ആർത്തവ രക്തം അശുദ്ധമെന്ന് തെരുവുകൾ അലറുന്ന, അതേസമയംതന്നെ ആ ചോരപ്പാട് രാഷ്ട്രീയ മുദ്രാവാക്യമായി എഴുന്നേറ്റു നിൽക്കുന്ന ഈ കാലത്തുതന്നെ ‘പേരൻപ്’ കാണണം. ആർത്തവാവസ്ഥ പെൺകൂട്ടത്തിന്റെ മാത്രം ഉദരനോവല്ലെന്നും ആ ചോരപ്പൊട്ടുകൾ പെൺശരീരങ്ങളിൽ നിന്ന് മാത്രമല്ല ഒഴുകിയിറങ്ങുന്നതെന്നും അറിയാൻ അമുദവെൻറയും പാപ്പായുടെയും ജീവിതത്തിലൂടെ കടന്നുപോകണം. ‘പേരൻപ്’ ഉള്ളു പിടയ്ക്കുന്ന ഒരു കരച്ചിലല്ല, കണ്ണീരൊഴുക്കിൽ ശൂന്യമാവാൻ പോലുമാവാതെ ഉള്ളിൽ കൊളുത്തിപ്പോയ ഒരു നിലവിളിയാണ്.
എന്തുകൊണ്ടാണ് മമ്മൂട്ടി എന്ന നടനായി ഈ കഥയുമായി റാം എന്ന സംവിധായകൻ വർഷങ്ങൾ കാത്തിരുന്നതെന്ന് ഈ ചിത്രം കണ്ടിറങ്ങുമ്പോൾ ബോധ്യമാകും. കാരണം, ഈ സിനിമയിൽ മമ്മുട്ടിയില്ല, അമുദവൻ മാത്രമേയുള്ളു.
ഒരു പെണ്ണ് എത്രമേൽ അജ്ഞാതമായ പ്രതിഭാസമാണ് ആണിനെന്നറിയണമെങ്കിൽ ഓരോ പിതാക്കന്മാരും അവരവരോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ‘നിങ്ങളുടെ പെൺമക്കളെ എത്രമാത്രം നിങ്ങൾക്കറിയാം..?’ എന്ന ചോദ്യം. അമ്മയോളം പെൺകുട്ടികളെ അറിയുന്നൊരാൾ ഉണ്ടാവില്ലെന്നും അത് അമ്മമാരുടെ ഉത്തരവാദിത്തമാണെന്നും എഴുതാതെ പാലിച്ചുപോരുന്ന ഒരു കർമമാണ്. മകൾക്കു മുന്നിൽ ഒരേസമയം അച്ഛനും അമ്മയുമായി മാറുന്ന അമുദവന് ഓരോ ദിവസവും അത് തിരിച്ചറിയുന്നുണ്ട്. എന്താണ് പെണ്ണ്, എന്താണ് പെണ്ണുടൽ എന്ന്.
ആൾപ്പെരുക്കങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും അവർക്ക് നിങ്ങൾ അസ്വീകാര്യനായി തീർന്നിട്ടുണ്ടോ...? അവിടെ നിങ്ങൾ ഒറ്റപ്പെട്ട പോലെ അനുഭവപ്പെട്ടിട്ടുണ്ടോ..? എങ്കിൽ നിങ്ങൾക്ക് അമുദവനെയും പാപ്പായെയും മനസ്സിലാവും. അവരുടെ വിങ്ങലുകൾ നിങ്ങൾ ഉള്ളിലറിയും.
അമുദവന്റെ പാപ്പ
12 അധ്യായങ്ങളായി അമുദവൻ തന്നെ തന്റെ കഥ പറയുന്നു. ‘എന്റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ തെരഞ്ഞെടുത്ത് ഞാനിവിടെ എഴുതുകയാണ്. നിങ്ങളുടെത് എത്രമാത്രം അനുഗ്രഹിക്കപ്പെട്ട ജീവിതമാണെന്ന് നിങ്ങൾ അറിയാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്..’ എന്ന ആമുഖത്തോടെ അമുദവൻ തന്നെ തന്റെ കഥ തുടങ്ങുന്നു.
മനുഷ്യർ ഇല്ലാത്തതും കുരുവികൾ ചാകാത്തതുമായ ഒരിടം തേടിയാണ് അമുദവനും പാപ്പായും ഏകാന്തമായ തടാകക്കരയിലെ ആ പഴയ വീട്ടിലേക്ക് വരുന്നത്. ദുബായിയിൽ 10 വർഷം ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അമുദവൻ നാട്ടിലേക്ക് മടങ്ങിവന്നത് സ്പാസ്റ്റിക് എന്ന ജന്മവൈകല്യം ബാധിച്ച തന്റെ മകൾക്കു വേണ്ടിയാണ്. ‘ഇത്രകാലം ഞാൻ നോക്കി. ഇനി നിങ്ങൾ നോക്കൂ...’ എന്ന് ഒരു കത്തും എഴുതി വെച്ച് ഇഷ്ടപ്പെട്ടൊരാൾക്കൊപ്പം ഇറങ്ങിപോയതാണ് അയാളുടെ ഭാര്യ.
സ്വന്തക്കാരുടെ ചുറ്റും അധികപ്പറ്റായി തീർന്ന ആ രണ്ടുപേർ മനുഷ്യരും ബഹളങ്ങളുമില്ലാത്തയിടം കണ്ടെത്തി വേരുറപ്പിക്കാൻ ശ്രമിക്കുകയാണ്. പാപ്പാവുക്ക് അമ്മയെ മാത്രമേ വേണ്ടൂ.. അവളുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറിയ ഒരാളായിട്ടാണ് അമുദവനെ അവൾ കാണുന്നതുപോലും. അയാളുടെ കാൽപ്പെരുമാറ്റം പോലും അവളെ അസ്വസ്ഥപ്പെടുത്തുന്നു. ദൂരെ നിന്നു കാണുന്ന, പ്രവേശനം നിഷേധിക്കപ്പെട്ട ഒരു തുരുത്തായി പാപ്പ അയാൾക്കു മുന്നിൽ ഉത്തരം കിട്ടാതെ നിന്നു. ഇളക്കി മാറ്റിയ ഓടിന്റെ വിടവിലൂടെ, തടാകത്തിന് മറുകരയിലൂടെ അമുദവൻ പാപ്പാവെ നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ അവർക്കിടിയിലെ ദൂരത്തെ കുറിക്കുന്നുണ്ട്.
അതിനിടയിൽ കടന്നുവരുന്ന വിജി എന്ന വിജയലക്ഷ്മി അവർക്ക് ആശ്വാസമാകുമെന്ന് കരുതുന്നിടത്ത് അവർ വീണ്ടും ജീവിതത്തിൽ നിന്ന് വലിച്ചെറിയപ്പെടുകയാണ്. സുന്ദര പ്രകൃതിയുടെ സ്വഛതയിൽ നിന്ന് നഗരത്തിന്റെ അനിശ്ചിതത്വത്തിലേക്ക് പറിച്ചെറിയപ്പെടുമ്പോൾ അമുദവൻ ദരിദ്രനായി കഴിഞ്ഞിരുന്നു. എന്നിട്ടും അയാൾ ആത്മാവിൽ സമ്പന്നനായിരുന്നു.
മകൾ എന്താണെന്നും അവൾക്ക് എന്താണ് വേണ്ടതെന്നും അപ്പോൾ അയാൾ തിരിച്ചറിഞ്ഞു തുടങ്ങുന്നു. സമൂഹം ചിട്ടപ്പെടുത്തിയ എല്ലാം മറികടന്നുമാത്രമേ അയാൾക്ക് പാപ്പായെ സന്തോഷിപ്പിക്കാനാകുമായിരുന്നുള്ളു. അപ്പോൾ മുതൽ അയാളുടെ ഉള്ളിൽ പല പല കടലുകൾ ഒന്നിച്ചിരമ്പിയാർക്കുകയായിരുന്നു...
അഭിനയത്തിന്‍റെ അതിസൂക്ഷ്മമാപിനി
മമ്മൂട്ടിയില്ലെങ്കിൽ മറ്റൊരാളെ ഈ ചിത്രത്തിലേക്ക് ആലോചിക്കുകയോ, ഇങ്ങനെയൊരു സിനിമ ചെയ്യുകയോ ഇല്ലായിരുന്നുവെന്നാണ് സംവിധാകയൻ റാം പറഞ്ഞത്. അത് വെറും ഭംഗി വാക്കല്ലെന്ന് മമ്മൂട്ടിയുടെ അമുദവൻ നേർസാക്ഷ്യമാകുന്നുണ്ട്. 10 വർഷത്തിനു ശേഷം മമ്മുട്ടി തമിഴിൽ അഭിനയിക്കുകയാണ്.
ഉള്ളിലേക്കൊതുങ്ങിയ കരച്ചിലിന്റെ മുഹൂർത്തങ്ങൾ എത്രയോ വട്ടം മമ്മുട്ടിയിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. തൊണ്ട കീറി പുറത്തേക്കു വരുന്ന കരച്ചിൽ പാപ്പാവുക്കു മുന്നിൽ വെളിപ്പെടുത്താതെ അമുദവൻ അടക്കിപ്പിടിച്ചൊതുക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. മകളെ സന്തോഷിപ്പിക്കാൻ അവൾക്കു മുന്നിൽ ചങ്ക് പറിച്ചുകാണിക്കുന്ന ആറ് മിനിട്ട് ദൈർഘ്യമുള്ള ആ സീനിൽ മെലോഡ്രാമയിലേക്ക് വീഴാതെ മമ്മൂട്ടി കാഴ്ചവെയ്ക്കുന്ന അഭിനയത്തിന്‍റെ മാജിക് പൊള്ളിക്കുന്നതാണ്.
പാപ്പാവുടെ ശാരീരിക വൈകല്യം സ്വയം അനുകരിച്ചറിയാൻ ശ്രമിക്കുന്ന അമുദവൻ... മകൾ കാണാതെ വാതിലിനു പിന്നിൽ വിതുമ്പലടക്കുന്ന അമുദവൻ... ഉപേക്ഷിച്ചുപോയ ഭാര്യയെ കണ്ടിറങ്ങുന്ന അമുദവൻ... അഭിനയാതിശയത്തിന്റെ മുഹൂർത്തങ്ങൾ അങ്ങനെ ഏറെ.
ശരീര ചലനത്തെ പരമാവധി നിയന്ത്രിച്ച് വികാരത്തിന്റെ കൊടുംകാട്ടിലേക്ക് സൂക്ഷ്മമായി പ്രവേശിച്ച് തന്നിലെ തന്നെ പൂർണമായും ഉപേക്ഷിച്ച് കഥാപാത്രം മാത്രമായി മാറുന്ന മമ്മുട്ടി ട്രിക് ഇതുവരെ കാണാത്ത വിധം അമുദവനിലേക്ക് കുടിയിരുത്തിയിരിക്കുന്നു. ഒറ്റയായ വീടിന്റെ പടവിലിരുന്ന് തന്നിലേക്കാഴ്ന്ന് അയാൾ വിതുമ്പുന്ന ഒരു നിമിഷത്തിൽ തിയറ്ററിൽ പതിവിന് വിപരീതമായുയർന്ന കൈയടി മമ്മൂട്ടിയെന്ന നടനിൽനിന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷയെന്തെന്ന് വെളിപ്പെടുത്തുന്നു. നാല് പതിറ്റാണ്ടാകാറായ അഭിനയ ജീവിതത്തിന്‍റെ ശേഖരത്തിൽ പുതുകാലത്തെയും അതിജയിക്കാൻ പോന്ന പലതും ഇനിയുമിനിയും ബാക്കിയുണ്ടെന്ന് മമ്മുട്ടി അമുദവനിലൂടെ വരച്ചിടുന്നു.
അമുദവന്റെ മകൾ പാപ്പ എന്ന വേഷം അവിസ്മരണീയമാക്കിയ സാധനയുടെ അഭിനയം പ്രത്യേകം പറയണം. അത്രമേൽ ശാരീരികമായ കഠിനാധ്വാനം കൂടി ആവശ്യപ്പെടുന്നുണ്ട് ആ കഥാപാത്രം. മമ്മുട്ടിക്കും സാധനയ്ക്കും ഒട്ടേറെ അംഗീകാരങ്ങളും അമുദവനും പാപ്പാവും നേടിക്കൊടുത്തേക്കും.
കാട്രത്തു തമിഴ്, തങ്കമീൻകൾ, തരമണി എന്നീ സിനിമകൾ സംവിധാനം ചെയ്ത റാം ദേശീയപുരസ്കരത്തിനു വരെ അർഹനായ സംവിധായകനാണ്. പക്ഷേ, റാമിന്റെ ഏറ്റവും ധീരമായ നീക്കം മമ്മൂട്ടിയുടെ നായികയായി അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡറെ അവതരിപ്പിച്ചതാണ്. ഈ സിനിമ മുന്നോട്ടുവെക്കുന്ന സുപ്രധാന രാഷ്ട്രീയവും അതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.