നെരുപ്പ് ഡാ ഈ കബാലി...

ഇന്ത്യൻ സിനിമയിലെ ബ്രാഹ്മണ അധികാരഘടനയിൽ നിന്ന് കുതറിത്തെറിച്ച് കൊണ്ട് രജനീകാന്തെന്ന താര അഭിനയ സ്വത്വം കൃത്യമായ ബഹുജൻ രാഷ്ട്രീയത്തിലേക്ക് ഉയർന്ന് പറക്കുന്ന ചിത്രമാണ് കബാലി. ഇത്തരം രാഷ്ടീയ വെടിമരുന്നിന് തീ കൊടുക്കുകയാണ് പാ രഞ്ജിത്ത് ചെയതത്. ഇന്ത്യയിലെ മുഖ്യധാര സിനിമയിലെ ഏറ്റവും പ്രകടമായ രാഷ്ട്രീയ മാറ്റങ്ങളില്‍ ഒന്നാണ് 'കബാലി എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ചിത്രത്തിന് മറ്റുപലതരത്തിലുള്ള നിരൂപണം വന്നതിനാൽ കബാലി ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ജാതിയുടെ രാഷ്ട്രീയം പറയാതെ നിരൂപണം അസാധ്യമാണ്.

ഹിന്ദി, മലയാളം തമിഴ്, തെലുങ്ക് സിനിമകളിൽ സാമ്പത്തികവും സൗന്ദര്യ ശാസ്ത്രപരവുമായ അധികാരങ്ങള്‍ ഇന്നുവരെയും കൈയ്യാളുന്നത് ഇവിടുത്തെ ബ്രാഹ്മണ അധികാരഘടനയാണ് എന്നത് യാഥാർഥ്യമാണ്. സൽമാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, മമ്മൂട്ടി തുടങ്ങിയ മുസ്ലീം സ്വത്വങ്ങള്‍ അവരുടെ താര ശരീരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവരെല്ലാം അവതരിപ്പിച്ചത് ബ്രാഹ്മണ അധികാരഘടനയോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളും രാഷ്ട്രീയങ്ങളുമായിരുന്നു. ബ്രാഹ്മണിസവും ജാതി വാദവും അടക്കി വാഴുന്ന ഇന്ത്യന്‍ സിനിമയുടെ രാഷ്ട്രീയത്തിന്‍റെ മുഖത്ത് കൊടുത്ത ശക്തമായ അടി തന്നെ ആണ് രജനികാന്ത് അവതരിപ്പിച്ച 'കബാലി' എന്ന ദലിത് കഥാപാത്രം. പാ രഞ്ജിത് എന്നാ സംവിധായകന്‍ രജനികാന്ത് എന്ന 'വാണിജ്യഘടകത്തെ' തന്‍റെ ദലിത്/അംബേദ്കറൈറ്റ് രാഷ്ട്രീയം പറയാൻ തന്ത്രപൂർവം ഉപയോഗിച്ചു എന്നത് എടുത്തുപറയേണ്ടതാണ്.

മലേഷ്യയിലെ സാമ്പത്തിക ചരിത്രത്തില്‍ അവിടുത്തെ എസ്‌റ്റേറ്റുകളിലേക്ക് കുടിയേറിയ തമിഴ്നാട്ടിലെ ദലിത് സമൂഹത്തിന്‍റെ സംഭാവനകളും പോരാട്ടങ്ങളും വലിയ അദ്ധ്യായമാണ്. കേരളത്തില്‍ നിന്നുള്ള നായര്‍ സമൂഹങ്ങളും തമിഴ്നാട്ടിലെ സവർണ സമൂഹവും അവിടെ എസ്‌റ്റേറ്റുകളില്‍ കണക്കുപിള്ളയും കാര്യസ്ഥനുമായി മധ്യവർഗ ജീവിതത്തിലേക്ക് നീങ്ങിയപ്പോൾ താഴേക്കിടയിലുള്ള കൂലിപ്പണിക്കാരുടെ മേഖലകളിലേക്കാണ് ദലിത് സമൂഹം പറിച്ചു നട്ടത്. അവിടെ അടിമകളെ പോലെ കൂലിപ്പണി ചെയ്തതിന് ശേഷമാണ് രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തലമുറക്ക് വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർന്നത്. അത്തരം ജീവിതങ്ങളുടെ ഇടയില്‍ നിന്നും ഉയർന്ന ദലിത് സ്വത്വം പേറുന്ന ഒരു അധോലോകനായകനായാണ് രജനിയുടെ കബാലി എന്ന കഥാപാത്രം.

സാധാരണ രജനി സിനിമകളിലെല്ലാം 'തമിഴ് ദേശീയതയെ' പോലിപ്പിച്ചു കൊണ്ടുള്ള സംഭാഷണങ്ങളും ഗാനങ്ങളും നിറഞ്ഞ്നിൽക്കാറാണ് പതിവ്. എന്നാൽ കബാലി അതിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. സിനിമയിൽ പലയിടത്തും ചെറിയ സംഭാഷണങ്ങളിലൂടെയും ഭാഗങ്ങളിലൂടെയും കൃത്യമായി തന്നെ ചിത്രം ഇന്ത്യൻ ജാതീയതക്കെതിരെ സംസാരിക്കുന്നുണ്ട്. ''ഗാന്ധി വസ്ത്രം ഉരിഞ്ഞതും അംബേദ്കര്‍ കോട്ട് ഇട്ടതും രണ്ടും രണ്ടു രാഷ്ട്രീയം'' ആണെന്ന് കബാലി പറയുന്നുണ്ട്. ജാതിയെ പ്രതിരോധിക്കാന്‍ അംബേദ്കര്‍ പറഞ്ഞ വസ്ത്രത്തിന്‍റെ രാഷ്ട്രീയമാണ് ഈ സംഭാഷണങ്ങളിലൂടെ അടിവരയിടുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ദലിതര്‍ സ്റ്റൈൽ/ഫാഷനബിള്‍ ആയി തന്നെ വസ്ത്രം ധരിക്കണം എന്നാണ് അംബേദ്കർ പറഞ്ഞത്. കൂടാതെ വിദ്യാഭ്യാസം നേടി അറിവ് സമ്പാദിക്കുന്നതിന്‍റെ രാഷ്ട്രീയവും ഈ സിനിമ പല ഇടങ്ങളിലായി ശക്തമായി പറഞ്ഞു വെക്കുന്നുണ്ട്.

കബാലിയുടെ ജീവിത പങ്കാളിയായ 'കുമുദവല്ലി'(രാധിക ആപ്തേ) എന്ന കഥാപാത്രം ശക്തമായ സ്ത്രീ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു. കബാലിയെ പലപ്പോഴും നിയന്ത്രിക്കുന്നത് അവരാണ്. കബാലിയുടെ ശക്തിയാണ് കമുദവല്ലി. ഒരേസമയം, അധ്യാപികയും നേതാവും സുഹൃത്തും ഭാര്യയുമാണ് അവർ. സാധാരണ രജനി സിനിമകളിലെ സ്ത്രീകഥാപാത്രം നായകകഥാപാത്രത്തിന് കീഴിൽ ഒതുങ്ങിക്കൂടിയെങ്കിൽ കബാലിയിലെത്തുമ്പോൾ കുമുദവല്ലിക്ക് കീഴിൽ വരുന്ന കഥാപാത്രമാണ് കബാലി. മകള്‍ യോഗി (ധൻസിക) എന്ന കഥാപാത്രവും ശക്തമാണ്. സിനിമയിലെ ആക്ഷന്‍ രംഗത്തിൽ കബാലി യോഗിക്ക് വേണ്ടി 'അടിക്കാന്‍' മാറിക്കൊടുക്കുന്നതായി കാണാം.

തമിഴ് സിനിമയില്‍ തന്നെ ഉണ്ടാകുന്ന അനേകം ദലിത് കഥകളുടെ തുടർച്ചയായി ആയി തന്നെ കബാലിയെയും വിലയിരുത്താം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്ന ശക്തമായ അംബേദ്കറൈറ്റ്/ദലിത് രാഷ്ട്രീയ ഇടപെടലുകളും ചർച്ചകളും എഴുത്തുകളും ഒാൺലൈന്‍ ഇടപെടലുകളുടെയും തുടർച്ച‍യായി ഈ മാറ്റത്തെ കാണാവുന്നതാണ്. മറാത്ത സിനിമയിൽ സൈരാത്ത്, ഫാണ്ട്രി തുടങ്ങിയ സിനിമകളിലൂടെയും ഇതിന്‍റെ ഉദാഹരണങ്ങളാണ്. എന്നാൽ ഈ മാറ്റത്തിന് ഇന്ത്യന്‍ സിനിമയിലെ അതുമല്ലെങ്കിൽ ലോക സിനിമയിലെ തന്നെ ഏറ്റവും ശക്തമായ സാന്നിധ്യമായ രജിനീകാന്ത് എന്ന അഭിനയ/താര വ്യക്തിത്വം തയാറായി എന്നത് ചരിത്രപരമായ വസ്തുതയാണ്. ഇനിയും ദലിത് പോരാട്ടങ്ങൾ ചലച്ചിത്രമായി പുനരവതിക്കുമെന്ന പ്രതീക്ഷയും കബാലി നൽകുന്നുണ്ട്.

പാ രഞ്ജിത്ത് എന്ന സംവിധായകൻ മുൻ ചിത്രമായ 'മദ്രാസി'ലൂടെയും വ്യത്യസ്തമായ രാഷ്ട്രീയ സൗന്ദര്യ ശാസ്ത്രം മുന്നോട്ട് വെച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ അംബേദ്കറൈറ്റ് രാഷ്ടട്രീയം തിരശീലയിലേക്ക് കൊണ്ടുവരുന്നു എന്നത് വളരെ പോസിറ്റീവായി കാണാവുന്നതാണ്. ലോകത്താകമാനം അയ്യായിരത്തോളം തിയേറ്ററുകളില്‍ 'രജനി' എന്ന താര സ്വരൂപത്തെ വെച്ച് തന്‍റെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് പാ രഞ്ജിത്ത് ചെയ്തത്. സിനിമയുടെ വിവിധ മേഖലകളില്‍ പ്രവർത്തിച്ചവരും ദലിതര്‍ തന്നെ എന്നതും വലിയ മാറ്റമാണ്. ഒരു മുഖ്യാധാര കച്ചവട സിനിമയില്‍ ദലിത് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് കണ്ടപ്പോൽ സിനിമയിലെ തന്നെ ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്. 'പക്ഷികള്‍ വിത്തുകള്‍ കൊത്തി പറക്കട്ടെ, അത് പിന്നീട് ഭൂമിയില്‍ വീണു കാട് ആയി മാറും'. ഇന്ത്യന്‍ ജാതി വ്യവസ്ഥക്കെതിരെ പക്ഷികള്‍ കൊത്തിപ്പറക്കുന്ന കാടുകള്‍ ആകാനുള്ള ചലച്ചിത്ര രാഷ്ട്രീയത്തിലെ അനേകം വിത്തുകളില്‍ ഒന്ന് തന്നെയാണ് കബാലി. അതിനാൽ തന്നെ അഞ്ചിൽ ആറുമാർക്ക് ചിത്രത്തിന് നൽകാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.