മനുഷ്യന്റെ ഉള്ളിലെ അണമുറിയാത്ത നന്മയുടെയും സ്നേഹത്തിന്റെയും കഥകൾ അദ്രപാളിയിൽ അവതരിപ്പിച്ച ഇറാനിയൻ സംവിധായകനാണ് മാജിദ് മജീദി. കുഞ്ഞുങ്ങളിലെ നിഷ്കളങ്കത വരച്ച് കാണിച്ച 'ചിൽഡ്രൻ ഒാഫ് ഹെവൻ' അദ്ദേഹത്തെ മലയാളി ചലച്ചിത്രാസ്വാദകന്റെ പ്രിയപ്പെട്ട സംവിധായകനാക്കി. സാധാരണക്കാരന്റെ ജീവിത കഥകളുടെ ദിശ്യാവിഷ്കാരത്തിന്റെ മൗലികതയാൽ അദ്ദേഹത്തിന്റെ സിനിമകൾ ലോകശ്രദ്ധ പിടിച്ചുപറ്റി. മജീദിയുടെ 'സോങ്ങ് ഒാഫ് സ്പാരോസ്', 'കളർ ഒാഫ് പാരഡൈസ്', 'ബാരൺ' തുടങ്ങിയ സിനമകളെല്ലാം മലയാളി പ്രേക്ഷകൻ നിറകൈയടിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്.
മാജിദ് മജീദി ആദ്യമായി ഒരു ഒരുക്കിയ ബോളിവുഡ് സിനിമയാണ് 'ബിയോണ്ട് ദി ക്ലൗഡ്സ്' (മേഘങ്ങൾക്കുമപ്പുറം). അദ്ദേഹത്തിന്റെ ആദ്യ ഇതര ഭാഷാചിത്രമാണിത്. മുംബൈ മഹാനഗരത്തിന്റെ ചേരിയിൽ കഴിയുന്ന യുവാവായ അമീറിന്റെയും സഹോദരി താരയുടെയും കഥയാണ് ബിയോണ്ട് ദി ക്ലൗഡ്സ് പറയുന്നത്. നഗരത്തിലെ മയക്കുമരുന്ന് വിതരണക്കാരനായ അമീറിനെ തേടിയെത്തുന്ന പൊലീസിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന താര ജയിലിലാകുന്നതാണ് സിനിമയുടെ പ്രമേയം. താര ജയിലിലാകുന്നതോടെ ഇരുവരുടെയും ജീവിതത്തിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുന്നു.
ജയിലിൽ രോഗിയായ യുവതിയുടെ കുഞ്ഞുമായി താരയും താരയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച് മരണത്തോട് മല്ലിടുന്ന അക്ഷിയുടെ കുടുംബവുമായി അമീറും വേർപിരിയാനാവാത്ത വിധം അടുക്കുന്നു. അക്ഷി മരിച്ചാൽ കൊലപാതക കുറ്റത്തിന് താര ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും. തടവറയുടെ നോവിന്റെയും കണ്ണീരിന്റെയും പിടിയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള വെമ്പലിലാണ് താര. അവളെ പുറത്തിറക്കാനുള്ള നെേട്ടാട്ടത്തിൽ അമീറും. മയക്കുമരുന്ന് മാഫിയയുടെ ചൂഷണത്തിന് ഇരയാകുന്ന അമീറിന്റെയും പലരുടെയും കിടപ്പറ പങ്കിടാൻ വിധിക്കപ്പെട്ട താരയുടെ ഒറ്റപ്പെടലിന്റെയും സംഭവ ബഹലുമായ ജീവിതം വളരെ ലളിതമായാണ് മജീദി ചിത്രീകരിച്ചിരിക്കുന്നത്. അനാഥരായ അമീറും താരയും പ്രകടിപ്പിക്കുന്ന വെറുപ്പും ദേഷ്യവും സഹതാപവും നിശ്ചയദാർഢ്യവും സ്നേഹവും സിനിമക്ക് തീഷ്ണത പകരുന്നു.
മാജിദ് മജീദിയുടെ കഥ പറച്ചിലിന്റെ മാസ്കരികത സിനിമയിലുടനീളം കാണാം. മറ്റെല്ലാ സിനിമയിലും പോലെ ബിയോണ്ട് ദി ക്ലൗഡ്സിലും കുഞ്ഞുങ്ങൾ വ്യത്യസ്ത വേഷങ്ങളിലെത്തുന്നുണ്ട്. ജയിലിൽ താരയുടെ കൂട്ടുകാരനാണ് ചോട്ടു. ജയിലിൽ ജനിച്ചതിനാൽ ഒരിക്കൽ പോലും ആകാശത്ത് ചന്ദ്രനെ കാണാത്ത അവന് താര ചന്ദ്രനെ കാണിച്ചു കൊടുക്കാൻ ശ്രമിക്കുന്ന രംഗവും താരയില്ലാത്ത വീട്ടിൽ അഭയം തേടുന്ന അക്ഷിയുടെ തമിഴ് കുടുംബത്തിലെ കുഞ്ഞുങ്ങളെ ‘മുക്കാല മുക്കാബുല ലൈല’ എന്ന പാട്ട് വെച്ച് നൃത്തം ചെയ്യുന്ന അമീറിന്റെ രംഗവും ചിത്രത്തിന് എരിവും പുളിയും പകർന്നിട്ടുണ്ട്. പുരുഷന്റെ ചൂഷണത്തിനും ആക്രമണത്തിന് ഇരയാക്കപ്പെട്ടിട്ടും നിരപരാധികളായി ജയിലിൽ കഴിയുന്നവരാണ് പല സ്ത്രീകളും. പുറത്ത് നിരവധി പെൺകുട്ടികൾ പുരുഷന്റെ വലയിലകപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും മനസിൽ നന്മ കാത്തു സൂക്ഷിക്കുന്ന ഒരുപാട് മനുഷ്യർ നഗരത്തിലെ ആൾക്കൂട്ടത്തിലുണ്ടെന്ന് ചിത്രം പറയുന്നു.
അമീറിനെ ഇഷാൻ ഖേത്തറും താരയെ മലയാളിയായ മാളവിക മോഹനനുമാണ് അവതരിപ്പിച്ചത്. പട്ടം പോലെ, നിർണായകം തുടങ്ങിയ മലയാള സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത താരമാണ് മാളവിക. സംവിധായകനും ഛായാഗ്രാഹകനുമായ ഗൗതം ഘോഷ്, കന്നഡ സിനിമയിലെ പ്രമുഖ താരമായ ജി.വി. ശാരദ, ശശാങ്ക് ഷിൻഡെ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എ.ആർ. റഹ്മാനാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.
ലഗാൻ, വീർ സാര തുടങ്ങിയ ബോളിവുഡിലെ സൂപ്പർഹിറ്റുകൾക്ക് കാമറ ചലിപ്പിച്ച അനിൽ മേത്തയുടെ കാമറ പകർത്തിയ ദൃശൃങ്ങൾ അവിസ്മരണീയമാണ്. ഒരു വിദേശിയുടെ കണ്ണിലൂടെയാണ് മുംബൈ നഗരത്തെയും ഛത്രപതി ശിവാജി ടെർമിനൽസ് സ്റ്റേഷനും അലക്കുകാരുടെ കേന്ദ്രമായ ധോബിഘട്ടും ചേരിയും മജീദി അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ മുംബൈ പരിചിതമല്ലാത്തവർക്ക് വേറിട്ട ദൃശ്യാനുഭവമാണ് സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.