‘‘നിങ്ങള്‍ക്ക് എങ്ങനെയാണ് ആകാശവും ഭൂമിയുടെ ഊഷ്മളതയും വാങ്ങാനും വില്‍ക്കാനും കഴിയുന്നത്? വെള്ളത്തിന്‍െറ തിളക്കവും വായുവിന്‍െറ ശുദ്ധിയും നമ്മുടെ ഉടമസ്ഥതയിലുള്ളതല്ല എന്നിരിക്കെ, നമുക്ക് എങ്ങനെയാണ് അതു വില്‍ക്കാന്‍ കഴിയുക? ഭൂമിയുടെ ഏതുഭാഗത്തുള്ള മണ്ണും എന്‍െറ ആളുകള്‍ക്ക് വിശുദ്ധമാണ്. മണല്‍ നിറഞ്ഞ ഓരോ കരയും ഇടതൂര്‍ന്ന മരനിരകളിലെ മൂടല്‍മഞ്ഞും പ്രാണികളുടെ ഓരോ മൂളലും ഞങ്ങളുടെ ഓര്‍മയിലും അനുഭവത്തിലും വിശുദ്ധിയാര്‍ന്നവയാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ ഭരണത്തലവന്‍ ഞങ്ങളുടെ ഭൂമി വാങ്ങാന്‍ വരുന്നുവെന്ന് സന്ദേശമയക്കുമ്പോള്‍ അദ്ദേഹം ഞങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത് കുറച്ചൊന്നുമല്ല. ജീവിതത്തിന്‍െറ ചിലന്തിവല നെയ്തത് മനുഷ്യനല്ല. അവന്‍ അതിലൊരു ഇഴ മാത്രമാണ്. ആ ചിലന്തിവലയില്‍ എന്തുതന്നെ ചെയ്താലും അത് അവനെ ബാധിക്കും.’’
പാരിസ്ഥിതികമായ ഉത്തരവാദിത്തബോധത്തെ ഓര്‍മപ്പെടുത്തുന്ന ഈ വാക്കുകള്‍ സിയാറ്റില്‍ മൂപ്പന്‍േറതാണ്. അമേരിക്കയിലെ തദ്ദേശീയരായ ഗോത്രവര്‍ഗജനതയുടെ നേതാവ് ഒന്നര നൂറ്റാണ്ടു മുമ്പു പറഞ്ഞ വാക്കുകള്‍ ഏതുകാലത്തും പ്രസക്തമാണ്. 1854ല്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗോത്രജനതയുടെ ഇരുപതു ലക്ഷം ഏക്കര്‍ ഭൂമി വാങ്ങാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചപ്പോള്‍ പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ പിയേഴ്സിനോട് മൂപ്പന്‍ പറഞ്ഞ ഈ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അനില്‍ രാധാകൃഷ്ണമേനോന്‍െറ ‘ലോര്‍ഡ് ലിവിങ്സ്റ്റന്‍ 7000 കണ്ടി’ എന്ന സിനിമ തുടങ്ങുന്നത്. പരിസ്ഥിതിയാണ് ചിത്രത്തിന്‍െറ വിഷയം എന്ന് അവിടെ തന്നെ പ്രേക്ഷകനു സൂചന ലഭിക്കുന്നുണ്ട്.
ന്യൂജനറേഷന്‍ സിനിമയില്‍ സ്വന്തമായ ഇടം അടയാളപ്പെടുത്തിയ ആളാണ് അനില്‍ രാധാകൃഷ്ണമേനോന്‍. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങള്‍ മലയാളസിനിമയുടെ പതിവുകളില്‍നിന്നുള്ള വേറിട്ടുനടപ്പായിരുന്നു. പ്രമേയത്തിലും പരിചരണത്തിലും വ്യത്യസ്തമാണ് ‘ലോര്‍ഡ് ലിവിങ്സ്റ്റന്‍ 7000 കണ്ടി’. ചിത്രീകരിക്കാന്‍ നടത്തിയ ഗൃഹപാഠം തിരക്കഥയില്‍ കൂടി നടത്തിയിരുന്നെങ്കില്‍ മികച്ച അനുഭവമായേനെ ഈ ചിത്രം. പ്രകൃതിയുടെ നിലനില്‍പ്പ് മനുഷ്യന്‍െറ കൂടി നിലനില്‍പ്പാണ് എന്നു പറയുന്ന കഥ ഒരു സംഘം നാഗരികരുടെ രക്ഷാകര്‍തൃത്വത്തിന്‍െറ കഥയായിപ്പോയി എന്നിടത്തതാണ് ചിത്രത്തിന്‍െറ ഒന്നാമത്തെ പരിമിതി.
മലയാള സിനിമ ഇതിനു മുമ്പ് കാടുകയറിയത് എണ്‍പതുകളുടെ രണ്ടാംപാദത്തിലെ അര്‍ധനീലതരംഗകാലത്താണ്. കാനനസുന്ദരി, മലയത്തിപ്പെണ്ണ് പോലുള്ള കാട്ടില്‍ ചിത്രീകരിച്ച എണ്ണമറ്റ മസാലച്ചിത്രങ്ങള്‍ അക്കാലത്ത് ഇറങ്ങിയിരുന്നു. അല്‍പമാത്രവസ്ത്രം ധരിച്ച പെണ്ണുടലുകളുടെ മുഴൂനീളപ്രദര്‍ശനത്തിനുള്ള സാധ്യതയാണ് അത്തരം കാട്ടു സിനിമകള്‍ പ്രയോജനപ്പെടുത്തിയിരുന്നത്. കാമറയുമെടുത്ത് കാടു കയറിയാല്‍ നാലും അഞ്ചും പടങ്ങളുമായാണ് അന്ന് കെ.എസ് ഗോപാലകൃഷ്ണനും പി.ചന്ദ്രകുമാറുമൊക്കെ നാട്ടിലിറങ്ങിയിരുന്നത്. കാട്ടില്‍ വസിക്കുന്ന ആദിമനിവാസികളെപ്പറ്റി വിചിത്രവും അയഥാര്‍ഥവുമായ കെട്ടുകഥകള്‍ മെനയുകയായിരുന്നു അത്തരം ചിത്രങ്ങള്‍. കാട്ടുഭാഷയെന്നപേരില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഭാഷ തന്നെ അവര്‍ ഉണ്ടാക്കി. നാഗരികനായ മനുഷ്യന്‍ കാടിന്‍െറ വിളി തേടിയിറങ്ങുന്നതിന്‍െറ കഥപറയുന്ന ‘ഇന്‍ റ്റു ദ വൈല്‍ഡ്’ പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ല. അത്തരത്തിലൊരു ശ്രമമാണ് അനില്‍ രാധാകൃഷ്ണമേനോന്‍ നടത്തിയിരിക്കുന്നത്. പക്ഷേ അത് ഒരു ട്രക്കിങിന്‍െറ കഥയായി ചുരുങ്ങിപ്പോയി എന്നു മാത്രം. ഗോത്രവര്‍ഗ ജനതയുടെ കഥപറയുമ്പോള്‍ അവരിലെ സ്ത്രീകളുടെ ശരീരപ്രദര്‍ശനത്തിന് ഇടംകൊടുക്കുന്നില്ല സംവിധായകന്‍. നയനരതിക്കായുള്ള ദൃശ്യങ്ങള്‍ ചിത്രത്തില്‍ പാടെ ഒഴിവാക്കിയിട്ടുണ്ട്. സ്വന്തമായി എഞ്ചിനിയറിങ് സംവിധാനങ്ങളും വസ്ത്രം നെയ്ത്തും പാത്രനിര്‍മാണവുമൊക്കെയുള്ള ഒരു സമ്പൂര്‍ണ ആവാസവ്യവസ്ഥയായാണ് ഏഴായിരംകണ്ടി എന്ന വനാന്തരഗ്രാമത്തെ അവതരിപ്പിച്ചിരിക്കുന്നത്. കലാസംവിധായകന്‍ ജ്യോതിഷ് ശങ്കറിന് പിടിപ്പതു പണിയുണ്ടായിരുന്നു. അത് അദ്ദേഹം സാമാന്യം ഭംഗിയായിതന്നെ നിര്‍വഹിച്ചിട്ടുമുണ്ട്. സുധീര്‍ കരമന അവതരിപ്പിക്കുന്ന മലവേടന്‍ എന്ന കഥാപാത്രം മലയാളത്തിലെ പഴയ കാട്ടുസിനിമകളില്‍നിന്ന് നേരെ ഇറങ്ങിവന്നതുപോലെ തോന്നി.
ഇന്ന് ഇന്ത്യ നേരിടുന്ന വലിയ പ്രശ്നത്തെയാണ് ചിത്രം വിഷയമാക്കിയിരിക്കുന്നത്. ആദിവാസികളുടെ അതിജീവനോപാധികള്‍ കവര്‍ന്നെടുത്തുകൊണ്ട് ബോക്സൈറ്റും മിനറല്‍സുമൊക്കെ ഖനനംചെയ്യാന്‍ കുത്തകക്കമ്പനികള്‍ ശ്രമിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ വലിയ ചെറുത്തുനില്‍പ്പിനിടയാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടയാക്കിയതും ഇതേ പ്രശ്നംതന്നെ. ഒഡിഷയിലും ഛത്തിസ്ഗഢിലും ജാര്‍ഖണ്ഡിലുമൊക്കെ കുത്തകകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടവും ആദിവാസികളെ ചൂഷണംചെയ്തുവരുകയാണ്. ഒഡിഷയിലെ നിയംഗിരിയില്‍ വേദാന്ത എന്ന മൈനിങ് കമ്പനി ബോക്സൈറ്റ് ഖനനംചെയ്യാനൊരുങ്ങിയപ്പോള്‍ ശക്തമായ ചെറുത്തുനില്‍പ്പുണ്ടായി. ഈ വിഷയം അവതരിപ്പിക്കാന്‍ ഏഴായിരംകണ്ടി എന്ന സാങ്കല്‍പ്പികഗ്രാമമൊരുക്കിയിരിക്കുകയാണ് സംവിധായകന്‍. 'കണ്ടി' എന്നാല്‍ പറമ്പ് എന്നര്‍ഥം. ബ്രിട്ടീഷുകാര്‍ക്ക് 150 വര്‍ഷത്തെ പാട്ടത്തിന് കൊടുത്തിരിക്കുകയാണ് ഈ വനമേഖല. പാട്ടക്കാലാവധി തീരാന്‍ നാലുമാസം കൂടി ബാക്കിയുണ്ട്. പാട്ടത്തിനെടുത്ത 'ലോഡ് ലിവിങ്സ്റ്റണ്‍' അന്ന് സ്ഥാപിച്ച അടയാളക്കല്ല് അവിടെ കാടുമൂടി കിടപ്പുണ്ട്. അതിനിടെ മരങ്ങള്‍ വെട്ടിയും ബോക്സൈറ്റ് ഖനനം ചെയ്തും ബംഗളുരുവിലെ മൈനിങ് കമ്പനി ആ കന്യാവനങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായിണങ്ങിയുള്ള ഗ്രാമവാസികളുടെ തനതുജീവിതം പരിരക്ഷിക്കാനും ഗ്രാമം തകര്‍ക്കപ്പെടാതിരിക്കാനും ഫിലിപ്പോസ് ജോണ്‍ വര്‍ക്കി എന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ ശ്രമിക്കുന്നു. അയാള്‍ നൂറുപേര്‍ക്ക് ഈ പ്രശ്നമുന്നയിച്ച് കത്തയച്ചിരുന്നു. പക്ഷേ സ്വന്തം ജീവിതത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് വന്നത് ആറുപേര്‍ മാത്രം. നെടുമുടി വേണു അവതരിപ്പിക്കുന്ന മേനോന്‍, സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന മായാജാലക്കാരനായ ബീരാന്‍, ഗണ്‍ടെസ്റ്ററായ മധുമിത (റീനു മാത്യൂസ്) സ്റ്റീവന്‍ ഹോക്കിങിനെപ്പോലെ പേശികള്‍ തളര്‍ന്ന് മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്‍െറ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ അവസ്ഥയില്‍ യാത്ര തിരിക്കുന്ന ബോഡി ബില്‍ഡര്‍ ഷണ്‍മുഖന്‍ ഇളങ്കോവന്‍(ഭരത്) കെമിക്കല്‍ എഞ്ചിനിയറായ അനന്തകൃഷ്ണ അയ്യര്‍(ജേക്കബ് ഗ്രിഗറി ) സുവോളജി പ്രൊഫസര്‍ നീലകണ്ഠന്‍ ചെമ്പന്‍(വിനോദ് ജോസ്) എന്നിവരാണ് അവര്‍. നാഗരികരും അഭ്യസ്തവിദ്യരുമായ ഇവര്‍ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് അധിനിവേശശക്തികളെ എങ്ങനെ തുരത്തുന്നുവെന്നാണ് പിന്നീട് ചിത്രം കാണിക്കുന്നത്.
ഗോത്രവര്‍ഗജനത നാഗരികമനുഷ്യരാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ആശയമാണ് പ്രത്യക്ഷതലത്തില്‍ ചിത്രം മുന്നോട്ടുവെക്കുന്നത്. കാടുവെട്ടുന്നതും ആദിവാസികളുടെ തനതുജീവിത വ്യവസ്ഥ തകര്‍ക്കുന്നതും നഗരമനുഷ്യന്‍െറ കൂടി പ്രശ്നമാണ് എന്ന തിരിച്ചറിവ് ഇതിലില്ല. ആധുനിക ജീവിതത്തിന്‍െറ തിരക്കുകളിലും പരക്കംപാച്ചിലിലും പെട്ട് ഉഴലുന്നവരേ ഇവിടെ ഇങ്ങനെ കുറച്ചു ജീവിതങ്ങളുണ്ട്, കുറച്ചു സമയം അവര്‍ക്കായി മാറ്റിവെച്ച് അവരെ രക്ഷിപ്പിന്‍ എന്ന ആഹ്വാനമാണ് സിനിമയില്‍ ധ്വനിപ്പിക്കപ്പെടുന്നത്. പാരിസ്ഥിതികാവബോധം കൊണ്ടൊന്നുമല്ല ഫിലിപ്പോസ് ജോണ്‍ വര്‍ക്കിയുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചുകൊണ്ട് ആറുപേര്‍ കാടു കയറുന്നത്. മായാജാലക്കാരനായ ബീരാന്‍ നാട്ടില്‍ ആരെയോ തല്ലിയിരുന്നു. അയാള്‍ മരിച്ചുവെന്നു വിചാരിച്ച് നാടുവിട്ടതാണ്, കാട്ടിലേക്ക്. കാടു കയറിയത് നിധി പ്രതീക്ഷിച്ചാണ്. ഗണ്‍ ടെസ്റ്ററായ മധുമിതയും കെമിക്കല്‍ എഞ്ചിനിയര്‍ അനന്തകൃഷ്ണനുമൊക്കെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്ന് താല്‍ക്കാലികമായി മന$ശാന്തി തേടിയാണ് ഈ ദൗത്യത്തിനായി ഇറങ്ങിത്തിരിക്കുന്നത്. വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ മേനോന്‍ സാറിന് വൃദ്ധസദനത്തില്‍നിന്നുള്ള രക്ഷപ്പെടലാണ് കാട്ടിലേക്കുള്ള യാത്ര. ഷണ്‍മുഖന്‍ ഇളങ്കോവനാവട്ടെ തന്‍െറ പേശികള്‍ മുഴുവന്‍ ദുര്‍ബലമായി സ്റ്റീവന്‍ ഹോക്കിങിനെപ്പോലെ ചക്രക്കസേരയിലെ ജീവിതത്തിലേക്ക് ഒതുങ്ങുന്നതിനു മുമ്പുള്ള പുറംലോകയാത്രയാണിത്. ജന്തുശാസ്ത്ര പ്രൊഫസര്‍ക്ക് മൃഗവിസര്‍ജ്യങ്ങളില്‍ നടത്തുന്ന പഠനത്തിന്‍െറ തുടര്‍ച്ചയാണ്. ചുരുക്കത്തില്‍, എല്ലാവര്‍ക്കും ഇതൊരു വിനോദയാത്രയാണ്. ഇടതൂര്‍ന്ന മരനിരകളും കയറ്റിറക്കങ്ങളുമുള്ള വനാന്തര്‍ഭാഗത്തേക്കുള്ള ട്രക്കിങ് ആണ്.
ചിത്രത്തിന്‍െറ ഒന്നാംപകുതി മുഴുവന്‍ സംഘം ഗ്രാമത്തിലത്തൊന്‍ നടത്തുന്ന പരിശ്രമങ്ങളാണ് കാണിക്കുന്നത്. പക്ഷേ ബംഗളുരുവിലെ ബോക്സൈറ്റ് മൈനിങ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ചങ്ങാടത്തിലും ബൈക്കുകളിലുമൊക്കെ അയത്നലളിതമായി കാട്ടിലത്തെിച്ചേരുന്നത് രണ്ടാംപകുതിയില്‍ കാണാം. വിഷ്വല്‍ ഇഫക്ട്സ് സാമാന്യം ഭംഗിയായി ചെയ്തിട്ടുണ്ട്. കാട്ടുപോത്തുകളും കരടിയുമൊക്കെ സ്വാഭാവികമെന്നോണം കടന്നുവരുന്നു. ഓസ്കര്‍ നേടിയ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന്‍െറ വിഷ്വല്‍ ഇഫക്സ് ഒരുക്കിയ വരുണ്‍ കൃഷ്ണനും ദിലീപ് വര്‍മയുമാണ് ഇതിനു പിന്നില്‍. ജയേഷ് നായരുടെ ഛായാഗ്രഹണം മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നു.
അഭിനേതാക്കള്‍ക്ക് കാര്യമായ ഭാവപ്പകര്‍ച്ചകള്‍ക്കുള്ള അവസരമൊന്നും ചിത്രത്തിലില്ല. റസൂല്‍ പൂക്കുട്ടിയെപ്പോലെ സ്വാഭാവികശബ്ദങ്ങള്‍ ആലേഖനംചെയ്യാനുള്ള സാങ്കേതിക ഉപകരണങ്ങളുമായി വന്യതയില്‍ അലയുന്ന ജോണ്‍ വര്‍ക്കിയായി കുഞ്ചാക്കോ ബോബന്‍ വേറിട്ട വേഷത്തില്‍ വരുന്നു. താഴേക്കിടയിലുള്ളവരെ മാത്രം അവതരിപ്പിച്ചുവന്ന ചെമ്പന്‍ വിനോദ് ജോസ് സുവോളജി പ്രഫസറായി നല്ല പ്രകടനം കാഴ്ചവെച്ചു. ഒരു വിനോദചിത്രം ഒരുക്കുക എന്നതായിരുന്നില്ല സംവിധായകന്‍െറ ഉദ്ദേശ്യം എന്നു വ്യക്തം. പക്ഷേ സോദ്ദേശ്യ സന്ദേശചിത്രം എന്ന നിലയില്‍ കാണുമ്പോള്‍ പോലും ഉള്ളടക്കത്തിന്‍െറ ദൗര്‍ബല്യം മുഴച്ചുനില്‍ക്കുന്നു. പരിസ്ഥിതിവാദികളെ എന്തിനാണ് പരിഹസിക്കുന്നത് എന്നതിന് സംവിധായകന് ഉത്തരങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.