മൊയ്തീന്‍ പുതിയ കാലത്തോട് പറയുന്ന കാര്യങ്ങള്‍

മലയാള സിനിമ കുറച്ചുകാലമായി ഭൂതകാലത്തില്‍ കണ്ണുംനട്ടിരിപ്പാണ്. മലയാളിയുടെ പലതരത്തിലുള്ള ഗൃഹാതുരതകളെ തൊട്ടുണര്‍ത്തി 1983, പ്രേമം, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ സിനിമകള്‍ പ്രദര്‍ശനവിജയം നേടി. പ്രേമവും ക്രിക്കറ്റ് പ്രേമവും കഞ്ചാവിന്‍െറ ഗോള്‍ഡന്‍ സ്മരണകളും കുഞ്ഞിരാമകഥകളുമൊക്കെയായി ഭൂതകാലാഭിരതിയെന്ന മഹാമാരി മലയാള സിനിയെ ഗ്രസിച്ചിരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു ഗതകാലകഥയുമായി വരുകയാണ് ആര്‍.എസ്. വിമല്‍. കോഴിക്കോട് മുക്കത്തെ രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തകന്‍ ബി.പി മൊയ്തീന്‍െറയും കാഞ്ചനമാലയുടെയും അപൂര്‍വപ്രണയകഥയാണ് ‘എന്ന് നിന്‍െറ മൊയ്തീന്‍’. നേരത്തെ കഥക്കും ഡോക്യുമെന്‍ററിക്കും പത്രഫീച്ചറുകള്‍ക്കും വിഷയമായിരുന്നിട്ടുണ്ട് ഈ പ്രണയകഥ. ‘മൊയ്തീന്‍’ എന്ന കഥ എഴുതിയത് മറ്റാരുമല്ല, മൗനവേദനകളുടെയും പ്രണയവിഷാദങ്ങളുടെയും കാഥികന്‍ എന്‍. മോഹനന്‍. പത്രപ്രവര്‍ത്തകനായ പി.ടി മുഹമ്മദ് സാദിഖ് ‘മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം’ എന്ന പേരില്‍ ജീവിതരേഖ പ്രസിദ്ധീകരിച്ചു. ആര്‍.എസ്. വിമല്‍ ‘ജലംകൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്‍ററിയൊരുക്കി.


സമീപകാലമലയാള സിനിമകളില്‍നിന്ന് വ്യത്യസ്തമായി ‘എന്ന് നിന്‍െറ മൊയ്തീന്‍’ മുന്നോട്ടുവെക്കുന്നത് ലളിതമായ നൊസ്റ്റാള്‍ജിയക്കാഴ്ചകളല്ല. അതിന് സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കമുണ്ട്. സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് ചിത്രം പുറത്തുവരുന്നത്. ഹിന്ദു-മുസ്ലിം ജനതയെ ഭിന്നിപ്പിച്ചുനിര്‍ത്താനുള്ള ഭരണകൂടതന്ത്രങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. (മുസ്ലിമാണെങ്കിലും അബ്ദുല്‍കലാം നല്ല മനുഷ്യനായിരുന്നു എന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി!) മനുഷ്യരുടെ മനസ്സുകള്‍ ഇടുങ്ങിയിടുങ്ങിവരുന്ന ഈ കാലത്ത് മൊയ്തീനെ പ്രണയിക്കുന്ന കാഞ്ചനയുടെ കഥ ഓര്‍മപ്പെടുത്തുന്നത് ഒരു ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരികപ്രവര്‍ത്തനമാണ്. ലൗജിഹാദ് ഉള്‍പ്പെടെയുള്ള വ്യാജപ്രചാരണങ്ങളും അതിന്‍െറ പേരിലുള്ള സദാചാര ഗുണ്ടാ ആക്രമണങ്ങളും പതിവായ സമകാലിക സാമൂഹികാന്തരീക്ഷത്തിലേക്ക് മതാതീതമായ മാനവികതയെ പുനരാനയിക്കാനാണ് വിമല്‍ അറുപതുകളിലേക്കും എഴുപതുകളിലേക്കും തിരിഞ്ഞുനോക്കുന്നത്.


ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനങ്ങളും ശക്തമായി വേരൂന്നിയ മലബാറിന്‍െറ മണ്ണില്‍ അത്തരം മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നവര്‍ കടുത്ത യാഥാസ്ഥിതിക നിലപാടിലൂടെ ഒരു പ്രണയത്തെ തകര്‍ത്തെറിഞ്ഞതെങ്ങനെയെന്ന് ഓര്‍മപ്പെടുത്തുകയാണ് ഈ ചിത്രം. മലബാര്‍ സിംഹം എന്ന് അറിയപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ കൂടെ 1936 മുതല്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ സജീവമായിരുന്ന ബി.പി ഉണ്ണിമോയിയാണ് മൊയ്തീന്‍െറ പിതാവ്. 16 കൊല്ലം മുക്കം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു അദ്ദേഹം. കോഴിക്കോട് കടപ്പുറത്ത് നടന്ന ഉപ്പു സത്യഗ്രഹത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കേളപ്പജി. കൃഷ്ണപിള്ള എന്നിവര്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. കൊറ്റങ്ങല്‍ അച്യുതന്‍െറ മകളാണ് കാഞ്ചനമാല. മുക്കത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു അച്യുതന്‍. വിദേശവസ്ത്രബഹിഷ്കരണത്തിനായി മുക്കത്ത് ആശയപ്രചാരണം നടത്തിയ അച്യുതന്‍ സ്വന്തമായി നൂല്‍ നൂറ്റ് വസ്ത്രം തയ്ച്ച് ധരിച്ചുനടന്ന ആദര്‍ശവാദിയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കേളപ്പജിക്കൊപ്പം പങ്കെടുത്തയാള്‍. തിരുവിതാംകൂറില്‍നിന്നു വന്ന കുടിയേറ്റകര്‍ഷകര്‍ക്ക് കിടപ്പാടം നല്‍കിയ ഉദാരമതി. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും ഒളിവില്‍ കഴിഞ്ഞ കമ്യൂണിസ്റ്റുകാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത വിശാലമനസ്കന്‍. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം സര്‍ക്കാര്‍ നിരോധിച്ച കാലത്ത് സ്വന്തം വയല്‍ നികത്തി സ്റ്റേജ് ഒരുക്കി നല്‍കി. കമ്യൂണിസ്റ്റ് നേതാവ് കല്ലാട്ട് കൃഷ്ണന്‍ ജാതി മാറി കല്യാണം കഴിച്ചതിനത്തെുടര്‍ന്ന് എതിര്‍പ്പുകാരണം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെ അഭയം തേടിവന്നപ്പോള്‍ അദ്ദേഹത്തിന് സുരക്ഷിതമായ താമസസൗകര്യം നല്‍കിയതും അച്യുതന്‍ തന്നെ.

അടിയുറച്ച ആദര്‍ശശാലികളെന്ന് പൊതുസമൂഹം കരുതിയ ഇരുവരുമാണ് മക്കള്‍ തമ്മിലുള്ള പ്രണയത്തിന് വിലങ്ങുതടിയായതും. കുടുംബത്തിന്‍െറ ദുരഭിമാനമായിരിക്കാം കാരണം. പക്ഷേ അത് അവരുടെ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ വൈരുധ്യത്തെയാണ് തുറന്നുകാട്ടുന്നത്. ഇത് ഈ രണ്ടു വ്യക്തികളിലും മാത്രമുള്ള ദൗര്‍ബല്യമോ വൈരുധ്യമോ അല്ല. കേരളീയ സമൂഹത്തിന്‍െറ പൊതുവായ സഹജദൗര്‍ബല്യമായി കാണാവുന്നതാണ്. രാഷ്ട്രീയമായ പുരോഗമനവീക്ഷണത്തിലും പ്രതിബദ്ധതയിലും കേരളം മുന്നില്‍ നില്‍ക്കുമ്പോഴും വ്യക്തി ഇവിടെ വിമോചിതനല്ല. നമ്മുടെ പ്രണയ/ലൈംഗിക/സദാചാര യാഥാസ്ഥിതികത്വത്തിന്‍െറ വേരുകള്‍ തിരയേണ്ടത് ഇവിടെയാണ്. വ്യക്തിയുടെ ജീവിതസ്വാതന്ത്ര്യം, അവകാശം എന്നിവയെ മാനിക്കാതെയുള്ള സാമൂഹികമുന്നേറ്റങ്ങളാണ് എക്കാലവും കേരളത്തില്‍ നടന്നത്. അതുകൊണ്ടുതന്നെ വ്യക്തിക്ക് പ്രണയത്തിന്‍െറയും ലൈംഗികതയുടെയും കാര്യത്തില്‍ കടുത്ത അസ്വാതന്ത്ര്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ യാഥാര്‍ഥ്യത്തെ ശക്തമായി ഓര്‍മപ്പെടുത്തുന്ന ചരിത്രസംഭവത്തിന്‍െറ ആവിഷ്കാരമെന്ന നിലയില്‍ ‘എന്ന് നിന്‍െറ മൊയ്തീന്‍’ ഏതുകാലത്തും പ്രസക്തമായിരിക്കും.


പക്ഷേ, മൊയ്തീന്‍െറയും കാഞ്ചനയുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിത്രം കുറ്റകരമായ മൗനം പാലിക്കുന്നു. ഒരു കേവലപ്രണയകഥയില്‍നിന്നും സാമൂഹികസ്ഥലിയിലേക്കു പടരാനുള്ള സാധ്യതകള്‍ ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടും അവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പോലും തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. മൊയ്തീന്‍െറ മരണശേഷം കാഞ്ചന അദ്ദേഹത്തിന്‍െറ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുകയാണ്. പക്ഷേ സിനിമയില്‍ മൊയ്തീന്‍െറ മരണശേഷമുള്ള കാഞ്ചനയെ കാണിക്കുന്നേയില്ല. അത് വലിയ ഒരു ന്യൂനതയായി. ‘‘നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ കേവലം ഒരു മരക്കച്ചവടക്കാരനാവുമായിരുന്നു. നിന്നെ കണ്ടതോടെയാണ് എന്‍െറ ആശയങ്ങള്‍ക്ക് ഒരു തെളിച്ചമുണ്ടായത്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എനിക്കു പ്രചോദനം നീയാണ്’ എന്ന് മൊയ്തീന്‍ കാഞ്ചനക്ക് എഴുതിയിരുന്നു. കാഞ്ചന എന്ന വ്യക്തിയും അവരുടെ മതാതീതപ്രണയം സൃഷ്ടിച്ച പ്രകമ്പനങ്ങളുമാണ് സാമൂഹികപ്രവര്‍ത്തനത്തിലേക്ക് മൊയ്തീനെ നയിച്ചത് എന്നതിനാല്‍ അക്കാര്യത്തില്‍ ചലച്ചിത്രകാരന്‍ മൗനംപാലിക്കാന്‍ പാടില്ലായിരുന്നു. കാഞ്ചനയുടെ മനുഷ്യസ്നേഹം മൊയ്തീനെ നേരത്തെ തന്നെ ആകര്‍ഷിച്ചിരുന്നു എന്നു വ്യക്തം.

കോഴിക്കോട്ടെ കോണ്‍വെന്‍റ് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സാമൂഹികനീതിക്കായി ശബ്ദമുയര്‍ത്തിയിട്ടുണ്ട് കാഞ്ചന. അത് ചിത്രത്തില്‍ കാണിക്കുന്നുമുണ്ട്.  കോണ്‍വെന്‍റില്‍ മൂന്നുതരത്തിലാണ് ഭക്ഷണം വിളമ്പുന്നത്. കാശുള്ളവര്‍ക്ക് എ ക്ളാസ് ഭക്ഷണവും ഇടത്തരക്കാര്‍ക്ക് ബി ക്ളാസും ദരിദ്രര്‍ക്ക് സി ക്ളാസും. താന്‍ പുട്ടും കടലയും കഴിക്കുമ്പോള്‍ കൂട്ടുകാരി മാര്‍ഗരറ്റ് കഞ്ഞികഴിക്കുന്നത് കാഞ്ചനക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതിന്‍െറ പേരില്‍ കാഞ്ചന ശബ്ദമുയര്‍ത്തുകയും അതത്തേുടര്‍ന്ന് എല്ലാവര്‍ക്കും ഒരേ പന്തിയില്‍ ഭക്ഷണം നല്‍കാന്‍ കോണ്‍വെന്‍റ് അധികൃതര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇത്രയും കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമ പിന്നീട് കാഞ്ചനയുടെയും മൊയ്തീന്‍െറയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണ്ടില്ളെന്നു നടിക്കുന്നു. അവരെ വെറും പ്രണയികളാക്കി ഒതുക്കുന്നു. മൊയ്തീന്‍െറ മരണശേഷം അശരണര്‍ക്കും ആലംബഹീനര്‍ക്കുമായാണ് കാഞ്ചന ജീവിക്കുന്നത്. അവര്‍ നടത്തുന്ന മൊയ്തീന്‍ സേവാമന്ദിര്‍ അഗതികള്‍ക്കും അബലകള്‍ക്കും അത്താണിയാണ്.



ചിത്രം കാണുന്നവര്‍ക്ക് മൊയ്തീന്‍ മഹാനായ മനുഷ്യസ്നേഹിയായിരുന്നുവെന്ന യാഥാര്‍ഥ്യം മനസ്സിലാവില്ല. മൊയ്തീന്‍െറ മാനവികതയില്‍ മതത്തിന് ഒരു സ്ഥാനവുമില്ലായിരുന്നു. കാഞ്ചന മതംമാറിയാല്‍ ബാപ്പ ചിലപ്പോള്‍ കല്യാണത്തിന് സമ്മതിച്ചേക്കും എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ മൊയ്തീന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘മതം മാറിയാല്‍ ഞാനവളെ ഉപേക്ഷിക്കും’ എന്ന്. മുക്കം അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞ മാനസികരോഗികളായ വേലായുധനെയും നാരായണന്‍ നായരെയും വീട്ടിലേക്കു കൂട്ടി പരിചരിച്ചിരുന്നു മൊയ്തീന്‍. മതാതീതമായ മനുഷ്യസ്നേഹത്തിന്‍െറ മൂര്‍ത്തിമദ്ഭാവമായ മൊയ്തീന്‍െറ ഈ വ്യക്തിത്വത്തെ അത്രയൊന്നും ശക്തമായി സിനിമ അടയാളപ്പെടുത്തുന്നില്ല. പ്രണയകഥ പരത്തിപ്പറഞ്ഞപ്പോള്‍ ചില പാസിങ് ഷോട്ടുകളിലെങ്കിലും ഊന്നിപ്പറയാമായിരുന്ന ഇത്തരം കാര്യങ്ങള്‍ക്ക് നേരംകിട്ടാതെ പോയതാവും കാരണം.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും രാഷ്പ്രതി വി.വി ഗിരിക്കും വരെ അറിയാവുന്ന പെരുമയിലേക്ക് മൊയ്തീന്‍ വളര്‍ന്നുവെന്ന് പി.ടി മുഹമ്മദ് സാദിഖ് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയം, കല സാഹിത്യം, നാടകം, സിനിമ, സ്പോര്‍ട്സ് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മൊയ്തീന്‍ നിറഞ്ഞുനിന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ മകള്‍ അനിത കേരളത്തില്‍ വന്നപ്പോള്‍ മൊയ്തീന്‍ കൂടെ തന്നെ ഉണ്ടായിരുന്നു. അനിതയുടെ പേരില്‍ മൊയ്തീന്‍ ചില്‍ഡ്രന്‍സ് ക്ളബും ടൈലറിങ് ക്ളാസും തുടങ്ങി. സ്ത്രീശാക്തീകരണത്തിനായി മോചന വിമന്‍സ് ക്ളബ് തുടങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നേത്രരോഗ വിദഗ്ധനെ ചേന്ദമംഗലൂരിലത്തെിച്ച് സൗജന്യനേത്രപരിശോധന ക്യാമ്പ് നടത്തി അതിന്‍െറ ഫോട്ടോകള്‍ രാഷ്ട്രപതി വി.വി ഗിരിയെ കാണിച്ചു. മൊയ്തീന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി പിന്തുണ വാഗ്ദാനം ചെയ്തു. നിരവധി നിര്‍ധനരോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ഓടിനടന്നു. വിജില്‍ ഇന്ത്യാ മൂവ്മെന്‍റിന്‍െറ സജീവപ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍. കോഴിക്കോട് മനുഷ്യാവകാശപഠനക്യാമ്പ് സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത് മൊയ്തീന്‍ ആയിരുന്നു. സിനിമ കാണുന്നവര്‍ക്ക് ഇന്ദിരാഗാന്ധിയെക്കൊണ്ട് തന്‍െറ സ്പോര്‍ട്സ് മാസിക പ്രകാശനം ചെയ്യിച്ച സമര്‍ഥന്‍ മാത്രമാണ് മൊയ്തീന്‍.

അതുപോലെ മൊയ്തീന്‍െറ രാഷ്ട്രീയജീവിതത്തിനും സിനിമയില്‍ സ്ഥാനമില്ല. മരിക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ കാണിക്കുന്ന സിനിമയില്‍ ഇത് ഒരപാകത തന്നെയാണ്. സിനിമയില്‍ കാണിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കോമഡിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതുപോലെ തോന്നുന്നു. കാഞ്ചനയുടെ കുടുംബാംഗങ്ങളോടു പറയാനുള്ള കാര്യങ്ങള്‍ മൈക്കിലൂടെ വിളിച്ചുപറയുന്ന രംഗം ശ്രദ്ധിക്കുക. കാമുകിക്കുവേണ്ടി ജീവിച്ചു മരിച്ച ഒരാള്‍ മാത്രമായിരുന്നില്ല മൊയ്തീന്‍. അടിമുടി പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഗോവ വിമോചന സമരം നടക്കുമ്പോള്‍ മൊയ്തീന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. സ്വതന്ത്ര ഭാരതത്തില്‍ വിദേശകോളനിയായി തുടരുന്ന ഗോവയെ മോചിപ്പിക്കാന്‍ എന്‍.സി ശേഖറിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച വിമോചനസേനക്ക് പിന്തുണ പ്രഖ്യാപിച്ച് മുക്കം ഹൈസ്കൂളില്‍ നടന്ന ബ്യൂഗിള്‍സമരം നയിച്ചത് മൊയ്തീന്‍ ആയിരുന്നു. മുതിര്‍ന്നപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റായി. അരങ്ങില്‍ ശ്രീധരനോടൊപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കോഴിക്കോട്ട് എത്തിയ ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിച്ചത്. പിന്നീട് സോഷ്യലിസ്റ്റ് നേതാക്കള്‍ ആദര്‍ശത്തില്‍ നിന്നു വ്യതിചലിച്ചതിനെ തുടര്‍ന്ന് നിരാശനായ മൊയ്തീന്‍ സജീവരാഷ്ട്രീയം വിടുകയായിരുന്നു. മുക്കം അങ്ങാടിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്‍റായ ബാപ്പയെ വെല്ലുവിളിക്കുന്ന രംഗം സിനിമയിലുണ്ട്. എന്നാല്‍ മുക്കം പഞ്ചായത്തിലേക്ക് സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചതായി പരാമര്‍ശം പോലുമില്ല.

തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍െറ തിരക്കഥ തയാറാക്കിയിരിക്കുന്നതെന്ന് നേരത്തെ കാഞ്ചന ആരോപിച്ചിരുന്നു. ചിത്രീകരണത്തിനു മുമ്പ് തിരക്കഥ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംവിധായകന്‍ തയാറായില്ല. ചിത്രീകരണം പകുതിയായപ്പോഴാണത്രെ തിരക്കഥ വായിക്കാന്‍ കൊടുത്തത്. അതില്‍ വാസ്തവവിരുദ്ധമായി ചില കാര്യങ്ങളുണ്ടെന്ന് കാഞ്ചന അന്ന് പത്രങ്ങളോട് പറഞ്ഞു. ഒന്ന്, തന്‍െറ സഹോദരങ്ങളെ ചിത്രത്തില്‍ വില്ലന്മാരായാണ് ചിത്രീകരിക്കുന്നത്. മൊയ്തീനെ അവര്‍ ഒരിക്കല്‍പോലും ദ്രോഹിച്ചിരുന്നില്ല. രണ്ട്, മൊയ്തീനും ബാപ്പയും ആജന്മശത്രുക്കളായാണ് തിരക്കഥയിലുള്ളത്. സ്വാതന്ത്ര്യസമര നേതാവായിരുന്ന ബാപ്പയെ വര്‍ഗീയവാദിയാക്കിയിരിക്കുന്നു. ഇങ്ങനെ വസ്തുതാ വിരുദ്ധമായി സിനിമ വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കാഞ്ചന പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ സിനിമയില്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. കാഞ്ചനയുടെ സഹോദരന്മാര്‍ മൊയ്തീനെ ആളെ വിട്ടു തല്ലുന്ന ദൃശ്യം ചിത്രത്തിലുണ്ട്. സംഘട്ടനരംഗത്തിനൊടുവില്‍ സഹോദരന്‍ മൊയ്തീനു നേരെ തോക്കുചൂണ്ടുന്നുപോലുമുണ്ട്. മൊയ്തീനും ബാപ്പയും ചിത്രത്തില്‍ ആജന്മശത്രുക്കള്‍ തന്നെയാണ്. തന്നെ കുത്തിയ ബാപ്പക്ക് എതിരെ മൊഴികൊടുക്കാതെ മൊയ്തീന്‍ അയാളെ രക്ഷിക്കുന്ന രംഗം പക്ഷേ ചിത്രത്തിലുണ്ട്. മനസ്സുമാറിയ സഹോദരനെയും ചിത്രത്തില്‍ കാട്ടുന്നുണ്ട്.

‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ എന്ന നാടകം ബി.പി മൊയ്തീന്‍ അവതരിപ്പിക്കുന്നതായി ചിത്രത്തിലുണ്ട്. വാസ്തവത്തില്‍ അത് കെ.ടി മുഹമ്മദിന്‍െറ നാടകമാണ്. ജാതിയുടെയും മതത്തിന്‍െറയും സങ്കുചിത ചിന്തകള്‍ക്കെതിരെ ശക്തമായ സന്ദേശം പകരുന്ന നാടകം മൊയ്തീന്‍േറത് എന്ന പേരിലാണ് ചിത്രത്തിലുള്ളത്.  ഒരു ഹിന്ദു യുവതിയുടെയും മുസ്ലിം യുവാവിന്‍െറയും പ്രണയജീവിതമാണ് നാടകത്തിന്‍െറ പ്രമേയം. അതിശക്തമായ സംഭാഷണങ്ങളുള്ള നാടകം ഇവിടെ തരംതാണ കോമഡി അവതരിപ്പിക്കാനുള്ള അവസരമായാണ് സംവിധായകന്‍ കാണുന്നത്. നാടകത്തില്‍ വേഷമിടുന്ന മൊയ്തീന്‍െറയും കാമുകിയുടെ സഹോദരന്‍െറയും വേഷവിധാനങ്ങള്‍, അവരുടെ ശരീരഭാഷ എന്നിവയൊന്നും കെ.ടി മുഹമ്മദിന്‍െറ സാമൂഹിക നാടകങ്ങള്‍ക്ക് യോജിച്ചതല്ല. ചങ്ങമ്പുഴയുടെ ‘ശാരദാംബരം ചാരുചന്ദ്രിക’ എന്ന കവിത നാടകത്തിലെ ഗാനരംഗമായി അവതരിപ്പിച്ചിരിക്കുന്നു. തന്നെ തോക്കെടുത്ത് വെടിവെക്കാന്‍ ഒരുങ്ങുന്ന കാമുകിയുടെ സഹോദരനോട് ‘തോക്കില്‍ ഉണ്ട വേണമെടാ’ എന്ന് കാമുകന്‍ പരിഹസിക്കുന്ന രംഗത്തിലാണ് നാടകം അവസാനിക്കുന്നത്. ടെലിവിഷനിലെ കോമഡിപരിപാടികളുടെ നിലവാരമേ ചിത്രത്തിലെ ഈ നാടകാവതരണത്തിനുള്ളൂ. കോമഡിപരിപാടികളെ തന്നെ ഓര്‍മിപ്പിക്കുംവിധം പെണ്‍വേഷം കെട്ടിയ ആണാണ് ഹിന്ദുയുവതിയായി വേഷമിടുന്നത്. (നെഞ്ചത്തുവെച്ച ചിരട്ടയെക്കുറിച്ച് മൊയ്തീന്‍ നടത്തുന്ന പരാമര്‍ശവുമുണ്ട്.) ഇത് ചരിത്രവിരുദ്ധതയാണ്. മുക്കത്തെ പ്രസാദ് ടാക്കീസില്‍ അരങ്ങേറിയ ആ നാടകത്തില്‍ ശാരദ, സുശീല, ആമിന, രാധ തുടങ്ങിയ സ്ത്രീകള്‍ വേഷമിട്ടിരുന്നു. സ്ത്രീകളെ അഭിനയിക്കാന്‍ കിട്ടാത്ത അവസ്ഥ അക്കാലത്ത് ഉണ്ടായിരുന്നില്ല.

മൊയ്തീന്‍െറ പിതാവ് ബി.പി ഉണ്ണിമോയി രണ്ടാംവിവാഹം ചെയ്തതിനെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശമില്ല. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ പോയി തിരിച്ചുവന്ന രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന അദ്ദേഹം ഉണര്‍ന്നില്ളെന്നാണ് ചിത്രത്തില്‍ പറയുന്നത്.
പ്രണയിക്കാനായി പുതിയ ഭാഷയും ലിപിയും കണ്ടത്തെിയവരാണ് ഇരുവരും. ശീര്‍ഷകം തെളിയുന്നിടത്തും കാഞ്ചന പുതിയ ലിപി പരിശീലിക്കുന്ന രംഗത്തിലുമായി ആ പ്രണയഭാഷയുടെ ദൃശ്യസാധ്യതകള്‍ സംവിധായകന്‍ മനോഹരമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രണയരംഗങ്ങളില്‍ കഥകളിയും തെയ്യവുമൊക്കെ നിരന്നുനിന്ന് ദൃശ്യഭംഗി വര്‍ധിപ്പിക്കന്ന മലയാള സിനിമയുടെ പ്രാചീനമായ കീഴ്വഴക്കം അനുവര്‍ത്തിക്കേണ്ടിയിരുന്നില്ല. ക്ളാസിക്കല്‍/ഫോക്ലോര്‍ കലകളുടെ പശ്ചാത്തലം ഈ പ്രണയികള്‍ക്കില്ല. അപൂര്‍വപ്രണയത്തിന്‍െറ സാക്ഷിയായ ഇരുവഴഞ്ഞിപ്പുഴയെ ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. മൊയ്തീനെ പുഴയെടുക്കുന്നതുവരെ ആ കഥാപാത്രം മൂകസാന്നിധ്യമായി ചിത്രത്തിലുണ്ട്. മഴ മൂടിയ പുഴയും പഴയ കാലത്തിന്‍െറ നിറങ്ങളും ഇരുളും വെളിച്ചവുമൊക്കെയായി വരച്ചുവെച്ച ദൃശ്യങ്ങളുടെ ശ്രേണിപോലെയാണ് ജോമോന്‍ ടി ജോണിന്‍െറ ഛായാഗ്രഹണം. ഒരു കാലഘട്ടത്തെ പുന$സൃഷ്ടിക്കുന്ന ഗോകുല്‍ദാസിന്‍െറ കലാസംവിധാനവും മികച്ചുനിന്നു.

മൊയ്തീന്‍ ആയി തകര്‍ത്ത് അഭിനയിച്ച പൃഥ്വിരാജിന് മലബാറിന്‍െറ പ്രാദേശിക ഭാഷാഭേദങ്ങള്‍ പലപ്പോഴും വേണ്ടത്ര വഴങ്ങുന്നില്ളെന്നു തോന്നി. നോട്ട്ബുക്കിനും സിറ്റി ഓഫ് ഗോഡിനും മരിയാനും ബാംഗ്ളൂര്‍ ഡേയ്സിനും ശേഷം പാര്‍വതിക്ക് ലഭിച്ച മികച്ച വേഷമാണ് കാഞ്ചന. എ.ബി.സി.ഡിയിലൂടെ അരങ്ങേറ്റം കുറിച്ച ടോവിനോ തോമസ് കാഞ്ചനക്കായി കാത്തിരിക്കുന്ന അപ്പുവേട്ടനായി മികച്ച പ്രകടനം കാഴ്ചവെച്ചു. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ലെനയുടേതാണ്. ന്യൂജനറേഷന്‍ സിനിമയിലെ പതിവുവേഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ അവര്‍ മികവുറ്റതാക്കി. സായികുമാര്‍, ബാല, സുധീര്‍ കരമന എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകനെയാണ് ഈ ചിത്രം നമുക്കു കാട്ടിത്തരുന്നത്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.