വീണ്ടെടുക്കാം ഗോദകളിലെ ജീവിതങ്ങള്‍

മനുഷ്യനൊരു കായിക ജീവിയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പക്ഷെ അങ്ങിനെ പറയാമെന്ന് തോന്നുന്നു. കായിക വിനോദങ്ങളെ ഒഴിച്ചുനിര്‍ത്തി അവനൊരു ജീവിതമുണ്ടെന്ന് തോന്നുന്നില്ല. എത്രയെത്ര കളികളാണ് നാം കണ്ടുപിടിച്ചിട്ടുള്ളത്. ഓരോ നാടിനും അവരുടേതായ മണ്ണും മനുഷ്യരും ഭാഷയും പോലെ കളികളുമുണ്ട്. ഓരോ പ്രദേശത്തിന്‍റേയും ചരിത്രത്തിലേക്ക് ഊളിയിട്ടാല്‍ ഇത്തരം കായിക പാരമ്പര്യങ്ങളുടെ ഉജ്വല കഥകള്‍ കേള്‍ക്കാനാകും. ഫുട്ബാളും കബഡിയും വടംവലിയും വോളിബാളും ഗുസ്തിയും പഞ്ചഗുസ്തിയും നാടന്‍ പന്തുകളിയും തുടങ്ങി അനേകം കളികളാല്‍ സമ്പന്നമായിരുന്നു നമ്മുടെ നാട്. പിന്നീടെപ്പോഴോ ടെലിവിഷനോടൊപ്പം ക്രിക്കറ്റ് എന്ന വ്യാധിയും പരത്തപ്പെട്ടു. നമ്മുക്ക് ആകപ്പാടെ ലോക ചാംമ്പ്യന്മാരാകാന്‍ കഴിഞ്ഞ കായിക വിനോദമെന്ന ദൗര്‍ബല്യവും ടെലിവിഷന്‍ പരസ്യ വിപണിക്ക് പറ്റിയ ഘടനയും ചേര്‍ന്നപ്പോള്‍ ക്രിക്കറ്റ് മറ്റെല്ലാത്തിനുംമേല്‍ ആധിപത്യം സ്ഥാപിച്ചു. 


ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളം സിനിമ ഗോദ പ്രാദേശികമായ കായിക പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പാണ് പ്രമേയമാക്കുന്നത്. കണ്ണാടിക്കലെന്ന ഗുസ്തിക്ക് പ്രശസ്തമായ ദേശവും അവിടത്തെ മനുഷ്യരുമാണ് സിനിമയിലെ വിഭവങ്ങള്‍. ഗുസ്തിയെ ഇപ്പോഴും നെഞ്ചേറ്റുന്ന പഴയ തലമുറയും വികസനം കൊതിക്കുന്ന യുവാക്കളും തമ്മിലുള്ള സംഘര്‍ഷമാണിതില്‍. കണ്ണാടിക്കലിലേക്ക് പഞ്ചാബില്‍ നിന്നൊരു പെണ്‍കുട്ടി വരുന്നുണ്ട്. പേര് അദിഥി. ഒരുതരത്തില്‍ ഗോദ അവളുടേയും കൂടെ കഥയാണ്. ഗുസ്തിയെ ജീവിതമാക്കിയ പഞ്ചാബി പെണ്‍കുട്ടി അതില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു ഗ്രാമത്തിലേക്ക് വരുന്നു. അതിന് നിമിത്തമാകുന്നത് നായകനായ ആജ്ഞനേയ ദാസാണ്. ദാസിന് ക്രിക്കറ്റാണ് ഇഷ്ടം. പക്ഷെ വിധിക്ക് കാത്തുവെക്കാനുണ്ടായിരുന്നത് മറ്റ്ചിലതായിരുന്നു. 


ഗുസ്തി പ്രമേയമാക്കിയ രണ്ട് ആഗോള ഹിറ്റുകള്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയിരുന്നു. സുല്‍ത്താനും ദംഗലും. ഗോദയിലെ പ്രണയത്തിന് സുല്‍ത്താനുമായി നല്ല സാമ്യമുണ്ട്. സുല്‍ത്താന്‍ ഗുസ്തി പഠിക്കുന്നത് ആര്‍ഫക്കു വേണ്ടിയാണ്. അവളുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍. ആജ്ഞനേയ ദാസും ഗുസ്തിയെ സ്നേഹിച്ച് തുടങ്ങുന്നത് അദിഥിക്കു വേണ്ടിയാണ്. വമ്പന്‍ ബജറ്റും സൗകര്യങ്ങളുമായി സുല്‍ത്താനും ദംഗലും ഗോദയില്‍ നിന്ന് ബഹുദൂരം മുന്നിലാണ്. ഗുസ്തി രംഗങ്ങളൊക്കെ ഈ സിനിമകളുമായി താരതമ്യം ചെയ്യാനെ കഴിയില്ല.


എങ്കിലും നന്മയുടെ കൂട്ടുകച്ചവടം എന്ന നിലയില്‍ ഗോദയൊരു നല്ല സൃഷ്ടിയാണ്. ബേസില്‍ ജോസഫിന്‍റെ 'കുഞ്ഞിരാമായണം' കണ്ടവര്‍ക്കറിയാം, കാരിക്കേച്ചര്‍ ശൈലിയിലെ കഥാപാത്ര സൃഷ്ടിയില്‍ വിദഗ്ധനാണ് സംവിധായകനെന്ന്. കണ്ണാടിക്കടവിലെ മനുഷ്യരിലധികവും ഇത്തരക്കാരാണ്. സിനിമയില്‍ സുപ്രധാനമായൊരു കഥാപാത്രമാകുന്നത് രൺജി പണിക്കരാണ്. ആജ്ഞനേയ ദാസിന്‍റെ അച്ഛനായ ക്യാപ്റ്റന്‍. ക്യാപ്റ്റനാണ് കണ്ണാടിക്കടവിന്‍റെ ഗുസ്തി പാരമ്പര്യത്തിന്‍റെ പ്രതീകം. തന്‍റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ രൺജിപണിക്കര്‍ക്ക് ആയിട്ടുണ്ട്. 


ഗോദയെ മികച്ചതാക്കുന്നത് അത് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ പ്രസക്തിയാണ്. വിരസമാകാത്ത നര്‍മവും ഞരമ്പ് വലിച്ച് മുറുക്കുന്നതല്ലെങ്കിലും രസച്ചരട് പൊട്ടാത്ത കായികാവേശവും സിനിമയിലുണ്ട്. കണ്ണാടിക്കലിലേക്ക് അദിഥി എത്തുന്നതോടെ ഇതിലെ രാഷ്ട്രീയം ഒരു പാന്‍ ഇന്ത്യന്‍ സ്വഭാവം ആര്‍ജിക്കുന്നുണ്ട്. നാമെപ്പോഴും സിനിമകളില്‍ അന്യ സംസ്ഥാനക്കാരെ പ്രതിഷ്ടിക്കുന്നത് അപരസ്വത്ത പരിഹാസത്തിനാണ്. അല്ലെങ്കില്‍ ക്രൗര്യം തുളുമ്പുന്ന വില്ലത്തരമായിരിക്കും അത്തരക്കാരുടെ ജോലി. കോമഡിയൊ വില്ലത്തരമൊ അല്ലാതെ സിനിമയുടെ നിര്‍ണായകമായ കഥാതന്തുവായി സഹോദര സംസ്ഥാനത്ത് നിന്നൊരാള്‍ വരുന്ന കാഴ്ച ആനന്ദം തരുന്നതാണ്. 


സിനിമയുടെ ദൗര്‍ബല്യം ഗൗരവകരമല്ലാത്ത പരിസരമാണ്. കാരിക്കേച്ചറിസം ഒറ്റക്കാഴ്ചയില്‍ രസം പകരുമെങ്കിലും ചിലപ്പോഴൊക്കെ വിരസവുമാണ്. മലയാളത്തിലല്ലാത്ത ധാരാളം സംഭാഷണങ്ങള്‍ ഉള്ളതും രസംകൊല്ലിയാണ്. തുടക്കത്തിലാണ് സിനിമ കുറേയേറെ മടുപ്പിക്കുന്നത്. അവസാനത്തിലെത്തുമ്പോള്‍ ഇതിനെ മറികടക്കാനാകുന്നുണ്ട്. അദിഥിയെപറ്റി പറയാതെ ഗോദയുടെ അവലോകനം അവസാനിപ്പിക്കാനാകില്ല. ഗോദയിലെ ജീവന്‍ അവളാണ്. 'വാമിക്ക ഗബ്ബി' എന്ന നടിയാണ് അദിഥിയാകുന്നത്. ഹിന്ദി, പഞ്ചാബി, തമിഴ്‍, തെലുങ്ക് സിനിമകളിലൊക്കെ വാമിക്ക അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രകടനമാണ് ഗോദയില്‍ ഈ നടിയുടേത്. ആജ്ഞനേയ ദാസാകുന്ന ടോവിനോയും തന്‍റെ ഭാഗം നന്നാക്കിയിട്ടുണ്ട്. 


പിന്‍കുറി: അന്വേഷിച്ചിറങ്ങിയാല്‍ നമ്മുടെയെല്ലാം നാട്ടിന്‍പുറങ്ങളില്‍ നാം എന്നോ ഉപേക്ഷിച്ച നമ്മുടെ സ്വന്തം നാട്ടുവിനോദങ്ങള്‍ മറഞ്ഞുകിടക്കുന്നത് കാണാനാകും. കണ്ണാടിക്കലിനത് ഗുസ്തിയായിരുന്നു. നമ്മുടേത് മറ്റെന്തെങ്കിലുമാകാം. പണ്ടുനാം വെല്ലുവിളിക്കുമ്പോള്‍ ഗോദയില്‍ കാണാമെന്ന് പറയുമായിരുന്നു. ഇപ്പോഴുള്ള തലമുറ ഗോദകളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ആകെ ഗോദയെന്ന് കേള്‍ക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്, 'തെരഞ്ഞെടുപ്പ് ഗോദ'. പ്രാദേശികമായ കളികളുടെ വീണ്ടെടുപ്പ് അതിജീവനത്തിനും സ്വത്വ സംരക്ഷണത്തിനും വേണ്ടി നാം നടത്തുന്ന പോരാട്ടങ്ങളുടെ കൂടി ഭാഗമാണ്. ഓരോ നാടും നടത്തേണ്ട പോരാട്ടം കൂടിയാണത്.

Tags:    
News Summary - malayalam moview review godha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.