എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും സമീപത്തായി പരന്നുകിടക്കുന്ന പ്രദേശമാണ് കമ്മട്ടിപ്പാടം. ഇന്ന് കമ്മട്ടിപ്പാടം പല പ്രദേശങ്ങളായി ചിതറിക്കിടക്കുന്നു. കമ്മട്ടിപ്പാടത്ത് ജനിച്ച് വളര്‍ന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദം, അരക്ഷിതവും രക്തരൂക്ഷിതവുമായ ജീവിതവുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ രാജീവ് രവി ആവിഷ്കരിക്കുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമക്ക് പുതുവഴി വെട്ടിയ രാജീവ് രവി കമ്മട്ടിപ്പാടത്തിലൂടെയും സിനിമാ നിർമാണം രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് അടിവരയിടുന്നു.
പണവും അധികാരവുമാണ് എന്നും ലോകത്തെ നിയന്ത്രിക്കുന്നത്. പണത്തിനും അധികാരത്തിനും ഇടക്കുള്ള കളിയിൽ ഇരകളാക്കപ്പെടുന്നത് എക്കാലവും അരികുവത്കരിക്കപ്പെട്ടവരാണ്. എന്നാൽ, അവരൊഴുക്കുന്ന രക്തപ്പുഴ നീന്തി അധികാരത്തിന്‍റെ നെറുകയിലെത്തുന്നത് ഉപരിവർഗമാണ്. ലോക ചരിത്രത്തിലെല്ലാം ഉപരിവർഗം താഴേകിടയിലുള്ളവരെ ചൂഷണം ചെയ്താണ് സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കിയത്. ഇത്തരം പച്ചയായ ജീവിതത്തെയാണ് ചിത്രത്തിൽ പറയുന്നത്. കമ്മട്ടിപ്പാടത്തെ കഥക്ക് പ്രത്യേകതയൊന്നുമില്ല. നിരവധി സിനിമകളിലായി കണ്ടുപരിചയിച്ച പ്രമേയം തന്നെയാണിത്. കഥ ചിലപ്പോൾ ക്ലീഷേയായി അനുഭവപ്പെടാം. എന്നാൽ ക്ലീഷേയായ ആ ജീവിതത്തെ ആവര്‍ത്തന വിരസത തോന്നാത്ത തരത്തിൽ വരച്ചിടാൻ ഒരു പക്ഷേ മലയാളത്തിൽ രാജീവ് രവിക്കേ കഴിയൂ എന്നതിന്‍റെ തെളിവാണ് ഈ ചിത്രവും.
ബാലന്‍, ഗംഗൻ, കൃഷ്ണന്‍ തുടങ്ങി കമ്മട്ടിപ്പാടത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതവും അതിജീവനവുമാണ് സിനിമ. അടിയും അബ്കാരികളുടെയും വ്യവസായ മാഫിയകളുടെയും കൂലിത്തല്ലുകാരാണിവർ. എന്നാൽ, മറ്റു മുഖ്യധാരാ സിനിമയിലേതുപോലെ വ്യക്തിത്വമില്ലാത്ത ഗുണ്ടകൾ മാത്രമല്ല, അവര്‍ക്ക് ജീവിതമുണ്ട്. കുടുംബമുണ്ട്. ആത്മബന്ധങ്ങളുണ്ട്. സ്നേഹവും പ്രണയവുമുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ജോലി ചെയ്യുമ്പോഴും തങ്ങള്‍ കരുക്കളാണെന്നും കറിവേപ്പിലയാണെന്നും തിരിച്ചറിയുന്നത് വൈകിയാണ്. ആ തിരിച്ചറിവാണ് സിനിമയുടെ രാഷ്ര്ടീയം.
ചിത്രത്തിലെ ഒാരോ കഥാപാത്രങ്ങളും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ബന്ധങ്ങളുടെ വൈകാരികതയും അതേസമയം, തന്നെ അതി ന്‍റെ വ്യര്‍ഥതയും കാണിച്ച് കമ്മട്ടിപ്പാടത്തെ കഥാപാത്രങ്ങള്‍ സിനിമയില്‍നിന്നും ഇറങ്ങിവരുന്നതായി ഒരോ പ്രേക്ഷകനും തോന്നും. അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള സിനിമാറ്റിക് ബന്ധങ്ങളല്ല മനുഷ്യബന്ധങ്ങള്‍. കൃഷ്ണനും ഗംഗനും തമ്മിലുള്ളത് ഗാഢമായ ഹൃദയ ബന്ധമാണ്. അന്നയും റസൂലിലെ ആഷ് ലിയും ഞാൻ സ്റ്റീവ് ലോപസിൽ സ്റ്റീവും നടത്തുന്ന അന്വേഷണം പോലെ ഗംഗനെത്തേടിയുള്ള കൃഷ്ണന്‍റെ അന്വേഷണമാണ് കമ്മട്ടിപ്പാടവും. വരണ്ട മണ്‍നിലങ്ങളില്‍ മഴയില്‍ നാമ്പുകള്‍ മുളപൊട്ടുന്ന പോലെ സ്നേഹം ഉറവിടുന്ന മനസ്സുകളില്‍ ഗാഢമായി തീരുന്ന ഹൃദയബന്ധത്തെ കമ്മട്ടിപ്പാടത്ത് കാണാം.
ആക്ഷനും വയലന്‍സും നിറഞ്ഞ സിനിമകളില്‍ നായകന്‍ അമാനുഷികനായിത്തീരാനുള്ള സാധ്യത വളരെയേറെയാണ്. എത്ര കരുതലോടെ കൊണ്ടുപോയാലും എവിടെയെങ്കിലും പിഴക്കുന്ന അവസ്ഥ വരും. എന്നാല്‍, അതിനെ മനോഹരമായി മറികടക്കാന്‍ സംവിധായകന് കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍റെ കൃഷ്ണന്‍ എന്ന കഥാപാത്രം അമാനുഷികനോ സംഘത്തലവനോ അല്ല. ഒരു സീനിലും കൃഷ്ണന് അമിതപ്രാധാന്യം നല്‍കുന്നില്ല. കൃഷ്ണനെക്കാള്‍ ഗംഗനെയും ബാലനുമാണ് സിനിമ പ്രാധാന്യം നൽകിയിരിക്കുന്നത്. മൂന്ന് കാലഘട്ടമായാണ് കഥ വികസിക്കുന്നത്. കഥാപാത്രങ്ങളുടെ ബാല്യം, കൗമാര്യം, യൗവനം എന്നിവ ചിത്രം വളരെ സൂക്ഷമതയോടെ വരച്ചിടുന്നു. നോണ്‍ലീനിയര്‍ രീതിയിലുള്ള കഥ പറച്ചിലില്‍ ഇന്‍റര്‍വെല്‍ വരെ എന്താണ് സംഭവിക്കുന്നത് എന്ന ജിജ്ഞാസ കാഴ്ചക്കാരനിലുണ്ടാക്കും.
ഗംഗ എന്ന കഥാപാത്രത്തിലൂടെ വിനായകനും ബാലന്‍ എന്ന കഥാപാത്രത്തിലൂടെ മണികണ്ഠനും വിസ്മയിപ്പിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഗുണ്ടാ കഥാപാത്രങ്ങളിൽ മാത്രമല്ല വിനായകനെ മലയാള സിനിമ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് ചിത്രം കണ്ടാൽ മനസിലാകും. അതുപോലെ തന്നെയാണ് മണികണ്ഠന്‍റെ ബാലന്‍ എന്ന കഥാപാത്രവും. പുതുമുഖമായ ഇദ്ദേഹം ഇത്രകാലവും എവിടെയായിരുന്നുവെന്ന് തോന്നും. അത്രക്കും സ്വാഭാവികതയോടെയാണ് മണികണ്ഠൻ ബാലേട്ടനായി തകർത്തഭിനയിച്ചത്. നാട്ടുമ്പുറത്തെവിടെയും കാണാവുന്ന, വില്ലത്തരമുള്ള, ഹൃദയത്തില്‍ നന്മയുള്ള, ഹീറോയിസമുള്ള, സൗഹൃദങ്ങള്‍ക്ക് ചങ്ക് പറിച്ചുനല്‍കുന്ന, എടുത്തുചാട്ടക്കാരനായ സംഘത്തലവനാണ്. സിനിമയുടെ പാതിഭാഗംവരെ നിറഞ്ഞ് നിൽക്കുന്നത് ബാലന്‍റെ ഹീറോയിസമാണ്.
വയലന്‍സിന്‍റെ ആധിക്യമുണ്ട് സിനിമയല്‍. അതൊരുപക്ഷേ സിനിമ ആവശ്യപ്പെടുന്നതാണ്. കളങ്ങളില്‍ കരുക്കളാക്കപ്പെടുന്നവര്‍ക്ക് പൂക്കളുടെയും കിളികളുടെയും മാത്രം കഥ പറയാനാവില്ലല്ലോ. ഇതിനിടയിലും കൃത്യമായ രാഷ്ര്ടീയം മുന്നോട്ട് വെക്കാന്‍ സിനിമക്ക് കഴിയുന്നു. തല്ലിനെയും വഴക്കിനെയും ചോദ്യംചെയ്യുന്ന അച്ചാച്ചനോട് ബാലന്‍ തട്ടിക്കയറുന്നുണ്ട്. എന്നാൽ, മുതലാളിമാർക്ക് വേണ്ടി തല്ലുന്ന, അവർക്ക് വേണ്ടി സ്വന്തം സഹോദരങ്ങളെ വരെ ഒറ്റുന്ന ബാലനും സംഘവും തങ്ങൾ അവരുടെ പകിട കളികളിലെ കരുക്കൾ മാത്രമായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. ചെറുപ്പകാലത്ത് കുളം തേവുമ്പോള്‍ ഉടമസ്ഥാവകാശം പറഞ്ഞ് മേല്‍ജാതിക്കാരന്‍ വരുന്നുണ്ട്. ബാലന്‍ വിശ്വസ്തനായിരുന്നിട്ടു കൂടി ചര്‍ച്ചക്കിടെ അകത്തേക്ക് കയറിവന്നപ്പോള്‍ സുരേന്ദ്രന്‍ മുതലാളി അയാളെ പുറത്തേക്ക് കൊണ്ടുപോവുന്നു.
നഗരത്തിന്‍റെ അരിക് ജീവിതങ്ങളെ ദൃശ്യഭംഗിയോടെയും ജീവനുള്ള ഫ്രെയിമുകളില്‍ തീര്‍ത്തിട്ടുണ്ട്. അന്നയും റസൂലിന്‍റെയും അത്ര സ്ഥലകാല വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും കൃത്രിമത്വമില്ലാത്ത കാഴ്ചകള്‍ ദൃശ്യഭംഗി പകരുന്നതുതന്നെ. ഗുണ്ടകള്‍ക്ക് വീടും കുടുംബവും പാടില്ലെന്നാണ് മലയാള സിനിമയിലെ അലിഖിത നിയമം. ഒരു വെടിക്കോ വെട്ടിനോ തീരാവുന്നവര്‍ മാത്രമാണവര്‍. ഇതിനെ കമ്മട്ടിപ്പാടം പൊളിച്ചെഴുതുന്നു. ജ്യേഷ്ഠാനുജന്‍മാരായ ബാലനും ഗംഗനും സുഹൃത്ത് കൃഷ്ണന്‍ ഇവരുടെ വീട്. കുടുംബം. സന്തോഷങ്ങള്‍, സങ്കടങ്ങള്‍ എല്ലാം സിനിമയിൽ പറയുന്നു. എവിടെനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന കഥാപാത്രങ്ങളല്ല ആരും. എന്നാലും, എപ്പോഴൊക്കെയോ ചിലര്‍ ഇറങ്ങിപ്പോവുകയും മറ്റ് ചിലര്‍ കയറിവരികയും ഒക്കെ ചെയ്യുന്നുണ്ട്. എപ്പോഴും ഒരുമിച്ച് നടക്കുന്ന, ഒരുമിച്ച് ഉണ്ണുന്ന, ഒരുമിച്ച് ഉറങ്ങുന്ന പതിവ് സംഘകൂട്ടായ്മയല്ല കമ്മട്ടിപ്പാടത്തില്‍. ഓരോരുത്തരും സ്വതന്ത്രമായ ഓരോ കഥാപാത്രമാണ്. ഒറ്റക്ക് നില്‍ക്കുന്ന ജീവിതമാണ്. എന്നാല്‍, അവര്‍ ഒറ്റക്കെട്ടാണ്.
വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള കഥാപാത്രങ്ങളുടെ മേക്ക് ഓവര്‍ ഗംഭീരമാണ്. ദുല്‍ഖറും വിനായകനും മറ്റെല്ലാവരും രണ്ട് കാലഘട്ടത്തിലെ ശരീരഭാഷയും സംഭാഷണവും മറ്റ് മാനറിസങ്ങളുമെല്ലാം രണ്ടായിതന്നെ അവതരിപ്പിക്കുന്നു. ഈ മാറ്റം വിജയകരമായിത്തന്നെ നടപ്പിലാക്കാന്‍ സംവിധായകന് കഴിഞ്ഞു.
മധുനീലകണ്ഠന്‍റെ ഛായാഗ്രഹണം സിനിമക്ക് മുതല്‍ക്കൂട്ടാണ്. കൊച്ചിയുടെ ദൃശ്യങ്ങളെ മനോഹാരിതയോടെ പകര്‍ത്തിയിരിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് കെ., ജോണ്‍ പി. വര്‍ക്കി, വിനായകന്‍ എന്നിവര്‍ സംഗീതം നല്‍കുന്നു. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, സൗബിന്‍, അനില്‍, പി. ബാലചന്ദ്രന്‍, ഷോണ്‍ റോമി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.
മഹേഷിന്‍റെ പ്രതികാരം എന്ന ജീവിതഗന്ധിയായ ചിത്രം കണ്ടിറങ്ങി ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ക്ക് മറ്റൊരു ദൃശ്യവിരുന്നാണ് കമ്മട്ടിപ്പാടം. പക്ഷേ, രണ്ടിലും വ്യത്യസ്ത തലങ്ങളില്‍ ജീവിതത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നുവെന്ന് മാത്രം. കഥയല്ല, കഥാപാത്രങ്ങളാണ് കമ്മട്ടിപ്പാടത്തെ നയിക്കുന്നത്. അവര്‍ മാത്രമാണ് തിരശീലയില്‍. എന്നാല്‍, പ്രായഭേദമന്യേ പ്രേക്ഷകര്‍ സിനിമയെ നെഞ്ചേറ്റുമെന്ന് തീര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.