ഉയരത്തില്‍ പറക്കുന്ന പറവ -REVIEW

മട്ടാഞ്ചേരി അല്ലെങ്കില്‍ പശ്ചിമ കൊച്ചിയെന്നോ ഫോര്‍ട്ട് കൊച്ചിയെന്നോ അറിയപ്പെടുന്ന സ്ഥലരാശിയെ എങ്ങിനെയാണ് മലയാള സിനിമ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുണ്ട ഇടങ്ങൾ കുറഞ്ഞ ദേശത്ത് ഭയപ്പെടാനും പുച്ഛിക്കാനും സഹതപിക്കാനും ലഭിച്ചിട്ടുള്ളത് ചില അപൂര്‍വ്വം ഭൂഭാഗങ്ങളാണ്. അട്ടപ്പാടിയെന്ന് പറയുമ്പോള്‍ നാമെപ്പോഴും ഞെട്ടാറില്ലേ. അവിടെ നല്ലതൊന്നും സംഭവിക്കാറില്ലെന്ന പൊതുബോധം രൂപപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ ചേരികളിലെന്നായ ചെങ്കല്‍ചൂളയുടെ പേര് കുറേ നാള്‍ മുമ്പ് രാജാജി നഗര്‍ എന്ന് മാറ്റിയിരുന്നു. പക്ഷെ നിങ്ങള്‍ തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയിട്ട് രാജാജി നഗറില്‍ പോണമെന്ന് പറഞ്ഞാല്‍ ‘മോശക്കാരായ’ ഓട്ടോ അണ്ണന്മാര്‍ പകച്ച് നോക്കും. ഇനി നിങ്ങള്‍ ചൂളയില്‍ പോണമെന്ന് പറഞ്ഞുനോക്കു. വഷളന്‍ ചിരിയോടെയും പുച്ഛത്തോടെയും കൃത്യമായി അവിടെയത്തെിക്കും. എന്തെങ്കിലും ആവശ്യത്തിന് പൊലീസ് സ്റ്റേഷനില്‍ ചെന്നെന്നിരിക്കട്ടെ. എവിടെയാ വീടെന്ന് ചോദിക്കുമ്പോള്‍ രാജാജി നഗറെന്ന് പറഞ്ഞാല്‍ പൊലീസുകാരന്‍ കണ്ണുരുട്ടും. എന്നിട്ട് ചോദിക്കും എന്താടാ നിനക്ക് ചൂളയെന്ന് പറയാന്‍ കുറച്ചിലാണൊയെന്ന്. ഇതൊന്നും അവരുടെ കുറ്റമല്ല. നാം ജീവിക്കുന്ന ഭൂമിയിലെ ചെറിയൊരു ഭാഗം ഏറെക്കാലമായി നേടിയെടുത്ത ശേഷിപ്പാണത്. 

കൊച്ചിയെന്ന കേരളത്തിന്‍െറ ഏക മെട്രൊ നഗരം അതിന്‍െറ മാലിന്യം തള്ളുകയും പക തീര്‍ക്കുകയും ലഹരി പുകച്ച് രസിക്കുകയും ചെയ്യുന്നത് മട്ടാഞ്ചേരിയിലാണ്. അഴുക്കുപിടിച്ചതും ഇടുങ്ങിയതും കടുംവര്‍ണ്ണങ്ങള്‍ കോരിയൊഴിച്ചതുമായ തെരുവുകളാണിവിടെ. മനുഷ്യരില്‍ ആര്‍ഭാടങ്ങളേക്കാളേറെ മജ്ജയും മാംസവും മാത്രമെ കാണാനാകു. നഗര മനുഷ്യന്‍െറ പുറംപൂച്ചുകള്‍ അന്യമാണവര്‍ക്ക്. വീട്, വൈദ്യുതി, വെള്ളം തുടങ്ങി മറ്റുള്ളവര്‍ ആര്‍ഭാടത്തോടെ സ്വന്തമാക്കിയിരിക്കുന്ന ധൂര്‍ത്തുകള്‍ ഇവര്‍ക്ക് പരിമിതമാണ്. ഒറ്റ മുറികളില്‍ നിരവധി കടുംബങ്ങള്‍ ഞെരുങ്ങിക്കഴിയുന്ന ഇടമാണിത്. മലയാള സിനിമക്ക് എപ്പോഴും മട്ടാഞ്ചേരിയുടെ അധോലോക കഥകളോടായിരുന്നു താല്‍പര്യം. കേരളത്തിന്‍െറ ധാരാവിയെന്ന് ഉറപ്പിക്കുമാറ് നാം മട്ടാഞ്ചേരിയെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടുകൊണ്ടിരുന്നു. 

സൗബിന്‍ ഷാഹിര്‍ എന്ന സംവിധായകന്‍െറ ആദ്യ സിനിമ 'പറവ' പശ്ചിമ കൊച്ചിയുടെ കഥയാണ് പറയുന്നത്. ഇവിടത്തെ മനുഷ്യരേയും അവരുടെ സ്വപ്നാടനങ്ങളേയും കലര്‍പ്പില്ലാതെ അവതരിപ്പിച്ചതിന് സൗബിനെ അഭിനന്ദിക്കുക തന്നെ വേണം. രണ്ട് കൗമാരക്കാരുടെ കഥയാണ് പറവ പറയുന്നത്. ഇര്‍ഷാദെന്ന ഇച്ചാപ്പിയും ഹസീബുമാണവർ. ഇവരുടെ ജീവിതത്തിലേക്ക് വന്നുപോകുന്നവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. ഒമ്പതില്‍ നിന്ന് ജയിച്ച് പത്തിലേക്ക് പോകാനിരിക്കുകയാണ് ഇരുവരും. എന്നാൽ സ്കൂളില്‍ പോകാന്‍ ഇരുവര്‍ക്കും താല്‍പ്പര്യമില്ല. പ്രാവുകളാണ് അവരുടെ ലോകം. ഇര്‍ഷാദിന്‍റെ വീടിന് മുകളില്‍ ഒരുക്കിയ കൂട്ടില്‍ വളര്‍ത്തുന്ന പറവകളാണ് അവര്‍ക്കെല്ലാം. മട്ടാഞ്ചേരിയില്‍ പ്രാവുകള്‍ക്കായി പറത്തല്‍ മത്സരമുണ്ട്. ഏറ്റവും കൂടുതല്‍ നേരം ആകാശത്ത് വട്ടമിട്ട് പറക്കുകയും തുടങ്ങിയ സ്ഥലത്തേക്ക് തിരികെയത്തെുകയും ചെയ്യുന്ന പ്രാവുകള്‍ ജയിക്കും.

സ്വതവേ പറക്കാന്‍ മടിയന്മാരായ പ്രാവുകളെ ആകാശത്ത് തുടരാന്‍ പ്രേരിപ്പിക്കുക എന്നതാണ് മത്സരത്തിന്‍െറ വെല്ലുവിളി. അടുത്ത് നടക്കാനിരിക്കുന്ന പറവ പറത്തല്‍ മത്സരത്തില്‍ ജയിക്കാനുള്ള തയാറെടുപ്പിലാണ് ഇര്‍ഷാദും ഹസീബും. ഇതിനിടയിൽ നിരവധി കഥാപാത്രങ്ങൾ സിനിമയില്‍ വന്നു പോകുന്നുണ്ട്. അത്കൊണ്ടുമാവാം ചിത്രീകരണം പൂർത്തിയാക്കാൻ സൗബിൻ രണ്ടു വർഷമെടുത്തത്.  പ്രാവുകളെ പരിശീലിപ്പിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമൊക്കെ ഏറെ നാള്‍ മാറ്റിവച്ചതായി സൗബിന്‍ തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒട്ടും സ്വാഭാവികത ചോര്‍ന്നുപോകാതെ പറവ ചിത്രീകരിച്ച അണിയറക്കാര്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. എടുത്തു പറയേണ്ട സവിശേഷത കലാ സംവിധാനവും കാമറയും വസ്ത്രാലങ്കാരവുമാണ്. ഒരുതരം കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും സിനിമക്കായി നടത്തിയിട്ടില്ല. പശ്ചാത്തല സംഗീതവും സിനിമയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. കുട്ടികൾ കൂടുതലുള്ള സിനിമയാണിത്. എന്നാൽ അവരൊക്കെ മട്ടാഞ്ചേരിയിലെ വീടുകളില്‍ നിന്ന് ഇറങ്ങി വന്നവരാണെന്നേ കാഴ്ച്ചക്കാര്‍ക്ക് തോന്നൂ. 

ഒരു സംവിധായകന്‍െറ ഏറ്റവും വലിയ നിക്ഷേപമായിരിക്കും അയാളുടെ ആദ്യ സിനിമ. ഒരാളുടെ സ്വപ്നങ്ങളും അനുഭവങ്ങളും പ്രയത്നവും എല്ലാംകൂടി കൂട്ടിവച്ചാണ് ആദ്യ സംരഭത്തിലേക്കയാള്‍ കടക്കുക. സംവിധാന സഹായിയായി ഏറെ നാളുകള്‍ ജോലി ചെയ്യുകയും പിന്നീട് തിരശ്ശീലക്ക് മുന്നില്‍ അഭിനയിക്കുകയും ചെയ്ത സൗബിന്‍െറ അനുഭവസമ്പത്ത് സിനിമക്ക് മുതല്‍ക്കൂട്ടാണ്. മലയാള സിനിമയിലെ നവ ഭാവുകത്വ പ്രമാണിമാരില്‍ ചിലരും സൗബിനൊപ്പം ചേരുന്നുണ്ട്. നിര്‍മാണ പങ്കാളിയായി അന്‍വര്‍ റഷീദും കഥാപാത്രമായി ആഷിഖ് അബുവും സിനിമയിലുണ്ട്. നിറയെ ചോര തിളച്ചുമറിയുന്ന യുവതയാണ് പറവ. അതിന്‍െറ ചടുലതയാണ് സിനിമയുടെ ഊര്‍ജ്ജം.

സിനിമയുടെ പ്രമേയത്തിൽ പുതുമകളുണ്ടെങ്കിലും നാമേറെ കണ്ടിട്ടുള്ള ഗാങ്ങ് വാറാണ് സിനിമയുടെ അടിയൊഴുക്ക്. ഗോത്ര ജീവിയായ മനുഷ്യന്‍റെ സംഘടിക്കാനും പോരടിക്കാനുമുള്ള ഒടുങ്ങാത്ത ത്വര തന്നെയാണ് ചിത്രത്തിന്‍റെ അടിസ്ഥാനവും. കലര്‍പ്പില്ലാത്ത മനുഷ്യരാവുമ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ രൂക്ഷമാകും. ഈ ഏററുമുട്ടലുകളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സംസ്കൃതനും നാഗരികനുമെന്ന് അഭിമാനിക്കുന്ന കപട മനുഷ്യര്‍ക്ക് നിസാര കാര്യങ്ങള്‍ക്ക് എന്തിനാണ് ഇവരിങ്ങനെ മല്ലടിക്കുന്നതെന്ന് തോന്നിയേക്കാം. പക്ഷെ അതാണവരുടെ ജീവിതം. എല്ലാ കുറവുകള്‍ക്കുമപ്പുറം മട്ടാഞ്ചേരിക്ക് എടുത്ത് പറയേണ്ടൊരു സവിശേഷത കൂടിയുണ്ട്. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. സിനിമക്ക് വേണ്ടി വേണമെങ്കില്‍ അവിടെ ചില മാറ്റങ്ങൾ സംവിധായകന് കൂട്ടിച്ചേർക്കായിരുന്നു. പ്രേമത്തിലൊക്കെ നാം കണ്ടതു പോലൊരു ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ സൗഹൃദം ഇവിടേയും ആകാമായിരുന്നു. അത്തരമൊരു സാധ്യത കഥാകാരന്‍ കൂടിയായ സംവിധായകന്‍ ആലോചിച്ചില്ല എന്നത് ദാര്‍ശനികമയി സിനിമയുടെ സത്യസന്ധതയാണ്. ഇതിലെ കഥാപാത്രങ്ങളിലധികവും മുസ്ലീം സ്വത്വമുള്ളവരാണ്. പരസ്പരം കാണുമ്പോള്‍ സലാം പറയുന്ന ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക് പോകുന്ന തലയില്‍ തട്ടവും ഷോളും പുതക്കുന്ന മുസ്ലിങ്ങളാണിവര്‍. എല്ലാത്തിനും അപ്പുറത്ത് ഇവരെല്ലാം മട്ടാഞ്ചേരിക്കാരുമാണ്. 

സിനിമയില്‍ സുപ്രധാനമായൊരാള്‍ ഇമ്രാനാണ്. ദുൽഖര്‍ സല്‍മാനാണ് ഇമ്രാന്‍െറ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇതൊരു അതിഥി വേഷമൊന്നുമല്ല. നായക ഗുണങ്ങളൊക്കെ തുന്നിച്ചേര്‍ത്ത ഇമ്രാന്‍റ കഥാപാത്രം സിനിമയുടെ സ്വാഭാവിക ഒഴുക്കുമായി ചേര്‍ന്ന് നില്‍ക്കുന്നു. എടുത്ത് പറയാനില്ലെങ്കിലും തന്‍െറ രൂപവും സ്വാഭാവിക പെരുമാറ്റവും കൊണ്ട് ഇമ്രാന്‍ സ്നേഹം നേടുക തന്നെ ചെയ്യും. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ശ്രിന്ദ അര്‍ഹാന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരൊക്കെ സിനിമയിലുണ്ട്. മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായ ഒരു നടന്‍െറ കാര്യം എടുത്ത് പറയേണ്ടതാണ്. സിദ്ദീഖാണ് ആ നടന്‍. എങ്ങിനെയാണ് ഈ നടനെ കാലം അടയാളപ്പെടുത്തുക എന്നറിയില്ല. പക്ഷെ താനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങരുതെന്ന് നിര്‍ബന്ധമുള്ള പോലെ സിദ്ദിഖ് അഭിനയിച്ച് തകര്‍ക്കുകയാണ്. ആടിത്തീര്‍ക്കുന്ന ഓരോ വേഷങ്ങളിലും തന്‍റേതായ മുദ്രകള്‍ പതിപ്പിച്ച് മലയാളത്തിലെ ഏറ്റവും വഴക്കവും വൈവിധ്യവുമുള്ള നടനായി സിദ്ദീഖ് മാറിയിരിക്കുന്നു. പറവയിലും സുപ്രധനമായൊരു വേഷം ഈ നടനുണ്ട്. 

പറവയുടെ കുറവായി ഒരാള്‍ക്ക് തോന്നാവുന്നത് അതിലെ കുറേ കഥാപാത്രങ്ങളെങ്കിലും തങ്ങളുടെ തന്നെ പൂര്‍വ കഥാപാത്രങ്ങളുമായും അഭിനയവുമായും സാദൃശ്യമുള്ളവരാണ് എന്നതാണ്. ഷെയ്ന്‍ നിഗം അഭിനയിക്കുന്ന പാറ്റേൺ ചിലപ്പോൾ നിങ്ങളെ ബോറടിപ്പിച്ചേക്കാം. ഷൈൻ ടോമിന്‍റെയും ശ്രിന്ദയുടേയും കാര്യവും അതുപോലെ തന്നെ. അങ്കമാലി ഡയറീസൊക്കെ പുതുമുഖങ്ങളുടെ ധാരാളിത്തം കൊണ്ടാണ് ഈ ആവര്‍ത്തന പ്രതിസന്ധിയെ നേരിട്ടത്. സ്ഥിരം ആളുകളെ ഒഴിവാക്കിയിരുന്നെങ്കില്‍ പറവക്ക് കുറേക്കൂടി പുതുമ വന്നേനെ. 

ലോകം കണ്ട ഇതിഹാസ സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ച് തകര്‍ത്ത എത്രയോ എണ്ണമുണ്ട്. മാജിദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവനും മാര്‍ക്ക് ഹെര്‍മന്‍െറ ‘ബോയ് ഇന്‍ ദി സ്ട്രിപ്പ്ഡ് പൈജാമാസും’ ഗോസപ്പെ ടൊര്‍ണടൊറെയുടെ ‘മെലേന’യും ഇതില്‍ ചിലതാണ്. മലയാളത്തിലും കുട്ടികളുടെ ക്ലാസിക് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അടുത്ത കാലത്ത് വന്ന ഗപ്പി മനോഹരമായൊരു സിനിമയായിരുന്നു. പറവ കുട്ടികളെ കഥാപാത്രമാക്കിയ പ്രമേയ ഭാരവും മികച്ച കൈവേലകളുമുള്ള നല്ല സിനിമയാണ്. സിനിമയുടെ അണിയറക്കാര്‍ പുലര്‍ത്തിയ സവിശേഷമായ സത്യസന്ധത, പ്രയത്നം എന്നിവ കാണാതിരിക്കാനാവില്ല. ആദ്യ സിനിമയില്‍ തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ച സൗബിനും അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍.

Tags:    
News Summary - Parava Movie Review Malayalam Soubin Shahir -Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.