അതിജീവനത്തിന്റെ 'ആടുജീവിതം'

ജോർഡൻ മരുഭൂമിയിൽ ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും നജീബിന്റെ ആടുജീവിതത്തിനായി അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നാളുകൾ... റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. സിനിമ ഇറങ്ങി ഒരു ദിവസം പിന്നീടുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

2008ലാണ് ആടുജീവിതം ആരംഭിക്കുന്നത്. വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018ൽ ചിത്രീകരണം. പൂർത്തിയാകുന്നതാകട്ടെ 2023ലും. സിനിമക്ക് മുമ്പും ശേഷവും ബെസ്റ്റ് സെല്ലറായി ഓടിക്കൊണ്ടിരിക്കുന്ന 'ബെന്യാമിന്റെ' ആടുജീവിതമാണ് ബ്ലെസി കഥയാക്കിയതെങ്കിൽ ബെന്യാമിന് ഇത് കിട്ടിയത് നജീബിന്റെ അടുത്തു നിന്നാണ്. തന്റെ ജീവനും ജീവിതവും മരുഭൂവാസത്തിൽ അകപ്പെട്ടുപോയ, പുറത്തു കടക്കാനുള്ള എല്ലാ പഴുതുകളും നഷ്ടപ്പെട്ട് ശരീരം ശോഷിച്ച് മുന്നോട്ടുള്ള ജീവിതത്തെ പോലും സ്വപ്നം കാണാൻ കഴിയാതെ നിസ്സഹായതയും വേദനയും നിറഞ്ഞ 'ആടുജീവിതത്തിൽ' നിന്ന് പുറത്തുവന്ന നജീബിന്റെ കഥയാണിത്.


പൊടിക്കാറ്റും ചൂടും ഉയർന്നുനിൽക്കുന്ന മരുഭൂമിയിൽ ആടുകളെ മേയ്ച്ച് ഒരു മനുഷ്യൻ വർഷങ്ങളോളം ജീവിക്കുക. അവന്റെ കഷ്ടപ്പാടാണ് അവനെ ഈ മരുഭൂമിയിൽ എത്തിക്കുന്നത്. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ പണിയെടുത്ത് ആടുകളോടൊപ്പം ജീവിച്ച്, ഒടുവിൽ അവരിൽ ഒരാളായി നജീബ് മാറുന്ന ഒരു അവസ്ഥയുണ്ട്. വായനക്കാരനെയും കാഴ്ചക്കാരനെയും ഒരുപോലെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന നജീബിന്റെ ജീവിതം പ്രേക്ഷകരുടെയും കണ്ണ് നിറയിക്കും. മസറയിലെ (അറബ് നാടുകളിൽ ആട്, ഒട്ടകം എന്നിവയെ വളർത്തുന്ന കേന്ദ്രങ്ങൾ) ആടുകളുടെ വാട ശീതീകരിച്ച തിയറ്റർ ഹാളിലും നമുക്ക് അസഹനീയമായി തോന്നും.

പ്രവാസജീവിതം തീർത്തും നരകതുല്യമായിരുന്നു നജീബിന്. ചോര നീരാക്കി പണിയെടുത്തിട്ടും സമ്പാദ്യമില്ലാതെ, ആരോഗ്യമില്ലാതെ, വെള്ളമോ മതിയായ ഭക്ഷണമോ ഇല്ലാതെ, വീട്ടുകാരുമായി ബന്ധമില്ലാതെ ജീവിക്കുന്ന അവസ്ഥ അതിഭീകരമാണ്. 'നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന് സിനിമയിലും പുസ്തകത്തിലും ആവർത്തിച്ച് പറയുമ്പോൾ സിനിമയുടെ അവസാനം അത് ശരിക്കും പ്രേക്ഷകരുമായി സംവദിക്കപ്പെടുന്നുണ്ട്.

നജീബിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും, മാനസിക ശാരീരിക അവസ്ഥകളും കൃത്യമായി ചിത്രത്തിൽ കോറിയിടുന്നുണ്ട്. ഒരുപാട് അടരുകളുള്ള നജീബിന്റെ ജീവിതം സ്ക്രീനിൽ എത്തിക്കാൻ പൃഥ്വിരാജും ഇതിലെ അണിയറ പ്രവർത്തകരും നന്നായി പരിശ്രമിച്ചിട്ടുണ്ട്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ബെന്യാമിന്റെ നോവലും ബ്ലെസിയുടെ സിനിമയും രണ്ടും വ്യത്യസ്തമായ രീതിയിൽ നജീബിന്‍റെ കഥ പറയുന്ന ഒന്നാണ്.


നജീബ് മൂന്ന് നാല് വർഷം കടന്നുപോയ ഒരു ഇമോഷണൽ ആർക്കുണ്ട്. അതാണ് സിനിമയിലൂടെ പ്രേക്ഷനിലേക്ക് എത്തിക്കാൻ ബ്ലെസി ശ്രമിക്കുന്നത്. ദുരിത പർവ്വങ്ങൾ താണ്ടി ഒടുവിൽ നജീബ് രക്ഷപ്പെട്ടു. പക്ഷേ ഹക്കീം... നജീബിനോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒരാളാണ് നജീബിന്റെ കൂടെയുണ്ടായിരുന്ന ഹക്കീം എന്ന ഗോകുൽ. സിനിമ കണ്ട് ഇറങ്ങുമ്പോൾ മനസിലൊരു വിങ്ങലായി ഹക്കീം മാറുന്നുണ്ട്. മരുഭൂമിയിലെ ചൂടും ദാഹവും സഹിച്ച് പണിയെടുത്ത് അവസാന പ്രതീക്ഷയും കൈവിടാതെ നടന്ന് ഒടുവിൽ ശരീരം അതിന് അനുവദിക്കാതെ പിടഞ്ഞു വീഴുമ്പോൾ നജീബിന്റെ പോലും കണ്ണുനിറയിച്ച ഗോകുൽ തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്. പൃഥ്വിരാജിനൊപ്പം തന്നെ ഗോകുലും ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വർഷങ്ങളോളം ഇതിനുവേണ്ടി പണിയെടുത്തിട്ടുണ്ട്. കാത്തിരുന്നിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. എതിർക്കാൻ ശ്രമിച്ചിടത്തുനിന്ന് അനുസരിക്കുന്ന ഒരു ആടിനെ പോലെയാവാൻ ആ മൂന്ന് നാല് വർഷങ്ങൾ അവരെ പരിശീലിപ്പിക്കുന്നുണ്ട്. സിനിമയുടെ പകുതിയിൽ ഇവരുടെ ഒപ്പം കൂടുന്ന ഇബ്രാഹിം ഖാദിരി എന്ന ജിമി ജി ലൂയിസും എടുത്തു പറയേണ്ട കഥാപാത്രമാണ്.

എ.ആർ. റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും സിനിമയുടെ മൂഡ് നിലനിർത്തുന്നുണ്ട്. മറ്റു പാട്ടുകളെക്കാൾ 'പെരിയോനെ എൻ റഹ്മാനെ' എന്ന ഗാനം സിനിമയ്ക്ക് മുന്നേ ഹിറ്റടിച്ച ഒന്നാണ്. മൈന്യൂട്ടായ ശബ്ദങ്ങൾ പോലും സിനിമയിൽ ഉൾപ്പെടുത്തിയത് സിനിമയുടെ ഒഴുക്കിനെ തുടക്കം മുതൽ അവസാനം വരെ നിലനിർത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ നജീബിന് ശബ്ദം നഷ്ടപ്പെടുമ്പോൾ പ്രേക്ഷകരും നിശബ്ദരാവുന്നു...

ഇനി നജീബിനെ കുറിച്ച് പറയുമ്പോൾ പൃഥ്വിരാജിന്റെ മുഖമായിരിക്കും ഓർമ വരുക. അത്രത്തോളം നജീബ് അനുഭവിച്ച ജീവിതം പൃഥ്വിരാജ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. സംഭാഷണത്തിലെ, വാക്കുകളിലെ, നോട്ടത്തിലെ, കാഴ്ചയിലെ വ്യതിയാനങ്ങൾ പൃഥ്വിരാജ് ഇത്രമേൽ മനോഹരമായി പകർന്നാടുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച ആർട്ടിനും മേക്കപ്പിനും വസ്ത്രത്തിനും വരെ വലിയ പ്രാധാന്യമുണ്ട്.

വെള്ളം കിട്ടാതെ വരുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ നജീബിനോടൊപ്പം തന്നെ പ്രേക്ഷകരും അനുഭവിച്ചറിയുന്നുണ്ട്. പ്രതീക്ഷയോടെ വിമാനത്തിൽ നിന്ന് ഇറങ്ങുന്നത്, അവിടുന്ന് മസറയിലേക്ക് എത്തുന്നത്, അന്നുമുതൽ രക്ഷപ്പെടുന്നത് വരെയുള്ള നജീബിന്റെ പല ഘട്ടങ്ങളോടൊപ്പം സഞ്ചരിക്കുമ്പോൾ പ്രേക്ഷകരും നജീബ് അനുഭവിച്ച വേദന അറിയുന്നുണ്ട്. ക്ലോസ്അപ്പ് ഷോട്ടുകൾ നജീബിനെ പൂർണ്ണമായും ഒപ്പിയെടുക്കുന്നുണ്ട്. നജീബിനും ഹക്കീമിനും പിന്നാലെ ഓടിയവർ മരുഭൂവിലെ ഉഷ്ണക്കാറ്റേറ്റ് തളർന്നു പോകുമ്പോഴും മരീചിക കണ്ട് വെള്ളത്തിനായി കുതിക്കുമ്പോഴും പരിശ്രമങ്ങളെല്ലാം ഫലം കണ്ടു എന്ന് വേണം പറയാൻ.


നജീബിന്റെ മുൻകാല ജീവിതം കാണിക്കുന്ന സീനുകൾ കുറച്ച് അധികം ഡ്രമാറ്റിക് ആവുന്നുണ്ട്. അത് സിനിമയെ വലിയതോതിൽ ഒന്നും ബാധിക്കുന്നില്ലെങ്കിലും ചെറിയൊരു അഭംഗി സൃഷ്ടിക്കുന്നുണ്ട്. ആദ്യ പകുതിയെക്കാൾ സ്കോർ ചെയ്തത് രണ്ടാം പകുതിയാണ്. നജീബിന്റെ മരുഭൂവാസത്തിലെ പ്രധാന സഹചാരികൾ ആടുകളാണ്. പക്ഷേ ആടുകൾ പലപ്പോഴും കഥാപാത്രങ്ങളായി മാറാത്തതും ചില പാട്ടുകൾ ഇമോഷണലി കണക്ട് ആവാത്തതും സിനിമയുടെ ചില പോരായ്മകളാണ്.

വലിയ സ്വപ്നങ്ങളുമായി എത്തി ഒടുവിൽ വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിൽ മൂന്നു നാല് വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥ സ്ക്രീനിൽ കാണുമ്പോൾ നജീബിനെ പോലെ പ്രേക്ഷകരും മരവിച്ചുപോകുന്നു. എല്ലാ പ്രവാസ ജീവിതവും ഇത്രയും ദുരിത പൂർണ്ണമാണെന്നല്ല. ഇങ്ങനെയുള്ള ജീവിതവും അറിയാതെ, അറിയിക്കാതെയാണ് പല പ്രവാസികളും ജീവിക്കുന്നതെന്ന് ഓർമ കൂടി വേണം. എങ്കിലും നജീബ് തരുന്ന ഒരു പ്രതീക്ഷയുണ്ട്. ഇനിയും എത്ര അറിയപ്പെടാത്ത നജീബുമാർ നമുക്കിടയിൽ ഉണ്ടാവും. അതെ നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.

Tags:    
News Summary - Prithviraj Movie Aadujeevitham malayalam review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.