ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘പാവാട’ മദ്യത്തില്‍ മുങ്ങി ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. മലയാളിയുടെ മദ്യപാനശീലത്തെ പറ്റി ഇതിനു മുമ്പ് ഒരു മലയാള സിനിമ വന്നത് ‘സ്പിരിറ്റ്’ എന്ന പേരിലാണ്. കള്ളുകുടി നിര്‍ത്തിയവനെക്കൂടി ബാറിലേക്ക് ഓടിക്കുന്ന ചിത്രമായിരുന്നു അത്. കാശുള്ളവന്‍ മദ്യപിച്ചാല്‍ അതൊരു നേരംപോക്കാണെന്നും പാവപ്പെട്ടവന്‍ മദ്യപിക്കുന്നത് സാമൂഹികവിപത്താണെന്നുമായിരുന്നു രഞ്ജിത്തിന്‍െറ സ്പിരിറ്റ് തന്ന ഉദാത്തമായ സന്ദേശം. ‘പാവാട’ പക്ഷേ അങ്ങനെയുള്ള ഇരട്ടനയം കാട്ടുന്നില്ല. കച്ചവട സിനിമയുടെ എല്ലാ ചേരുവകളോടെയും തന്നെ മദ്യപാനത്തിന്‍െറ ദൂഷ്യവശങ്ങളെക്കുറിച്ച് രസകരമായി സംസാരിക്കുന്നുണ്ട്. എന്നുവെച്ച് ഇതൊരു ഉദാത്ത സിനിമയാണെന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. നിങ്ങള്‍ക്ക് മുഷിയാതെ കണ്ടിരിക്കാനുള്ള വകയൊക്കെ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും കുടിയന്മാര്‍ക്ക്. അവര്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന ചില ജീവിതയാഥാര്‍ഥ്യങ്ങളും അതില്‍ കണ്ടേക്കും. അതുതന്നെയാണ് ചിത്രത്തിന്‍െറ വിജയരഹസ്യം.
ബോക്സോഫീസില്‍ നിലംതൊടാതെ പോയ ദൈവത്തിന്‍െറ സ്വന്തം ക്ളീറ്റസ്, അച്ചാദിന്‍ എന്നീ സിനിമകള്‍ക്കു ശേഷമാണ് ജി.മാര്‍ത്താണ്ഡന്‍ ‘പാവാട’യുമായി എത്തുന്നത്. ഭേദപ്പെട്ട തിരക്കഥയില്‍നിന്ന് വാണിജ്യവിജയം കൊയ്യാന്‍ ഇത്തവണ അദ്ദേഹത്തിനു കഴിഞ്ഞേക്കും. മാസ് ഓഡിയന്‍സിനും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥ നല്‍കിയ ബിപിന്‍ ചന്ദ്രനാണ് ഇത്തവണ അദ്ദേഹത്തിനു തുണയായത്. ഇതിലും മികച്ച ട്രീറ്റ്മെന്‍റ് ഈ സ്ക്രിപ്റ്റ് അര്‍ഹിച്ചിരുന്നുവെന്ന് കാണുന്ന ആര്‍ക്കും തോന്നും. കുടിയന്മാരുടെ ഇടയില്‍ പതിവായ ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവോളമുണ്ട് സിനിമയില്‍. അത് അതിരുകടന്ന് അശ്ളീലത്തിലേക്ക് പോവാതെ ശ്രദ്ധിച്ചിട്ടുണ്ടെന്നു മാത്രം. എന്നാല്‍ മൈനാഗം കടലില്‍നിന്നുയരുന്നുവോ, പൂമാനമേ ഒരു രാഗമേഘം താ തുടങ്ങിയ ഗാനങ്ങളുപയോഗിച്ച രംഗങ്ങളില്‍ അവ വല്ലാത്ത കല്ലുകടിയാവുന്നു. ജോണ്‍ എബ്രഹാം എന്ന എക്കാലത്തെയും വലിയ മദ്യപനായ പ്രതിഭാശാലിയുടെ പടം ചിത്രത്തിലുണ്ട്. ‘എന്നെ കുടിയനെന്നു വിളിക്കരുത്, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുച്ഛമാണ്. ഞാന്‍ കുടിച്ച കണ്ണീരിനോളം വരില്ല അത്’ എന്ന കുടിയന്മാരുടെ പ്രമാദമായ ന്യായവാദം ടൈറ്റില്‍ കാര്‍ഡിനു മുമ്പേ തെളിയുന്നു. ബാറുകള്‍ അടയ്ക്കുന്നതിനു മുമ്പുള്ള കഥയാണിത് എന്നും മുന്‍കൂട്ടി സൂചിപ്പിക്കുന്നുണ്ട്.
ആത്യന്തികമായി ഇത് തിരക്കഥാകൃത്തിന്‍െറ സിനിമയാണ്. ‘ബെസ്റ്റ് ആക്ടര്‍’, ‘1983’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ തന്‍െറ വരവറിയിച്ച എഴുത്തുകാരന്‍െറ സിനിമ. തിരക്കഥയുടെയും സംഭാഷണത്തിന്‍െറയും രസച്ചേരുവകള്‍ കൊണ്ടുമാത്രം കണ്ടിരിക്കാവുന്ന സിനിമയാണിത്. പഴയ മേക്കിങ് ശൈലിയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. 2011ല്‍ ന്യൂജനറേഷന്‍ സിനിമ പുതിയ കാഴ്ചാനുഭവങ്ങളുമായി വന്നതിനുശേഷം കച്ചവട സിനിമകളുടെ സംവിധായകര്‍ പോലും മേക്കിങ് ശൈലിയില്‍ മാറ്റംവരുത്തി തുടങ്ങിയിരുന്നു. സാങ്കേതികത്തികവാര്‍ന്ന ഫ്രെയിമുകളും ക്ളീഷേ അല്ലാത്ത ട്രീറ്റ്മെന്‍റുമൊക്കെയായി ഈ മാറ്റങ്ങള്‍ വന്നു. അതൊന്നും പക്ഷേ മാര്‍ത്താണ്ഡന്‍ അറിഞ്ഞ മട്ടില്ല. അദ്ദേഹം ഏതോ പഴയ ട്രാക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തിരക്കഥയിലുള്ളത് അല്‍പസ്വല്‍പം മികവാര്‍ന്ന ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ പോലും ശ്രമിച്ചിട്ടില്ല എന്നു സാരം.
തുടക്കം മുതല്‍ അതിഭീകരമായ പശ്ചാത്തല സംഗീതംകൊണ്ട് ഭൂരിഭാഗം സംഭാഷണങ്ങളും കേള്‍ക്കാന്‍ കഴിയുന്നില്ല. കര്‍ണകഠോരം എന്നു തന്നെ വിശേഷിപ്പിക്കണം ഈ ചിത്രത്തിലെ ബാക്ഗ്രൗണ്ട് സ്കോറിനെ. പ്രതിഭാസമ്പന്നനായ ഗോപിസുന്ദറാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ‘1983’ന്‍െറ പശ്ചാത്തല സംഗീതത്തിന് ദേശീയ അംഗീകാരം തന്നെ നേടിയ ആളാണ്. ‘ഉസ്താദ് ഹോട്ടലി’ന്‍െറയൊക്കെ പശ്ചാത്തലസംഗീതം ആസ്വദിക്കാന്‍ വേണ്ടി മാത്രം പിന്നെയും പിന്നെയും ആ സിനിമ കണ്ടുപോകും. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. ചെവി പൊത്താന്‍ പോലും തോന്നിപ്പിക്കുന്ന വിധം അരോചകമാണ് ഈ ചിത്രത്തിന്‍െറ പശ്ചാത്തലസംഗീതം. അലറിക്കരയുന്ന സംഗീത ഉപകരണങ്ങളുടെ കലഹത്തില്‍നിന്ന് സംഭാഷണങ്ങള്‍ കേട്ട് മനസ്സിലാക്കാന്‍ കാണിക്ക് ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരുന്നു. പൃഥ്വിരാജ് അമ്മയെപ്പറ്റി വികാരാധീനനാവുമ്പോള്‍ പിന്നണിയില്‍ സംഗീതോപകരണങ്ങള്‍ കൂട്ടക്കരച്ചില്‍ നടത്തുന്നു. ചെയ്ത മ്യൂസിക്കിന്‍െറ ഓഡിയോ ലെവല്‍ ഉയര്‍ന്നതുകൊണ്ടാണോ സംഭാഷണങ്ങള്‍ വ്യക്തമാവാതെ പോവുന്നത് എന്ന് ചിത്രത്തിന്‍െറ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവരോടു ചോദിക്കേണ്ടിവരും. എന്തായാലും ഗോപി സുന്ദര്‍ തിയറ്ററില്‍ പോയി പടം കാണുന്നത് നല്ലതാണ്.
സിനിമയുടെ ആദ്യപകുതിയില്‍ കുടിയന്മാരുടെ ആഘോഷങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. പാവാട ബാബു എന്ന പ്രൊഫ. ബാബു ജോസഫിനെ നാം ആദ്യം കാണുന്നു. കയ്പേറിയ ഭൂതകാലം അയാള്‍ കുടിച്ചുതീര്‍ക്കുകയാണ്. പിന്നീടാണ് പാമ്പുജോയിയിലേക്കു വരുന്നത്. അവര്‍ക്കിടയില്‍ തികച്ചും സ്വാഭാവികമായി ഒരു സൗഹൃദം ഉടലെടുക്കുന്നു. പക്ഷേ അപ്രതീക്ഷിതമായ ഒരു വെട്ടിത്തിരിയലില്‍ ഇരുവരും രണ്ടുപക്ഷത്താവുന്നു. അവിടെയാണ് എന്തുകൊണ്ട് ചിത്രത്തിന് പാവാട എന്നു പേരു വന്നു എന്ന് നാമറിയുന്നത്. സ്വയം മറന്നുള്ള മദ്യപാനം ഒരാളെ കൊണ്ടു ചെന്നത്തെിക്കുന്ന ചതിക്കുഴികളെ കാണിച്ചുതരുന്ന സിനിമ മറ്റൊരു സാമൂഹിക പ്രശ്നത്തിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. അത് എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ ഒടുവിലും കൃത്യമായ ഇടവേളകളില്‍ കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന അര്‍ധനീലതരംഗമാണ്. സിനിമയെ കല എന്ന നിലയില്‍നിന്നും ലൈംഗിക ഉത്തേജനത്തിനുള്ള ഉപാധിയാക്കി മാറ്റിയ കച്ചവടം കൊഴുത്ത കാലത്തെ ഇരുവരുടെയും ഭൂതകാലവുമായി കൂട്ടിയിണക്കുന്നുണ്ട് തിരക്കഥാകൃത്ത്. രണ്ടുപേരെയും മുഴുക്കുടിയന്മാരാക്കി മാറ്റിയ ഒരു ചതിയുടെ കഥയുണ്ട് അതിനു പിന്നില്‍. ആ കഥയിലേക്കാണ് രണ്ടാംപകുതിയില്‍ നാം പ്രവേശിക്കുന്നത്. ആദ്യപകുതി ഹാസ്യത്തിന്‍െറ പാതയിലൂടെ നീങ്ങിയ സിനിമ രണ്ടാംപകുതിയില്‍ സീരിയസ് ആവുന്നു. ആദ്യഭാഗം കുടിയന്മാര്‍ക്കും കുടി ആഘോഷിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. രണ്ടാംപകുതി അവര്‍ തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ക്കുള്ളതാണ്. ഈ കൂട്ടിയിണക്കലാണ് ചിത്രത്തിന്‍െറ രസതന്ത്രം.
പൃഥിരാജിന്‍െറ താരശരീരത്തിന് കുറച്ചുകൂടി വഴക്കം കൂടിയിട്ടുണ്ടെന്നു തോന്നിപ്പിക്കുന്നു കേന്ദ്രകഥാപാത്രമായ പാമ്പു ജോയ്. നന്ദനത്തിനുശേഷം വന്ന പല സിനിമകളിലും ഈ വഴക്കമില്ലായ്മ പൃഥ്വിരാജിന് വിനയായിരുന്നു. ഇന്ത്യന്‍റുപ്പിയിലും മാണിക്യക്കല്ലിലും മറ്റും അത് പ്രകടമായി മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നു. വിദേശത്ത് എവിടെയോ പഠിക്കാന്‍ പോയി തിരിച്ചുവന്ന പയ്യന്‍െറ ഇമേജാണ് മലയാള സിനിമയില്‍ പൃഥ്വിരാജിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കുറേക്കാലം കിട്ടിയത് അത്തരം വേഷങ്ങള്‍ തന്നെ. ‘അമര്‍ അക്ബര്‍ അന്തോണി’ക്കു ശേഷമാണ് പഠിപ്പും പത്രാസുമില്ലാത്ത ഒരുവന്‍െറ വേഷം പൃഥ്വിരാജ് അണിയുന്നത്. അത് ആ ചിത്രത്തിലേതിനേക്കാള്‍ അയവുള്ള ശരീരഭാഷ കൊണ്ട് മികച്ചതാക്കിയിരിക്കുന്നു അദ്ദേഹം. തുടര്‍ച്ചയായ നാലാമത്തെ ഹിറ്റാണ് ‘പാവാട’. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം മറ്റു നടന്മാരേക്കാള്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്നതിന്‍െറ ഉദാഹരണമാണിത്. പ്രണയം, പ്രതികാരം എന്നീ പതിവു പ്രമേയങ്ങളില്‍നിന്നു മാറി നടക്കാനുള്ള പൃഥ്വിരാജിന്‍െറ താല്‍പര്യമാണ് ഈ കഥയുടെ തെരഞ്ഞെടുപ്പിനു പിന്നില്‍. വാണിജ്യ സിനിമയുടെ ഭാഗമായിരിക്കുമ്പോള്‍, ആള്‍ക്കൂട്ടത്തെ തിയറ്ററില്‍ എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.അതിനു കഴിയുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പൊലീസ്, പട്ടാളവേഷങ്ങളില്‍നിന്നും കുറേക്കൂടി താഴെയിറങ്ങി മാസ് അപ്പീലുള്ള വേഷങ്ങള്‍ തിരഞ്ഞുപോവുന്നത്. പാമ്പു ജോയി അയവാര്‍ന്ന അഭിനയശൈലിയുടെ വിജയമാകുന്നതോടെ ഇത്തരം കൂടുതല്‍ കഥാപാത്രങ്ങള്‍ പൃഥ്വിരാജിനെ തേടിയത്തെുമെന്ന് തീര്‍ച്ചയാണ്.
പലപ്പോഴും മോഹന്‍ലാലിന്‍െറ അപരന്‍ എന്നു തോന്നിക്കുന്ന അഭിനയശൈലിയുടെ ഉടമയായ അനൂപ് മേനോന്‍െറ ദേഭപ്പെട്ട പ്രകടനം ഈ ചിത്രത്തില്‍ കാണാം. ബുദ്ധിജീവിയായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടനെ തേടുമ്പോള്‍ ന്യൂജനറേഷന്‍ സിനിമക്കാര്‍ ആദ്യം തിരക്കുന്ന പേരാണല്ളോ അനൂപ് മേനോന്‍. തന്‍െറ പതിവു കഥാപാത്രങ്ങളില്‍നിന്ന് വലിയ വ്യത്യസ്തതയൊന്നുമില്ല ബാബു ജോസഫിന്. എങ്കിലും ആത്മസംഘര്‍ഷങ്ങള്‍ ഒളിപ്പിച്ചുകൊണ്ടുള്ള ആ നില്‍പ്പും നടപ്പും നരച്ച താടിയുമെല്ലാം പതിവ് വേഷങ്ങളേക്കാള്‍ മെച്ചപ്പെട്ട കാഴ്ച തരുന്നുണ്ട്. മമ്മൂട്ടിയുടെ അപരനെന്നു തോന്നിച്ച ബിജു മേനോന്‍ തന്നിലെ നടനെ കണ്ടത്തെി കൂടുതല്‍ വഴക്കത്തോടെ അപാരമായ കോമഡി ടൈമിങ്ങോടെ സ്വയം ‘റീ ഇന്‍വെന്‍റു’ ചെയ്തതുപോലെ അനൂപ് മേനോനും ആവശ്യമാണ് ഒരു സ്വയം കണ്ടത്തെല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.