സിനിമ എന്ന വിനോദ വ്യവസായം കരുത്താര്‍ജിച്ചിട്ട് അധിക നാളുകള്‍ ആയിട്ടില്ല. 130 വര്‍ഷത്തെ സിനിമ ചരിത്രത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ചാര്‍ലി ചാപ്ളിനാണ്. അദ്ദേഹം തന്നെയാണ് ലോകത്തിലെ ആദ്യത്തെ ആഗോള താരവും. പുറമെ കാണുന്ന ആര്‍ഭാടങ്ങള്‍ക്കും വര്‍ണ്ണപ്പകിട്ടിനും അപ്പുറം സിനിമ നിരവധി ഇരുളടരുകള്‍ നിറഞ്ഞ ലോകമാണ്. വിവേചനങ്ങളും സ്ത്രീ വിരുദ്ധതയും പുരുഷാധിപത്യവും അവിടെ പുതുമയേയല്ല. പണക്കെഴുപ്പിന്‍െറ കേളീരംഗമായ ഹോളിവുഡ് ആയാലും ഭാരതീയ സിനിമയുടെ ഈറ്റില്ലമായ ബോളീവുഡ് ആയാലും ഇതിനൊന്നും ഒരുമാറ്റവുമില്ല.
സിനിമയിലെ പുരുഷ താരങ്ങള്‍ക്കെതിരെ ചെറുവിരലനക്കുന്നവര്‍ നിരന്തരം വേട്ടയാടപ്പെടും. നല്ല കഴിവും ആര്‍ജ്ജവവും ഉണ്ടെങ്കില്‍ മാത്രമെ ഇതിനെതിരെ പോരാടാനാകൂ. ബോളിവുഡില്‍ നിന്ന് അടുത്തകാലത്ത് ഇത്തരത്തില്‍ ഉയര്‍ന്നുകേട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നു കങ്കണ റണാവത്തിന്‍േറത്. ഹിമാചല്‍ പ്രദേശിലെ ഭംലയിലെ മധ്യവര്‍ഗ കുടുംബത്തില്‍ ജനിക്കുകയും വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങി 16ാം വയസില്‍ ദല്‍ഹിയിലേക്ക് വരികയും അവിടെ നിന്ന് മുംബൈയിലേക്ക് ചേക്കേറുകയും ചെയ്തയാളാണ് കങ്കണ. ആദ്യം മോഡലിങ്ങിലും പിന്നീട് സിനിമയിലും ഭാഗ്യം പരീക്ഷിച്ചു. ഇതിനിടക്ക് ഈ ഭ്രമലോകത്തിന്‍െറ എല്ലാ ഇരുണ്ട വശങ്ങളും ഈ അഭിനേത്രി കണ്ടു. താന്‍ ശാരീരികമായി ചൂഷണം ചെയ്യപ്പെടുകയും മാനസികമായി തകര്‍ക്കപ്പെടുകയും ചെയ്തതായി ഇവര്‍ പിന്നീട് പറഞ്ഞു. എല്ലാ പ്രതിസന്ധികളേയും അതിജയിച്ച കങ്കണ 2015ല്‍ ക്വീനിലെയും തനു വെഡ്സ് മനുവിലേയും അഭിനയത്തിന് ഇന്ത്യയിലെ മികച്ച അഭിനേത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അതിനും മുമ്പ് ഫാഷന്‍ എന്ന സിനിമയിലെ സൂപ്പര്‍ മോഡലിന്‍െറ വേഷത്തിന് സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.
മികച്ച നടികള്‍ക്ക് ഏറെ പഞ്ഞമുള്ള സ്ഥലമാണ് ബോളിവുഡ്. അവിടത്തെ കൂടുതല്‍ നായികമാര്‍ക്കും അഭിനയിക്കേണ്ടിവരില്ലെന്നതാണ് സത്യം. പാടുകയും ആടുകയും ഒക്കെയാണ് അവരുടെ ദൗത്യം. ഇവര്‍ക്കിടയിലെ എല്ലാത്തരത്തിലും വേറിട്ട ശബ്ദമാണ് കങ്കണ. എത്ര പണം തന്നാലും തൊലി വെളുപ്പിക്കുന്ന സാധനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് ഒരിക്കലവര്‍ പറഞ്ഞു. സിനിമയിലെ തുടക്ക കാലത്ത് താനനുഭവിച്ച ശാരീരിക ചൂഷണങ്ങളെപറ്റി പറഞ്ഞ കൂട്ടത്തില്‍ അവര്‍ ബോളിവുഡിലെ ചില വമ്പന്‍ പേരുകളും പുറത്തുവിട്ടിരുന്നു. സോനു മഹാപത്രെ മുതല്‍ ആദിത്യ പഞ്ചോളി വരെ ഇതില്‍ ഉള്‍പ്പെടുന്നു. അവസാനം ബോളിവുഡ് രാജകുമാരന്‍ ഹൃതിക് റോഷന്‍ തന്നെ പ്രണയിച്ച് വഞ്ചിച്ചതായി ഇവര്‍ തുറന്നടിച്ചു. കങ്കണ ഹൃതിക്കിനയച്ച ഈ മെയിലുകള്‍ പുറത്താകുകയും അത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. അവരുടെ പോരാട്ടം നിസാരക്കാരോടല്ളെന്ന് സാരം. കങ്കണയെപറ്റിയുള്ള ഈ നീണ്ട ആമുഖം ഇല്ലാതെതന്നെ നിങ്ങള്‍ക്ക് പുതിയ സിനിമയായ സിമ്രനെ വിലയിരുത്താനാകും. പക്ഷെ കങ്കണയെ അറിയാതെ സിമ്രനെ അറിയാന്‍ ശ്രമിച്ചാല്‍ അതപൂര്‍ണ്ണമാകും. കാരണം സിമ്രന്‍ കങ്കണയുടെ മാത്രം സിനിമയാണ്. അവരില്ലാതെ ഈ സിനിമ സാധ്യമാവുകയില്ല.
ഒരു തലതെറിച്ച പെണ്ണിന്‍െറ കഥയാണ് സിമ്രന്‍. ഷാഹിദൊക്കെ എടുത്ത് പ്രശസ്തനായ ഹന്‍സല്‍ മത്തേയാണ് സംവിധായകന്‍. സിനിമയുടെ ടൈററില്‍ പോലെ കഥയിലെ നായികയുടെ പേര് സിമ്രന്‍ എന്നല്ല. അവളുടെ പേര് പ്രഫുല്‍ പട്ടേല്‍ എന്നാണ്. ഗുജറാത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ മകളാണവള്‍. എടുത്തുചാടി വിവാഹം കഴിച്ച് അവസാനം കണ്ണുനീര് കുടിക്കേണ്ടി വന്നവള്‍. വിവാഹ മോചനം നേടിയ പ്രഫുല്‍ മാതാപിതാക്കളോടൊപ്പമാണ് താമസം. ഹോട്ടല്‍ ജോലിക്കാരിയായ അവര്‍ പണം മിച്ചംപിടിച്ച് സ്വന്തമായി വീട് വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഒരു യാത്രയാണ് അവളുടെ ജീവിതം തകിടം മറിക്കുന്നത്. ബന്ധുവായ യുവതിയോടൊപ്പം ‘പാപ’ങ്ങളുടെ നഗരമായ ലാസ്വേഗാസിലേക്ക് പ്രഫുല്‍ യാത്ര പോവുകയാണ്. അവിടെ നിന്ന് മടങ്ങിവരുന്ന അവള്‍ക്ക് പിന്നീട് ഒന്നും പഴയത്പോലെയാകുന്നില്ല.
ചിലപ്പോഴൊക്കെ ജീവിതമൊരു ചതുപ്പ് നിലം പോലെയാണ്. എത്ര ചവിട്ടിയാലും നിലമുറക്കാതെ അത് താഴ്ന്നുപോകും. മുകളിലോട്ട് പിടിച്ച് കയറാന്‍ ശ്രമിക്കുമ്പോഴൊക്കെ കൂടുതല്‍ ആഴത്തിലേക്ക് പതിക്കും. ഈ സങ്കീര്‍ണ്ണ കാലത്ത് നാം എങ്ങിനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ചിലര്‍ തകര്‍ന്നുപോകുകയും മരണത്തില്‍ അഭയം തേടുകയും ചെയ്യും. പ്രഫുല്‍ ജീവിതത്തെ നേരിടുന്നത് മനോഹരമായാണ്. അവള്‍ ആനന്ദം കണ്ടത്തെുന്നത് അവളിലൂടത്തെന്നെയാണ്. മറ്റാരെയും അതിനാശ്രയിക്കുന്നില്ല. ചിരിച്ചും ചിരിപ്പിച്ചും ആസ്വദിച്ചും അവളങ്ങനെ പോവുകയാണ്. അവളൊരിക്കലും പാഠം പഠിക്കുന്നില്ല എന്നതാണ് രസകരം. അബദ്ധങ്ങളില്‍ നിന്നും വീണ്ടും അബദ്ധങ്ങളിലേക്കുള്ള യാത്രയാണ് പ്രഫുല്ലിന്‍െറ ജീവിതം.
ക്വീന്‍ പോലെ അത്രയും രസകരമൊ മനോഹരമൊ അല്ല സിമ്രന്‍. പക്ഷെ കങ്കണ പ്രഫുല്ലായി അഭിനയിച്ച് തകര്‍ത്തിരിക്കുന്നു. കുട്ടിത്തം വിട്ടുമാറാത്ത അവളുടെ വികൃതികള്‍, ഭാവങ്ങള്‍, ഞെട്ടലുകള്‍ എല്ലാം കങ്കണയില്‍ ഭദ്രമാണ്. അത്ര മികച്ച പാട്ടുകളൊ പരമ്പരാഗത അഭിനേതാക്കളൊ സിമ്രാനിലില്ല. മര്യാദക്കൊരു പ്രണയം പോലുമില്ല. പക്ഷെ ഇതിലെ പ്രണയം പോലെ നിഷ്കളങ്കമായതൊന്ന് അടുത്ത കാലത്ത് കണ്ടിട്ടുമില്ല. സിമ്രന്‍ നല്ല സിനിമയാണ്. കൃത്യമായ തുടക്കവും ഒടുക്കവും അതിലൊരു നല്ല പാഠവും ഒന്നുമില്ലാത്ത ജീവിതത്തതിന്‍െറ അടരാണത്. ഒന്നോര്‍ത്താല്‍ ജീവിതം അങ്ങിനൊക്കെ തന്നെയാണ്. ഇങ്ങിനല്ലാതെ കൃത്യമായി തിരക്കഥയെഴുതി ഗുണപാഠവും സമാസമം ചേര്‍ത്ത് കൃത്രിമമായൊരു സിനിമയെടുത്താല്‍ അതെത്ര വിരസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.