കലിപ്പിന്‍റെ കഥ

മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമക്ക് തുടക്കമിട്ടവരില്‍ പ്രധാനിയാണ് സമീര്‍ താഹിര്‍. ഛായാഗ്രാഹകന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം വാണിജ്യ സിനിമയിലെ നവതരംഗത്തെ ഏറെ മുന്നോട്ടു കൊണ്ടുപോവാന്‍ ശ്രമിച്ചിട്ടുണ്ട്. കൊറിയന്‍ ചിത്രമായ ‘ഹാന്‍ഡ് ഫോണി’ന്‍റെ പകര്‍പ്പ് എന്ന് ആരോപണമുയര്‍ന്നെങ്കിലും ‘ചാപ്പാ കുരിശ്’ ‘ട്രാഫിക്കി’നുശേഷം വന്ന ഗതിമാറ്റങ്ങള്‍ക്ക് തുടര്‍ച്ച നല്‍കിയ സിനിമയായിരുന്നു. ‘നീലകാശം, പച്ചക്കടല്‍ ചുവന്ന ഭൂമി’യാണ് സമീറിന്‍റെ രണ്ടാമത്തെ ചിത്രം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണകൂട ഭീകരതയെക്കുറിച്ച് മൗനം പാലിക്കുകയും അവിടത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മാത്രം എടുത്തു കാണിക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍ ആ ചിത്രം സാങ്കേതികപരമായും കലാപരമായും മികച്ചുനിന്നു. സമീറിന്‍റെ മൂന്നാമത്തെ ചിത്രമാണ് ‘കലി’. കലി കലിപ്പിന്‍റെ കഥയാണ്. ‘തള്ളേ... കലിപ്പ് തീരണില്ലല്ല്...’ എന്നാവര്‍ത്തിച്ച് പ്രതിയോഗിയെ നേരിടുന്ന രാജമാണിക്യത്തെ അവതരിപ്പിച്ച് മമ്മൂട്ടി വിജയം കൊയ്തത് പത്തുകൊല്ലം മുമ്പാണ്. മകന്‍ ദുല്‍ഖര്‍ കലി വേഷംപൂണ്ട് കോപാവേശിതനായി ആരാധകരെ കൈയിലെടുക്കുകയാണ് ഈ ചിത്രത്തില്‍.

രോഷാകുലനായ യുവാവ് അഥവാ ആംഗ്രി യങ്മാന്‍ എന്ന പതിവ് സിനിമാ കഥാപാത്രത്തിന്‍റെ വാര്‍പ്പു മാതൃകയല്ല ഇവിടെ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ഥ്. അത് എല്ലാ മനുഷ്യരിലുമുള്ള ഒരു സ്വഭാവ/പെരുമാറ്റ പ്രശ്നമാണ്. സിദ്ധാര്‍ഥിന്‍റെ കോപം നിലവിലിരിക്കുന്ന സാമൂഹിക വ്യവസ്ഥിതിയോടല്ല. മറിച്ച് തന്നെ അസ്വസ്ഥമാക്കുന്ന എന്തിനോടുമാണ്. അത് തന്‍റെ സോഫയിലിരുന്ന് തന്‍റെ റിമോട്ടെടുത്ത് ടി.വി കണ്ട് നൃത്തം ചവിട്ടുന്ന ഫ്ലാറ്റിലെ അയല്‍വാസി കുട്ടിയോടായാലും കാറോടിക്കുമ്പോള്‍ ക്ലച്ചും ഗിയറും നേരാംവണ്ണം ഉപയോഗിക്കാത്ത ഭാര്യയോടായാലും. ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തില്‍ ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ എന്ന പെരുമാറ്റ വൈകല്യമായിരുന്നു പ്രമേയം. ഇവിടെ അത് ബോര്‍ഡര്‍ലൈന്‍ പേഴ്സനാലിറ്റി ഡിസോര്‍ഡര്‍ ആയി മാറുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ രോഷം കൊള്ളുന്ന സ്വഭാവം. ‘മൂക്കിന്‍റെ തുമ്പത്താ ദേഷ്യം’ എന്ന് ഭാര്യ അഞ്ജലി. ഇത്തരക്കാര്‍ക്ക് പൊതുവെ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കാനോ നിലനിര്‍ത്താനോ കഴിഞ്ഞെന്നു വരില്ല. അതാണ് ഇവിടെ ഇതിവൃത്തമാവുന്നത്.

സിദ്ധാര്‍ഥിന്‍റെ ഈ കോപം കൊണ്ട് അവനെ സഹിക്കാന്‍ പലപ്പോഴും അഞ്ജലിക്ക് കഴിയുന്നില്ല. അത് അവന് ജോലി സ്ഥലത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ക്ഷമയും ആത്മനിയന്ത്രണവും അയാളുടെ നിഘണ്ടുവില്‍ ഇല്ലാത്തതു കൊണ്ട് അവള്‍ക്ക് അവനോടൊത്തുള്ള ദാമ്പത്യം അസഹ്യമാവുന്നു. ഇവര്‍ ഇരുവരിലുമായാണ് കഥ വികസിക്കുന്നത്. പക്ഷേ അത് സാമൂഹികസ്ഥിയിലേക്കു പടരുമ്പോള്‍ ഒരു സാധാരണ കഥ മാത്രമായി ചുരുങ്ങിപ്പോവുന്നു. ഒന്നാംപകുതിവരെ ആത്മനിയന്ത്രണം ശീലിക്കാത്ത ഒരു വ്യക്തി അയാളുടെ വ്യക്തിബന്ധങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഫോക്കസ്. രണ്ടാംപകുതിയില്‍ അവര്‍ ചെന്നുപെടുന്ന വഴിയോര ഭക്ഷണശാലയിലെ പ്രതിയോഗികളുമായുള്ള സംഘര്‍ഷത്തിലെത്തുമ്പോള്‍ ഇതിവൃത്തത്തിന്‍റെ പല സാധ്യതകളും നഷ്ടപ്പെടുന്നു. മുന്‍കോപം കാരണം സാമൂഹിക, വ്യക്തി ബന്ധങ്ങളില്‍നിന്ന് അകന്ന് ഒറ്റപ്പെട്ടുപോവുന്ന ഒരു വ്യക്തിയുടെ വൈയക്തിക മാനസിക പ്രശ്നങ്ങളിലായിരുന്നു  ഊന്നല്‍ എങ്കില്‍ ചിത്രത്തിന് കുറേക്കൂടി ആഴം ലഭിച്ചേനെ.

‘മഹേഷിന്‍റെ പ്രതികാരം’ പോലുള്ള സമീപകാല സിനിമകള്‍ റിയലിസ്റ്റിക് ആയ പരിചരണ രീതിയിലൂടെ പ്രേക്ഷകപ്രീതി നേടിയവയാണ്. ഏതാണ്ട് അതേ വഴിയിലൂടെയാണ് ‘കലി’യുടെയും പോക്ക്. ഒരു ചെറുകഥയുടെ രൂപശില്‍പ്പം മാത്രമുള്ള തന്തുവിനെ വലിച്ചുനീട്ടി രണ്ടുമണിക്കൂര്‍ സിനിമയാക്കാനും അത് ഒട്ടും മുഷിപ്പിക്കാതെ പറയാനും സമീര്‍ താഹിറിന് കഴിഞ്ഞിരിക്കുന്നു. സിനിമ എന്നാല്‍ സംഭവബഹുലമായ കഥയായിരിക്കണം എന്ന മുന്‍വിധികളെ ഇത്തരം സിനിമകള്‍ കുടഞ്ഞെറിയുന്നുണ്ട്. അത് നല്ലൊരു കാര്യം. ബൃഹദാഖ്യാനങ്ങളില്‍നിന്നും ചെറിയ ജീവിത മുഹൂര്‍ത്തങ്ങളുടെ വിശദമായ ആഖ്യാനത്തിലേക്ക് കൂടി സിനിമ വരട്ടെ. രണ്ട് മണിക്കൂറിനുള്ളില്‍ രണ്ടു തലമുറയുടെ കഥ പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു വികാരത്തെ/ഒരു സ്വഭാവത്തെ വിശദമായി സമീപിച്ചാല്‍ അതില്‍നിന്നും രസകരമായ സിനിമ ഉണ്ടാക്കാം എന്ന് ‘നോര്‍ത്ത് 24 കാത’ത്തിലൂടെ അനില്‍ രാധാകൃഷ്ണ മേനോനും ‘കലി’യിലൂടെ സമീര്‍ താഹിറും തെളിയിച്ചിരിക്കുന്നു.

കറുത്തവരെ മാത്രം വില്ലന്മാരാക്കുന്ന പതിവിന് ഈ സിനിമയിലും മാറ്റമില്ല. വിനായകന് മലയാള സിനിമയിലെ പതിവു ഗുണ്ടയായി കഴിയാനാണ് ജീവിതകാലം മുഴുവന്‍ യോഗം എന്ന് തോന്നുന്നു. ചെമ്പന്‍ വിനോദിനെയും വിനായകനെയും പോലുള്ള കറുത്ത ശരീരക്കാരാണ് നമ്മുടെ പതിവ് പ്രതിനായകര്‍. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ വില്ലന്മാരെല്ലാം കറുത്തവര്‍ ആയിരുന്നു. കറുത്തവര്‍ക്കെതിരെ ആ സിനിമ ചൊരിഞ്ഞ ആക്ഷേപങ്ങളും കുറച്ചല്ല. കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ക്വട്ടേഷന്‍ ഗ്യാങ്ങുകളുടെ കഥപറഞ്ഞ ഏതാണ്ട് എല്ലാ മലയാള സിനിമകളിലെയും വില്ലന്മാര്‍ കറുത്തവരായിരുന്നു. സവര്‍ണകുലത്തില്‍ പിറന്നവര്‍ക്ക് ജയിക്കാന്‍ എപ്പോഴും സിനിമ ഈ അവര്‍ണശരീരങ്ങളെ ഒരുക്കിനിര്‍ത്തുന്നത് കാണാം. ലോറിക്കാരും വഴിയോര ചായക്കടക്കാരുമൊക്കെ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഭീഷണിയുയര്‍ത്തുന്ന ദുഷ്ടന്മാരാണ്. അവര്‍ പെരുമാറുന്നിടം അപരദേശങ്ങള്‍. അവിടെ മനുഷ്യത്വമുള്ള ആരെയും നമുക്ക് കണ്ടുമുട്ടാനാവില്ല. കറുപ്പ് എന്നത് അപ്പോള്‍ വില്ലത്തരത്തിന്‍റെയും മനുഷ്യത്വവിരുദ്ധതയുടെയും പര്യായമായി മാറുന്നു. മനുഷ്യന്‍റെ സ്വഭാവത്തിന്‍റെ ഇരുണ്ട മറുപുറമായി കറുത്ത ദേഹങ്ങളും കറുത്ത മുഖങ്ങളും മാറുന്നു. സായ് പല്ലവി എന്ന സവര്‍ണ സുന്ദരിയെ വേട്ടയാടുന്ന കറുത്തവനും സിദ്ധാര്‍ഥ് എന്ന സവര്‍ണ സുന്ദരന് ഈച്ച വീണ ജ്യൂസ് കൊടുക്കുന്ന കറുത്തവനുമൊക്കെ അങ്ങനെ ബോധപൂര്‍വം കാസ്റ്റ് ചെയ്യപ്പെടുന്നതാണ്.

സിനിമയുടെ ആഖ്യാനത്തില്‍ അത്ര രേഖീയമല്ലാത്ത ഒരു രീതി അവലംബിച്ചിട്ടുണ്ട്. എന്നാല്‍ നോണ്‍ ലീനിയര്‍ എന്നു തികച്ച് പറയാനും പറ്റില്ല. അഞ്ജലി സിദ്ധാര്‍ഥിനോടു പിണങ്ങി ഫ്ലാറ്റ് വിട്ടുപോവുന്നിടത്താണ് സിനിമയുടെ തുടക്കം. ആ സംഭവങ്ങളിലേക്കു നയിച്ച കാരണങ്ങള്‍ കാട്ടി വീണ്ടും അതേ ദൃശ്യത്തില്‍ ചെന്നെത്തുന്നു. അതുപോലെ ക്ലൈമാക്സിലുമുണ്ട് ആഖ്യാനത്തിലെ ഇത്തരമൊരു ചെറിയ ട്വിസ്റ്റ്. നേരെ ചൊവ്വെ കഥ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും രസകരമാകുമായിരുന്നില്ല. വളരെ റിയലിസ്റ്റിക് ആയ ആദ്യപകുതിയില്‍ സിദ്ധാര്‍ഥിന്‍റെ ബാങ്കിലും താമസസ്ഥലത്തുമായി കഥ നടക്കുന്നു. രണ്ടാംപകുതിയില്‍ സിനിമക്ക് ഒരു റോഡ്മൂവിയുടെയും ഉദ്വേഗമുണര്‍ത്തുന്ന സ്വഭാവമാണ്. ആത്മനിയന്ത്രണം നഷ്ടപ്പെട്ട ഒരു മനുഷ്യന്‍ ബന്ധങ്ങള്‍ നിലനിര്‍ത്താനും കുഴപ്പങ്ങളില്‍ ചെന്നുചാടാതിരിക്കാനും ക്ഷമ ശീലിക്കുന്ന തരത്തിലേക്ക് കഥ വികസിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി സിനിമ കണ്ടിറങ്ങിയപ്പോള്‍. രണ്ടാംപകുതിയില്‍ ദുല്‍ഖര്‍ എന്ന താരത്തിനുവേണ്ടി ഒരുക്കിയ സംഘട്ടനരംഗങ്ങളില്‍ പതിവ് ആംഗ്രി യങ്മാന്‍റെ പ്രതിച്ഛായയാണ് കണ്ടത്. താരം ഒരു ബാധ്യതയാവുമ്പോള്‍ സിനിമ ഇങ്ങനെയൊക്കെ സാമ്പ്രദായികച്ചേരുവകളില്‍ ഒതുങ്ങിപ്പോവും. കലിപൂണ്ട സിദ്ധാര്‍ഥ് ആയി ദുല്‍ഖര്‍ നല്ല പ്രകടനം കാഴ്ചവെച്ചു. ‘ആവനാഴി’ എന്ന ചിത്രത്തില്‍ മമ്മൂട്ടി സമാന സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഗര്‍ജിക്കുന്ന ആ പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തുക്കളോടും ശത്രുക്കളോടും എപ്പോഴും രോഷാകുലനായാണ് പെരുമാറുന്നത്. താരതമ്യം ചെയ്യുമ്പോള്‍ ആവനാഴിയിലെയും അടിയൊഴുക്കുകളിലെയും കലിപൂണ്ട നായക വേഷങ്ങളില്‍ മമ്മൂട്ടി കാട്ടിയ കോപാവേശിതനോളം വരില്ല മകന്‍ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

ശബ്ദം കൊണ്ടും ഭാവം കൊണ്ടും മമ്മൂട്ടി സൃഷ്ടിച്ച രൗദ്രത ദുല്‍ഖറിനില്ല. അഞ്ജലിയായി രംഗത്തുവരുന്ന സായ് പല്ലവിയുടെ മലയാളം ഉച്ചാരണം കുറച്ച് കല്ലുകടിയായി തോന്നും. മസനഗുഡിക്കാരിയാണ് അവള്‍ എന്ന് നമ്മള്‍ പിന്നീട് അറിയുന്നുണ്ട്. അവിടെ നിന്നും കൊച്ചിയില്‍ വന്ന് പഠിച്ച് മലയാളം പറയുന്ന കഥാപാത്രമായതു കൊണ്ട് വിശ്വസനീയത ഉണ്ട്. എന്നാല്‍ അവളുടെ അച്ഛനമ്മമാര്‍ നല്ല തെളിമലയാളം പറയുന്നതും നമ്മള്‍ കേള്‍ക്കുന്നു. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന്‍റെ അല്‍പം ആണത്തം കലര്‍ന്ന ശബ്ദത്തിന് ലഭിച്ച സ്വീകാര്യതയാവണം സായ് പല്ലവിയെ ഇതിലും തമിഴ്നാട്ടുകാരിയാക്കി അതേ ശബ്ദം നിലനിര്‍ത്താന്‍ അണിയറശില്‍പ്പികളെ പ്രേരിപ്പിച്ചത്.

മുന്‍കോപം എന്ന സ്വഭാവ വിശേഷത്തെ മാത്രം ചുറ്റിപ്പറ്റി ഒരു കഥയൊരുക്കിയ രാജേഷ് ഗോപിനാഥന്‍ അഭിനന്ദനമര്‍ഹിക്കുന്നു. മുന്‍കോപം ഉണ്ടാവാനിടയാക്കുന്ന ചില രംഗങ്ങള്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. അഞ്ജലി കാറോടിക്കുന്ന രംഗം, ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പിലെ ജീവനക്കാരന്‍ ജോലി നിലനിര്‍ത്താന്‍ കസ്റ്റമേഴ്സിന്‍റെ മുന്നില്‍ അര്‍ഥരഹിതമായ ചിരിക്കുമ്പോള്‍ സിദ്ധു കോപിക്കുന്ന രംഗം, ബാങ്കിലെ ഉപഭോക്താക്കളുമായി ഇടപെടുമ്പോള്‍ ദേഷ്യമമര്‍ത്താന്‍ റബര്‍ബാള്‍ പിടിച്ചു നില്‍ക്കുന്ന സിദ്ധു എന്നിങ്ങനെ രസം നിറച്ച സീനുകള്‍ ചിലതുണ്ട് ചിത്രത്തില്‍. ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. സിദ്ധു കോപാകുലനാവുമ്പോള്‍ പശ്ചാത്തലത്തില്‍ ചെണ്ടയുടെ അസുരതാളം കൊട്ടിയുറയുകയാണ്. ഗിരിഷ് ഗംഗാധരന്‍ ഒരുക്കിയത് ഏറെയും മിഴിവേറിയ ദൃശ്യങ്ങള്‍. അമിത പ്രതീക്ഷയില്ലാതെ പോയാല്‍ നിരാശരാവില്ല എന്ന് ഉറപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.