ആന്‍ മരിയയും രക്ഷകപുരുഷന്മാരും

‘ഓംശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിന്‍െറ തിരക്കഥാകൃത്ത് എന്ന നിലയിലാണ് നാം മിഥുന്‍ മാനുവല്‍ തോമസിനെ ആദ്യം അറിയുന്നത്. പെണ്ണിനു പിറകെ പോവുന്ന ആണിനെ മാത്രം കണ്ടുപരിചയിച്ച പ്രേക്ഷകര്‍ക്ക് ആണിനു പിറകെ പോവുന്ന പെണ്ണിനെ കാണിച്ച് ഒരു കഥ പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്ക് അതങ്ങ് ഇഷ്ടമായി. നസ്റിയയുടെ സാന്നിധ്യവും ചിത്രത്തെ തുണച്ചു. രണ്ടാംവരവില്‍ തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല മിഥുന്‍ മാനുവല്‍. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ഭീകര സിനിമ സംവിധാനം ചെയ്തുകളഞ്ഞു അദ്ദേഹം. തികച്ചും വ്യത്യസ്തമായ ടൈറ്റില്‍, കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങള്‍, കുറച്ചൊക്കെ ഉള്ളുകുലുങ്ങിച്ചിരിക്കാനുള്ള ചില രംഗങ്ങള്‍ എന്നിവയില്‍ തുടങ്ങിയ സിനിമ അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഒരു ഭീകര സിനിമയായി മാറുകയായിരുന്നു. പാളിപ്പോയ ആദ്യ സംവിധാനസംരംഭത്തില്‍നിന്ന് രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ മിഥുന്‍ ഒരു സംവിധായകനെന്ന നിലയില്‍ വളര്‍ന്നിട്ടുണ്ട്. രസകരമായ എന്‍റര്‍ടൈനര്‍ ഒരുക്കാനറിയുന്ന സംവിധായകനായി താന്‍ മാറിയിരിക്കുന്നുവെന്ന് തെളിയിക്കുകയാണ് ‘ആന്‍ മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിലൂടെ മിഥുന്‍.

പ്രശ്നത്തിലകപ്പെടുന്ന കുട്ടികള്‍ക്ക് രക്ഷകനായി ആരെങ്കിലും വരുന്നതാണ് മുഖ്യധാരയിലെ കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ഇതിവൃത്തം. താരേ സമീന്‍ പര്‍, ഫിലിപ്സ് ആന്‍റ് ദ മങ്കിപെന്‍ എന്നീ ചിത്രങ്ങളില്‍ നാം കണ്ട ആ രക്ഷകപുരുഷന്‍ ഇവിടെയും അവതരിക്കുന്നു. കുട്ടികളുടെ ചിത്രത്തിലെ ക്ളീഷേകള്‍ പലതും അതേപടി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. വീട്ടിനകത്തെ സ്നേഹരാഹിത്യം, വിവാഹമോചനത്തിന്‍െറ വക്കിലത്തെിനില്‍ക്കുന്ന മാതാപിതാക്കള്‍, സഹപാഠിയായ കുട്ടിയുടെ പ്രണയാഭ്യര്‍ഥന, അധ്യാപകന്‍െറ മോശമായ പെരുമാറ്റം, രക്ഷകരുടെ വരവ്, ഒരു മല്‍സരത്തിലെ പരാജയം വിജയത്തിലേക്കു നയിക്കുന്ന വഴികള്‍ അങ്ങനെ ഏതാണ്ടെല്ലാ ചേരുവകളും അതേപടി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് ഇതിവൃത്തത്തില്‍ കാര്യമായ പുതുമ പ്രതീക്ഷിച്ചുപോവുന്നവര്‍ക്കു നിരാശയായിരിക്കും ഫലം. പക്ഷേ, പഴകിത്തേഞ്ഞ പ്രമേയങ്ങളെ എങ്ങനെ ചേരുംപടി ചേര്‍ത്ത് കണ്ടിരിക്കാവുന്ന ഒരു വിനോദചിത്രമാക്കി മാറ്റിയെടുക്കാം എന്ന പരീക്ഷണത്തില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒറ്റത്തവണ മുഷിയാതെ ഇരുന്നു കാണാവുന്ന ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. പലയിടങ്ങളിലും ആവോളം നര്‍മം വിതറിയിട്ടുണ്ട് രചയിതാവു കൂടിയായ സംവിധായകന്‍. പഴകിപ്പുളിച്ച മിമിക്രി കോമഡിയല്ല, സന്ദര്‍ഭത്തിന് അനുസരിച്ച് സ്വാഭാവികമായി വരുന്ന നര്‍മമാണ് ചിത്രത്തിലുള്ളത്. ഇടക്കിടെ ചിരിപൊട്ടുന്നതുകൊണ്ട് ബോറടിക്കില്ല എന്നുറപ്പ്.

മുമ്പത്തെ രണ്ടു ചിത്രങ്ങളുടെയും പേരുകള്‍ പോലെ തന്നെ വ്യത്യസ്തമാണ് പുതിയ ചിത്രത്തിന്‍െറ പേരും. സിനിമയുടെ ഇതിവൃത്തവുമായി പുലബന്ധം പോലുമില്ലാത്ത ഇംഗ്ളീഷ് പേരിടുന്ന ന്യൂജനറേഷന്‍ സിനിമക്കാരുടെ കൂട്ടത്തില്‍ മിഥുന്‍ അങ്ങനെ വേറിട്ടുനില്‍ക്കുന്നു. പൂജാ മാത്യു ഗിരിയെ പ്രണയിക്കുന്ന ചിത്രത്തിന് ഓംശാന്തി ഓശാന എന്ന പേരിട്ടതുപോലെ, മൂന്നുനാലുപേരുടെ ജീവിതത്തില്‍ ആടിന്‍െറ ഇടപെടല്‍ കാണിക്കുന്ന സിനിമക്ക് ആട് ഒരു ഭീകരജീവിയാണ് എന്നു പേരിട്ടതുപോലെ ആന്‍മരിയ എന്ന പെണ്‍കുട്ടിയുടെ ആത്മരോഷങ്ങളുടെ കഥക്ക് യോജിച്ച പേരുതന്നെയാണ് ഇട്ടിരിക്കുന്നത്. പക്ഷേ ഇടക്കുവെച്ച് ആന്‍ മരിയയുടെ കലിപ്പ് എങ്ങോ പോയി മറയുന്നുവെന്നു മാത്രം. ചിത്രത്തിന്‍െറ തുടക്കത്തിലെ രോഷമൊന്നും പിന്നീട് ആ കഥാപാത്രത്തില്‍ നാം കാണുന്നില്ല. കുട്ടികളുടെ ചിത്രത്തിലെ സഹതാപമര്‍ഹിക്കുന്ന ഏതൊരു കഥാപാത്രത്തെയും പോലെ മാറുന്നു ആന്‍ മരിയയും.

സ്കൂളുകളില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന അധ്യാപകരെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം പതിവായി പത്രത്തില്‍ വായിക്കുന്നതാണ്. കായികാധ്യാപകന്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ തരുന്നുണ്ടെങ്കിലും ആ വിഷയത്തിലേക്ക് സിനിമ കടക്കുന്നില്ല. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ തന്‍െറ മുറിയിലേക്കു വിളിച്ചുവരുത്തീ വശീകരിക്കാന്‍ ശ്രമിക്കുന്ന അധ്യാപകനോട് കലിപ്പാണ് ആന്‍മരിയക്ക്. പക്ഷേ അതിനുള്ള കാരണം അവളുടെ ലോങ് ജമ്പ് ശരിയായിരുന്നിട്ടും അയാള്‍ ഫൗള്‍ വിളിച്ചുവെന്നതാണ്. അയാള്‍ തന്‍െറ അധ്യാപികയോട് വി ഹാഡ് എ നൈസ് ടൈം റ്റുഗദര്‍ എന്നു പറഞ്ഞതിന് എന്തിനാണ് ടീച്ചര്‍ കരഞ്ഞത്, അത് നല്ല അര്‍ഥത്തിലല്ളേ എന്ന് അവള്‍ പ്രിന്‍സിപ്പലിനോടു ചോദിക്കുന്നുണ്ട്. ആന്‍ മരിയക്ക് മനസ്സിലാവാത്തത് പ്രിന്‍സിപ്പലിന് മനസ്സിലാവുന്നുണ്ട്. പക്ഷേ അയാള്‍ അധ്യാപകനെതിരെ ഒരു നടപടിയുമെടുക്കുന്നില്ല എന്നത് പ്രേക്ഷകര്‍ക്ക് വിചിത്രമായി തോന്നും. മറിച്ച് അധ്യാപികയാണ് സ്കൂള്‍ വിട്ടുപോവുന്നത്. ആന്‍ മരിയയുടെ അച്ഛന്‍ ചെറുപ്രായത്തില്‍ ലോങ്ജമ്പിന് ഫസ്റ്റ് ആയിരുന്നു, അതുകൊണ്ട് തനിക്കും ഈ പ്രായത്തില്‍ ആ ദൂരത്തേക്ക് ചാടണമെന്നാണ് ആന്‍ മരിയയുടെ ആഗ്രഹം. അതിനു തടസ്സം നില്‍ക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് അധ്യാപകനെ അവള്‍ ശത്രുവായി കാണുന്നത്. വിദ്യാര്‍ഥിപീഡനം പ്രമേയത്തിന്‍െറ തലത്തില്‍ ഒരു സൂചന മാത്രമായി നില്‍ക്കുന്നു. ആ വഴിക്ക് വികസിപ്പിച്ചിരുന്നെങ്കില്‍ കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’(2004)യാവുമായിരുന്നു ഈ സിനിമ.

നിധി തന്‍െറ ചിറ്റപ്പനെ കൊല്ലാന്‍ പദ്ധതിയിടുന്നതുപോലെ ആന്‍ മരിയ തന്‍െറ അധ്യാപകനെ അടിക്കാന്‍ വാടകഗുണ്ടകളെ വിളിക്കുകയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍െറ കഥാഗതിയില്‍ അവിടെ വെച്ച് നമുക്ക് മഞ്ഞുപോലൊരു പെണ്‍കുട്ടിയെ ഓര്‍മവരും. ഒരു കോഴിയെപ്പോലും കൊല്ലാന്‍ കഴിയാത്ത ഗീരീഷ് അവളുടെ വാടകഗുണ്ടയായി മാറുന്നിടത്ത് ലാലു അലക്സും നിധിയുടെ ആണ്‍കൂട്ടുകാരും തോക്കുമായി നിധിയുടെ പീഡകനെ കൊല്ലാനൊരുങ്ങുന്നതും നമുക്ക് ഓര്‍മവരും. ഈ സിനിമകളൊക്കെ മറക്കാന്‍ ശ്രമിച്ചാല്‍ ഈ കഥാഗതികളൊക്കെ ആസ്വാദ്യമായി തോന്നുകയും ചെയ്യും. അല്ളെങ്കിലും കണ്ട സിനിമകളുടെ കഥകള്‍ എളുപ്പം മറക്കാനുള്ള സിദ്ധി കാഴ്ചക്കാര്‍ക്കുള്ളതുകൊണ്ടാണല്ളോ പുതിയ പ്രമേയങ്ങളും കഥാപരിസരങ്ങളുമൊക്കെ തിരഞ്ഞ് നമ്മുടെ സിനിമക്കാര്‍ പോവാത്തതും അല്‍പസ്വല്‍പമെങ്കിലും സര്‍ഗാത്മകതയുള്ളവര്‍ അതിനായി ഉറക്കമൊഴിക്കാത്തതും.!

സ്കൂളില്‍ പഠിക്കുമ്പോള്‍ പഠിപ്പിച്ച ഏതെങ്കിലും അധ്യാപകനെ ഒരിക്കലെങ്കിലും തല്ലാന്‍ തോന്നാത്ത ആരെങ്കിലുമുണ്ടോ എന്ന് സിദ്ദിഖ് അവതരിപ്പിക്കുന്ന ബേബിച്ചായന്‍ ചോദിക്കുന്നുണ്ട്. അതില്‍നിന്നാണ് ഈ ചിത്രത്തിന്‍െറ പിറവി. അന്നത്തെ പ്രതികാരവാഞ്ഛ ഇപ്പോഴും മനസ്സിലുള്ള മുതിര്‍ന്ന കുട്ടികളെയും ഈ ചിത്രം രസിപ്പിക്കുന്നത് അതുകൊണ്ടാണ്. ‘‘കുട്ടികളുടെ ചെറിയ ചെറിയ ആഗ്രഹങ്ങള് നമ്മളെക്കൊണ്ടു സാധിക്കാന്‍ പറ്റാവുന്നതാണേല്‍ സാധിച്ചുകൊടുത്തേക്കണം. മുതിരുമ്പോള്‍ അവര്‍ക്ക് ചെറിയ ആഗ്രഹങ്ങളൊന്നുമുണ്ടാവില്ളെന്നേ’’ എന്ന് ബേബിച്ചായന്‍ പറയുന്നുണ്ട്. സിനിമ കാണാനത്തെിയ പ്രേക്ഷകര്‍ക്കുള്ള സാരോപദേശമാണ് ബോബിച്ചായനിലൂടെ പുറത്തുവരുന്നത്. ശിഥില കുടുംബങ്ങളിലെ കുട്ടികള്‍ വഴി തെറ്റുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ചിത്രം നല്‍കുന്നു. ഡിവോഴ്സ് എന്ന പദത്തിന്‍െറ അര്‍ഥം നാലാംക്ളാസുകാരിയായ ആന്‍ മരിയ ഗൂഗിളില്‍ തിരഞ്ഞ് കണ്ടത്തെുന്നതും അതിന്‍െറ തിരിച്ചറിവില്‍ വേദനിച്ച് കുടുംബഫോട്ടോ കെട്ടിപ്പിടിച്ച് ഉറങ്ങുന്നതും ഹൃദയസ്പര്‍ശിയായ രംഗമായി.

പൂര്‍ണമായും കുട്ടികളെ കേന്ദ്രീകരിച്ചുള്ള സിനിമക്ക് വിപുലമായ സ്വീകാര്യത ഉണ്ടാവില്ളെന്ന് അറിഞ്ഞിട്ടാവണം കോമഡിയും ആക്ഷനും ഒക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട് സംവിധായകന്‍. നായകന്‍െറ തല്ലുകൊള്ളിയായ കൂട്ടുകാരന്‍ എന്ന നൂറ്റൊന്നാവര്‍ത്തിച്ച വേഷം അജു വര്‍ഗീസിന്‍െറ രൂപത്തില്‍ നമുക്കു കാണാം. ഫീല്‍ ഗുഡ് സിനിമകള്‍ക്ക് മാര്‍ക്കറ്റുള്ള കാലമാണ്. അതുകൊണ്ട് കാഴ്ചക്കാരന് കണ്ടുവേദനിക്കാന്‍ ഒന്നുമില്ല. വില്ലന്‍ പോലും നല്ലവനായിക്കളയുന്നതാണല്ളോ ഫീല്‍ ഗുഡ് സിനിമയുടെ സ്വഭാവം. ഓള്‍ ഈസ് വെല്‍ എന്ന പാട്ടും പാടി പൊടിയും തട്ടി പ്രേക്ഷകനു വീട്ടില്‍ പോവാം.

ചിത്രത്തിലെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചവരെല്ലാം കുട്ടികളാണ്. മുംബൈക്കാരിയായ സാറ അര്‍ജുന്‍ എന്ന പതിനൊന്നുകാരിയാണ് ആന്‍ മരിയയായി രംഗത്തുവരുന്നത്. എ.എല്‍.വിജയിന്‍െറ ദൈവത്തിരുമകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഈ പെണ്‍കുട്ടി അദ്ദേഹത്തിന്‍െറ ശൈവം എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളിക്കുട്ടി അല്ല എന്നു തോന്നിപ്പിക്കുന്ന ഒരു സീനുമില്ലാതെ സാറ തന്‍െറ വേഷം ഭംഗിയാക്കി. ആന്‍ മരിയയോടു പ്രണയാഭ്യര്‍ഥന നടത്തുന്ന അവിനാഷ് എന്ന കുട്ടിയെ അവതരിപ്പിച്ച മാസ്റ്റര്‍ വിശാല്‍  വിസ്മയിപ്പിക്കുന്ന ഭാവപ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനംകവരും. പൂമ്പാറ്റ ഗിരീഷ് ആയി വന്ന സണ്ണി വെയ്ന്‍ തന്‍െറ ആദ്യ ചിത്രത്തിലെ അഭിനയ ചാരുത പിന്നീടൊരിക്കലും പുറത്തെടുത്തു കണ്ടിട്ടില്ല. അജു വര്‍ഗീസ് ഈ ചിത്രത്തിലും ടൈപ്പ് വേഷത്തില്‍ ഒതുക്കപ്പെടുന്നു. ബേബിച്ചായനായി വരുന്ന സിദ്ദിഖ് തന്‍െറ അയത്നലളിതമായ അഭിനയശൈലി കൊണ്ട് ഒരിക്കല്‍ക്കൂടി പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. പി.ടി മാസ്റ്ററായി വരുന്ന ജോണ്‍ കൈപ്പള്ളി തന്‍െറ വേഷത്തോടു നീതി പുലര്‍ത്തിയിട്ടുണ്ട്. അതിഥി താരമായി വരുന്ന ദുല്‍ഖര്‍ സല്‍മാന് ചിത്രത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വിഷ്ണു ശര്‍മയുടെ ക്യാമറയും ഷാന്‍ റഹ്മാന്‍െറ സംഗീതവും ശരാശരിയിലൊതുങ്ങുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.