വെനീസ് ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തിന് ശേഷം നേടിയ, കാണികളുടെ എട്ടു മിനിറ്റ് നീണ്ടു നിന്ന ഹര്‍ഷാരവത്തോടെ വരവറിയിച്ച ദിവസം മുതല്‍ ലോകത്തെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചലച്ചിത്രമാണ് ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത് വോക്വീന്‍ ഫീനിക്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ജോക്കര്‍'. ഡിസി കോമിക്‌സിന്‍റെ കഥാപാത്രങ്ങളിലെ പ്രധാന വില്ലന്‍മാരിലൊരാളായ ജോക്കര്‍ 1940 മുതല്‍ കാര്‍ട്ടൂണുകളുടെയും ഗ്രാഫിക് നോവലുകളുടെയും സീരീസുകളുടെയും സിനിമയുടെയും ഭാഗമായി പല തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലായി സിസാര്‍ റൊമേരോ, ജാക്ക് നിക്കോള്‍സണ്‍, മാര്‍ക്ക് ഹാമില്‍ തുടങ്ങി വ്യത്യസ്ത നടന്മാര്‍ ജോക്കറിനെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനൊക്കെ ശേഷം ജോക്കര്‍ കഥാപാത്രം ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത് 2008ല്‍ ക്രിസ്റ്റഫര്‍ നൊളാന്‍ സംവിധാനം ചെയ്ത 'ദ ഡാര്‍ക്ക് നൈറ്റ്' ലൂടെയായിരുന്നു എന്ന് നിസ്സംശയം പറയാം.
അന്നു വരെ കാണാത്ത രീതിയിലുള്ള കഥാപാത്ര അവതരണത്തിനായി സംവിധായകന്‍ തെരഞ്ഞെടുത്ത ആസ്‌ട്രേലിയന്‍ നടനായ ഹീത്ത് ലെഡ്ജര്‍ ചെയ്ത ജോക്കര്‍ എന്ന വില്ലന്‍ മുമ്പ് ഒരിക്കലും ലഭിക്കാത്ത രീതിയില്‍ നായകനായ ബാറ്റ്മാനും മുകളില്‍ ആഘോഷിക്കപ്പെട്ടു. ലെഡ്ജറുടെ ഏറ്റവും മികച്ച അഭിനയമായി വിലയിരുത്തപ്പെട്ട ജോക്കര്‍ കഥാപാത്രമായി പൂര്‍ണമായി മാറാന്‍ വേണ്ടിയുള്ള കഠിനാധ്വാനത്തിനിടയില്‍ നഷ്ടപ്പെട്ടത് അദ്ദേഹത്തിന്‍റെ ജീവന്‍ തന്നെയായിരുന്നു. അതിനു ശേഷം ജാറെഡ് ലെറ്റോ 2016ലെ ചിത്രം സൂയിസൈഡ് സ്‌ക്വാഡില്‍ അതേ കഥാപാത്രത്തിനെ അവതരിപ്പിച്ചെങ്കിലും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നിന്നിരുന്ന ജോക്കറിന് ലെഡ്ജറുടെ രൂപമായിരുന്നു. അത്രത്തോളം അവരുടെ ഉള്ളില്‍ ആ കഥാപാത്രം അവതരണ ശൈലിയും സംഭാഷണങ്ങളും സംഭാഷണത്തിലെ തത്വശാസ്ത്രങ്ങളും കാരണം കയറിപ്പറ്റിയിരുന്നു. നോളന്‍റെ കഥയിലെ നായകനേക്കാള്‍ ഒരുപാട് ഉയരത്തില്‍ അറിയപ്പെട്ട ജോക്കറിനെ അതിനു ശേഷം അത്രത്തോളം മികവോടെ അവതരിപ്പിക്കാന്‍ ആരാണ് ഉള്ളത് എന്നതിനുള്ള ഉത്തരം കൂടി നല്‍കുന്നു 2019ലെ പുതിയ ജോക്കര്‍.
ടോഡ് ഫിലിപ്‌സിന്‍റെ ജോക്കര്‍ ചിത്രം പറയുന്നത് പഴയ ബാറ്റ്മാന്‍ കഥയുമായി ബന്ധപ്പെടുത്തിയാണെങ്കിലും കഥയിലെവിടെയും ബാറ്റ്മാന്‍ നായകനായി വരുന്നില്ല. പകരം കഥയിലെ കുറച്ച് കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും സ്ഥലങ്ങളെയും അടര്‍ത്തിയെടുത്ത് പുതിയ ഒരു വ്യക്തിത്വം നൽകുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കഥ നടക്കുന്നത് പതിവു പോലെ ഗോഥം സിറ്റിയില്‍ തന്നെയാണ്. എന്നാല്‍, കഥയിലെ പ്രധാന കഥാപാത്രം നായകനോ വില്ലനോ എന്ന് തരംതിരിക്കാന്‍ ആര്‍ക്കും കഴിയാത്ത ആര്‍തര്‍ ഫ്ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആണ്. സമൂഹത്തിന്‍റെ നിരന്തരമായ ഇടപെടല്‍ പരാജിതനായ, വേദനിപ്പിക്കപ്പെട്ട, അപമാനിക്കപ്പെട്ട ഒരു സാധാരണ വ്യക്തിയെ ജോക്കര്‍ എന്ന വ്യത്യസ്തമായ മാനസിക നിലയിലുള്ള ഒരു 'സൈക്കോ' ആക്കി മാറ്റുന്നത് എങ്ങനെയാണ് എന്നാണ് ചിത്രം പറയുന്നത്. 1981 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറഞ്ഞു പോകുന്നത് മുഴുവനായും ജോക്കറിന്‍റെ കാഴ്ചപ്പാടിലൂടെയാണ്. മുമ്പ് ഒരു വില്ലനായി പ്രത്യക്ഷപ്പെട്ടിരുന്ന കഥാപാത്രത്തിന് പുതിയ ഒരു വ്യക്തിത്വം നൽകി അയാളുടെ ജീവിതത്തിലേക്കും വേദനകളിലേക്കും പ്രേക്ഷകരെ കൊണ്ടു പോകുന്നതില്‍ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു നടനും സംവിധായകനും.
ചിത്രത്തിന്‍റെ തുടക്കം മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്തി വേഗത്തില്‍ അതേസമയം, ഒരു നിമിഷം പോലും നിലവാരത്തകര്‍ച്ച ഇല്ലാതെ കഥ പറഞ്ഞു പോകാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ നിറഞ്ഞു തുടങ്ങിയ, പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അകലം ഒരുപാട് വർധിച്ച, അസുഖങ്ങളും കുറ്റകൃത്യങ്ങളും നിറഞ്ഞ ഗോഥം നഗരത്തിന്‍റെ അവസ്ഥ പറഞ്ഞു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. സ്വയരക്ഷ നോക്കുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന സംഭവങ്ങളാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെടുന്ന ആര്‍തറിന്‍റെ ജീവിതം, കുട്ടിക്കാലം മുതല്‍ അയാളുടെ കഥാപാത്രം അനുഭവിക്കുന്ന ഏകാന്തത, പീഢനങ്ങള്‍, മറ്റുള്ളവരില്‍ നിന്നും ആ കഥാപാത്രത്തിനു നേരിടേണ്ടി വരുന്ന അവഗണന, പരിഹാസം തുടങ്ങിയവ ചിത്രം കൃത്യമായിത്തന്നെ വരച്ചിടുന്നു. ഒരർഥത്തില്‍ പറഞ്ഞാല്‍ സമൂഹമാണ് ജോക്കറിനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് അടിവരയിട്ടു പറയുന്നുണ്ട് ചിത്രത്തില്‍. തന്നെ അടിച്ചമര്‍ത്തിയ, ഒന്നുമല്ലാത്തവനാക്കിയ വ്യവസ്ഥിതിക്കെതിരെ, സമൂഹത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധം ആണ് യഥാര്‍ത്ഥത്തില്‍ ജോക്കറിന്‍റെ കഥാപാത്രം. പല തവണ നേരിട്ടും അല്ലാതെയും ഇക്കാര്യം ജോക്കര്‍ വ്യക്തമാക്കുന്നുണ്ട്.
ക്രിസ് നോളന്‍റെ സംവിധാന മികവില്‍ ലോകപ്രശസ്തമായി മാറിയ കഥാപാത്രത്തിന് എങ്ങനെ പുതിയൊരു മാനം നൽകും എന്നതും ഹീത്ത് ലെഡ്ജറിന്‍റെ അഭിനയ നിലവാരത്തിലെത്തുന്ന രീതിയില്‍ വേറെ ആര് അവതരിപ്പിക്കും എന്നതും ഏറെക്കാലമായി നിലനിന്നിരുന്ന ആശയ കുഴപ്പമായിരുന്നു. സ്വാഭാവികമായും ഉന്നത നിലവാരത്തിലുള്ള ലോകപ്രശസ്തമായ കഥാപാത്രമായ ജോക്കറിനെ വീണ്ടും ചലച്ചിത്രമാക്കാന്‍ മുമ്പ് 'ഹാംഗ് ഓവര്‍' പോലുള്ള കോമഡി സിനിമകള്‍ ചെയ്ത സംവിധായകന്‍ ടോഡ് ഫിലിപ്‌സും പുതിയ മുഖം നല്‍കാന്‍ 'ഹെര്‍' പോലുള്ള ചലച്ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച വാക്വീന്‍ ഫീനിക്‌സും തയ്യാറെടുക്കുമ്പോള്‍ ഉയര്‍ന്നിരുന്ന വെല്ലുവിളിയും ഇതായിരുന്നു.
എന്നാല്‍, എല്ലാതരം ആശങ്കകളെയും അസ്ഥാനത്താക്കി ഒരാള്‍ക്കു പോലും കുറ്റപ്പെടുത്താനാകാത്ത വിധം പൂര്‍ണ്ണതയോടെയാണ് സംവിധായകനും നടനും പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നു കാണാം. എടുത്തു പറയേണ്ടത് ഫീനിക്‌സിന്‍റെ അഭിനയമികവ് തന്നെയാണ്. നിഷ്‌കളങ്കനും ഭീരുവുമായ ആര്‍തര്‍ ഫ്ലെക്കില്‍ നിന്നും കലാപത്തിന്‍റെ പ്രതിനിധിയായ (ഏജന്‍റ് ഓഫ് കയോസ്) ജോക്കര്‍ ആയി മാറുന്ന പരിവര്‍ത്തന (ട്രാന്‍സ്‌ഫോമേഷന്‍)ത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നതാണ്. ആ കഥാപാത്രം കടന്നു പോകുന്ന ഓരോ പ്രതിസന്ധികളും വേദനകളും പരീക്ഷണങ്ങളും അതിസൂക്ഷ്മമായി, ഇനിയൊരു നടന് ചെയ്യാന്‍ ഒന്നും തന്നെ ബാക്കിവെക്കാത്ത വിധം അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. അതിനൊപ്പം തന്നെ കുറച്ചു രംഗങ്ങളില്‍ വന്നു പോകുന്ന ഇതിഹാസ താരം റോബര്‍ട്ട് ഡി നീറോയും മറ്റെല്ലാവരും അവരുടെ ഭാഗം ഗംഭീരമാക്കി.
വളരെയധികം പ്രശംസ അര്‍ഹിക്കുന്നതാണ് ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങളെല്ലാം തന്നെ. മികച്ച ഛായാഗ്രഹണം, പശ്ചാത്തല സംഗീതം തുടങ്ങിയവ ടോഡ് ഫിലിപ്‌സും സ്‌കോട്ട് സില്‍വറും കൂടി മനോഹരമാക്കിയ കെട്ടുറപ്പുള്ള തിരക്കഥക്ക് പൂര്‍ണ്ണത പകരുന്നു. 2005ല്‍ ഇറങ്ങിയ വി ഫോര്‍ വെന്‍ഡേറ്റയിലെ അഴിമതിയും അനാസ്ഥയും നിറഞ്ഞ ഗവണ്‍മെന്‍റ് സിസ്റ്റത്തെയും ബ്ലേഡ് റണ്ണര്‍ (1982, 2017) സിനിമകളിലെ തകര്‍ന്നടിഞ്ഞ ലോകത്തെ കാണിക്കാന്‍ ഉപയോഗിച്ച കളര്‍ ടോണിനെയും ചിൽഡ്രൻ ഓഫ് മെൻ (2006)ന്‍റെ അന്തരീക്ഷത്തെയും പലപ്പോഴും ചിത്രത്തിന്‍റെ ഫ്രെയിമുകള്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും അത് ആസ്വാദനത്തിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. എല്ലാ തരത്തിലും പൂര്‍ണ്ണത അവകാശപ്പെടാവുന്ന അപൂര്‍വ്വമായ ചിത്രങ്ങളിലൊന്നാണ് 'ജോക്കര്‍' എന്നതില്‍ സംശയമില്ല.
നായകന്‍ വില്ലന്‍ വ്യക്തിത്വങ്ങളുടെ ഇടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമാണ് ജോക്കര്‍. മുമ്പത്തെ ജോക്കര്‍ കഥാപാത്രങ്ങളെല്ലാം തന്നെ ബാറ്റ്മാന്‍റെ വില്ലനായും സമൂഹവ്യവസ്ഥിതിയുടെ അടിത്തറ ഇളക്കുന്ന മനോരോഗിയായും അവതരിപ്പിക്കപ്പെടുന്നിടത്താണ് പുതിയ ജോക്കര്‍ വ്യത്യസ്തമാകുന്നത്. കരച്ചിലും ചിരിയും തമ്മിലുള്ള അന്തരം ഇല്ലാതെയായിപ്പോയ, തന്‍റേതല്ലാത്ത കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന കഥാപാത്രം വാക്വീന്‍ ഫിനിക്‌സിന്‍റെ കൈയ്യില്‍ ഭദ്രമായിരുന്നു. മാസങ്ങളെടുത്ത് ജോക്കറായി മാറിയ ഹീത്ത് ലെഡ്ജറിന്‍റെ മാനറിസങ്ങളുടെ യാതൊരു സമാനതകളും കാണിക്കാതെ, പുതിയ ജോക്കറായി സിനിമയിലുടനീളം അഴിഞ്ഞാടുകയായിരുന്നു അദ്ദേഹം.
ഒരു തരത്തിലുള്ള താരതമ്യങ്ങളും ഇരു നടന്മാരുടെയും കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തേണ്ട ആവശ്യമില്ല. കാരണം അവരവരുടേതായ രീതികളില്‍ പൂര്‍ണ്ണത കൈവരിച്ചവരാണ് ലെഡ്ജറും ഫിനിക്‌സും. അതു കൊണ്ടു തന്നെ ഇരു കഥാപാത്രങ്ങളും എക്കാലവും നില നിൽക്കും. ജോക്കറിന്‍റെ സ്വഭാവ സവിശേഷതകള്‍, ബാറ്റ്മാന്‍റെ ചരിത്രം തുടങ്ങിയവ അറിഞ്ഞിരുന്നാല്‍ ചിത്രത്തിന്‍റെ ആസ്വാദനം കൂടുതല്‍ മികവുറ്റതാകും. ആക്ഷനോ തീ പറക്കുന്ന ഡയലോഗുകളോ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഗ്രാഫിക്‌സോ ഇല്ലാത്ത ഒരു ചിത്രം എങ്ങനെ ഒരു മോഡേണ്‍ ക്ലാസിക്ക് ആക്കി മാറ്റാമെന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ് 'ജോക്കര്‍ 2019'. സംവിധായകന്‍റെയും നടന്‍റെയും ജീവിതത്തിലെ മാസ്റ്റര്‍പീസ് എന്നും അവകാശപ്പെടാവുന്ന ഒന്നാണ് ഈ ഉത്തമ കലാസൃഷ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.