മഴക്കാലമാമ്പഴത്തിന്‍െറ മധുരവും പുളിപ്പും

ടീസറുകളുടെയും ട്രെയിലറുകളുടെയും കാലമാണ്. പല ചിത്രങ്ങളും കാണണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ട്രെയിലര്‍ കണ്ടാല്‍ മതി എന്നതാണ് അവസ്ഥ. സിനിമയുടെ പുതുമയെയും അവതരണരീതിയെക്കുറിച്ചുമൊക്കെ ഒരേകദേശരൂപം നമുക്കു കിട്ടും. ട്രെയിലര്‍ കണ്ടിട്ടുള്ള മുന്‍വിധി പലപ്പോഴും തെറ്റാറില്ല. പക്ഷേ ഇത്തവണ തെറ്റി. വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ ട്രെയിലറായിരുന്നു അബി വര്‍ഗീസ് സംവിധാനം ചെയ്ത ‘മണ്‍സൂണ്‍ മാംഗോസി’ന്‍േറത്. കണ്ടുമടുത്ത കാഴ്ചകളില്‍നിന്ന് വേറിട്ട എന്തെങ്കിലുമൊക്കെ ഇതില്‍ കാണാമെന്ന് ആ ട്രെയിലര്‍ വാഗ്ദാനംചെയ്തു. പക്ഷേ തിയറ്ററിലത്തെിയപ്പോള്‍ ട്രെയിലറിലെ നിമിഷാര്‍ധങ്ങളുടെ പുതുമയേ പടത്തില്‍ ഉള്ളൂ എന്ന് മനസ്സിലായി.

‘അക്കരക്കാഴ്ചകള്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എന്ന നിലയില്‍ കഴിവു തെളിയിച്ചിട്ടുള്ളയാളാണ് അബി വര്‍ഗീസ്. അമേരിക്കയിലെ പ്രവാസികളുടെ ദൈനംദിന ജീവിതത്തിലെ നുറുങ്ങു നര്‍മങ്ങള്‍ നമ്മുടെ സ്വീകരണമുറിയിലേക്കു കൊണ്ടുവന്ന പരമ്പര ലക്ഷണമൊത്ത സിറ്റ്കോം ആയിരുന്നു. അദ്ദേഹത്തിന്‍െറ ആദ്യ ചലച്ചിത്രസംരംഭം പലയിടങ്ങളിലും ‘അക്കരക്കാഴ്ചകളു’ടെ വലിച്ചുനീട്ടിയ എപ്പിസോഡുകള്‍ പോലെ തോന്നുന്നു എന്നതാണ് ചിത്രത്തിന്‍െറ പ്രധാന ന്യൂനത. ആദ്യപകുതിയില്‍ നീണ്ടുപോകുന്ന ഗാര്‍ഹികരംഗങ്ങളിലും ഓഫീസ് രംഗങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ ആ സിറ്റ്കോമിന്‍െറ ജനപ്രിയ സാധ്യതകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍ദോഷമായ ആ നര്‍മം പല രംഗങ്ങളിലും രസകരമാണ്. സിനിമയിലേക്കു വളരാത്ത സീനുകളാണ് ചിത്രത്തില്‍ ഏറെയും. രണ്ടാംപകുതിയില്‍ സംവിധായകന്‍ അതിനെ ഏറക്കുറെ മറികടക്കുന്നുണ്ട്.

സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്ന ഡി.പി പള്ളിക്കല്‍ എന്ന യുവാവിന്‍െറ കഥയിലൂടെ സിനിമയോ ജീവിതമോ വലുത് എന്ന ചോദ്യമാണ് സിനിമ ഉന്നയിക്കുന്നത്. കാലഗണനയുടെ കാര്യത്തില്‍ ചിത്രം പ്രേക്ഷകനെ കുഴക്കുന്നുണ്ട്. കേന്ദ്രകഥാപാത്രമായ ഡി.പി വിന്‍ഡോസ് 95 എന്ന ഓപറേറ്റിങ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടര്‍ നന്നാക്കുന്നതായി കാണിക്കുന്നതുകൊണ്ട് അമേരിക്കയില്‍ തൊണ്ണൂറുകളുടെ രണ്ടാംപകുതിയിലാണ് കഥ നടക്കുന്നത് എന്ന് അനുമാനിക്കാം. തിരക്കഥ ടൈപ്പുചെയ്ത് അയാള്‍ ഫ്ളോപ്പി ഡിസ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. പക്ഷേ അയാള്‍ സമീപിക്കുമ്പോള്‍ അമേരിക്കയിലെ വിതരണക്കാരന്‍ തുണ്ടുപടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അത്തരം പടങ്ങള്‍ മാത്രമേ അയാള്‍ വിതരണത്തിന് എടുക്കുന്നുള്ളൂ. ഒരു നടിയുടെ ചിത്രം ഡി.പി കാണിച്ചുകൊടുക്കുമ്പോള്‍ അവളുടെ മാറിടത്തില്‍ ചൂണ്ടി ഇവിടെ നമുക്ക് മണ്‍സൂണ്‍ മാംഗോസ് എന്ന് ടൈറ്റില്‍ ഇട്ടാലോ എന്നു ചോദിക്കുന്ന വഷളനാണ് ആ വിതരണക്കാരന്‍. അലന്‍സിയര്‍ ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ തുണ്ടുപടങ്ങളുടെ ട്രെന്‍ഡ് രണ്ടാംവരവ് തുടങ്ങുന്നത് 2000ത്തില്‍ റിലീസ് ആയ കിന്നാരത്തുമ്പികളോടെയാണ്. അതിനു മുമ്പ് അര്‍ധനീലതരംഗം അലയടിച്ചത് എണ്‍പതുകളുടെ രണ്ടാംപാദത്തില്‍ ആയിരുന്നു. വിതരണക്കാരന്‍െറ ഓഫീസില്‍ അത്തരം ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കാണാം. പോസ്റ്ററുകളുടെ ഡിസൈന്‍ സ്വഭാവം വെച്ചുനോക്കുമ്പോള്‍ എഴുപതുകളിലെ സിനിമകളെന്നു തോന്നിപ്പിക്കുന്നു അവ. പ്രത്യേകിച്ചും ഇടക്കിടെ കാണിക്കുന്ന റോസി എന്ന ചിത്രത്തിന്‍െറ പോസ്റ്റര്‍. ഡി.പി പള്ളിക്കല്‍ നിര്‍മിക്കുന്ന ചിത്രങ്ങളാവട്ടെ ബ്ളാക്ക് ആന്‍റ് വൈറ്റിലുമാണ്. ടൈറ്റില്‍ കാര്‍ഡിനു മുമ്പുള്ള ദൃശ്യങ്ങളില്‍ കാട്ടുന്ന സിനിമാഖണ്ഡം ശ്രദ്ധിക്കുക. എണ്‍പതുകളിലെ ദൂരദര്‍ശന്‍ പോലെ തോന്നിക്കുന്ന ചാനലിലാണ് ദിനേഷ് പ്രഭാകര്‍ വാര്‍ത്ത വായിക്കുന്നത്. ജേക്കബ് ഗ്രിഗറി പ്രത്യക്ഷപ്പെടുന്ന ഐറ്റംഡാന്‍സ് ഏതായാലും തൊണ്ണൂറുകള്‍ക്കു മുമ്പുള്ള ഒരു കാലത്തിലേതാണ്. ഇങ്ങനെ ബ്ളാക്ക് ആന്‍റ് വൈറ്റ് കാലം, അര്‍ധനീലതരംഗത്തിന്‍െറ കാലം, വിന്‍ഡോസ് 95 ഓപറേറ്റിങ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറിന്‍െറ ഉപയോഗം എന്നിവ ഒരുമിച്ചുവരുന്ന ഒരു കഥാകാലം പ്രേക്ഷകനെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

സ്പീല്‍ബര്‍ഗും സത്യജിത്ത് റായിയും പത്മരാജനുമൊക്കെയാണ് ഡി.പി പള്ളിക്കലിന്‍െറ ആരാധനാമൂര്‍ത്തികള്‍. പക്ഷേ അവരെപ്പോലെ സിനിമയെടുക്കാനുള്ള കഴിവ് ഡി.പിക്ക് ഇല്ല. സിനിമയോടുള്ള അഭിനിവേശം മാത്രമാണ് അയാള്‍ക്ക് കൈമുതലായുള്ളത്. അയാളുടെ സിനിമയിലെ നായകനായ നടന്‍ പ്രേംകുമാര്‍ പറയുന്നതുപോലെ വാലും തുമ്പുമില്ലാത്ത പടങ്ങളാണ് അയാള്‍ എടുക്കുന്നത്. താനെടുക്കുന്ന പടങ്ങളേക്കാള്‍ ജീവനുണ്ടെടോ ഞാന്‍ പടമെടുക്കുന്ന ശവങ്ങള്‍ക്ക് എന്ന് ചിത്രത്തിന്‍െറ ഛായാഗ്രാഹകന്‍ പറയുന്നു. കേന്ദ്ര കഥാപാത്രത്തിന്‍െറ സ്വഭാവവ്യാഖ്യാനത്തിലാണ് സിനിമയുടെ പ്രശ്നം മുഴുവന്‍ കിടക്കുന്നത്. ഇടക്കിടക്ക് ഒരു പ്രചോദനാത്മക വീഡിയോവിന്‍െറ പരിവേഷത്തിലേക്കു താഴുന്നുണ്ട് സിനിമ. ആസ്വദിക്കുന്ന കാര്യം ചെയ്യുമ്പോഴാണ് നാം ജീവിക്കുന്നു എന്നു തോന്നുക എന്ന് ഒരു കഥാപാത്രം പറയുന്നു.

ജോലി സ്ഥലത്തുനിന്ന് തിരക്കഥയുടെ പ്രിന്‍റൗട്ട് എടുക്കുന്ന ഡി.പി പിരിച്ചുവിടപ്പെടുകയാണ്. അതത്തേുടര്‍ന്ന് അയാള്‍ താന്‍ ആസ്വദിക്കുന്ന സിനിമാ നിര്‍മാണം എന്ന അഭിനിവേശത്തിലേക്കു തിരിയുന്നു. സിനിമ നിങ്ങളുടെ ജീവിതമാക്കരുത്, ജീവിതം സിനിമയാവട്ടെ എന്ന അര്‍ഥത്തിലുള്ള നടന്‍ പ്രേംകുമാറിന്‍െറ സംഭാഷണത്തിലാണ് സിനിമയുടെ ഊന്നല്‍. ഒരു സിനിമയാക്കാന്‍ മാത്രം സംഭവബഹുലമാണ് പ്രേംകുമാറിന്‍െറ ജീവിതം. പക്ഷേ ഡി.പിയുടെ ജീവിതം അങ്ങനെയല്ല. അഭിനിവേശം കൊണ്ടുമാത്രം ഒരാള്‍ക്ക് ചലച്ചിത്രകാരനാവാന്‍ കഴിയുമോ? മാങ്ങകള്‍ കാണുമ്പോള്‍ ഓര്‍മകളിലേക്കു മടങ്ങുന്ന ഒരഭിനേതാവിന്‍െറ അമിതാഭിനയം കൈയടിച്ച് ശരിവെക്കുന്നുണ്ട് അയാള്‍. പരിതാപകരം എന്ന് നമുക്കു തോന്നുന്ന തരത്തിലാണ് അയാളുടെ ചലച്ചിത്രസംവിധാനം. ബര്‍ഗ്മാന്‍െറ ക്ളാസിക് ചിത്രമായ ‘സെവന്‍ത് സീലി’ല്‍ മധ്യയുഗത്തിലെ പ്രഭു മരണവുമായി ചെസ് കളിക്കുന്ന വിഖ്യാതമായ രംഗമുണ്ടല്ളോ. അത്തരമൊന്ന് ചിത്രത്തില്‍ തിരുകിക്കയറ്റുന്നുമുണ്ട് ഡി.പി. ആ അര്‍ഥത്തില്‍ അയാള്‍ സര്‍ഗാത്മക മോഷണം പോലും നടത്തുന്നുണ്ട്. വാസ്തവത്തില്‍ ഡി.പി പള്ളിക്കലിന്‍െറ അസ്തിത്വം എന്താണ്? അയാളില്‍ ഒരു ചലച്ചിത്രകാരനുണ്ടോ? ഒരു നല്ല സിനിമയിലേക്കു നടന്നടുക്കാനാവും അയാള്‍ക്ക് എന്നു തോന്നിക്കുന്ന ഒരു ദൃശ്യംപോലും നാം കാണുന്നില്ല. അപ്പോള്‍ പ്രചോദനാത്മക സ്വഭാവമുള്ള രംഗങ്ങളിലൂടെ സിനിമ ധ്വനിപ്പിക്കുന്നത് എന്താണ്? ഇത്തരത്തില്‍ ഏറെ അവ്യക്തതകള്‍  നിറഞ്ഞതാണ് കേന്ദ്രകഥാപാത്രം.

ലോകത്ത് മൂന്നു തരത്തിലുള്ളവരെക്കുറിച്ച് ഡി.പി പറയുന്നുണ്ട്. നല്ളൊരു കുടുംബം, നല്ല ശമ്പളം, നല്ല ജീവിതം എന്നിവയില്‍ തൃപ്തിപ്പെടുന്ന ഒരു വിഭാഗം. ഇവ മാത്രം പോരെന്നു വെച്ച് മനോഹരമായ സൃഷ്ടികളെടുത്ത് കാലാതീതരായി മാറുന്ന കലാകാരന്മാരും എഴുത്തുകാരും, ഇതിനു രണ്ടിനും ശ്രമിച്ച് പരാജയമടയുന്ന മൂന്നാമത്തെ വിഭാഗം. ഇവരില്‍ താന്‍ എവിടെ സ്ഥാനപ്പെടുന്നു എന്ന് ഡി.പി പറയുന്നില്ല. ഒരു പരിധിവരെ ഉത്തരങ്ങള്‍ പ്രേംകുമാറില്‍ ഉണ്ട്. അയാള്‍ കലാജീവിതത്തിലും വ്യക്തിജീവിതത്തിലും കടുത്ത പരാജയമാണ്. അതുകൊണ്ടാണ് അയാള്‍ മദ്യത്തില്‍ അഭയം തേടുന്നത്. (തക്കാളി നടുന്നതിനിടെ മണ്ണു കിളച്ചുമറിക്കുമ്പോള്‍ അയാള്‍ കുടിച്ചൊഴിഞ്ഞ വൈല്‍ഡ് ടര്‍ക്കി വിസ്കിയുടെ ബോട്ടിലുകള്‍ കാണുന്ന ദൃശ്യത്തില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പു കാണാം. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന്‍െറ ആ തമാശ ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്. കുടിക്കുന്നത് കാണിച്ചാല്‍ മാത്രമല്ല മണ്ണിലമര്‍ന്നു കിടക്കുന്ന കാലിക്കുപ്പി കാണിച്ചാലും മുന്നറിയിപ്പു വേണം. കൊല്ലുന്നതൊന്നും ആരോഗ്യത്തിന് ഹാനികരമല്ല.) പ്രേംകുമാറിന്‍െറ ജീവിതം ഡി.പി പള്ളിക്കലിന് സിനിമയാവുമ്പോള്‍ ഡി.പിയുടെ ജീവിതം ആരുടെ സിനിമയാണ്? കലാബോധമില്ലാതെ അഭിനിവേശംകൊണ്ടുമാത്രം കലാലോകത്തിന്‍െറ ഭാഗമായിരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ ആത്യന്തികമായി കലാലോകത്തിന് നല്‍കുന്നത് എന്തായിരിക്കും? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് പടം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകമനസ്സില്‍ ബാക്കിയാവുക. കലാബോധവും കഴിവും ഒന്നുമില്ളെങ്കില്‍ കൂടിയും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ജീവിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവാന്‍ മാത്രം അഭിനിവേശങ്ങളെ മുറുകെപ്പിടിക്കുന്ന വ്യക്തികള്‍ക്കുള്ള പ്രചോദനമെന്ന നിലയിലായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നും അനുമാനിക്കാം.

ആസ്വാദനം ആത്മനിഷ്ഠമായ പ്രവൃത്തിയാണല്ളോ. സന്തോഷ് പണ്ഡിറ്റിന്‍െറ സിനിമകള്‍ ആസ്വദിക്കുന്നവരും ആസ്വാദകരാണ്. സാങ്കേതികത്തികവാര്‍ന്ന ഹോളിവുഡ് സിനിമയുടെ സൗന്ദര്യമാസ്വദിക്കുന്ന ഒരാള്‍ക്ക് മലയാളത്തിലെ ആക്ഷന്‍ത്രില്ലര്‍ ആസ്വദിക്കാന്‍ കഴിയണമെന്നില്ല. മുഖ്യധാരാ മലയാള സിനിമക്ക് സന്തോഷ് പണ്ഡിറ്റിന്‍െറ സിനിമകള്‍ പോലെ തോന്നാം ഹോളിവുഡിന് മലയാളത്തിലെ മുഖ്യധാരാ സിനിമ. ആ അളവുകോല്‍ വെച്ചുനോക്കൂമ്പോള്‍ ഡി.പി പള്ളിക്കലിന്‍െറ വാലും തുമ്പുമില്ലാത്ത, ജീവനില്ലാത്ത സിനിമകള്‍ ആസ്വദിക്കുന്നവരുമുണ്ടാവാം. നിങ്ങള്‍ക്ക് സിനിമയോട് അടങ്ങാത്ത ആവേശമുണ്ടെങ്കില്‍, അതുകൂടാതെ ജീവിതം ആസ്വദിക്കാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ സിനിമ ചെയ്യൂ, അതിന്‍െറ കലാമൂല്യം കാലം തിരിച്ചറിഞ്ഞോളും എന്നും ഈ സിനിമ പറയുന്നുണ്ട്.


സാങ്കേതിക മികവുണ്ട് സിനിമക്ക്. ബ്രൂക്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രാഹകന്‍ ലൂക്കാസ് പ്രുച്നിക് ആണ് ദൃശ്യങ്ങള്‍ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നത്. മികച്ച ഒരു സംവിധായകന്‍െറ കൈയൊപ്പ് പ്രകടമായ ദൃശ്യങ്ങള്‍ പ്രേംകുമാറിന്‍െറ ബാല്യകാലം കാണിക്കുന്ന ഇന്ത്യന്‍പശ്ചാത്തലത്തിലുള്ള രംഗങ്ങളിലുണ്ട്. മണ്‍സൂണ്‍ വെഡ്ഡിങ്, ഡല്ലി ബെല്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് റാസ് പ്രേംകുമാര്‍ ആയി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഫഹദും വിനയ് ഫോര്‍ട്ടും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ഫഹദിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയൊന്നുമല്ല ഈ കഥാപാത്രം. വലിയ അഭിനയസാധ്യതകള്‍ ഉള്ള വേഷമല്ല ഇത്. വേറിട്ട സിനിമയെടുക്കാനുള്ള ആത്മാര്‍ഥമായ ശ്രമം തീര്‍ച്ചയായും അബി വര്‍ഗീസിനുണ്ടായിരുന്നു. പക്ഷേ ശ്രമം പലയിടങ്ങളിലും പാളിപ്പോയി എന്നു മാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.