മുംബൈ: തൊണ്ണൂറുകളിൽ ബോളിവുഡ് നിറഞ്ഞാടിയ നടനായിരുന്നു ഗോവിന്ദ. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് മുൻനിരയിൽ വിരാജിച്ചിരുന്ന അദ്ദേഹത്തെ പിന്തുടർന്ന ആരാധകർ ഒരുപാടുണ്ടായിരുന്നു. ആ കൂട്ടത്തിൽ ഗോവിന്ദയുടെ ഏറ്റവും കടുത്ത ആരാധികമാരിൽ ഒരാളുടെ കഥ പറയുകയാണ് ഭാര്യ സുനിത അഹൂജ. ഗോവിന്ദയെ കാണാൻ വേലക്കാരിയായി വേഷംമാറിയെത്തി തങ്ങളുടെ വീട്ടിൽ താമസിച്ച ഒരു കുബേരപുത്രിയുടെ അവിശ്വസനീയ കഥയാണ് സുനിത പറഞ്ഞത്. ഒരു മന്ത്രിയുടെ മകളായിരുന്നു ആ ആരാധികയെന്ന അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലും സുനിത നടത്തി.
‘ആ ആരാധിക വീട്ടുജോലിക്കാരിയെന്ന നിലയിലാണ് ഞങ്ങളുടെ അടുക്കലെത്തിയത്. 20-22 ദിവസങ്ങളോളം അവൾ ഞങ്ങൾക്കൊപ്പം താമസിച്ചു. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽനിന്നുള്ളവളാണോ ആ വേലക്കാരിയെന്ന് പലതവണ ഞാൻ സംശയിച്ചിരുന്നു. പാത്രങ്ങൾ കഴുകാനോ വീട് വൃത്തിയാക്കാനോ അവൾക്ക് നേരാംവണ്ണം അറിയില്ലെന്ന് ഞാൻ എന്റെ ഭർതൃമാതാവിനോട് പറയുമായിരുന്നു. അവൾ ഒരു മന്ത്രിയുടെ മകളാണെന്നും ഗോവിന്ദയുടെ കടുത്ത ആരാധികയാണെന്നുമുള്ള സത്യം വൈകാതെ ഞങ്ങൾ മനസ്സിലാക്കി’ -ഒരു പോഡ്കാസ്റ്റ് ഷോയിൽ സുനിത പറഞ്ഞു.
‘എനിക്ക് അവളുടെ രീതികളിൽ തുടക്കത്തിലേ സംശയം തോന്നിയിരുന്നു. ഗോവിന്ദ എത്താൻ കാത്തിരിക്കുന്ന അവൾ അതുകഴിഞ്ഞേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. എനിക്കത് പലപ്പോഴും അതിശയമായി തോന്നി. അവസാനം അവളുടെ പശ്ചാത്തലം അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു. പലതും കുത്തിക്കുത്തി ചോദിച്ചതിനൊടുവിൽ അവൾ കരഞ്ഞുകൊണ്ട് എല്ലാം തുറന്നുപറഞ്ഞു. താൻ കടുത്ത ഗോവിന്ദ ആരാധികയാണെന്നും അദ്ദേഹത്തെ കാണാനുള്ള താൽപര്യം കൊണ്ടാണ് വേഷം മാറി വേലക്കാരിയായി എത്തിയതെന്നും വെളിപ്പെടുത്തി.
ഒടുവിൽ പിതാവ് അവളെ കൊണ്ടുപോകാനെത്തി. നാലു കാറുകളുടെ അകമ്പടിയോടെയാണ് അദ്ദേഹം അന്ന് ഞങ്ങളുടെ വീട്ടിലെത്തിയത്. 20 ദിവസത്തോളം അവൾ ഞങ്ങൾക്കൊപ്പം താമസിച്ചുവെന്നതാണ് രസകരം. അത്രമാത്രം കടുത്ത ആരാധകരാണ് അന്ന് ഗോവിന്ദക്കുണ്ടായിരുന്നത്’.
ഗോവിന്ദയും സുനിത അഹൂജയും 1987ലാണ് വിവാഹിതരായത്. ഹിന്ദി സിനിമയിൽ അരങ്ങേറി ഒരു വർഷത്തിനുശേഷമായിരുന്നു ഗോവിന്ദയുടെ വിവാഹം. ഒരു വർഷത്തോളം വിവാഹം രഹസ്യമാക്കിവെച്ചു. മകൾക്ക് ഏകദേശം ഒരു വയസ്സായപ്പോഴാണ് ഇരുവരും വിവാഹവാർത്ത പരസ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.