പുണ്യളന്‍റെ രണ്ടാം വരവ് -REVIEW

രജ്ഞിത്ത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു പുണ്യളൻ അഗർബത്തീസ്. തൃശൂർക്കാരനായ ജോയി പല സംരംഭങ്ങളും പരാജയപ്പെട്ട് അവസാനം ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി ഉണ്ടാക്കുന്ന പുണ്യാളൻ അഗർബതീസ്‌ എന്ന പുതിയ സംരംഭവുമായി വരുന്നതും പീന്നീട് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിയുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. കൊമേഷ്യൽ ചേരുവയിലൊരുക്കിയ ചിത്രം വിജയമായിരുന്നു. അതിനാൽ തന്നെ അതിന്‍റെ രണ്ടാം ഭാഗം വരുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉണ്ടാവുക. അതിനാൽ തന്നെയാവാം ആ അമിത പ്രതീക്ഷ ചി്ത്രത്തിന് വിനയായി മാറി. 

വ്യക്തമായ ചില വിഷയത്തിൽ കേന്ദ്രീകരിക്കാതെ നിരവധി വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ച് പാളിപ്പൊകുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാറുണ്ട്. വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ മാത്രമായിരിക്കും അവ നൽകുക. ജയസൂര്യയുടെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്ടിറങ്ങുമ്പോള്‍ ആദ്യം മനസ്സിലുയരുന്നതും വ്യക്തമായ ഉത്തരം തരാത്ത അനേകം ചോദ്യങ്ങളാണ്. 

നല്ലൊരു രാഷ്ട്രീയാക്ഷേപ(political satire) സിനിമ എന്ന സാധ്യതയെയാണ്  തീയേറ്ററിലൊതുങ്ങുന്ന രണ്ടരമണിക്കൂര്‍ കളിചിരിയിലും കരച്ചിലിലും ഒതുക്കിയത്. കേരളവും ഇന്ത്യയുമെല്ലാം നേരിടുന്ന അനേകം ഗൗരവമായ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് പൂണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് സംവദിക്കാൻ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍റെ ഭരണ വൈവകല്യമായ നോട്ടു നിരോധനം, തിയേറ്ററിലെ ദേശീയഗാനം, ബീഫ് നിരോധനം, ജി.എസ്.ടി, തകര്‍ന്ന റോഡുകള്‍, സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവം തുടങ്ങി  മാധ്യമ പ്രവത്തന രംഗത്തെ ജീര്‍ണതവരെ ചിത്രത്തിൽ വിഷയമാകുന്നുണ്ട്. എന്നാൽ അവ വെറും  നായകന്‍റെ വായില്‍ നിന്നുയരുന്ന ഡയലോഗിനപ്പുറമുള്ള ഗൗരവമായ സംവാദത്തിലേക്ക് മുതിരുന്നില്ലെന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രശ്നം. 

പൂണ്യാളന്‍ ചന്ദനത്തിരി നിര്‍മാണ ഫാക്ടറി ബാങ്കുകാര്‍ ജപ്തി ചെയ്ത് പൂട്ടുന്നയിടത്തു നിന്നുമാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. തളരാത്ത ജോയ് താക്കോൽകാരൻ ഇനിയൊരു നല്ല പുലരിയില്ലെന്ന വിശ്വാസത്തോടെ  വീട്ടിലിരിക്കുകയല്ല, മറിച്ച് പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള അദ്ദേഹത്തിന്‍റെ അടുത്ത ഒാട്ടമാണ് ചിത്രം. ഒന്നാം ഭാഗത്തിൽ ചന്ദനത്തിരിയെങ്കിൽ രണ്ടാം ഭാഗത്തിൽ വെള്ളമാണ് ജോയിയുടെ പ്രൊഡക്റ്റ്. അതിന്‍റെ ആഗോള മാർക്കറ്റ് പിടിക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം ഇതിനായി അയാൾ നടത്തുന്ന പോരാട്ടമാണ് ചിത്രം. എന്നാൽ വാചക കസർത്തുകളിൽ മാത്രം സിനിമ ഒതുങ്ങിയപ്പോൾ പ്രേക്ഷകർ നിരാശരാകുന്നതാണ് കാണാനായത്. 

ശക്തമായ ഒരു രാഷ്ട്രീയപ്രമേയം ആവശ്യപ്പെടുന്ന ഗൗരവത്തോടെ കണ്ടില്ലെന്നുള്ളതാണ് പുണ്യാളന്‍സിന്‍റെ ആദ്യത്തെ ദോഷം. ആക്ഷേപഹാസ്യവും തമാശയും തമ്മില്‍ പലപ്പോഴും ചേരേണ്ടിടത്ത് ചേർന്നില്ലെന്നതാണ് വാസ്തവം. 

മെര്‍സൽ എന്ന ചിത്രത്തിൽ വിജയ് ജി.എസ്.ടിയെ വിമർശിക്കുമ്പോൾ അത് വലിയ ഒച്ചപ്പാടുണ്ടാക്കിയത് ചെറിയ രീതിയിലെങ്കിലും ചിത്രം ജി.എസ്.ടിയുടെ പ്രശ്നങ്ങളെ കുറിച്ച് ചിത്രത്തിൽ വിവരിക്കുന്നതിനാലാണ്. എന്നാൽ പുണ്യാളനിലാവട്ടെ അവ ഡയലോഗുകളിൽ മാത്രം ഒതുങ്ങുന്നു. എന്നാൽ ഇത്തരം വിഷയങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത ആളല്ല രജ്ഞിത്ത് ശങ്കര്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍. എങ്കിലും പലവിധ ഇക്വേഷനുകള്‍ക്ക് വഴങ്ങികൊടുത്തപ്പോള്‍ രാമന്‍റെ ഏദൻതോട്ടം പോലുള്ള മികച്ച ഒരു ചലച്ചിത്രം പ്രതീക്ഷിച്ചെത്തിയവരെ ചിത്രം നിരാശപ്പെടുത്തി. 

അതേസമയം,  ശ്രീജിത്ത് രവി എന്ന നടന്റെ വ്യത്യസ്തമായ ഒരു കഥാപാത്രത്തിന്റെ പൂര്‍ണമായ പകര്‍ന്നാട്ടം ഈ സിനിമയിലെ നല്ല കാഴ്ചകളിലൊന്നാണെന്നതും ഇതോടൊപ്പം കുട്ടിചേര്‍ക്കേണ്ടതുണ്ട്. 

Tags:    
News Summary - Punyalan Private Limited Review-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.