???????? ???

നിന്നോർമകളിൽ പാടുന്നു, ഓരോ ഹൃദയമിടിപ്പും...

‘ആയേ തും യാദ്​ മുഛെ, ഗാനേ ലഗി ഹർ ദഡ്​കൻ...’ ത​​െൻറ മരണവാർത്ത കേൾക്കു​േമ്പാൾ, മറന്നുപോയവരും തന്നെ ഓർത്തുപാടാനാകണം, ഒരുപക്ഷേ നാലര പതിറ്റാണ്ട്​ മുമ്പ്​ ‘മിലി’യിൽ യോഗേഷ്​ ഗൗർ ഈ വരികളെഴുതിയത്​ -‘നിന്നോർമകൾ വന്നുനിറഞ്ഞെന്നിൽ, പാടിത്തുടങ്ങി ഒാരോ ഹൃദയമിടിപ്പും...’.  അങ്ങനെ ഓർത്തോർത്തു പാടാൻ എ​ത്രയെത്ര സുവർണഗീതികൾ. മുകേഷ്​ അനശ്വരമാക്കിയ ‘കഹി ദൂർ ജബ്​ ദിൻ ഡൽ ജായേ’, മന്നാഡേ ഭാവതീവ്രമാക്കിയ ‘സിന്ദഗി കൈസി ഹേ പെഹേലി’ (ചി​ത്രം-ആനന്ദ്​), ലത മ​ങ്കേഷ്ക​റി​​െൻറ സ്വരത്തിൽ അമിതാഭ്​ ബച്ചനും മൗഷുമി ചാറ്റർജിയും പ്രണയമഴ നനയുന്ന ‘റിം ​ഝിം ഗിരേ സാവൻ’ (ചിത്രം-മൻസിൽ), യേശുദാസ്​ പ്രസരിപ്പ്​ പരത്തിയ ‘ജാനേമൻ ജാനേമൻ തേരേ ദോ നയൻ’ (ചോട്ടി സീ ബാത്ത്​), പതിത മനസ്സി​​െൻറ വേദനയിൽ കിഷോർ കുമാർ പാടുന്ന ‘കഹാ തക്​ യേ മൻ കോ അന്ധേര ചലേഗ’ (ചിത്രം-ബാതോം ബാതോം മേം) അങ്ങനെ എത്രയെത്ര. 

കഴിഞ്ഞയാഴ്​ച 77ാം വയസ്സിൽ മുംബൈ വാ​ൈസ റോഡിലുള്ള സുഹൃത്ത്​ സത്യേന്ദ്രയുടെ വീട്ടിൽവെച്ച്​ ആ തൂലിക നിശ്ചലമായെങ്കിലും യോഗേഷ്​ ‘ആനന്ദി’ൽ എഴുതിയപോലെ ‘കനവുകളുടെ തിരുമുറ്റത്ത്, സ്വപ്​നച്ചെരാതുകളായി തെളിഞ്ഞ്​’ ആ വരികൾ ആസ്വാദക ഹൃദയങ്ങളിൽ എന്നുമെന്നും അലയടിക്കും. സഖി​ റോബിൻ, രജനിഗന്ധ, മൻസിലേം ഓർ ഭി ഹെ, ആജാ മേരി ജാൻ, അനോഘ ദാൻ, ആനന്ദ്​ മഹൽ, പ്രിയതമ, ഹമാരേ തുമാരേ, പസന്ദ്​ അപ്​നി അപ്​നി, ഹണിമൂൺ, ബേവഫ സനം തുടങ്ങി 55ലധികം സിനിമകളെ ഹൃദയസ്​പർശിയായ വരികൾകൊണ്ട്​ സമ്പന്നമാക്കിയ യോഗേഷ്​  2017ലിറങ്ങിയ ‘അ​ംഗ്രേസി മേം കെഹ്​തേ ഹെ’ക്കുവേണ്ടിയാണ്​ അവസാനമായി തൂലിക ചലിപ്പിച്ചത്​. 

ആദ്യപ്രതിഫലം 25 രൂപ

ഉർദുവി​​െൻറ കാൽപനികഭംഗിയിൽനിന്ന്​ ഹിന്ദിയുടെ ലളിതസൗന്ദര്യത്തിലേക്ക്​ സിനിമാഗാനങ്ങളെ കൊണ്ടെത്തിച്ചതിൽ യോഗേഷ്​ ഗൗർ വഹിച്ച പങ്ക്​ ചെറുതല്ല. 1960ൽ 17ാം വയസ്സിൽ ഭാഗ്യപരീക്ഷണത്തിനായി ലഖ്​നോയിൽനിന്ന്​ ബോംബെയിലെത്തി പ്രതീക്ഷയോടെ നിരവധി വാതിലുകൾക്ക്​ മുന്നിലാണ്​ യോഗേഷ്​ അവസരം കാത്തുനിന്നത്​. ഒരു വാതിലും തുറന്നില്ല. അനിശ്ചിതത്വത്തി​​െൻറ ആ കാലങ്ങളെല്ലാം പിന്നീടുള്ള ഗാനരചനകളിൽ പ്രതിഫലിക്കുകയും ചെയ്​തു. 

ഇൻറർമീഡിയറ്റിനുശേഷം ഷോർട്ട് ഹാൻഡും ടൈപ്പിങ്ങുമെന്ന അന്നത്തെ അധിക യോഗ്യതകളുടെ ആത്മവിശ്വാസവുമായാണ്​ യോഗേഷ്​ ബോംബെയിലെത്തുന്നത്​. പി.ഡബ്ല്യൂ.ഡിയിൽ എൻജിനീയറായിരുന്ന പിതാവി​​െൻറ അകാലത്തിലുള്ള വേർപാടായിരുന്നു ഈ പറിച്ചുനടലിന്​ പിന്നിൽ. ബ്രിട്ടീഷുകാർ പാട്ടം നൽകിയ സ്​ഥലത്ത്​ പിതാവ്​ കെട്ടിപ്പൊക്കിയ ബംഗ്ലാവ്​ മാത്രമായിരുന്നു കുടുംബത്തി​​െൻറ ഏക സമ്പാദ്യം. അവിചാരിതമായി ഹൃദയാഘാതം വന്ന്​ പിതാവ്​ മരിച്ചതോടെ അമ്മയുടെയും രണ്ട്​ ​െപങ്ങന്മാരുടെയും സംരക്ഷണ ചുമതല യോ​േഗഷി​​െൻറ ചുമലിലായി. ലഖ്​നോവിൽ ജോലിയൊന്നും ലഭിക്കാതായപ്പോൾ ബംഗ്ലാവി​​െൻറ ഒരു ഭാഗം വാടകക്ക്​ നൽകിയാണ്​ കുടുംബം കഴിഞ്ഞുകൂടിയത്​. 

പിന്നീടാണ്​ അമ്മായിയുടെ മകനും തിരക്കഥാകൃത്തുമായ വ്രജേന്ദ്ര ഗൗർ (ഘട്ടി പതംഗ്​, അനുരാഗ്​, ചൈനാ ടൗൺ എന്നിവയുടെ രചയിതാവ്​) സഹായിക്കുമെന്ന വിശ്വാസത്തിൽ ബോംബെയിലേക്ക്​ വണ്ടി കയറിയത്​. സത്തു എന്ന്​ വിളിപ്പേരുള്ള സുഹൃത്ത്​ സത്യപ്രകാശ്​ തിവാരിയും ഒപ്പംകൂടി. വ്രജേന്ദ്രയുടെ അടുത്ത്​ ഇരുവരും എത്തിയെങ്കിലും സ്വന്തം കുടുംബക്കാരനായ ലല്ലയെയും (യോഗേഷി​​െൻറ വിളിപ്പേര്​) സുഹൃത്തിനെയും സഹായിക്കാൻ അദ്ദേഹം തയാറായില്ല. ഇത്​ യോഗേഷി​​െൻറ മനസ്സിലേൽപിച്ച മുറിവ്​ ഉണങ്ങിയതുമില്ല. സിനിമകളിൽ പാ​ട്ടെഴുതിത്തുടങ്ങിയപ്പോൾ പേരിനൊപ്പം ഗൗർ എന്ന്​ ചേർക്കാതെ​ വ്രജേന്ദ്രയുമായുള്ള ‘ബന്ധം’ യോഗേഷ്​ അവസാനിപ്പിക്കുകയും ചെയ്​തു.

‘ഹമാരെ തുമാരെ’ എന്ന സിനിമയുടെ റെക്കോഡിങ്​ വേളയിൽ ഉമേഷ്​ മെഹ്​റ, കിഷോർ കുമാർ, ലത മ​ങ്കേഷ്​കർ, ആർ.ഡി. ബർമൻ എന്നിവർക്കൊപ്പം യോഗേഷ്​ (ഇടത്തേയറ്റം)
 


നിസ്സഹായതയുടെ ആദ്യകാല ബോംബെ ജീവിതമാണ്​ യോഗേഷിലെ കവിയെ പുറത്തുകൊണ്ടുവന്നതെന്ന്​ പറയാം. 12 രൂപ വാടകക്ക്​, പാഴ്സി പഞ്ചായത്ത് ഏരിയ എന്നറിയപ്പെട്ടിരുന്ന മലമ്പ്രദേശത്തെ ഛാളിലാണ്​ യോഗേഷും സത്തുവും താമസിച്ചിരുന്നത്​. യോഗേഷി​​െൻറ കവിതകൾ കണ്ട സത്തു സിനിമയിൽ അവസരം തേടാൻ സുഹൃത്തി​െന പ്രേരിപ്പിക്കുകയായിരുന്നു. ഇരുവർക്കും ചെലവിനുള്ള വക താൻ കണ്ടെത്താമെന്നും യോഗേഷ്​ സിനിമയിൽ എഴുതാനുള്ള പരിശ്രമം തുടരാനുമാണ്​ സത്തു പറഞ്ഞത്​. പാട്ടുകളെഴുതിയ ഡയറിയുമായി സംഗീതസംവിധായകരുടെ വീടുകൾ തോറുമുള്ള യോഗേഷി​​െൻറ യാത്ര തുടങ്ങിയത്​ അന്നാണ്​. 

അതിനിടെ, ഓഷിവാരയിലെ ഛാളിലേക്ക് താമസം മാറ്റിയപ്പോഴാണ്​ അയൽവാസിയായ ഗുൽഷൻ കുമാർ മെഹ്​തയെ പരിചയപ്പെടുന്നത്​. അന്ന്​ റെയിൽവേയിൽ ഗുഡ്​സ്​ ക്ലർക്കായിരുന്ന ഗുൽഷനും ഹിന്ദി സിനിമയിൽ അവസരം തേടി നടക്കുകയായിരുന്നു. ഭാഗ്യാന്വേഷണം പിന്നീട്​ ഇരുവരും ഒരുമിച്ചായി. ഈ യാത്രയിൽ അവർ നടൻ ദേവാനന്ദുമായി അടുത്തബന്ധമുണ്ടായിരുന്ന ഭഗവാൻ സിൻഹ എന്നൊരു സ്വഭാവനടനെ പരിചയപ്പെട്ടു. അയാൾ വഴി റോബിൻ ബാനർജി എന്ന സംഗീത സംവിധായകനിലേക്കും എത്തിപ്പെട്ടു. 1962ൽ പുറത്തിറങ്ങിയ ‘സഖി റോബിൻ’ എന്ന ചിത്രത്തിന് പാട്ടെഴുതാനുള്ള ചുമതല റോബിൻ ബാനർജി യോഗേഷി​നെ ഏൽപിച്ചു. ആദ്യ ചിത്രത്തിലെ ആറ്​ പാട്ടുകൾക്ക്​ 25 രൂപയാണ്​ യോഗേഷിന്​ പ്രതിഫലം ലഭിച്ചത്​. ഗുൽഷൻ കുമാർ മെഹ്ത പിന്നീട്​ ഗുൽഷൻ ബാവ്​റ എന്ന പേരിൽ ‘ഉപ്​കാറി’ലെ ‘മേരി ദേശ്​ കി ധർത്തി’ അടക്കം നിരവധി സൂപ്പർ ഹിറ്റ്​ ഗാനങ്ങളെഴുതി.

രാജ്​കപൂറി​​െൻറ സെക്യൂരിറ്റി ‘ഇല്ലാതാക്കിയ’ ഹിറ്റുകൾ

യോഗേഷി​​െൻറ തൂലികയിൽനിന്ന്​ ആദ്യം പിറന്ന ഗാനംതന്നെ ഹിറ്റായിരുന്നു. മന്നാഡെ, സുമൻ കല്യാൺപുർ എന്നിവർ ചേർന്ന്​ പാടിയ ‘തും ജോ ആവോ തോ പ്യാർ ആ ജായേ’ എന്ന യുഗ്​മഗാനം. ബി.ജെ. പട്ടേൽ സംവിധാനം ചെയ്ത് രാജൻ കപൂർ, നിലോഫർ എന്നിവർ അഭിനയിച്ച ‘സഖി റോബിൻ’ ഹിറ്റായില്ലെങ്കിലും ‘തും ജോ ആവോ’ റേഡിയോ സിലോണി​​െൻറ ഹിറ്റ്​ ചാർട്ടിൽ ഇടംപിടിച്ചു. പടം ഹിറ്റാകാഞ്ഞതിനാൽ കുഞ്ഞുചിത്രങ്ങളാണ്​ പിന്നീട്​ ​യോഗേഷിനെ തേടിയെത്തിയത്​. ഹിന്ദി സിനിമാഗാന ലോകത്ത്​ യോഗേഷിനെ അടയാളപ്പെടുത്തുന്ന ഗാനങ്ങൾ പിറക്കാൻ പിന്നെയും ഒമ്പതു വർഷമെടുത്തു. ‘ആനന്ദി’ലെ അപൂർവ സുന്ദര ഗാനങ്ങൾ (കഹി ദൂർ ജബ്​ ദിൻ ഡൽ ജായേ, സിന്ദഗി കൈസി ഹേ പെഹേലി) യോഗേഷിനെ ഋഷികേഷ്​ മുഖർജിയുടെയും ബസു ചാറ്റർജിയു​ടെയുമൊക്കെ പ്രിയങ്കരനാക്കി. കണ്ടുമുട്ടു​​േമ്പാളെല്ലാം ‘ആനന്ദി’ലെ ഗാനങ്ങൾ പാടി അമ്പരപ്പെടുത്തുന്ന ഒരു ആരാധകനുണ്ടായിരുന്നു യോഗേഷിന്​. സാക്ഷാൽ ജാവേദ്​ അക്​തർ. യോഗേഷിനെതന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്ന ആരാധനയായിരുന്നു അത്​. 

യോഗേഷി​​െൻറ പാട്ടുകൾ വിലയിരുത്തിയാൽ സാധാരണക്കാരുടെ മനോവിചാരങ്ങൾ പാട്ടുകളിലൂടെ പകരാൻ കഴിഞ്ഞതാണ്​​ അവയുടെ പ്രത്യേകതയെന്നു കാണാം. ഭാഷയുടെ ലാളിത്യത്തി​​െൻറയും ആശയത്തി​​െൻറ ഗഹനതയുടെയും സമന്വയം യോഗേഷി​​െൻറ രചനകളിൽ കണ്ടെത്താനാകും. ‘ദൈനംദിന ജീവിതത്തിൽനിന്ന്​, ചുറ്റുമുള്ള മനുഷ്യരിൽനിന്നാണ്​ ഞാൻ കവിതകൾ കണ്ടെത്തിയിരുന്നത്​. അവരുടെ ഇടയിൽ​ ജീവിച്ച്​ അതൊക്കെ കാണാതിരുന്നാൽ, ദൂരേക്കുപോയാൽ എങ്ങനെയാണ്​ നീതികരിക്കാനാകുക?’ - ഇതേക്കുറിച്ച്​ ഒരിക്കൽ യോഗേഷ്​ പറഞ്ഞതിതാണ്​.

‘‘കൊഴിഞ്ഞുവീഴുന്ന ഒരു പക്ഷിത്തൂവലി​​െൻറ മൃദുലതയാണ്​ അദ്ദേഹത്തി​​െൻറ രചനകൾക്ക്​. എത്ര ബുദ്ധിമുട്ടുള്ള ഈണങ്ങൾക്കും ലളിതമായ വരികളെഴുതാൻ അദ്ദേഹത്തിന്​ കഴിഞ്ഞിരുന്നു. ആ ​പാട്ടുകൾ കേട്ട്​ വളർന്നവർ പോലും പിന്നീട്​ അദ്ദേഹത്തെ മറന്നതും ഖേദകരമാണ്. ബോളിവുഡിൽ നിലനിൽക്കാനാവശ്യമായ ‘പി.ആർ കഴിവുകൾ’ അദ്ദേഹത്തിനില്ലായിരുന്നു. ​ഈ ക്രൂര നഗരമാക​ട്ടെ, ത​​െൻറ രീതികൾക്ക്​ യോജിക്കാത്ത അദ്ദേഹത്തെ മനഃപൂർവം മായ്​ച്ചുകളയുകയും ചെയ്​തു’’ -ഗാനരചയിതാവ്​ വരുൺ ഗ്രോവർ പറയുന്നു. 

‘ആനന്ദി’ലെ മെഗാഹിറ്റ് ഗാനങ്ങൾക്കുശേഷം അന്നത്തെ സൂപ്പർതാരം രാജ്കപൂർ യോഗേഷിനെ നേരിൽ കാണാൻ ക്ഷണിച്ചിരുന്നു. പക്ഷേ, മൂന്ന്​ തവണ രാജ്​ കപൂറി​​െൻറ ബംഗ്ലാവിലെത്തിയെങ്കിലും ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ്​ യോഗേഷിനെ കയറ്റിവിട്ടില്ല. അന്തർമുഖനും അഭിമാനിയുമായ യോഗേഷ്​ താനാരാണെന്ന്​ വെളിപ്പെടുത്താതെ തിരികെ പോവുകയും ചെയ്​തു. ഒരുപക്ഷേ, പുതിയ ചിത്രത്തിൽ​ പാ​ട്ടെഴുതിക്കാനായിരിക്കാം രാജ്​ കപൂർ അദ്ദേഹത്തെ വിളിപ്പിച്ചത്​. അങ്ങനെയെ​ങ്കിൽ ഗാനരചയിതാവ്​ എന്ന നിലയിൽ ഒരുപാട്​ ഉയരങ്ങളിലേക്കുള്ള യാത്രയെ കൂടിയാണ്​ അന്ന്​ സെക്യൂരിറ്റി തടഞ്ഞത്​. കഴിവുണ്ടായിട്ടും അത്​ തെളിയിച്ചിട്ടും യോഗേഷ്​ ‘പിന്നണി’യിലേക്ക്​ തള്ളപ്പെട്ടതെന്തുകൊണ്ടാണ്​? അതി​​െൻറ ഉത്തരം അദ്ദേഹം തന്നെ എഴുതിയിട്ടുമുണ്ട്​- ‘ജീവിതം, ഇതെന്തൊരു പ്രഹേളികയാണ്​. ചിലപ്പോഴത്​ ചിരിപ്പിക്കും, മറ്റു ചിലപ്പോൾ കരയിക്കും’.

Tags:    
News Summary - Indian writer and lyricist yogesh gaur -Music Feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT