‘മലയാളിത്ത’ത്തിന് നേരെ ഒരു ഇരട്ടക്കുഴല്‍ തോക്ക്

2011ല്‍ ‘ട്രാഫിക്’ എന്ന ചിത്രത്തോടെ തുടക്കം കുറിച്ച മലയാളത്തിലെ നവതരംഗം നിരവധി പുതുമുഖ സംവിധായകരെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും പ്രതിഭാധനനായ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ സ്വന്തമായ ഒരു ദൃശ്യഭാഷയും വ്യാകരണവും തനിക്കുണ്ടെന്ന് ലിജോ തെളിയിച്ചു. ഇവയില്‍ ‘ആമേന്‍’ മാത്രമാണ് പ്രദര്‍ശന വിജയം നേടിയത്. മറ്റു ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ജനപ്രിയഘടകങ്ങള്‍ ‘ആമേനി’ല്‍ ഉള്‍ച്ചേര്‍ന്നിരുന്നുവെന്നതാണ് അതിനു കാരണം. ന്യൂ ജനറേഷന്‍ സിനിമയില്‍ മറ്റാരും പരീക്ഷിക്കാത്ത ദൃശ്യപരിചരണരീതികള്‍ കൊണ്ടുവരുകയും മാജിക്കല്‍ റിയലിസത്തിന്‍െറ സാധ്യതകള്‍ അന്വേഷിക്കുകയും ചെയ്യുന്ന ലിജോ ‘ആമേന്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ ചലച്ചിത്രമെന്ന മാധ്യമത്തിനു മേല്‍ അസാധ്യമായ കൈയൊതുക്കവും ശില്‍പഭദ്രതയുമുള്ള ചലച്ചിത്രകാരനായി തിരിച്ചറിയപ്പെട്ടു. വാക്കുകളില്‍ സമ്പന്നവും ദൃശ്യങ്ങളില്‍ ദരിദ്രവുമായ മലയാള സിനിമയെ കാഴ്ചയുടെ കലയാണിതെന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുകയാണ് ലിജോ തന്‍െറ ഓരോ ചിത്രത്തിലും.


മൂന്നാംകണ്ണിന്‍െറ കല എന്നാണല്ളോ സിനിമ അറിയപ്പെടുന്നത്. ആ നിര്‍വചനത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന വിധം ലിജോവിന്‍െറ കാമറ ആരും കാണാത്ത ആംഗിളുകളില്‍ നിന്ന് കാഴ്ചകള്‍ പിടിച്ചെടുക്കുന്നു. പരിചയിച്ചുപഴകിയ ദൃശ്യപരിചരണരീതികളെ അവജ്ഞയോടെ കുടഞ്ഞെറിയുന്നു. അത്തരത്തിലുള്ള ഒരു പരീക്ഷണമാണ് ഏറ്റവും പുതിയ ചിത്രമായ ‘ഡബിള്‍ ബാരല്‍’. ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയോ പ്രണയമോ മലയാളത്തനിമയോ കേരളീയതയോ പതിവു ഹാസ്യരംഗങ്ങളോ പ്രതീക്ഷിച്ചു പോവുന്നവര്‍ക്ക് കടുത്ത നിരാശയായിരിക്കും ഫലം. എന്നാല്‍ സിനിമ എന്ന മാധ്യമത്തിനുമേല്‍ ഒരു സംവിധായകന്‍ നടത്തുന്ന പരീക്ഷണത്തിന്‍െറ ആഴവും വ്യാപ്തിയും അറിയാന്‍ താല്‍പര്യമുള്ള ചലച്ചിത്രപ്രേമികള്‍ ഇത് കണ്ടിരിക്കണം. ഇത്തരത്തിലുള്ള പരീക്ഷണങ്ങളെ പ്രോല്‍സാഹിപ്പിക്കാനെങ്കിലും അത് ഉപകരിക്കും. നിങ്ങളില്‍ ഒരു ഉന്മാദിയുണ്ടെങ്കില്‍, സര്‍ഗാത്മകമായ ഭ്രാന്ത് നിങ്ങള്‍ക്ക് ആസ്വദിക്കാനാവുമെങ്കില്‍ ‘ഡബിള്‍ ബാരലി’ലെ ചില മുഹൂര്‍ത്തങ്ങളെങ്കിലും നിങ്ങളെ രസിപ്പിക്കുമെന്നുറപ്പ്. ആദ്യമേ പറയട്ടെ, അല്‍പം മുഷിയാനും ക്ഷമിച്ചിരിക്കാനുമൊക്കെ കഴിയുന്നവര്‍ക്കു മാത്രമുള്ളതാണ് ഈ ചിത്രം.

കൊട്ടിഘോഷിക്കപ്പെട്ട മലയാളത്തനിമയും കേരളീയതയും നിറഞ്ഞുതുളുമ്പുന്ന സിനിമകള്‍ മുന്നോട്ടുവെക്കുന്ന ദൃശ്യസംസ്കാരത്തിനു നേരെയാണ് ലിജോ ഇരട്ടക്കുഴല്‍ തോക്ക് നീട്ടുന്നത്. നന്മയും ഫീല്‍ ഗുഡ് ഭാവനകളും കൊണ്ട് പൊറുതിമുട്ടിക്കുന്ന ക്ളീഷേകളുടെ നേരെ ലിജോ തുരുതുരാ വെടിയുതിര്‍ക്കുന്നു. അപാരമായ സാങ്കേതികത്തികവുള്ള ഓരോ ഫ്രെയിമിലും മുടിഞ്ഞ ഉന്മാദത്തിന്‍െറ വിളയാട്ടം നിങ്ങള്‍ക്കു കാണാം. യുക്തികളെ ചിത്രം ബോധപൂര്‍വം  നിരാകരിക്കുന്നു. വിഭ്രാമകമായ ഭാവന കൊണ്ട് തന്‍െറ സര്‍ഗാത്മകതയെയും പ്രതിഭയെയും ധൂര്‍ത്തടിക്കുകയാണ് ലിജോ ഈ ചിത്രത്തില്‍. അതുകൊണ്ടുതന്നെ ജനപ്രീതിക്കു വേണ്ടിയുള്ള സമരസപ്പെടുത്തലുകള്‍ തെല്ലും നടത്തിയിട്ടില്ല. ആമേനില്‍ ഫാന്‍റസി ഉപയോഗിച്ചിരിക്കുന്നത് നിയന്ത്രിതമായ തലത്തിലാണെങ്കില്‍ ഇതില്‍ ചിലയിടങ്ങളില്‍ അത് കൈവിട്ടുപോവുന്നു. ചിലയിടങ്ങളില്‍ നന്നായി മുഷിപ്പിക്കുന്നു. എന്തു തന്നെയായാലും നൂറ്റൊന്നാവര്‍ത്തിച്ച ദൃശ്യങ്ങളും സംഭാഷണങ്ങളും കൊണ്ട് മലയാളി പ്രേക്ഷകനെ വെറുപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ സുബോധത്തേക്കാള്‍ ലിജോ ജോസിന്‍െറ സര്‍ഗാത്മക ഉന്മാദമാണ് മലയാള സിനിമയെ പുതിയ ഗതിവേഗങ്ങളിലേക്കു നയിക്കുക എന്നുറപ്പ്. അതുകൊണ്ടുതന്നെ പരീക്ഷണ സിനിമകളെയും മാറ്റങ്ങളെയും സ്വാഗതം ചെയ്യുന്നവര്‍ ഡി.വി.ഡിക്കുവേണ്ടി കാത്തിരിക്കാതെ തിയറ്ററില്‍ തന്നെ പോയി കാണുന്നതായിരിക്കും സിനിമയുടെ ഭാവിക്ക് നല്ലത്. മുഴൂനീള ഭ്രാന്തിന്‍െറ കൊളാഷ് ആണ് ഈ ചിത്രം. മലയാള സിനിമയില്‍ വേറിട്ടു ചിന്തിക്കുന്ന ഏകസംവിധായകന്‍ താനാണെന്ന് ലിജോ അടിവരയിടുന്നുണ്ട് ഈ ചിത്രത്തില്‍. എല്ലാവരും വിജയഫോര്‍മുലയെ മുറുകെപ്പിടിച്ച് സുരക്ഷിതമായ ബോക്സോഫീസ് ഉറപ്പാക്കുമ്പോള്‍ ലിജോ സാഹസികമായ വഴികളിലൂടെ നീങ്ങുന്നു. ആ സഞ്ചാരത്തില്‍ പലപ്പോഴും അടിപതറുന്നുണ്ട്. ദിശ തെറ്റുന്നുണ്ട്. ‘ആമേന്‍’ കണ്ട് അഭിനന്ദിച്ചവര്‍ കൂവിവിളിക്കുന്നുണ്ട്. എങ്കില്‍ പോലും ‘ഡബിള്‍ ബാരല്‍’ എന്ന വേറിട്ട ശ്രമത്തെ അവഗണിക്കാനാവില്ല. അവഗണിച്ചാല്‍ ഉറപ്പാണ്, മലയാള സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ള ശൈലിയിലുള്ള സിനിമകള്‍ തന്നെ ഇനിയും കണ്ട് നമ്മള്‍ നിര്‍വൃതിയടയേണ്ടിവരും.

‘ഡബിള്‍ ബാരലി’ന്‍െറ പ്രമേയം വളരെ ലളിതമാണ്. ഒന്നിച്ചു ചേര്‍ന്നാലല്ലാതെ മൂല്യമില്ലാത്ത അപൂര്‍വ വൈരക്കല്ലുകള്‍ കൈവശപ്പെടുത്താനുള്ള അധോലോക സംഘങ്ങളുടെ കിടമല്‍സരമാണ് ഇതിന്‍െറ ഇതിവൃത്തം. മയക്കുമരുന്നും ഡയമണ്ട് വ്യാപാരവും തോക്ക് സംസ്കാരവും വിദേശികളുടെ സാന്നിധ്യവുമെല്ലാമുള്ളതിനാലാവാം ഗോവയാണ് കഥാപശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളം സംസാരിക്കുന്നവരാണ് ഇതിലെ വിദേശികള്‍ പോലും. മലയാളിത്തത്തെപ്പറ്റിയുള്ള രസകരമായ ഒരു മറുചിന്തയായി വേണമെങ്കില്‍ ഇതിനെ വായിക്കാവുന്നതാണ്. ഹോളിവുഡിലെ ഡബ്ബിങ് സിനിമകളെ അരോചകമായി മൊഴിമാറ്റം നടത്തി സംപ്രേഷണം ചെയ്യുന്ന രീതിയെ കളിയാക്കുന്നുണ്ട് പല സംഭാഷണങ്ങളും. ഷിറ്റ് എന്നതിനെ അമേധ്യം എന്നും ആന്‍റി എന്നതിനെ അമ്മായീ എന്നും മലയാളീകരിക്കുന്ന സംഭാഷണങ്ങളിലൂടെയാണ് തിരക്കഥാകൃത്ത് കൂടിയായ ലിജോ ചിരിയുതിര്‍ക്കുന്നത്. രണ്ടുതരത്തില്‍ ലിജോയുടെ ഈ സമീപനത്തെ കാണാവുന്നതാണ്. ഹോളിവുഡിന്‍െറ സാങ്കേതിക സാംസ്കാരിക സാമ്രാജ്യത്വത്തിനു കീഴില്‍ വിധേയത്വം അനുഭവിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരാണ് നാം.

നമ്മുടെ ചലച്ചിത്ര വിപണി നിരുപാധികം ഹോളിവുഡിന്‍െറ സാംസ്കാരികോല്‍പ്പന്നങ്ങള്‍ക്കുവേണ്ടി തുറന്നിടപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ നയങ്ങളെയും നിലപാടുകളെയും വംശീയ മുന്‍വിധികളെയും ഉയര്‍ത്തിപ്പിടിക്കുന്നവയാണ് ബഹുഭൂരിപക്ഷം ഹോളിവുഡ് സിനിമകളും. മാനവികതയെ വിശാലമായ കാഴ്ചപ്പാടില്‍കൂടി കാണുന്ന മറ്റു വിദേശഭാഷാചിത്രങ്ങള്‍ക്കായി ഇവിടെ തിയറ്ററുകളും മള്‍ട്ടിപ്ളക്സുകളും ഉള്‍പ്പെടെയുള്ള വിപണിയില്ല. ഉള്ളത് ഇംഗ്ളീഷിനും ഹോളിവുഡിനും മാത്രം. ഹോളിവുഡിന്‍െറ സാംസ്കാരികമായ ഏകതാനത തിയറ്ററുകളും ചാനലുകളും വഴി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഹോളിവുഡ്/ഇംഗ്ളീഷ് ഗ്യാങ്സ്റ്റര്‍ സിനിമകളുടെ അഥവാ അത്തരം ചിത്രങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ നിര്‍മിക്കപ്പെട്ട ഗ്യാങ്സ്റ്റര്‍ സിനിമകളുടെ സ്പൂഫായി ചിത്രത്തെ മാറ്റിയും വിദേശികളുടെ വായില്‍ മലയാളം തിരുകിക്കൊടുത്തും ഹോളിവുഡിനോടുള്ള ഈ സാംസ്കാരിക വിധേയത്വത്തെ വിമര്‍ശവിധേയമാക്കുന്നുണ്ട് സംവിധായകന്‍. ഹോളിവുഡിന്‍െറ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിന് എതിരായ സിനിമയായും ഡബിള്‍ ബാരലിനെ വായിക്കാം. യുക്തികള്‍ക്കിടമില്ലാത്ത വെടിപ്പുക മാത്രമാണ് ഹോളിവുഡ് സിനിമ എന്ന് ഈ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ലോട്ടിലെ ഷൂട്ടൗട്ട് രംഗം നോക്കുക. വെടിയും പുകയുമടങ്ങി വൈകിയെ ത്തുന്ന ഒരാള്‍ സ്വയം വെറുതെ വെടിയുതിര്‍ത്താണ് അതില്‍ പങ്കെടുക്കാനാവാത്തതിലുള്ള വിഷമം പ്രകടിപ്പിക്കുന്നത്.

ഗയ് റിച്ചി, ക്വിന്‍റിന്‍ ടരന്‍റിനോ എന്നിവരുടെ ശൈലികള്‍ ലിജോ കടംകൊള്ളുന്നുണ്ട്. എന്നാല്‍ എമീര്‍ കുസ്തുറിക്ക എന്ന സെര്‍ബിയന്‍ സംവിധായകന്‍െറ സ്വാധീനമാണ് ഇതില്‍ ആര്യ, സ്വാതി റെഡ്ഢി എന്നിവരടങ്ങുന്ന ഖണ്ഡത്തില്‍ നമുക്കു കാണാന്‍ കഴിയുന്നത്. ഒരു മാജിക് ഡ്രഗ് കഴിക്കുമ്പോള്‍ ആര്യ അവതരിപ്പിക്കുന്ന കഥാപാത്രം സ്വപ്ന ലോകത്തില്‍ അഭിരമിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ ശവം കിളിപോയ അവന്‍െറ പ്രണയിനിയാവുന്നു. വിചിത്രഭാവനയുടെ ഇത്തരം പ്രകാശനങ്ങള്‍ക്ക് എമീര്‍ കുസ്തുറിക്കയോടാണ് അടുപ്പം. ആമേനിലെ പല രംഗങ്ങളിലുമുണ്ടായിരുന്നു കുസ്തുറിക്കയുടെ സ്വാധീനം. കഥാപാത്രങ്ങളുടെ ഉന്മാദം തുളുമ്പുന്ന ശരീരചലനങ്ങളില്‍, വേഷവിധാനങ്ങളില്‍, പെട്ടെന്നു പൊട്ടിവീഴുന്ന ഫാന്‍റസികളില്‍ ലിജോ കുസ്തുറിക്കയുടെ കാല്‍പാടുകള്‍ പിന്തുടരുന്നതുപോലെ.

മലയാളിക്ക് തദാത്മ്യപ്പെടാവുന്ന ജീവിതക്കാഴ്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ ‘ആമേന്‍’ പോലെ ശ്രദ്ധിക്കപ്പെടുമായിരുന്നുവെന്നാണ് പടം കണ്ടിറങ്ങിയ ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ആഗോളീകരണാന്തര ലോകത്ത് എല്ലാ രാജ്യക്കാരും ഒരു ഗ്രാമത്തിലെന്ന പോലെ ഒരേ ബ്രാന്‍ഡിലുള്ള വസ്ത്രങ്ങളും ഒരേ രുചിയുള്ള വിഭവങ്ങളും ഉപയോഗിക്കുമ്പോള്‍ മലയാളിത്തം എന്ന തനിമയെപ്പറ്റിയുള്ള പഴകിപ്പുളിച്ച വാഗ്ധോരണങ്ങള്‍ അപ്രസക്തമാവുന്നുണ്ട്. തോക്ക് സംസ്കാരം കേരളത്തില്‍ പ്രബലമല്ല. രത്നവ്യാപാരവും മാഫിയാപ്രവര്‍ത്തനവും അധോലോകവും താരതമ്യേന കുറവാണ്. എന്നാല്‍ അതുകൊണ്ട് ‘ഡബിള്‍ ബാരല്‍’ എന്ന ചലച്ചിത്രം കേരളത്തിന്‍െറ സാംസ്കാരികോല്‍പ്പന്നം അല്ലാതാവുന്നില്ല. ഹോളിവുഡ് ചിത്രങ്ങളിലൂടെയും കോമിക് ബുക്കുകളിലൂടെയും ടി.വി ചാനലുകളിലൂടെയും മലയാളിയിലേക്ക് എത്തിച്ചേര്‍ന്ന ഒരു അനുഭവലോകത്തെയാണ് ലിജോ ആവിഷ്കരിക്കുന്നത്. കോമിക് ബുക്കുകളുടെയും കാരിക്കേച്ചറിന്‍െറയും സ്വഭാവം സമര്‍ഥമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.

ന്യൂജനറേഷന്‍ സിനിമ നേരിടുന്ന പ്രധാന വെല്ലുവിളി രൂപപരമായി അത് നവ്യാനുഭവമായി നില്‍ക്കുമ്പോഴും പലതിന്‍െറയും ഉള്ളു പൊള്ളയാണ് എന്നതാണ്. ഡി.വി.ഡി/ടൊറന്‍റ് വിപ്ളവം സമകാലിക യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ സിനിമകളുടെ സാങ്കേതികത്തികവിലേക്ക് ന്യൂജനറേഷന്‍ സിനിമയെ അടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രമേയപരമായി അത് എത്രയോ പിറകിലാണ്. ഉള്ളടക്കത്തിന് ഈ നവസിനിമക്കാര്‍ ഒരു പ്രാധാന്യവും കൊടുത്തു കാണുന്നില്ല. അത്തരമൊരു ദുര്യോഗം ലിജോവിനെയും പിടികൂടിയിട്ടുണ്ട്. ഈ ചിത്രത്തിന്‍െറ രചന നിര്‍വഹിച്ചതും അദ്ദേഹം തന്നെ. പാളിപ്പോയ തിരയെഴുത്താണ് ‘ഡബിള്‍ ബാരലി’ന് വലിയ ബാധ്യതയായതും. ദൃശ്യങ്ങള്‍ കൊണ്ട് ചിന്തിക്കുന്ന ഒരു ചലച്ചിത്രകാരന് തിരക്കഥയില്ലാതെ തന്നെ സിനിമയെടുക്കാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷേ ഇവിടെ അത്തരമൊരു ശ്രമം നടത്തിയപ്പോള്‍ പിറന്നത് ഏറെയും കാമ്പില്ലാത്ത രംഗങ്ങള്‍. ഇവയൊക്കെ എന്തിന് എന്നു തോന്നിപ്പിക്കുന്ന സീനുകള്‍ അനേകമുണ്ട് ചിത്രത്തില്‍. ഇതിവൃത്തത്തിന്‍െറ നിലവാരം ഇവിടെ സംവിധായകന്‍ ഉദ്ദേശിച്ചിട്ടില്ളെങ്കില്‍ കൂടി കുറേക്കൂടി മുറുക്കമുള്ള രംഗങ്ങള്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ അത് സ്പൂഫിന്‍െറ സാധ്യതകള്‍ വര്‍ധിപ്പിച്ചേനെ.

അഭിനന്ദ് രാമാനുജത്തിന്‍െറ ക്യാമറ ‘ആമേനു’ം ‘മോസയിലെ കുതിരമീനുകള്‍’ക്കും ശേഷം ദൃശ്യവിസ്മയം തന്നെ ഒരുക്കുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും സ്വാതി റെഡ്ഢിയും ആര്യയും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ‘നോര്‍ത്ത് 24 കാത’ത്തിന്‍െറ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിങ്, വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാ സാങ്കേതിക വിഭാഗങ്ങളില്‍ നിന്നും ശക്തമായ പിന്തുണ സംവിധായകനു കിട്ടിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലിജോ നല്‍കിയ മറുപടിയില്‍ ഇനിയും സുധീരമായ പരീക്ഷണങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കാന്‍ മടിക്കില്ളെന്ന ഉറച്ച പ്രഖ്യാപനമുണ്ട്. ‘എല്ലാവരും ക്ഷമിക്കുക, മാറാന്‍ ഉദ്ദേശ്യമില്ല, മതിപ്പ് ഉണ്ടാക്കാന്‍ താല്‍പര്യവുമില്ല.’ എന്നാണ് ലിജോ പറഞ്ഞത്. പ്രേക്ഷകര്‍ക്ക് എന്താണ് ഇഷ്ടപ്പെടുക എന്നാലോചിച്ച് തലപുകയ്ക്കാതെ തന്‍െറ ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കും എന്ന ആര്‍ജവമുള്ള മറുപടിയാണ് ഈ ചലച്ചിത്രകാരനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് ലിജോവിലുള്ള ചലച്ചിത്രപ്രേമികളുടെ പ്രതീക്ഷകള്‍ നിലക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.