സിനിമയിലെ സംഘട്ടന രംഗങ്ങളെടുക്കുമ്പോൾ പാലിക്കേണ്ട സുരക്ഷിതകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞുകൊടുത്തതിനെ കുറിച്ച് പറയുകയാണ് നടൻ അലൻസിയർ. തനിക്ക് അക്കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നുവെന്നും മമ്മൂക്ക പറഞ്ഞതിന് ശേഷം പലതും തനിക്ക് ഒരു പാഠമാണെന്നും അലൻസിയർ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു.
'മമ്മൂക്കയോടൊന്നിച്ച് കസബ എന്ന സിനിമ ചെയ്യുമ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് വില്ലൻമാർ വെടിവെക്കുന്ന രംഗമുണ്ട്. വില്ലൻമാർ വെടിവെക്കുമ്പോൾ ഇലക്ട്രോണിക് എക്സ്പ്ലോസീവ്‌സ് ഉപയോഗിച്ച് വലിയ ശബ്‌ദത്തിൽ പൊട്ടിത്തെറികളുണ്ടാക്കുന്ന രംഗമാണ്.
ഒരു ഷോട്ട് കഴിഞ്ഞപ്പോൾ എന്താണ് ചെവിയിൽ പഞ്ഞി വെക്കാത്തത് എന്ന് മമ്മൂക്ക ചോദിച്ചു. എനിക്ക് അതേ കുറിച്ച് അറിവില്ലെന്നും ആദ്യമായിട്ടാണ് ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതെന്നും പറഞ്ഞു. അപ്പോൾ തന്നെ മമ്മൂക്ക ഫൈറ്റ് മാസ്റ്റർ മാഫിയ ശശി ചേട്ടനെ വിളിച്ച് എന്താണ് എനിക്ക് ചെവിയിൽ വെക്കാൻ പഞ്ഞി കൊടുക്കാതിരുന്നത് എന്ന് ചോദിച്ചു. പുള്ളി ചോദിച്ചില്ല എന്നതായിരുന്നു മാസ്റ്ററുടെ മറുപടി. എനിക്ക് അറിയാമെങ്കിൽ മാത്രമല്ലേ ചോദിക്കാൻ പറ്റൂ. അതിന് ശേഷം പിന്നെ ഓരോ ഷോട്ടിലും ശശിയേട്ടൻ വന്നിട്ട് എന്റെ ചെവിയിൽ പഞ്ഞി കുത്തിക്കേറ്റിത്തരും.
അപ്പോൾ മമ്മൂക്ക പറഞ്ഞ ഒരു കാര്യമാണ്എനിക്ക് വലിയ പാഠമായത്. എടോ പോയാൽ തനിക്ക് പോയി, തന്റെ കുടുംബത്തിനും പോയി. ഇവന്മാരാരും കൂടെ കാണില്ല. അവനവന്റെ സുരക്ഷ അവനവൻ തന്നെ നോക്കണം. ആ ഉപദേശം ഞാൻ പിന്നീട് ശ്രദ്ധിക്കാറുണ്ട്,' അലൻസിയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.