമകളൊരുക്കുന്ന ശങ്കര്‍ കഴിവുറ്റ തന്‍െറ സഹസംവിധായകര്‍ക്ക് സ്വതന്ത്രരാവാന്‍ ‘ഈറം ’പോലുള്ള നിരവധി മികച്ച സിനിമകള്‍ നിര്‍മിച്ചതുപോലെ. നല്ല സിനിമകള്‍ ഉണ്ടാവണം എന്ന നിസ്വാര്‍ഥമായ ആഗ്രഹം മാത്രമാണ് അതിനു പിന്നില്‍. താരങ്ങള്‍ക്കു പിറകെ നാണംകെട്ട് നടക്കുന്ന മലയാള സിനിമക്കാര്‍ കണ്ടുപഠിക്കേണ്ടതാണ് തമിഴകത്തെ ഈ ചലച്ചിത്രസംസ്കാരം.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.