ഈ തലക്കെട്ട് 2014ൽ സുരാജ് വെഞ്ഞാറമൂട് ദേശീയ അവാർഡിതനായ സമയത്ത് പത്രത്തിലെഴുതിയ ഫീച്ചറിന്‍റേതാണ്. 'പേരറിയാത്തവ ർ' എന്ന ഡോ. ബിജുവിന്‍റെ ചിത്രമായിരുന്നു അത്. ശേഷവും സുരാജ് ഒട്ടേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. മിമിക്രിവേദിയിൽ നിന്നും അഭിനേതാക്കളായവരിൽ പക്ഷെ ഇദ്ദേഹത്തിന്‍റെ വഴി തികച്ചും വ്യത്യസ്തമാണെന്ന് പറയാതെ വയ്യ .
ആക്ഷൻ ഹീറോ ബിജുവിലെ ചതിക്കപ്പെടുന്ന ഭർത്താവിനെ അക്ഷരാർഥത്തിൽ അനശ്വരനാക്കിയത് പ്രേക്ഷകർ എന്നുമോർക്കും. ടെലിവിഷൻ പരിപാടികളും തട്ടിക്കൂട്ട് കോമഡിപ്പടങ്ങളും പൊലിപ്പിക്കുന്ന സുരാജ് അല്ല ഗൗരവപ്പെട്ട വേഷങ്ങൾ ചെയ്യുന ്ന സുരാജ് എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മലയാളത്തിലിറങ്ങിയ റിയാലിറ്റി സിനിമകളുടെ ശ്രേണിയിലെ മികച്ച സ്ഥാനത്ത് നിൽക്കുന്നു. മലയാള സിനിമകളുടെ പരമ്പരാഗത പരിസരങ്ങളെ ബോധപൂർവം അപനിർമ്മിക്കുന്നു എന്നതാണ് റിയാലിറ്റി സിനിമകളുടെ പൊതുരീതി. കുഞ്ഞപ്പൻ പക്ഷെ ഒരു പടികൂടി കടന്ന് ഫിക്ഷന്‍റെ സാധ്യതകളെക്കൂടി അതിസമർഥമായി കോർത്തിണക്കുന്നു.
മധ്യവയസ് പിന്നിട്ട ശുണ്ഠിക്കാരനായ മലയാളിയുടെ പൊതുബോധത്തിന്‍റെ നടുക്കഷ്ണമായ ഭാസ്കര പൊതുവാൾ എന്ന കഥാപാത്രം സുരാജ് എന്ന അഭിനേതാവിന്‍റെ കൈയ്യിൽ എത്ര സ്വാഭാവികമായാണ് ഒതുങ്ങിയിരിക്കുന്നത് എന്ന് അനുഭവിച്ചറിയാൻ കഴിയും. ആദ്യന്തം തന്നെ ചൂഴ്ന്നു നിൽക്കുന്ന പ്രതി ജീവിതാവസ്ഥകളെ തന്മയത്വത്തോടെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ സുരാജിനായി.
വരണ്ടുപോകുന്ന വാർധക്യ ജീവിതത്തെ അൽപമെങ്കിലും ഊഷ്മളമാക്കുന്ന എന്തിനോടും മനുഷ്യന് അതിരറ്റ മമത തോന്നാം. മുമ്പ് മനസ്സിനക്കരെ എന്ന ചിത്രത്തിൽ മക്കളാൽ അവഗണിക്കപ്പെടുന്ന ഷീലയുടെ കഥാപാത്രം ജയറാമിനൊപ്പം ബൈക്കിൽ കയറിപ്പാഞ്ഞു പോകുന്നത് നാം കണ്ടിട്ടുണ്ട്. വൃദ്ധരുടെ പ്രയാസങ്ങൾ നമ്മുടെ പൊതു സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ഈ സിനിമകളെല്ലാം തന്നെ ചർച്ച ചെയ്യുന്നു. 2025ഓടു കൂടി കേരള ജനസംഖ്യയുടെ 20% 60ന് മേൽ പ്രായമുള്ളവരാകും എന്നതും ഇത്തരുണത്തിൽ ഓർമ്മിക്കാവുന്നതാണ്.
ഭാസ്കര പൊതുവാളും മകനായ സുബ്രമണ്യനും മകനേപ്പോലെയായിത്തീർന്ന യന്ത്രമനുഷ്യൻ കുഞ്ഞപ്പനും പ്രേക്ഷകർക്ക് ഹൃദ്യമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.