ഒടുങ്ങാത്ത അന്വേഷണങ്ങളാണ് മനുഷ്യ ജീവിതത്തിന്‍റെ സവിശേഷതകളിലൊന്ന്. അറിവ്, ആത്മീയത, ധനം, സ്നേഹം എന്നിവയില്‍ ഏതിനോടെങ്കിലും ആര്‍ത്തി തോന്നാത്ത മനുഷ്യരുണ്ടാകുമോ. എന്നാൽ, ചില ആർത്തികൾ ഏറെ മോശമാണെന്നൊരു വിചാരം സമൂഹത്തിലുണ്ട്. അതിൽ പ്രധാനമണ് ധനാർത്തി.
എത്ര അധിക്ഷേപിക്കപ്പെട്ടാലും മനുഷ്യന് അത്രയെളുപ്പം ഒഴിവാക്കാനാവാത്ത ഒന്നാണ് സമ്പത്തിനോടുള്ള കമ്പം. വേണു കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്ത് ഫഹദ് നായകനാവുന്ന കാർബൺ ഒരു തരത്തിലൊരു ആത്മീയാന്വേഷണത്തിന്റെ കഥയാണ്. നാമെന്തൊക്കെയോ അന്വേഷിച്ച് ബഹുകാതം യാത്ര ചെയ്തെത്തുേമ്പാൾ പുറപ്പെട്ട സ്ഥലത്താണ് അതുള്ളതെന്ന തിരിച്ചറിവ് നൽകുന്ന ഞെട്ടലുകളില്ലേ. വേണുവിന്റെ മുൻ സിനിമയായ 'മുന്നറിയിപ്പി'നോളം ആഴത്തിലല്ലെങ്കിലും അത്തരം ചില നടുക്കങ്ങൾ കാർബൺ നമ്മുക്ക് നൽകും.
കാർബണിലെ നായകൻ സിബി ശുഭാപ്തി വിശ്വാസിയാണ്. സാമ്പ്രദായിക മാർഗങ്ങളിലല്ല അയാളുടെ ജീവിതം. പണം സമ്പാദിക്കാനുള്ള കുറുക്കു വഴികളിലാണ് സിബിയെ കാണാനാവുക. തിരിച്ചടികളാണ് ഏറെയും ലഭിച്ചിട്ടുള്ളതെങ്കിലും അയാളൊരിക്കലും പ്രതീക്ഷ കൈവിടുന്നില്ല. എന്നെങ്കിലുമൊരിക്കൽ വിജയവഴിയിലെത്തുമെന്ന ആത്മവിശ്വാസത്തിലാണയാൾ. ഇത്തരമൊരു അഭിനിവേശക്കാരന് മുന്നിൽ വലിെയാരു സാധ്യത തുറക്കുന്നതാണ് സിനിമയിലെ വഴിത്തിരിവാകുന്നത്.
അയാൾക്കാ പ്രലോഭനം ഒഴിവാക്കാനാവുന്നില്ല. വളരെ അപകടകരമായ ഇടവഴികളിലേക്കാണ് സിബി സഞ്ചാരം തുടങ്ങുന്നത്. കാർബണിൽ അധികം കഥാപാത്രങ്ങളില്ല. ഫഹദിന്റെ നിറഞ്ഞാട്ടം തന്നെയാണ് സിനിമയുടെ ആകർഷണം. നെടുമുടി വേണു, വിജയരാഘവൻ, മണികണ്ഠൻ ആചാരി തുടങ്ങി മികച്ച അഭിനേതാക്കൾ സിനിമയിലുണ്ടെങ്കിലും മത്സരിച്ചഭിനയിക്കാൻ പ്രാപ്തരായ കഥാപാത്രങ്ങളില്ലാത്തത് സിനിമയെ കുറച്ചൊക്കെ വിരസമാക്കുന്നുണ്ട്. ഒരുതരത്തിൽ സിബിയുടെ പാത്രഘടനയിലെ മൃഗീയാധിപത്യം സിനിമക്ക് ഗുണവും ദോഷവുമാണ്.
നേർരേഖയിൽ കഥപറയുന്ന സിനിമയാണ് കാർബൺ. ഇടക്ക് ചില ഭ്രമാത്മകതകൾ കടന്നു വരുന്നുെണ്ടങ്കിലും പൂർവദൃശ്യങ്ങൾ (ഫ്ലാഷ്ബാക്ക്) പോലും ചുരുക്കമാണ്. ആദ്യപകുതിക്ക് ശേഷം പൂർണമായും കാടിന്റെ പശ്ചാത്തലമാണ് സിനിമക്കെങ്കിലും കാര്യമായ ദൃശ്യ മികവ് അവകാശപ്പെടാനില്ല. എത്രകാലം കഴിഞ്ഞാലും മറക്കാനാകാത്ത വേണുവിന്റെ തന്നെ സിനിമയായ മുന്നറിയിപ്പിലെ ഉറുമ്പിഴയുന്ന ആദ്യ രംഗം മുതൽ സിനിമയിലുടനീളം വരുന്ന നനുനനത്ത മനോഹര രംഗങ്ങളെ ഒാർമിപ്പിക്കാൻ കാർബണ് ആകുന്നില്ല.
ഛായാഗ്രാഹകൻ കൂടിയായ വേണു തന്റെ സിനിമയിൽ ഇത്തവണ കാമറ ഏൽപ്പിച്ചത് കെ.യു മോഹനനെയാണ്. ബോളിവുഡിലടക്കം കൈയൊപ്പ് പതിച്ച മോഹനന്‍റെ കാമറ കാർബണിലെത്തുേമ്പാൾ അത്രമേൽ ജാലവിദ്യകളൊന്നും കാണിക്കുന്നില്ല. വിശാൽ ഭരദ്വാജിന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ശരാശരി. സ്ഫടികം ജോർജിന്റെ അച്ഛൻ കഥാപാത്രം ഒാർമയിൽ നിൽക്കുന്നത്.
മണ്ണും മനുഷ്യനും മരതകവുമെല്ലാം കരിയുടെ വകഭേദങ്ങളാണ്. കാർബൺ തന്മാത്രകൾ കൂടിച്ചേരുന്നതിലെ വൈശിഷ്ട്യമാണ് ഇവയുടെ സൃഷ്ടി വൈവിധ്യത്തിന് കാരണം. മനുഷ്യനിലും ഇൗ ഗുണങ്ങളുണ്ട്. മണ്ണിനോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തി പ്രശസ്തമാണ്. നമ്മുടെ സ്വഭാവത്തിലും കരിയുടേയും വജ്രത്തിന്റേയും അംശങ്ങൾ കാണാം. കാർബൺ സിനിമ ഗഹനമായ ചില തത്വചിന്തകൾ മുന്നോട്ട് വെക്കുന്നുണ്ട്. സാന്‍റിയാഗോയുടെ യാത്രകൾ ഒാർമയില്ലേ. അതുതന്നെ, ആൽക്കെമിസ്റ്റിലെ നിധി തേടിപ്പോയ അതേ സാന്‍റിയാഗോ.
സിനിമയിൽ സമീറ സിബിയോട് അതോർമിപ്പിക്കുന്നുണ്ട്. ആ പറച്ചിലിൽ വിശ്വജനീനമായൊരു തത്വമുണ്ട്. നാം തേടി അലയുന്നതെല്ലാം നമ്മുടെ തൊട്ടടുത്തുണ്ടെന്ന തിരിച്ചറിവാണ് വലുതെന്ന് സിനിമ പറയാതെ പറയുന്നുണ്ട്. അത്രമേൽ ഘനമുള്ളതൊന്നുമല്ല കാർബണും അതിലെ ജീവിതങ്ങളും തത്വങ്ങളും. അൽപ്പമൊന്ന് ശ്രമിച്ച് ഇഴപിരിച്ചെടുക്കാമെങ്കിൽ നിങ്ങൾക്കീ സിനിമ ആസ്വദിക്കാനാകും. കഥ പറച്ചിലിലെ സാധാരണത്വവും ഫഹദിന്റെ സാന്നിധ്യവും കാർബണെ മടുപ്പില്ലാത്ത കാഴ്ച്ചയാക്കുന്നു. കാട് കൺനിറയെ കാണാനിഷ്ടമുള്ളവർക്കും കാർബണ് പോകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.