കേട്ടുമറന്ന ഗാനങ്ങളുടെയും മൂളാൻ കൊതിക്കുന്ന ഈണങ്ങളുടെയും പട്ടികയിൽ പലരും ഇൗ ഗാനങ്ങളും ചേർത്തിട്ടുണ്ടാവും. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ശബ്ദം നൽകിയ ശാലീനസൗന്ദര്യമേ.., പൂവിനുള്ളിൽ പൂവിരിയും പൂക്കാലം വന്നു.., മേടമാസപ്പുലരികായലിൽ.., ഇതളിഞ്ഞുവസന്തം ഇലമുടിപ്പൂ വിരിഞ്ഞു.. തുടങ്ങിയവ അവയിൽ ചിലത്. ഈ സൂപ്പർഹിറ്റ് ഗാനങ്ങൾക്കെല്ലാം ഈണം നൽകിയ സംഗീത ഇതിഹാസങ്ങളായ ജോൺസൺ, രവീന്ദ്രൻ, ആലപ്പി രംഗനാഥ്, തുടങ്ങിയ മാസ്‌റ്റേയ്‌സുകളെല്ലാം പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെല്ലാം പലപ്പോഴും നിറഞ്ഞുനിൽക്കുമ്പോൾ ഇമ്പമാർന്ന ഈ ഈരടികൾക്കു തൂലിക ചലിപ്പിച്ച മധു എന്ന പ്രതിഭ ആലപ്പുഴ ജില്ലയിലെ തോണ്ടൻകുളങ്ങരയിലെ വീട്ടിൽ കലാജീവിതത്തിലെ സുവർണകാല കഥകൾ പറഞ്ഞിരിപ്പുണ്ട്.
ആകാശവാണിയുടെ ഓരോ നിലയവും ഇദ്ദേഹത്തിെൻറ ഏതെങ്കിലും ഒരു ഗാനം പ്രക്ഷേപണം ചെയ്യാത്ത ദിവസങ്ങളില്ല. ഗാനരചന മധു ആലപ്പുഴ. എന്ന് റേഡിയോയിലൂടെ സ്വയം ചെവിയോർക്കുന്നുണ്ട് പലപ്പോഴും. വിഷുവിെനക്കുറിച്ച് അദ്ദേഹം എഴുതിയ ‘വിഷുപ്പക്ഷി ചിലച്ചു -നാണിച്ചു ചിലച്ചു. വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു’ എന്നു തുടങ്ങുന്ന കണ്ണൂർ രാജെൻറ ഈണത്തിൽ യേശുദാസ് പാടിയ ഗാനത്തിന് കൂടുതൽ ശ്രോതാക്കൾ ഉണ്ടാകാറുണ്ട്. വിഷുവിനെ പരാമർശിച്ചു മലയാളസിനിമയിൽ വന്ന പാട്ടുകളിൽ മുൻനിരയിലാണ് സന്ധ്യാമോഹൻ സംവിധാനം ചെയ്ത ‘ഇലഞ്ഞിപ്പൂക്കളിലെ’ (1986) ഈ ഗാനം.
കോളേജുപഠനത്തിനുശേഷം യുക്തിവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന മധു എ.ടി. കോവൂരുമായി അടുത്തബന്ധം പുലർത്തുകയും അദ്ദേഹം വഴി മഞ്ഞിലാസ് പ്രൊഡക്ഷൻസിനെ അമരക്കാരനായിരുന്ന എം.ഒ. ജോസഫ് നിർമിച്ചു തോപ്പിൽ ഭാസി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘മിസ്സി’ യിൽ ജി. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ‘അനുരാഗം അനുരാഗം അന്തർലീനമാം അനുഭൂതികൾ തൻ ആശ്ലേഷ മധുരവികാരം..’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. ആദ്യഗാനമടക്കം മധു ആലപ്പുഴയുടെ കൂടുതൽ ഗാനങ്ങളും ആലപിച്ചത് യേശുദാസാണ്. പി. ജയചന്ദ്രൻ, എസ്. ജാനകി, കെ.എസ്. ചിത്ര, വാണിജയറാം എന്നിവരും തൊട്ടുപിറകിലുണ്ട്.
എൺമ്പതുകളിലാണ് കൂടുതൽ അവസരങ്ങൾ മധുവിന് മലയാള സിനിമയിൽനിന്നു ലഭിച്ചത്. ബാലചന്ദ്രമേനോെൻറ ‘ഇത്തിരിനേരം ഒത്തിരിക്കാര്യം’, താരാട്ട്, ആരാെൻറ മുല്ല കൊച്ചുമുല്ല തുടങ്ങി ഒരു ഡസനോളം ചിത്രങ്ങൾ പ്രദർശനശാലകളിലെത്തി. 1982ൽ ജോൺസന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ഭരതെൻറ ‘ഒാർമ്മക്കായി’യിലെ ‘മൗനം പൊൻമണി തംബുരു മീട്ടി..’, ബാലുമഹേന്ദ്രയുടെ ഊമക്കുയിലിൽ ഇളയരാജ ഈണം നൽകിയ ‘ചക്രവാള വിശാലത തിരളും..’ റേഡിയോ ഗോപൻ ഈണം പകർന്ന ‘വനിതപൊലീസിലെ’ ഈറ്റപ്പുലിയോ ചീറ്റപ്പുലിയോ... തുടങ്ങി നിരവധി ഗാനങ്ങൾ മധു ആലപ്പുഴയുടേതായി ശ്രോതാക്കൾക്ക് പ്രിയപ്പെട്ടതായുണ്ട്.
ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത ‘കല്യാണഉണ്ണികളി’ (1998) ലെ ‘ഹംസപ്പിടപോലെ നടക്കണ ഹസീനബീവി...’ എന്ന മാപ്പിളപ്പാട്ടാണ് ഒടുവിൽ സിനിമക്കായി എഴുതിയത്. കൂടാതെ കയ്യൂർ, പ്രകടനം തുടങ്ങി നിരവധി നാടകങ്ങൾക്കും കാസറ്റുകൾക്കും പാട്ടു രചിച്ച അദ്ദേഹത്തിന് ഒരു നിബന്ധന മാത്രം സംഗീത സംവിധായകർക്ക് മുമ്പിൽ വെക്കാനുണ്ട്. ഈണത്തിനനുസരിച്ചു കീറിമുറിക്കാതെ, സ്വതന്ത്രമായി കവിത എഴുതാൻ അവസരം നൽകണം എന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.